Childhood Trauma - ലിവിങ് ടുഗെതര്‍ | നോവല്‍

ലിവിങ് ടുഗെതര്‍ | അനിത അമ്മാനത്ത് എഴുതിയ നോവല്‍ - അധ്യായം 24

Update: 2024-08-01 06:15 GMT
Advertising

ദൂരെ എത്തിയപ്പോള്‍ അവള്‍ മടങ്ങി വന്ന് ചെവിയില്‍ മന്ത്രിച്ചു, 'നിങ്ങള്‍ക്ക് സംശയമില്ലേ ഞാന്‍ എന്താണ് ഇറങ്ങി പോകാത്തത് എന്ന്? നിങ്ങളുടേയും വീട്ടുകാരുടേയും മാനസിക പീഢനം സഹിച്ചിട്ടും എന്താണ് നിങ്ങളെ വേണ്ടെന്ന് വെയ്ക്കാത്തത് എന്ന്? നിങ്ങള്‍ അത്ര നല്ലവനായതുകൊണ്ടല്ല ഞാന്‍ നിങ്ങളെ വിട്ട് പോകാത്തത്. നിങ്ങളെന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ ആദ്യം അന്വേഷിച്ചത് എന്നെ ഉപേക്ഷിക്കാന്‍ മാത്രം എന്ത് അഡ്വാന്‍സ്ഡ് ക്വാളിറ്റി ആണ് നിങ്ങള്‍ക്കുള്ളത് എന്നതാണ്. അഥവാ, നിങ്ങളിലെ എന്ത് മഹത്വം കൊണ്ടായിരിക്കും വര്‍ഷങ്ങളായി കൂടെ ജീവിക്കുന്ന ഭാര്യയെ യാതൊരു കാരണവും ഇല്ലാതെ ഉപേക്ഷിക്കുന്നത് എന്നത്. അറിയാന്‍ എനിക്കൊരു ജിജ്ഞാസ തോന്നി. കാരണം, നമ്മള്‍ എപ്പോഴും ഉപേക്ഷിക്കപ്പെടുന്നതോ അവഗണിക്കപ്പെടുന്നതോ നമ്മളെക്കാള്‍ മുന്‍പന്തിയിലുള്ളവരാല്‍ ആണല്ലോ. എന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആണ് ഞാന്‍ നിങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ആരംഭിച്ചത്. നിങ്ങളെക്കുറിച്ചും നിങ്ങളുടെ കുടുംബത്തെക്കുറിച്ചും വേണ്ട വിധത്തില്‍ അന്വേഷണം നടത്താതെയാണോ നമ്മുടെ വിവാഹം നടത്തിയത് എന്ന് തോന്നിപ്പിക്കുന്ന റിസല്‍ട്ടായിരുന്നു എനിക്ക് കിട്ടിയത്.

വിവാഹം കഴിക്കുന്നതിന് മുമ്പുള്ള നിങ്ങളുടെ ജീവിതത്തിലെ ആ ഇരുപത്തിയഞ്ച് വര്‍ഷങ്ങളിലൂടെ ഞാന്‍ കയറിയിറങ്ങി. എന്റെ ഭര്‍ത്താവ് മിസ്റ്റര്‍ നഥാന്‍ ബാഹുലേയനേക്കാള്‍ പഠിത്തത്തിലും മറ്റ് എല്ലാ കാര്യങ്ങളിലും മിടുക്കിയായ മൃദുലയുടെ നിഴലില്‍ മാത്രമായി വളര്‍ന്ന ഒരാളെ ഞാനവിടെ അറിഞ്ഞു. കുട്ടിക്കാലത്ത് പഠനകാര്യങ്ങളില്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും, എല്ലാ വിഷയങ്ങളിലും സ്വന്തം അച്ഛനും അമ്മയും അവഗണിച്ചിരുന്ന ഒരാളെ നിങ്ങളുടെ കൂട്ടുകാര്‍ എനിക്ക് പരിചയപ്പെടുത്തി. എന്നും എല്ലായിപ്പോഴും എല്ലായിടത്തും മൃദുലയെ ഒന്നാമത് ആക്കുവാന്‍ വേണ്ടി ഓടിനടന്നിരുന്ന നിങ്ങളുടെ അച്ഛനും അമ്മയ്ക്കും ആര്‍ക്കും വേണ്ടാത്ത ഒരു പാഴ് ജന്മം മാത്രമായിരുന്ന കുട്ടിയായി നിങ്ങള്‍ വളര്‍ന്നു. സ്വന്തം കഴിവിലും ബുദ്ധിയിലും അറിവിലും എല്ലാം ഇന്‍ഫീരിയോറിറ്റി കോംപ്ലക്‌സ് ആയിരുന്നു. പോരാത്തതിന് സ്ത്രീകളുടെത് പോലെ മാറിടമുള്ള സ്വന്തം ശരീരപ്രകൃതത്തോട് അവന് അമര്‍ഷവും ഉണ്ടായിരുന്നു. തന്നെ ഒരു സ്ത്രീയും ഗൗനിക്കില്ല എന്ന് അവന്‍ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. ജീവിതത്തിലെ സ്ത്രീകളായ അമ്മയും പെങ്ങളും കൊടുത്ത അവഗണനയുടെ പാഠങ്ങളും സ്വന്തം ശരീര പ്രകൃതിയെ വെറുക്കാന്‍ കാരണമായിട്ടുണ്ട്. സ്വന്തം പെങ്ങളുടെ വഴിവിട്ട കഥകള്‍ ഭാര്യയിലും ഉണ്ടാകുമെന്ന് നിങ്ങള്‍ വിശ്വസിച്ചു. അതിനെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ ആളുകള്‍ നിങ്ങള്‍ക്ക് ചുറ്റും കൂടിയപ്പോള്‍ ഒന്നിനും കൊള്ളാത്തവന്‍ എന്ന അപകര്‍ഷതാ ബോധത്തിനെ മനപൂര്‍വ്വമായി വിജയിക്കുവാന്‍ ഭാര്യയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. താന്‍ അതിനു മാത്രം എന്തൊക്കെയോ ഉള്ളവനാണെന്ന് സ്വയം വിശ്വസിപ്പിക്കാനും സമൂഹത്തിന് മുമ്പില്‍ നെഞ്ചു വിരിക്കാനും അത് സഹായിക്കുമെന്ന് നിങ്ങളിലെ അപകര്‍ഷത വിളിച്ച് കൂവിക്കൊണ്ടേ ഇരുന്നു.

ശരീരപ്രകൃതിയല്ലായിരുന്നു പുരുഷത്വത്തിന്റെ അളവുകോല്‍, ഭാര്യയെ സംരക്ഷിക്കാനുള്ള കഴിവുകേടാണ് നിങ്ങളെ പുരുഷന്‍ അല്ലാതാക്കിയത്. ഭാര്യയെ പീഢിപ്പിക്കുന്നവനേയും കുടുംബം നോക്കാത്തവനേയും വീട്ടിലെ വേലക്കാരും അയല്‍ക്കാരും നാട്ടുകാരും ബന്ധുക്കളും ശത്രുക്കളും സുഹൃത്തുക്കളും ഒരുപോലെ കാര്‍ക്കിച്ച് തുപ്പുമെന്ന് എന്തേ അറിയാതെ പോയി?' നഥാന്റെ മുഖത്തെ ഭാവ വ്യത്യാസങ്ങള്‍ നോക്കി താര പറഞ്ഞു.

'നീ... എന്തിന് എന്റെ ഫ്രണ്ട്‌സിനെ കണ്ടു?'

'വിവരങ്ങള്‍ അറിയാന്‍. നിങ്ങളുടെ സ്വഭാവം കണ്ടാല്‍ അറിയാം ഇതൊന്നും പെട്ടെന്ന് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളല്ല എന്ന്. മാനസികമായിട്ടുള്ള പ്രശ്‌നങ്ങളാണെന്ന് വളരെ വ്യക്തമാണ്. അതുകൊണ്ടുതന്നെ എനിക്ക് ചെറിയ രീതിയിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ എല്ലാം നടത്തേണ്ടിയും വന്നു.

മിക്കവാറും സമയങ്ങളില്‍ അച്ഛന്‍ ഫോണ്‍ ചെയ്ത് സുഹൃത്തുക്കളെ നേരിട്ട് വിളിച്ച് വളരെ നന്നായി പഠിക്കാന്‍ പറയണമെന്നും വീട്ടില്‍ ഞങ്ങള്‍ ഒന്നും പറഞ്ഞാല്‍ അനുസരിക്കില്ലെന്നും സുഹൃത്തിന്റെ വീട്ടുകാരോട് നിങ്ങളുടെ അച്ഛന്‍ പറയുമായിരുന്നു. നഥാന്‍ പഠിച്ചിട്ടില്ലെങ്കില്‍ മൃദുലക്ക് അത് വളരെ മോശമാണെന്നും മാര്‍ക്ക് കുറഞ്ഞാല്‍ നാട്ടില്‍ മൃദുലയ്ക്കുള്ള മിടുക്കി എന്ന പേര് നഷ്ടപ്പെടുമെന്നും ഭയന്നിരുന്ന അച്ഛനും അമ്മയും അന്നും ഇന്നും എന്നും അവള്‍ മിടുക്കി ആയിരിക്കുന്നതിനും അവള്‍ സന്തോഷമായിരിക്കുന്നതിനും വേണ്ടി നഥാനെ ബലിയാടാക്കി കൊണ്ടിരിക്കുകയാണ്.

പിന്നീട് ഞാന്‍ മൃദുലയെക്കുറിച്ചാണ് അന്വേഷിച്ചത്. കോട്ടയത്തെ പാരമ്പര്യ നസ്രാണിക്കുടുംബത്തിന്റെ വീട്ടുമുറ്റത്താണ് അവളുടെ കാമുകനു വേണ്ടിയുള്ള എന്റെ അന്വേഷണയാത്ര അവസാനിച്ചത്. താങ്കളുടെ കളിയുടെ റെയ്ഞ്ച് ഇങ്ങനെയൊക്കെയാണെങ്കില്‍ എനിക്കും പലതും ചെയ്യേണ്ടിവരുമെന്ന് ഈ അവസരത്തില്‍ ഞാന്‍ ഓര്‍മിപ്പിക്കുന്നു. എല്ലാ കളികളും തുടങ്ങിയത് നിങ്ങളും നിങ്ങളുടെ വീട്ടുകാരും ചേര്‍ന്നാണ്. പലതവണ ഞാന്‍ പറഞ്ഞു യുദ്ധം നിര്‍ത്താം എന്ന്; സന്ധിയായി പോകുന്നതല്ലേ എപ്പോഴും നല്ലത്! പക്ഷേ നിങ്ങള്‍ക്ക് അവാര്‍ഡ് സിനിമയെക്കാള്‍ ഇഷ്ടം ആക്ക്ഷന്‍ പടമാണ് എന്നുവന്നാല്‍ എനിക്കെന്ത് ചെയ്യാന്‍ പറ്റും? എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഇനി ഈ ഭൂമിയില്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ല. അതുകൊണ്ടുതന്നെ ഞാന്‍ കളിക്കും. ഞാന്‍ അനുഭവിച്ച വേദനയ്ക്കും കണ്ണുനീരിനും എന്റെ മകളെ അനാഥയാക്കിയതിനും ഞാന്‍ കൈയും കെട്ടി വെറുതെ നോക്കിയിരിക്കുമെന്ന് നിങ്ങള്‍ കരുതിയോ? ഇരുന്നേനെ നിങ്ങള്‍ എന്റെ ഭര്‍ത്താവായി അവളുടെ അച്ഛനായി ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നെങ്കില്‍! ഇത്രയെല്ലാം എന്നോട് ചെയ്തിട്ടും ഞാന്‍ നിങ്ങളോട് ക്ഷമിക്കാന്‍ തയ്യാറായിരുന്നു. അതിനു കാരണം മറ്റൊന്നുമല്ല എനിക്കും നിങ്ങള്‍ക്കും കൂടിയുള്ള ഒരു ജീവിതത്തെക്കുറിച്ച് ഓര്‍ത്തിട്ടാണ്. നമ്മുടെ മകളെ ഓര്‍ത്തു മാത്രം എന്തും ഏതും ക്ഷമിക്കാനും സഹിക്കാനും തയ്യാറായിരുന്നു. അവളുടെ അമ്മയായ എന്റെ ആത്മാഭിമാനത്തിനെ പബ്ലിക് ആയി പിച്ചിച്ചീന്തിയപ്പോഴാണ് എനിക്ക് എന്നെ പോലും മറന്നു ഈ രീതിയില്‍ ഇപ്പോള്‍ പ്രതികരിക്കേണ്ടി വന്നത്.'

ചെറുപ്പം മുതല്‍ നിങ്ങളില്‍ ഉണ്ടായിരുന്ന അപകര്‍ഷതാബോധത്തെയും ഈഗോ കോംപ്ലസ്സുകളെയും പടച്ച് ഉയര്‍ത്തി സ്വന്തം ഭാര്യക്കെതിരെ യുദ്ധം ചെയ്യിക്കുന്ന അമ്മയും പെങ്ങളും എനിക്കുണ്ടായ നഷ്ടത്തിന്റെ വലിപ്പത്തില്‍ ആനന്ദ കണ്ണീര്‍ പൊഴിക്കുമ്പോള്‍ താലി കെട്ടിയ ഭാര്യയുടെ കണ്ണുനീര്‍ വീഴ്ത്തുന്നതാണ് ആണത്തമെന്ന് നിങ്ങളും ധരിച്ചു. അവര്‍ക്കു വേണ്ടി ഭാര്യയെ പട്ടിണിക്ക് ഇടുന്നതും ദിവസങ്ങളോളം വീട്ടില്‍ ഭാര്യയെ ഒറ്റക്കാക്കി അവരെ ടൂര്‍ കൊണ്ടുപോകുന്നതും വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ ഭാര്യയെ മുറിയില്‍ പൂട്ടിയിടുന്നതും മറ്റൊരു പെണ്ണിന്റെ ഒപ്പം നടക്കുന്നതും കിടക്കുന്നതുമാണ് മഹത്വമെന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചു.

അമ്മയുടെയും പെങ്ങളുടെയും വാക്കുകേട്ട് തുള്ളാന്‍ ആരംഭിച്ചതല്ലേ. പക്ഷേ, ഇന്നത് ഒരു കൊലപാതകത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ജീവിതം ആകെ മാറി മറിഞ്ഞത് സ്വന്തം ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ക്ക് കയറാനും അഭിപ്രായം പറയാനും തീരുമാനമെടുക്കാനും ഒരു സൂചിപ്പഴുത് നിങ്ങള്‍ കൊടുത്തപ്പോഴാണ്. വളര്‍ന്നു വന്ന സാഹചര്യങ്ങളില്‍ വീട്ടിലെ സ്ത്രീകളില്‍ കണ്ട അവരാതിച്ച താളപ്പിഴകളും വഴിവിട്ട ജീവിത രീതിയും പേരുദോഷങ്ങളുമെല്ലാം മറ്റെല്ലാ സ്ത്രീകളുടേയും ജീവിതത്തിലെ ഇന്റ്റഗ്രല്‍ പാര്‍ട്ടെന്ന് കരുതി വിവാഹം കഴിക്കുന്ന നിങ്ങളെ പോലെയുള്ളവരാണ് പല പെണ്‍കുട്ടികളുടെ നിസ്സഹായവസ്ഥക്കും ആത്മഹത്യയ്ക്കും കാരണം. 'ചിന്താവിഷ്ടയായ ശ്യാമള' എന്ന സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ സ്വഭാവ സാദൃശ്യങ്ങളുള്ള കുറേ എണ്ണമുണ്ട്. ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടി ജീവിക്കുന്നവര്‍!'

താരകയുടെ വാക്കുകള്‍ തീച്ചൂളയിലെ ഉലയില്‍ ഉരുക്കി കാച്ചിയതുപോലെ നഥാന്റെ കാതുകളില്‍ വെന്ത് പുളയുകയുകയായിരുന്നു. സ്വന്തം പെങ്ങളുടെ വഴിവിട്ട ജീവിത രീതി താരക ലോകത്തിനോട് വിളിച്ച് പറയുന്നതിന് ഇടയാക്കിയത് അവസാനം തങ്ങള്‍ ചെയ്ത ഗൂഢതന്ത്രമായ കൊട്ടേഷന്‍ ആണെന്ന തിരിച്ചറിവ് ആയിരുന്നു അവനെ ഏറ്റവും തളര്‍ത്തിയത്. തങ്ങള്‍ ഇത്രയെല്ലാം ദ്രോഹം ചെയ്തപ്പോഴും മിണ്ടാതിരുന്നവള്‍ അതില്‍ പ്രകോപിതയായി.

(തുടരും)

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അനിത അമ്മാനത്ത്

Writer

Similar News

കടല്‍ | Short Story