ചിമ്മാനി | Short Story

| കഥ

Update: 2024-10-19 08:59 GMT
Advertising

കുഞ്ഞാമുവിന് മാത്രമേ മാളികപ്പുറത്തെ ചിമ്മാനിയിലേക്ക് പ്രവേശനമൊള്ളൂ. അരളിച്ചില്ലകള്‍ ചാഞ്ഞു നില്‍ക്കുന്ന, മുകളിലെ വെളിച്ചമില്ലാത്ത നീളന്‍ മുറിയാണ് ചിമ്മാനി.

ഉമ്മുഹാനി ജനിച്ച് പതിനാലാം ദിവസം മാളികപ്പുറത്തെ ഇരുണ്ടമുറി ചിമ്മാനിയായി. ഭ്രാന്ത് മാറാന്‍ ഏര്‍വാടിയില്‍ കൊണ്ടാക്കിയിരുന്ന ഉസ്മാനെന്ന ചിമ്മാനിയെ തറവാട്ടിലെയ്ക്ക് തിരികെ കൊണ്ട് വന്നതന്നാണ്.

ഈന്റുമ്മ, അതായത് വലിയുമ്മൂമ്മന്റെ ഉമ്മ അവരുടെ അകന്ന ബന്ധത്തില്‍പെട്ട യതീം കുട്ടി ആയിരുന്ന ഉസ്മാനെ തറവാട്ടിലേക്ക് കൊണ്ടുവന്നു. ആരുമില്ലാത്ത അവനെ ഈന്റുമ്മയ്ക്ക് വല്യ ഇഷ്ടമായിരുന്നു.

അവര്‍ അവനെ 'ചിമ്മാനീ 'ന്ന് പുന്നാരിച്ചു വിളിച്ചു.

''എന്ത് ദീനുള്ള കുട്ടിയായിരുന്നു. പതിനാലാമത്തെ വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയവനാണ്.

മ്മളെ കിതാബ് മാത്രമല്ല, എല്ലാ മതക്കാരെ വേദപുസ്തകവും ഓന്‍ പഠിച്ചിട്ടുണ്ട്. പറഞ്ഞിട്ടെന്താ തല തിരിഞ്ഞു പോയില്ലേ''

ചിമ്മാനിയെക്കുറിച്ച് ഇത്രയൊക്കെയേ ഉമ്മു ഹാനിക്ക് അറിയൂ. ഇതൊക്കെത്തന്നെ ഒളിഞ്ഞും പാത്തും കേട്ടതാണ്.

കാലില്‍ ചങ്ങല വീണപ്പോള്‍ ചിമ്മാനി പിരാന്തനായും മാളികപ്പുറത്തെ ഇരുട്ടുമുറി ചിമ്മാനിയായും പരിണമിച്ചു.

''അല്ലെങ്കിലും ഭ്രാന്തന്മാര്‍ക്കെന്തിനാണ് വേറൊരു പേര്''

മുകളിലെയാ മുറികാണുമ്പോളൊക്കെ ചിമ്മാനീയെന്ന് കുട്ടികള്‍ പേടിച്ചു കരഞ്ഞു.

മദ്രസയില്‍ പോയില്ലെങ്കില്‍ ചിമ്മാനിയില്‍ കൊണ്ടോയി പൂട്ടിയിടുമെന്ന് ഉമ്മ പേടിപ്പിക്കാറുണ്ട്. മാളികപ്പുറത്ത് നിന്ന് ഉച്ചത്തിലുള്ള കരച്ചില്‍ കേള്‍ക്കുന്നതിന്റെ പിറ്റേന്ന് അരരളിപ്പൂക്കള്‍ ഭ്രാന്ത് പിടിച്ചപോലെ പൂക്കും.

നാളെ അരളിമരത്തിന്റെ വേരും പൂക്കുമെന്ന് മാളികപ്പുറം വിറക്കുന്ന രാത്രികളില്‍ വലിയുമ്മൂമ്മ പറയും.

''പിന്നെ.. ഒരു സ്വകാര്യം കൂടെയുണ്ട്. കണ്ണാംചോലയില്‍ നാളെ ഉറവപൊട്ടും. ചിമ്മാനി കരഞ്ഞാല്‍ ഏത് വേനല്‍ക്കാലത്തും കണ്ണാംചോലയില്‍ വെള്ളം കിനിയും''

കുഞ്ഞാമ്മു നോക്കി നടത്തുന്ന വാഴത്തോട്ടം നനയ്ക്കാന്‍ കണ്ണാം ചോലയിലെ വെള്ളം തികയാതെ വരുമ്പോള്‍ കുഞ്ഞാമു ചിമ്മാനിയെ തല്ലി കരയിപ്പിക്കാറുണ്ടെന്ന് ഉമ്മൂമ്മ പറഞ്ഞിട്ടുണ്ട്. വേറെ ആരോടും അത് പറയരുതെന്ന് ബദ്രീങ്ങളെ തൊട്ട് സത്യം വെപ്പിച്ചിട്ടുണ്ട്. ചിമ്മാനി കരയുമ്പോള്‍ കുഞ്ഞാമുന്റെ കെട്ട്യോള്‍ മുല്ലബീവി തട്ടം കടിച്ചുപിടിച്ച് ശബ്ദമില്ലാതെ കരയുന്നതൊരിക്കല്‍ ഉമ്മുഹാനി കണ്ടിട്ടുണ്ട്.

ചിമ്മാനിക്കൊപ്പം ഞാന്‍ കരഞ്ഞത് ആരോടും മിണ്ടരുതെന്ന് അവരും ഉമ്മൂനെ കൊണ്ട് സത്യം വെപ്പിച്ചിട്ടുണ്ട്.

ഉമ്മുഹാനിയും മുല്ലബീവിയുടെ മകന്‍ കുഞ്ഞാനുവും തമ്മില്‍ വേറെയൊരു രഹസ്യക്കാരാറുണ്ട്.

വയസ്സ് പത്തായിട്ടും ഉമ്മു ഹാനി കിടക്കപ്പായയില്‍ സുസ്സു ഒഴിക്കുന്നത് സ്‌കൂളില്‍ പറയാതിരിക്കാനുള്ള കരാര്‍.

കുഞ്ഞാനുവിന് ദുനിയാവും പരലോകവും പേടിയില്ലാത്തത് കൊണ്ട് സത്യം വെപ്പിക്കാന്‍ നിര്‍വാഹമില്ല.

പകരം ഉമ്മുഹാനിക്ക് മാമന്‍ ദുബായീന്ന് കൊണ്ടുവന്ന മുത്തു സിലേറ്റ്, ലൈറ്റ് കത്തുന്ന പന്ത്, എന്തിന് കഴുത്തിലെ പൊന്നേലസ്സ് വരെ അവന് ഊരി കൊടുത്തിട്ടുണ്ട്. കണ്ണാം ചോലയില്‍ കുളിച്ചപ്പോള്‍ ഏലസ്സ് കളഞ്ഞു പോയെന്ന് ഉമ്മയോട് കള്ളം പറഞ്ഞിട്ടുണ്ട്.

ഉമ്മുവിന്റെ ദീനം മാറാന്‍ ഉമ്മ കാണിക്കാത്ത ഡോക്ടര്‍മാരില്ല.

''ഒരു പ്രായമെത്തുമ്പോള്‍ മാറും'' മരുന്നുകള്‍ ഫലിക്കാതെ വരുമ്പോള്‍ അങ്ങനെ പറഞ്ഞു എല്ലാവരും കയ്യൊഴിഞ്ഞു.

ഇടയ്‌ക്കൊക്കെ കുഞ്ഞാനുവും ഉമ്മുവും വാതില്‍ പഴുതിലൂടെ ചിമ്മാനിയെ കാണാറുണ്ട്. ചിമ്മാനിയെപ്പോഴും എന്തൊക്കെയോ പറഞ്ഞ് അവിടെ ഇരിക്കുന്നുണ്ടാകും. ഇടയ്‌ക്കൊക്കെ കാലിലെ ചങ്ങല പൊട്ടിക്കാന്‍ നോക്കുന്നത് കാണാം.

ഒരിക്കല്‍ കുഞ്ഞാനുവില്ലാതെ ഒറ്റയ്ക്ക് വാതില്‍ പഴുതിലൂടെ ചിമ്മാനിയെ നിരീക്ഷിക്കുമ്പോഴാണ് ഉമ്മുഹാനിയാ കാഴ്ച്ച കണ്ടത്. ചിമ്മാനിയുടെ കട്ടിലിനടിയില്‍ നിന്നൊരു കുരുവി പറന്ന് അവന്റെ കൈത്തണ്ടയില്‍ വന്നിരുന്നു. ചിമ്മാനി അതിനോടെന്തൊക്കെയോ പറയുന്നുണ്ട്. മറുപടിയായി അത് ചിലക്കുന്നു. 


' അപ്പോള്‍ ചിമ്മാനി ആരു മറിയാതെ കട്ടിലിനടിയിലൊരു കുരുവിയെ വളര്‍ത്തുന്നുണ്ട്.' ഒരിക്കലാകുരുവിയെ കാണാന്‍ പോകണം. ചിമ്മാനി പ്രതീക്ഷിച്ചപോലെ അപകടകാരിയല്ലെന്നും ഉമ്മുവിന് തോന്നി.

കുഞ്ഞാമുവിനെ ഇടയ്ക്ക് മാന്തുന്നതും കടിക്കുന്നതും അവന്‍ ചിമ്മാനിയെ ഉപദ്രവിക്കുന്നത് കൊണ്ടാകാം.

കുരുവിയാണ് ഉമ്മുഹാനിയേയും ചിമ്മാ നിയേയും കൂട്ടുകാരാക്കിയത്. കുരുവിയെ കാണാന്‍ കുഞ്ഞാമു കാണാതെ ഉമ്മുഹാനിയാ ഇരുട്ട് മുറിയില്‍ പോയിത്തുടങ്ങി. ആദ്യമൊക്കെ അടുത്ത് പോകാന്‍ പേടിയായിരുന്നു.

''കുരുവിയെകാണണോ''

''ഉം''

കട്ടിലിനടിയില്‍ ചകിരിനാരുകൊണ്ട് ചന്തത്തില്‍ മെനഞ്ഞൊരു കൂട്ടില്‍ കുരുവിയെയും മൂന്ന് കുഞ്ഞുമുട്ട കളെയും ഉമ്മുഹാനി കണ്ടു.

''ഇനി വരുമ്പോള്‍ കുഞ്ഞാനു വിനെ കൂടെ കൂട്ടുമോ''

''വേണ്ട ഓനെ വിശ്വസിക്കാന്‍ കൊള്ളൂല, കുരുവിയെവളര്‍ത്തുന്നത് ഓന്‍ പറഞ്ഞു കൊടുക്കും''

ചിമ്മാനി ചിരിച്ചു. കഴുത്തിലെ പോന്നേലസ്സ് പറിച്ചു കൊടുത്തപ്പോള്‍ കുഞ്ഞാനു ചിരിച്ച അതേചിരി.

ഉമ്മുവിന്റെ ദീനം മാറാന്‍ വേണ്ടി ഏര്‍വാടിയില്‍ പോകാന്‍ ഉമ്മാക്ക് നേര്‍ച്ചയുണ്ടായിരുന്നു. വലിയുമ്മൂമ്മക്ക് വയ്യാത്തത് കൊണ്ട് കൂട്ടായി ഉമ്മു വീട്ടില്‍ നിന്നു. അല്ലെങ്കിലും ഉമ്മുവിന് മക്കയും മദീനയും കാണാനേ കൊതിയൊള്ളൂ.

കുഞ്ഞാനു പോയത് വെറുതെ ഏര്‍വാടി കാണനാണ് അല്ലാതെ വിശ്വാസമുണ്ടായിട്ടല്ല. ഓന്റെ ഉമ്മ പോകുന്നത് ചിമ്മാനിയുടെ പിരാന്ത് മാറാന്‍ പ്രാര്‍ഥിക്കാനാകുമെന്ന് ഉമ്മുവിനു തോന്നി. പോകുന്ന തിരക്കില്‍ കുഞ്ഞാമു ചിമ്മാനി പൂട്ടാന്‍ മറന്നത് സൗകര്യമായി. ഉമ്മൂമ്മ കാണാതെ ഉമ്മു ചിമ്മാനിയില്‍ പോയി സൂഫികളുടെ കഥകള്‍ കേട്ടു.

''ചിമ്മാനിയെ വെറുതെ ചങ്ങലക്കിട്ടതാണ്. പിരാന്തന്മാര്‍ക്ക് എങ്ങനെ കഥകള്‍ അറിയാ''

വര്‍ത്താനത്തിനിടയില്‍ ഉമ്മു തന്റെ സൂക്കേടിനെ പറ്റി ചിമ്മാനിയോട് പറഞ്ഞു.

ചിമ്മാനി ഉമ്മുവിനെ ചേര്‍ത്ത് പിടിച്ചു ഖുര്‍ആനിലെ ആയത്തുകള്‍ ഉറക്കെ ഓതി. പിറ്റേന്ന് നനഞ്ഞു കുതിരാത്ത ഉമ്മുവിന്റെ പുള്ളിപ്പാവാട കണ്ട് ഉമ്മ കരഞ്ഞുപോയി.

''റബ്ബേ ന്റെ കുട്ടിന്റെ ദണ്ണം മാറീക്ണ്.''

''ഏര്‍വാടിയില്‍ പോയതിന്റെ ഫലം''

''സത്യമായും ചിമ്മാനിക്ക് പിരാന്തില്ല, ന്റെ ദീനം മന്ത്രിച്ചൂതി മാറ്റിയത് ചിമ്മാനിയാണ്''

മദ്രസയില്‍ പോകുമ്പോള്‍ ഉമ്മു കുഞ്ഞാനുവിനോട് പറഞ്ഞു.

''പിരാന്ത് പറഞ്ഞാ അന്നേം പിടിച്ചു ചങ്ങലക്കിടും.''

''എന്തായിത് സത്യം പറയുന്നവരെ ഒക്കെ പിടിച്ചു ചങ്ങലക്കിടലാ''

അമ്പകുന്ന് നേര്‍ച്ചയുടെ അന്ന് രാവിലെ മുഖം കഴുകാന്‍ കണ്ണാം ചോലയില്‍ പോയ കുഞ്ഞാനുവാണ് ചോലയ്ക്കരികില്‍ ചിമ്മാനി കിടക്കുന്നത് കണ്ടത്. അവന്‍ പേടിച്ചു നിലവിളിച്ചു. കണ്ണാം ചോലയുടെ പരിസരം ആളുകളെകൊണ്ട് നിറഞ്ഞു.

ഉച്ചയ്ക്ക് വെള്ളത്തുണിയില്‍ പൊതിഞ്ഞ ചിമ്മാനിയെ കോലായയില്‍ കൊണ്ടന്ന് കിടത്തി.

ചിമ്മാനി എങ്ങനെ മരിച്ചു എന്നത് പലര്‍ക്കും സംശയമുണ്ട്. ഉറക്കെ ചോദിക്കാന്‍ എല്ലാര്‍ക്കും പേടിയാണ്.

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഉമ്മുഹാനിയും കുഞ്ഞാനുവും മുഖത്തോട് മുഖം നോക്കി.

ചിമ്മാനിയുടെ കാലിലിപ്പോഴും ചങ്ങലയുണ്ടോ എന്ന് കുഞ്ഞാനു വെള്ളത്തുണി മാറ്റി നോക്കി.

ഉമ്മുഹാനി മുകളിലേക്കോടി.

'ചിമ്മാനിയുടെ കുരുവിക്ക് ഇനിയാരുണ്ട്.'

കട്ടിലിനടിയിലെ കൂട്ടില്‍ കുരുവി ചിറകുകള്‍ വിടര്‍ത്തി മലര്‍ന്നു കിടക്കുന്നു. മൂന്ന് മുട്ടകള്‍ കാണുന്നില്ല.

ഉമ്മുഹാനി കുരുവിയെ തട്ടം കൊണ്ട് പൊതിഞ്ഞെടുത്തു. ആരും കാണാതെ കണ്ണംചോലക്കരികില്‍ ചിമ്മാനി മരിച്ചു കിടന്നിടത്ത് കുഴിച്ചിട്ട്.

ചിമ്മാനിക്ക് വേണ്ടി ഉമ്മുഹാനി ഉറക്കെ യാസീന്‍ ഓതി. ആരും കേള്‍ക്കാതെ മുല്ലബീവിയും.

കണ്ണാം ചോലയിലെ വെള്ളം കൊണ്ടാണ് ചിമ്മാനിയുടെ മയ്യത്ത് കുളിപ്പിച്ചത്. അസര്‍ ബാങ്ക് വിളിച്ചപ്പോള്‍ ചിമ്മാനിയുടെ മയ്യത്ത് പുറത്തേയ്‌ക്കെടുത്തു. ചിമ്മാനിയിലേയ്ക്ക് ചാഞ്ഞു നിന്നിരുന്ന അരളികൊമ്പ് വലിയ ശബ്ദത്തോടെ ഒടിഞ്ഞുവീണു.

ചിമ്മാനിയെ ഖബറടക്കി വന്നത് മുതല്‍ തറവാട്ടില്‍ ഒച്ചയും ബഹളവുമായി. കുഞ്ഞാമു അത്തിക്കാവ് ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞുതുള്ളി.

''ഓളെ കെട്ടിയന്റെ തല മണ്ണില്‍ വെക്കാതെ ഓള്‍ക്ക് ഇദ്ദ ഇരിക്കണത്രെ. ആ പിരാന്തന്‍ ഓള്‍ക്ക് ആരായിന് എന്ന് നിക്കറിയ. അത് നാട്ട് കാരെ കൂടി അറിയിക്കാനാണ് ഓളെ ഉദ്ദേശമെങ്കില്‍ പിരാന്തന്റെ ചോര ഇപ്പളും കണ്ണാം ചോലയിന്ന് നിന്ന് ഒഴുകി പോയിട്ടുണ്ടാകുല. ഓളെ ഞാനാ ചോലയില്‍ മുക്കി കൊല്ലും.''

''ന്നെ കൊന്നോട്ടെ നാല്പത് ദിവസം ഞാന്‍ ഇദ്ദയിരിക്കും''

ആദ്യമായി മുല്ലബീവിയുടെ ഒച്ച തറവാടിന്റെ പുറത്തത്തേയ്ക്ക് കേട്ടു. തട്ടം കടിച്ചു പിടിക്കാതെ, പുറത്തേക്ക് വരുന്ന കണ്ണുനീരിനെ ഹൃദയത്തിലേയ്ക്ക് തിരിച്ചൊഴുക്കാതെ അവര്‍ ഉറക്കെയുറക്കെ കരഞ്ഞു.

പിറ്റേന്ന് രാവിലെ ഉമ്മാനെ കാണാതെ കുഞ്ഞാനു കരയുന്നത് കേട്ടാണ് ഉമ്മുഹാനി ഉണര്‍ന്നത്.

ന്റെ ഉമ്മാക്ക് പിരാന്ത് ആണത്രേ. ദണ്ണം മാറാന്‍ എങ്ങോട്ടോ കൊണ്ടോയിട്ടുണ്ട്. ഉമ്മാനെ കാണാന്‍ കരഞ്ഞതിന് കുഞ്ഞാമു അവനെ പൊതിരെ തല്ലി.

''ആ പിരാന്തത്തിനെ കണ്ടിട്ട് എന്തിനാണ്''

കുഞ്ഞാനുവിന്റെ സങ്കടം മാറാന്‍ ഉമ്മു അവന് ചിമ്മാനി പറഞ്ഞ സൂഫികളുടെ കഥ പറഞ്ഞു കൊടുത്തു.

''ഭ്രാന്ത് ഉള്ളോരേ ഒക്കെ പടച്ചോന്‍ സ്വര്‍ഗത്തിലാക്കും കുഞ്ഞാനൂ. ചിമ്മാനി ഇപ്പോള്‍ സ്വര്‍ഗത്തില്‍ എത്തിയിട്ടുണ്ടാകും.''

''ഇനി അന്റുമ്മേം സ്വര്‍ഗത്തിലെത്തും .അപ്പോ നീയും... പിന്നെ.. ഇയ്യ് പടച്ചോനോട് പറഞ്ഞു ന്നേം സ്വര്‍ഗത്തിലാക്കണം''

''അതിന് അനക്ക് പിരാന്ത് ണ്ടോ'' ഉമ്മുവിന് ഉത്തരം മുട്ടി.

*************

കൊടും വേനലില്‍ കണ്ണാം ചോലയിലെ അവസാന തുള്ളി വെള്ളവും വറ്റിപ്പോയ അന്നാണ് കുഞ്ഞാമു മുല്ലബീവിയെ തറവാട്ടില്‍ കൊണ്ട് വന്നത്. ചിമ്മാനിയെ പോലെ അവര്‍ക്കുമിപ്പോള്‍ മുന്‍നിരയിലെ പല്ലില്ല.

കുഞ്ഞാമു അവരെ ചിമ്മാനിയില്‍ കൊണ്ടുപോയി പൂട്ടി. അന്ന് രാത്രി ചിമ്മാനിയില്‍ നിന്ന് അവരുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടു.

''ന്റെ ഉമ്മാനെ സ്വര്‍ഗത്തിലേയ്ക്ക് പെട്ടെന്ന് കൊണ്ടൊകണേ റബ്ബേ''

ആദ്യമായി കുഞ്ഞാനുവന്ന് നിസ്‌കരിച്ചു.

''കണ്ണാം ചോലയില്‍ വെള്ളം കിനിഞ്ഞിട്ടുണ്ട്. ചിമ്മാനി വിറയ്ക്കുന്ന കരച്ചിലുകളിപ്പോള്‍ ബര്‍ക്കത്തായിരിക്കുന്നു കാര്‍ന്നോരെ. ചിമ്മാനിയിലെ ചങ്ങല ഒഴിയാന്‍ പാടില്ലാ''

കുഞ്ഞാമു വലിയുപ്പൂപ്പാനോട് അടക്കം പറഞ്ഞത് ഉമ്മുഹാനി മാത്രം കേട്ടു.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഹുസ്‌ന റാഫി

Writer

Similar News

കടല്‍ | Short Story