Is it Murder?
'ലിവിങ് ടുഗെതര്‍ - അനിത അമ്മാനത്ത് എഴുതിയ നോവല്‍ | അധ്യായം 08
രണ്ടുപേരും പൊലീസ് സ്റ്റേഷനില്‍ എത്തി റിപ്പോര്‍ട്ട് ചെയ്തു. പൊലീസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം തന്നെയും പഠിപ്പിച്ചു കൊടുത്ത പ്രകാരം തന്നെ ഉത്തരങ്ങള്‍ പറഞ്ഞുകൊണ്ട് ആദം സ്‌കോര്‍ ചെയ്തു. അന്വേഷണത്തിന്റെ തുടര്‍ഘട്ടങ്ങളില്‍ വിളിക്കുമ്പോള്‍ ഹാജരാകണമെന്ന് ഉറപ്പിന്മേല്‍ പൊലീസ് അവരെ വിട്ടയക്കുകയും ചെയ്തു.
മാധ്യമശ്രദ്ധയില്‍ കൊലപാതക വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യമൊന്നും വരാതിരിക്കുവാന്‍ പൊലീസ് കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, സംഭവം നടന്നത് സിറ്റിയിലെ പ്രധാന ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് ആയതുകൊണ്ട് എത്രയൊക്കെ ഒളിപ്പിക്കാന്‍ ശ്രമിച്ചാലും ചില അലയൊലികളും പുകയും തിങ്ങിനിറഞ്ഞു നിന്നു. അതിനുള്ള പ്രധാന കാരണം ഹോട്ടലിന്റെ ഉടമസ്ഥനായ ആലിബാബയുടെ ക്രിമിനല്‍ പശ്ചാത്തലം ആണ്. സ്ത്രീത്വത്തെ അപമാനിച്ച കേസാണ് ആലിബാബയുടെ പേരിലുള്ള അവസാന കേസ്. അതല്ലാതെ കള്ളക്കടത്തും കഞ്ചാവും കൊട്ടേഷന്‍ സംഘങ്ങളുമായുള്ള കൂട്ടുകൃഷിയും ഭൂമി കൈയേറ്റവും കായല്‍ നികത്തലും റിസോര്‍ട്ട് അഴിമതിയും എല്ലാം ചേര്‍ന്ന് ഒരു ലോഡ് ക്രിമിനല്‍ കേസുകള്‍ ആലിബാബയ്ക്ക് ഉണ്ട്. സ്വന്തമായി ഒരു പൊലീസ് സ്റ്റേഷനും കോടതിയും തുടങ്ങാനുള്ള അത്രയും കേസുകള്‍ നിലവിലുണ്ട്. ആലിബാബയുടെ ഹോട്ടലില്‍ ഒരു സ്ത്രീ മരണപ്പെട്ടാല്‍ അത് വാര്‍ത്തയ്ക്കുള്ള സാധ്യതകള്‍ കൂട്ടുകയാണ് ചെയ്യുന്നത്. അതില്‍ എത്രയും വേഗം പൊലീസ് ഒരു നിലപാട് എടുത്തിട്ടില്ലെങ്കില്‍ പിന്നെ വാര്‍ത്താകോളങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞൊഴുകും. കാരണം, ആലിബാബയുടെ പിന്നില്‍ അണിനിരക്കാന്‍ രാഷ്ട്രീയത്തിലെയും സമൂഹത്തിലെയും ഉന്നതര്‍ തന്നെയുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. അതുകൊണ്ടുതന്നെ ആ ഹോട്ടലില്‍ വെച്ച് നടന്ന യുവതിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് എത്രയും വേഗം തന്നെ പൊലീസിന് തെളിയിക്കേണ്ട ബാധ്യതയുണ്ട്.
***** ***** *****
എസ്.പി ഭാവനശങ്കര്‍ ഐ.പി.എസ് ഫോണ്‍ കോളുകളില്‍ പൊറുതിമുട്ടി മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണ്. ആര്‍ക്ക് എന്തു മറുപടി കൊടുക്കണം എന്നറിയാതെ തലയ്ക്ക് കൈയും കൊടുത്തിരിക്കുമ്പോഴാണ്ഡി.വൈ.എസ്.പി ഓഫീസില്‍ നിന്നും ഫോണ്‍ വരുന്നത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് കിട്ടിയ ഇസബെല്ലയുടെ വിവരങ്ങള്‍ ആയിരുന്നു ആ ഫോണ്‍കോളില്‍ കാത്തിരുന്നത്. പെസ്റ്റിസൈഡ് ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ അതിനെ ഒരു ആത്മഹത്യയായി കാണാന്‍ തയ്യാറായിരുന്നില്ല. കാരണം, കഴുത്തിലെ എല്ലിനോട് ചേര്‍ന്ന് ചെറിയ ചതവ് പറ്റിയിരിക്കുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഡോക്ടര്‍ക്ക് സംശയമുണ്ട്. അതിനാല്‍ തന്നെയും കൂടുതല്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഡോക്ടര്‍ അറിയിച്ചിരിക്കുന്നു. അതിന് പൊലീസിന്റെ പക്കല്‍ നിന്നും പെര്‍മിഷന്‍ കിട്ടണം.
എസ്.പി ഉടന്‍തന്നെ പറഞ്ഞു, 'ഇതിനെല്ലാം വേണ്ടി താന്‍ എന്തിനാണ് എന്നെ വിളിക്കുന്നത്. ഇതെല്ലാം തനിക്ക് ചെയ്യാവുന്ന കാര്യങ്ങളല്ലേ ഉള്ളൂ. നമുക്ക് ആവശ്യം റിപ്പോര്‍ട്ടാണ്. അത് തരുന്നതിന് റീ പോസ്റ്റുമോര്‍ട്ടം ആവശ്യമെങ്കില്‍ അദ്ദേഹം ചെയ്യട്ടെ. അത് അദ്ദേഹത്തിന്റെ ജോലിയല്ലേ. നമ്മളെ സഹായിക്കാന്‍ വേണ്ടിയും കേസന്വേഷണത്തില്‍ വഴിത്തിരിവ് ഉണ്ടാക്കാവുന്ന കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ഡോക്ടര്‍ നിര്‍ദേശിക്കുമ്പോള്‍ നാം അതിനൊപ്പം തന്നെ വേഗത്തില്‍ സഞ്ചരിക്കുകയല്ലേ വേണ്ടത്. അതിനു പെര്‍മിഷന്‍ കിട്ടാന്‍ വേണ്ടി എന്തിനാണ് താന്‍ സമയം പാഴാക്കുന്നത്. ഇപ്പോള്‍ തന്നെ അദ്ദേഹത്തെ വിളിച്ച് അറിയിക്കൂ. ഫൈനല്‍ കണ്‍ഫേര്‍മ്ഡ് റിപ്പോര്‍ട്ടാണ് ആവശ്യമെന്ന്.' ഇത്രയും പറഞ്ഞു താഴെ വച്ചു.
'' ഇത്രയും എക്‌സ്പീരിയന്‍സ്ഡ് ആയ ഡോക്ടര്‍ക്ക് അത്തരം ഒരു സംശയം തോന്നിയെങ്കില്‍ അത് ഒരിക്കലും നിസ്സാരമായി തള്ളിക്കളയാന്‍ പറ്റുന്നതല്ല. അപ്പോള്‍ ഇനി ഇതിന്റെ മുകളില്‍ ഒരു അന്വേഷണം വരാനുള്ള സാധ്യത മണക്കുന്നുണ്ട്. ദൈവമേ...'' എന്ന് പറഞ്ഞ് തലയ്ക്ക് കയ്യും വെച്ച് എസ്.പി ഇരുന്നു.
'' കിട്ടിയ വാര്‍ത്തകള്‍ തല്‍ക്കാലം ഒരു തുരുപ്പുചീട്ടാണ്. ഇത് അങ്ങനെയേ മുകളിലേക്ക് വിളിച്ച് അറിയിക്കാം. തല്‍ക്കാലശാന്തിക്ക് ഇതാണ് നല്ലത്.''
ഡോക്ടറില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ ഭാവന അതേപടി സുപ്പീരിയര്‍ ഓഫീസേഴ്‌സിനെ അറിയിച്ചു.
ഓഫീസില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയതും തന്റെ വായില്‍ നിന്നും ഒരു വാക്ക് എങ്കിലും വീണു കിട്ടുവാന്‍ വേണ്ടി നെട്ടോട്ടമോടുന്ന മാധ്യമങ്ങള്‍ ഭാവനയെ വളഞ്ഞു. കിട്ടിയ വിവരത്തിന്റെ പുറത്ത് വിടാവുന്ന ഭാഗങ്ങളോടുകൂടി ഭാവന പത്രക്കാരുടെ സംസാരിച്ചു.
'' ഒരു ചെറിയ ഭാഗം കൂടി ക്ലിയര്‍ ആകാന്‍ ഉണ്ട്. എത്രയും വേഗം തന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈപ്പറ്റുന്നതാണ്. അതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കുന്നതാണ്.'' അവള്‍ പത്രക്കാരെ നോക്കി പറഞ്ഞ് സ്വന്തം കാറിന്റെ അടുത്തേക്ക് നടന്നകന്നു.
പൊലീസ് സ്റ്റേഷനില്‍ നിന്നും തിരിച്ച് വീട്ടിലെത്തിയ ആദമിന് ഒരുതരത്തിലും സന്തോഷിക്കാനുള്ള വകകള്‍ എങ്ങും ഉണ്ടായിരുന്നില്ല. ഒരുവശത്ത് ഭാര്യയോടുള്ള അമിതമായ പ്രണയം, മറുവശത്ത് ചെയ്തുപോയ തെറ്റിനെ കുറിച്ചുള്ള പശ്ചാത്താപം. ഇനിയും ഒരു വശത്ത് ഈ തെറ്റിന് എല്ലാം ശിക്ഷ ലഭിക്കുമെന്ന ഭയം. ഇത് മൂന്നും കൂടി ആദമിനെ വരിഞ്ഞുമുറുകി പുണരുകയാണ്. പക്ഷേ, അതില്‍ അവനൊരു സ്‌നേഹമോ പ്രണയമോ ഒന്നും ഉണര്‍ന്നില്ല. പകരം വരിഞ്ഞുമുറുകുന്ന ഒരു കയറിനെ പോലെയാണ് അനുഭവപ്പെട്ടത്.
താന്‍ ചെല്ലുന്നത് കാത്തിരിക്കുന്നത് പോലെയാണ് ഭാവന സ്വന്തം തറവാട്ടിനു മുമ്പില്‍ കാര്‍ നിര്‍ത്തിയിട്ട് ഇറങ്ങിയപ്പോള്‍ അനുഭവിച്ചത്. സ്വന്തം നാടും നാട്ടുകാരും വീടും വീട്ടുകാരും എല്ലാം അന്യമായത് പോലെയായി. തിരിഞ്ഞു നോക്കാന്‍ പോലും സമയമില്ല. പൊലീസ് പണിയായി പോയില്ലേ- തിരക്കെല്ലാം സ്വാഭാവികം മാത്രം. എന്തായാലും ഇത്രയധികം തിരക്കുകള്‍ക്കിടയില്‍ അമ്മയുടെ ക്ഷണപ്രകാരം വീട്ടിലേക്ക് ഓടിയെത്തിയപ്പോള്‍ എന്തോ ഒരു വലിയ ആശ്വാസമാണ് തലയ്ക്കുള്ളില്‍ അനുഭവപ്പെടുന്നത്. ശരിക്കും ഒന്നോര്‍ത്തു നോക്കിയാല്‍ ഇപ്പോള്‍ വരാവുന്ന സിറ്റുവേഷന്‍ അല്ല ഉള്ളത്. ഏതോ ഒരു ഇസബെല്ല ഹോട്ടല്‍ റൂമില്‍ വിഷം കഴിച്ചിരിക്കുന്നു- ആത്മഹത്യയോ കൊലപാതകമോ എന്ന സംശയത്തില്‍ സൂക്ഷ്മപരിശോധനയും നടക്കുന്നു. മരിച്ചവര്‍ക്ക് അങ്ങ് മരിച്ചാല്‍ മതി, അവര്‍ക്ക് സ്വര്‍ഗമോ നരകമോ എന്ന് തീരുമാനത്തില്‍ മാത്രം എത്തിയാല്‍ മതി. എന്നാല്‍, ജീവിച്ചിരിക്കുന്നവര്‍ക്ക് ആണ് നരകതുല്യമായ ജീവിതം. പൊലീസ് ജോലിയില്‍ ചേര്‍ന്നപ്പോള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും സ്വന്തം വീട്ടിലേക്ക് വരണമെന്നൊക്കെ ആഗ്രഹിച്ചിരുന്നതാണ്. ഇപ്പോള്‍ മാസത്തില്‍ ഒരിക്കല്‍ പോലും വരാന്‍ സാധിക്കുന്നില്ല. മുത്തശ്ശിക്ക് തീരെ വയ്യ എന്ന് പറഞ്ഞപ്പോള്‍ സമയമുണ്ടാക്കി ഇടയില്‍ ഓടി വന്നതാണ്. മുത്തശ്ശിയുമായി അത്രയധികം ആത്മബന്ധമാണ് ഭാവനയ്ക്ക് ഉണ്ടായിരുന്നത്. ഭാവനയെ കാണുമ്പോള്‍ വീട്ടുവിശേഷങ്ങള്‍ ചോദിക്കുന്നത് പോലെ തന്നെയാണ് മുത്തശ്ശിക്ക് അവളുടെ സര്‍വീസ് വിശേഷങ്ങള്‍ കേള്‍ക്കാനുള്ള താല്‍പര്യവും. താനും ഒരു പൊലീസുകാരന്റെ ഭാര്യയായിരുന്നു എന്ന് അഭിമാനത്തോടുകൂടി പറയുന്ന മുത്തശ്ശി ആണ് അവളുടെ ഏറ്റവും വലിയ പ്രചോദനം. അങ്ങനെ വീട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഡി.വൈ.എസ.്പിയുടെ കോള്‍ വരുന്നത്.
'പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് റിപ്പോര്‍ട്ട് കിട്ടി. കോപ്പി വാട്ട്‌സ് ആപ്പ് ചെയ്തിട്ടുണ്ട്.' അതിലേക്ക് നോക്കവേ പുരികം ചുളിഞ്ഞു, കണ്ണുകള്‍ അവിശ്വസനീയ ഭാവത്തില്‍ പുറത്തേക്ക് തള്ളി- 'അപ്രതീക്ഷിതം തന്നെ!'
Yes... It is Murder -!
(തുടരും)
ചിത്രീകരണം: ഷെമി
അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.