Scary Taste Of Blood - ലിവിങ് ടുഗെതര്‍ | നോവല്‍
ലിവിങ് ടുഗെതര്‍ | നോവല്‍, അധ്യായം 21
'എനിക്ക് മനസ്സിലായി മാഡം. എല്ലായിടത്തും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. '
മൃതദേഹമുള്ള മുറിക്കകം പരിശോധിക്കുന്നതിനുള്ള വിദഗ്ധ സംഘങ്ങളും പൊലീസ് നായയും എത്തിയിട്ടുണ്ടായിരുന്നു. സംശയിച്ച പോലെ തന്നെ പുഴുവരിച്ച് ജീര്‍ണിച്ച ഒരു ശവശരീരം കിട്ടി. അവിടെ അടുത്തെങ്ങും നില്‍ക്കാന്‍ കഴിയാത്ത വിധം ദുര്‍ഗന്ധത്താല്‍ നാട്ടുകാര്‍ പലരും സ്ഥലം വിട്ടു. ബാക്കിയുള്ളവര്‍ മൂക്കും പൊത്തിയാണ് നില്‍ക്കുന്നത്. രണ്ടു മരണ വിവരവും ഉടന്‍ തന്നെ കമീഷണറില്‍ അറിയിക്കുകയും എ.ഡി.ജി.പിയിലേക്ക് വിവരം കൈമാറുകയും ചെയ്തു.
ട്രീസയുടെ ഭര്‍ത്താവ് ഡേവിസ് ആണ് മരിച്ചത് എന്ന് സ്ഥിരീകരിച്ചു. ഇപ്പോള്‍ ഭാവനയുടെ ഊഹമനുസരിച്ച് ഡേവിസിനെ കൊലപ്പെടുത്തിയത് ട്രീസ ആയിരിക്കും. അതിനുശേഷം ട്രീസ സൂയിസൈഡ് ചെയ്തു. അപ്പോഴാണ് ട്രീസയുടെ ആത്മഹത്യാ കുറുപ്പ് നിലവറയിലെ അഴിയോട് ചേര്‍ന്ന് ഒട്ടിപ്പിടിച്ച നിലയില്‍ കിട്ടുന്നത്.
'എന്റെ മക്കള്‍... എന്റെ കുടുംബം... 'അഭിമാനം ഇതിനപ്പുറം മറ്റൊന്നുമില്ലെന്ന്' എന്നെ പഠിപ്പിച്ച അപ്പന്റെ മകളാണ് ഞാന്‍. എന്റെ മക്കള്‍ക്കു വേണ്ടിയും അവരുടെ മാനത്തിന് വേണ്ടിയും എനിക്കിത് ചെയ്യേണ്ടി വന്നു. എന്റെ ഭര്‍ത്താവിനാല്‍ കുടുംബം നഷ്ടപ്പെട്ടവരോടും ഞാന്‍ കാണാത്ത, എന്റെ ഭര്‍ത്താവിനാല്‍ അനാഥരായ കുഞ്ഞുങ്ങളോടും മാപ്പ് അപേക്ഷിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ജീവന്‍ ഞാന്‍ അവസാനിപ്പിക്കുന്നു. ഈ കത്ത് ആരുടെയെങ്കിലും കയ്യില്‍ എത്തുമ്പോഴേക്കും ഞങ്ങളില്‍ ആരും ജീവനോടെ ഉണ്ടായിരിക്കില്ല. സ്വപ്നങ്ങളാല്‍ കുരുക്കി എടുക്കുന്നതാണ് ഓരോ വിവാഹ ബന്ധവും. പക്ഷേ, കെട്ടുന്ന താലിയില്‍ മനഃപൂര്‍വ്വമായി കണ്ണുനീര്‍ വീഴ്ത്തിയവനെ ഞാന്‍ പരലോകത്തേക്ക് അയച്ചു. കൂടെ ഞങ്ങള്‍ക്കും പോകാനുള്ള സമയമായി. ആണും പെണ്ണും വ്യത്യാസമില്ലാതെ എന്റെ ഭര്‍ത്താവിനാല്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു.' അത്രയും വായിച്ച് ഭാവന ആ കത്ത് മടക്കി എസ്.ഐ നെ ഏല്‍പ്പിച്ചു.
'മറ്റ് കുടുംബങ്ങള്‍ കൂടി നശിപ്പിച്ചവനെ സ്വന്തം ഭര്‍ത്താവാണെന്നോ മക്കളുടെ അച്ഛനാണെന്നോ പോലും ഓര്‍ക്കാതെ അവള്‍ നീതി നടപ്പിലാക്കി. ' ഭാവന ആരോടെന്നില്ലാതെ പറഞ്ഞു.
ട്രീസയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെയെല്ലാം ചോദ്യം ചെയ്തു. ട്രീസയുടെ അച്ഛന്‍ ജീവിച്ചിരിപ്പില്ല. അമ്മ പരാലിസിസ് ബാധിച്ചു കിടപ്പിലാണ്. പിന്നെ ആകെയുള്ളത് ഒരേയൊരു ആങ്ങള അലക്‌സ് ആണ്. ചേച്ചി എന്ന് വെച്ചാല്‍ അനിയന് ജീവനാണ്. അലക്‌സിന്റെ ഭാര്യ നിസക്കും അങ്ങനെ തന്നെ.
ട്രീസയെ കണ്ട ഉടന്‍ അലക്‌സ് പൂമുഖത്തേക്ക് വന്ന് അകത്തേക്ക് ക്ഷണിച്ചു.
'അങ്ങനെ തന്റെ ചേച്ചിയും അളിയനും മരിച്ചു. ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ?' ഭാവന ചോദിച്ചു.
'മാഡം എന്താണ് ഉദ്ദേശിക്കുന്നത്?'
'തന്റെ പെങ്ങളും അളിയനും മരിച്ചതിന് പുറകില്‍ തനിക്ക് എന്തെങ്കിലും സംശയമുണ്ടോ? ആരെയെങ്കിലും സംശയമുണ്ടോ? അതാണ് എനിക്ക് അറിയേണ്ടത്. '
'എനിക്ക് ആരെയും സംശയമില്ല ചേച്ചി മരിച്ചു. ജീവിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഇച്ചായനെ സംശയിച്ചേനെ. കാരണം, അതിനു മാത്രം പ്രശ്‌നങ്ങള്‍ അവര്‍ തമ്മില്‍ ഉണ്ടായിരുന്നു. പക്ഷേ, ഇവിടെ ഇപ്പോള്‍ രണ്ടുപേരും മരിച്ച സ്ഥിതിക്ക് ഇനിയിപ്പോ ആ സംശയത്തിന്റെ ആവശ്യം വരുന്നില്ലല്ലോ.'
'അതെന്താ താന്‍ അങ്ങനെ പറഞ്ഞത്? ഇതിനുമുമ്പ് ഒരിക്കല്‍ ചോദിച്ചപ്പോള്‍ അവര്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല എന്നല്ലേ താന്‍ പറഞ്ഞിട്ടുള്ളത്?'
'ചേച്ചിക്ക് നല്ല ജീവിതം കിട്ടുന്നുവെങ്കില്‍ ഞാനായിട്ട് കളയണ്ട എന്ന് വിചാരിച്ച് പറഞ്ഞതാണ്. പക്ഷേ, സത്യം ഇതാണ്. ഇച്ചായന്‍ ആള് അത്ര വെടിപ്പ് അല്ലായിരുന്നു.'
'ഡേവിസ് ഇന്‍ഷുറന്‍സ് കമ്പനി ഏജന്റ് അല്ലേ?'
'അതെ... ഒരു പ്രൈവറ്റ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഏജന്റ് ആണ് എന്ന് പറഞ്ഞാണ് ചേച്ചിയെ വിവാഹം കഴിച്ചത്. കുറച്ചുകാലം ആ ജോലിക്ക് പോയി എന്ന് തോന്നുന്നു. പക്ഷേ, പിന്നീട് ആണ് ചേച്ചി അറിഞ്ഞത് ആളുടെ ജോലി ഇന്‍ഷുറന്‍സ് എടുപ്പിക്കുന്ന ഏജന്റ് ആയിരുന്നില്ല. അതിനുമപ്പുറം കമീഷനും കാര്യങ്ങളും എല്ലാം ഉണ്ടാക്കാവുന്ന ഒരു വൃത്തികെട്ട ഏജന്റ് പണിയാണ് അളിയന്‍ ചെയ്തുകൊണ്ടിരുന്നത് എന്നത്. അത് ചേച്ചിയെ വലിയ ഡിപ്രഷനില്‍ കൊണ്ടു ചെന്ന് എത്തിച്ചു. ചേച്ചി മാനസികമായി ഏറെ തളര്‍ന്നു പോവുകയും ചെയ്തു.'
'അലക്‌സ് എന്ത് ജോലിയാണ് ഉദ്ദേശിച്ചത്?'
'ദൈവത്തിനും കുടുംബത്തിനും സമൂഹത്തിനും നിരക്കാത്ത ഒരു പണി ആണ് ചെയ്തിട്ടുണ്ടായിരുന്നത്. ഞാന്‍ അത് വ്യക്തമായി തെളിവുകളോടെ അറിയാനും ഇടവന്നു.'
'അലക്‌സ് ഉദ്ദേശിക്കുന്നത് ലഹരിപദാര്‍ഥങ്ങളുടെ വില്‍പ്പനയോ അങ്ങനെ എന്തെങ്കിലും ആണോ? അതോ കള്ളക്കടത്ത്, കഞ്ചാവ്, കള്ളനോട്ട് അതുപോലെ എന്തെങ്കിലും? എന്ത് തെറ്റായ കാര്യമാണ് അലക്‌സിന്റെ അളിയന്‍ ചെയ്തിട്ടുണ്ടായിരുന്നത്?'
'മാഡം മുകളില്‍ പറഞ്ഞ കാര്യങ്ങളെ പോലെ അതിനികൃഷ്ടമായിട്ടുള്ള വേറൊരു പണിയുണ്ട്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍... അല്ലെങ്കില്‍ വേണ്ട ഞാന്‍ പറയുന്നില്ല.'
'അതിന്റെ അര്‍ഥം ആ പണിയും അത്ര മോശമാണ് എന്നുള്ളതല്ലേ...'
'ഉറപ്പായിട്ടും അങ്ങനെ തന്നെയാണ്. പക്ഷേ, ആ ഒരു വാക്കിലൂടെ അല്ലാതെ എനിക്ക് എന്റെ അളിയന്‍ ചെയ്തിരുന്ന ജോലിയെ വിശേഷിപ്പിക്കാന്‍ വേറെ വാക്കുകള്‍ ഇല്ല. അളിയന്‍ പെണ്‍വാണിഭ കച്ചവടത്തിലെ ഒരു കണ്ണിയായിരുന്നു. അതിനെ ഒറ്റവാക്കില്‍ '****' എന്ന് പറയാം.'
'താന്‍ നേരിട്ട് കണ്ടിട്ടുണ്ടോ ഇതെല്ലാം?'
ഒരു നിമിഷം അലക്‌സ് മൗനമായി നിന്നു. പിന്നീട് വിദൂരതയിലേക്ക് നോക്കി തുടര്‍ന്നു, 'എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്ത് വഴിക്കാണ് ഞാന്‍ ഇങ്ങനെയൊരു കാര്യം അറിയാനിടയായത്. അതിന്റെ പേരില്‍ ഞാന്‍ അവനുമായി വല്ലാത്ത വഴക്കും അടിയും ബഹളവും എല്ലാം ഉണ്ടായി. അവസാനം അവന്‍ എന്നെ വെല്ലുവിളിച്ചു അവന്‍ എനിക്കത് പ്രൂവ് ചെയ്ത് തരാം എന്ന്. പറഞ്ഞപോലെ തന്നെ അവന്‍ അത് തെളിയിക്കുകയും ചെയ്തു. '
എസ്.പി യുടെ മുഖം ദേഷ്യത്താല്‍ ചുമന്ന് തുടങ്ങിയിരുന്നു. അതുകണ്ട് അവന്‍ പേടിച്ചു
'എന്നിട്ട് താന്‍ പൊലീസിനെ അറിയിച്ചില്ലേ?'
'പൊലീസിനെ ഒന്നും ഞാന്‍ അറിയിച്ചില്ല. കാരണം, അതൊരു കേസ് ആക്കി കഴിഞ്ഞാല്‍ അവിടെ നാണം കെടാന്‍ പോകുന്നത് എന്റെ പെങ്ങള്‍ തന്നെയാണെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. അവളേയും മക്കളേയും എല്ലാവരും പുച്ഛിക്കും.'
'ഓഹ്... എന്നിട്ടിപ്പോ നല്ല പേരാണല്ലോ'' ജയദേവന്‍ പിറുപിറുത്തു.
'തനിക്ക് എത്രയോ കുടുംബങ്ങള്‍ രക്ഷിക്കാനുള്ള ഒരു അവസരം ആയിരുന്നില്ലേ അത്. തന്റെ സഹോദരിയുടെ പോലെ തന്നെ എത്രയെത്ര കുടുംബങ്ങള്‍!'
'സര്‍... നമ്മള്‍ അങ്ങനെ രക്ഷപ്പെടുത്തുന്നത് അബദ്ധവശാല്‍ കുടുങ്ങിപ്പോയവരെയോ മറ്റുള്ളവരുടെ ചതിയാല്‍ കുടുങ്ങി പോയവരൊക്കെയാണെങ്കില്‍ രക്ഷിക്കുന്നതില്‍ അര്‍ഥമുണ്ട്. പക്ഷേ, അറിഞ്ഞുകൊണ്ട് ഇത്തരത്തില്‍ ഒരു തെറ്റിലേക്ക് ഇറങ്ങുന്നവരെ നമ്മള്‍ രക്ഷിക്കേണ്ടതുണ്ടോ? ഇല്ലെന്നാണ് എന്റെ അഭിപ്രായം. കുടുംബം നശിപ്പിക്കാന്‍ ഉണ്ടായ പെഴച്ച വര്‍ഗങ്ങള്‍.'
ജയദേവന്‍ അലക്‌സിനെ അടിമുടി നോക്കി. 'എടോ താന്‍ ആരോടാണ് സംസാരിക്കുന്നത് എന്ന് ഓര്‍മയുണ്ടോ ?'
എന്നാല്‍, ഭാവന ജയദേവനെ തടഞ്ഞു കൊണ്ട് മുഖം കൊണ്ട് 'വേണ്ട' എന്ന ആക്ഷന്‍ കാണിച്ചു.
അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്‌സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.