ആവിഷ്‌കാരത്തിന്റെ ആത്മാന്വേഷണം

ഗിരീഷ് മാരേങ്ങലത്തിന് യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ ആവിഷ്‌കാരത്തിന്റെ ആത്മാന്വേഷണവും, സൂക്ഷ്മനിരീക്ഷണത്തിന്റെ പൂര്‍ണതയും, ഒരു ഫോട്ടോഗ്രാഫറുടെ ആവേശലഹരിയും ഗുര്‍ഗാബിയിയിലുടനീളം കാണാം. എം. ഗിരീഷ് എഴുതിയ 'ഗുര്‍ഗാബി' യാത്രാ പുസ്തകത്തിന്റെ വായന.

Update: 2024-03-29 10:24 GMT
Advertising

'ഒരാള്‍ എന്തെങ്കിലും നേടാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍, ആ ആഗ്രഹം സഫലമാക്കാന്‍ ഈ ലോകം മുഴുവന്‍ അവന്റെ സഹായത്തിനെത്തും' എന്ന പൗലോ കൊയ്ലോയുടെ പ്രശസ്തമായ വാക്കുകള്‍ ഉള്‍കൊള്ളിച്ചുകൊണ്ടാണ് ഗിരീഷ് മാരേങ്ങലത്ത് തന്റെ സ്വപ്നസാക്ഷാത്കാരം തേടിയുള്ള യാത്രാനുഭവങ്ങളുടെ ഈ പുസ്തകം അവതരിപ്പിച്ചിട്ടുള്ളത്. അക്ഷരങ്ങളെയും യാത്രകളെയും നെഞ്ചേറ്റുന്ന ഒരു അധ്യാപകന്റെ യാത്രാനുഭവങ്ങളാണ് ഗുര്‍ഗാബി.

ഇതൊരു സഞ്ചാരസാഹിത്യം എന്നതിലുപരി വിഷ്വല്‍ വിശദീകരണമുള്ള ഒരു യാത്രാവിവരണം കൂടിയാണ്. അവാച്യമായ പ്രകൃതിഭംഗിയും, നയനമനോഹര നിമിഷങ്ങളും, പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളുമെല്ലാം യഥാര്‍ത്ഥ ദൃശ്യത്തിന്റെ അകമ്പടിയോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഗുര്‍ഗാബി വായിച്ചു കഴിഞ്ഞ്, അവസാന പേജില്‍ നല്‍കിയിട്ടുള്ള ക്യു.ആര്‍. കോഡ് വഴി വായനക്കാരന് ഈ വീഡിയോ ദൃശ്യങ്ങളിലേക്കെത്താം. ഇത്തരത്തില്‍, പുസ്തകത്തോടൊപ്പമുള്ള വിഷ്വല്‍ ട്രീറ്റ് എന്ന ആശയം ലോകസഞ്ചാര സാഹിത്യത്തില്‍ ആദ്യത്തേതാവും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഓരോ യാത്രയും ഓരോ 'പഠനം' കൂടിയാണെന്ന് ഓര്‍മപ്പെടുത്തുന്നു ഗിരീഷ് മാരേങ്ങലത്ത്. ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യം, നാട്ടുരാജ്യങ്ങളുടെ ഏകീകരണം, ഇന്ത്യ-പാക് വിഭജനം, ബംഗ്ലാദേശ് രൂപീകരണം തുടങ്ങിയ നിരവധി ചരിത്ര സംഭവങ്ങളെ വായനാസുഖം ഒട്ടും ചോരാതെത്തന്നെ വ്യക്തമായി വിവരിച്ചുതരാന്‍ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. 

'കാറ്റൊടിച്ചിട്ട ചില്ലകള്‍', 'ചേമ്പിലയില്‍ വിരിഞ്ഞ ചിരികള്‍', 'ഗുര്‍ഗാബി' എന്നിങ്ങനെ മൂന്ന് അധ്യായങ്ങളിലായി ധനുഷ്‌കോടി, യേര്‍ക്കാട്, ഡല്‍ഹി, കശ്മീര്‍ എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രകളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഗിരീഷ് മാരേങ്ങലത്തിന് യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ ആവിഷ്‌കാരത്തിന്റെ ആത്മാന്വേഷണവും, സൂക്ഷ്മനിരീക്ഷണത്തിന്റെ പൂര്‍ണതയും, ഒരു ഫോട്ടോഗ്രാഫറുടെ ആവേശലഹരിയും ഗുര്‍ഗാബിയിയിലുടനീളം കാണാം. ജീവിതയാത്രയുടെ ഓര്‍മകളില്‍ അഭിരമിച്ചുകൊണ്ട്, ഹൃദയഹാരിയായ സഞ്ചാരനുഭവങ്ങളെ തന്റേതാക്കി മാറ്റി, വായനക്കാരുടെ കൂടെയിരുന്ന് കഥപറയുന്നതുപോലെ മനോഹരമായി, അതിലുപരി ലളിതമായി എഴുതിയ 'ഗുര്‍ഗാബി'യിലൂടെ ഒരു യാത്ര പോയി വന്ന അനുഭൂതിയാണ് വായനക്കാര്‍ക്ക് കിട്ടുന്നത്.

ചരിത്രമുറങ്ങുന്ന ഡല്‍ഹിയിലേക്കും മഞ്ഞുമലവലയങ്ങളാല്‍ ചുറ്റപ്പെട്ട കശ്മീരിലേക്കും നൂറ്റാണ്ടുകളുടെ കഥ പറയുന്ന ധനുഷ്‌കോടിയിലേക്കുമുള്ള യാത്ര മുതല്‍ കാഴ്ചകളുടെ സൗന്ദര്യ ദര്‍ശനമൊരുക്കുന്ന യേര്‍ക്കാട്, ചന്ദന്‍വാരി വരേയുള്ള സ്ഥലങ്ങളെക്കുറിച്ച് സഞ്ചാര രസാനുഭൂതി നഷ്ടമാകാതെ പകര്‍ന്നു തരാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. അക്ഷരങ്ങള്‍കൊണ്ട് മനം നിറയ്ക്കുന്ന വര്‍ണക്കാഴ്ചകള്‍ ഒരുക്കി, പ്രകൃതിയുടെ മനോഹാരിതയുടെ വ്യത്യസ്തമായ മുഖങ്ങള്‍ക്ക് എഴുത്തുകാരന്‍ പകര്‍ന്നു തരുന്ന അനുഭൂതി അവാച്യമാണ്. നാമൊക്കെ പ്രകൃതിയുടെ ഭാഗമാണെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് ഇതൊക്കെ വായിച്ചാസ്വദിക്കാന്‍ സാധിച്ചതില്‍ നിറഞ്ഞ സംതൃപ്തിയും. 


സഞ്ചരിക്കുന്ന പാത ഏതുമാകട്ടെ അതില്‍ ഹൃദയസ്പര്‍ശിയായ ഹാസ്യ രസങ്ങള്‍ വാരിവിതറി മനോഹരമാക്കാന്‍ കഴിയുന്ന സഹയാത്രികര്‍ ഉണ്ടെങ്കില്‍ ആ യാത്ര നല്ലൊരു അനുഭവം തന്നെയായിരിക്കും. 'യാത്രക്കൂട്ട'ത്തിന്റെ കോ-ഓ ര്‍ഡിനേറ്ററായ ഉസ്മാക്കയും അദ്ദേഹത്തിന്റെ കമാന്‍ഡര്‍ ജീപ്പുമൊക്കെ ഈ യാത്രയുടെ ആവേശമാണ്. ഓരോ യാത്രയും ഓരോ 'പഠനം' കൂടിയാണെന്ന് ഓര്‍മപ്പെടുത്തുന്നു ഗിരീഷ് മാരേങ്ങലത്ത്. ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യം, നാട്ടുരാജ്യങ്ങളുടെ ഏകീകരണം, ഇന്ത്യ-പാക് വിഭജനം, ബംഗ്ലാദേശ് രൂപീകരണം തുടങ്ങിയ നിരവധി ചരിത്ര സംഭവങ്ങളെ വായനാസുഖം ഒട്ടും ചോരാതെത്തന്നെ വ്യക്തമായി വിവരിച്ചുതരാന്‍ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചരിത്രം പഠിക്കുന്നവര്‍ക്ക് ഇതൊരു വിജ്ഞാനലോകം തന്നെയാണ്. ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രകൃതി ദുരന്തത്തിന്റെ ഭീതിതമായ അവശേഷിപ്പായ ധനുഷ്‌കോടിയേയും, മനുഷ്യനിര്‍മിത കൂട്ടക്കൊലയുടെ രക്തക്കറകള്‍ പുരണ്ട ജാലിയന്‍വാലാബാഗിനെയും, സ്വന്തം സഹോദരങ്ങളാല്‍ ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യ - പാക് വിഭജന സമയത്തെ വര്‍ഗീയ കലാപങ്ങളേയും പറ്റിയുള്ള വിവരണം നിറകണ്ണുകളോടെ മാത്രമേ വായിച്ചു തീര്‍ക്കാനാവൂ.

യാത്ര തനിക്ക് സമ്മാനിച്ച പുത്തന്‍ അനുഭവങ്ങളും അനുഭൂതികളും കാഴ്ചപ്പാടുകളും ഒരോ സ്ഥലത്തെയും സാമൂഹികവും സാസ്‌കാരികവുമായ സവിശേഷതകള്‍ക്കൊപ്പം ചേര്‍ത്തുവെക്കാനും അവിടത്തെ ജനങ്ങളുടെ ജീവിതത്തോടൊപ്പം അടയാളപ്പെടുത്തി അവതരിപ്പിക്കാനും ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്. വായിക്കുംതോറും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആഴങ്ങളിലേക്ക് കൈപിടിച്ചുകൊണ്ടുപോകുന്ന എഴുത്തുകാരന്റെ മായാജാലം നമ്മെ വിസ്മയിപ്പിക്കും.  


ഇതോടൊപ്പം 'അവനവനിസ'വും 'അന്ധ'വിശ്വാസങ്ങളും അഴിമതി രാഷ്ട്രീയവും സ്ത്രീധനവും, മത വര്‍ഗീയതയും ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള വൈരുദ്ധ്യവുമെല്ലാം സാമൂഹിക വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കാന്‍ മറന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

' ഈ പ്രപഞ്ചം

എത്ര സുന്ദരമാണ് ! എത്ര അത്ഭുതം

നിറഞ്ഞതാണ് ! എന്നെ ഇങ്ങോട്ടയച്ച സൃഷ്ടാവ്

എത്ര ഗംഭീരമായിട്ടാണ്

പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നത്! ഇതൊന്നും കാണാതെ മടങ്ങിപ്പോകാന്‍ കഴിയുമോ?' ലോകസഞ്ചാരി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറഞ്ഞതുപോലെ, യാത്രകളുടെ സ്വപ്നം അവസാനിക്കാതിരിക്കട്ടെ.

എം. ഗിരീഷ് (ഗിരീഷ് മാരേങ്ങലത്ത്): അധ്യാപകന്‍, കവി, ഫോട്ടോഗ്രാഫര്‍. 'രണ്ടുപേര്‍ക്കും ലീവില്ല, 'ഹോ '..!', ഗുര്‍ഗാബി എന്നിവ പ്രസിദ്ധീകരിക്കപ്പെട്ട കൃതികള്‍. ഇന്ത്യയിലാദ്യമായി മൊബൈല്‍ ഫോണിലെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, U. R. F. വേള്‍ഡ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയില്‍ ഇടം നേടി. മികച്ച അധ്യാപകനുള്ള എയര്‍ ഇന്ത്യ പ്രതിഭ പുരസ്‌കാരം (2007), കേരള സ്റ്റേറ്റ് പേരന്റ് ടീച്ചേഴ്സ് അസോസിയേഷന്റെ പ്രഥമ മാതൃകാധ്യാപകപുരസ്‌കാരം (2017), കേരള സര്‍ക്കാരിന്റെ സംസ്ഥാന അധ്യാപക അവാര്‍ഡ് (2018), എന്നിവ ലഭിച്ചു. ഇപ്പോള്‍ പൂക്കോട്ടുപാടം പറമ്പ ഗവ. യു.പി സ്‌കൂളില്‍ അധ്യാപകന്‍.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ജിഷാനത്ത്

Writer

Similar News

കടല്‍ | Short Story