യുദ്ധക്കളത്തിലെ കുഞ്ഞു ശലഭം
| കഥ
പ്യൂപ ഗൃഹത്തിന്റെ ഭിത്തികളില്‍ അവള്‍ അമര്‍ത്തിച്ചവിട്ടി. തന്റെ രൂപം പൂര്‍ണമായിട്ടുണ്ട്. മഞ്ഞ കുഞ്ഞിചിറകുകളില്‍ കറുത്ത പൊട്ടു തൊട്ട് സുന്ദരിയായി ഒരുങ്ങിയിട്ടുണ്ട്. ഇനി പുറത്തേക്ക് വരണം. ഹയ മോളെ കാണണം. അവള്‍ പറഞ്ഞ സുന്ദരമായ ഭൂമിയെ ദര്‍ശിക്കണം. അറ്റമില്ലാത്ത വിണ്ണില്‍ പാറിപ്പറക്കണം. അവള്‍ പറഞ് എല്ലാം സുപരിചിതമായിട്ടുണ്ട്. ഭൂമിയെ ചുംബിക്കാനും വിടര്‍ന്നുനില്‍ക്കുന്ന പൂക്കളില്‍ തേന്‍ നുകരാനുമെല്ലാം കൊതിയാവുന്നുണ്ട്.
തന്റെ റോസാചെടിക്ക് വെള്ളമൊഴിക്കുമ്പോഴാണ് ഇലയില്‍ പറ്റിപിടിച്ചിരിക്കുന്ന മുട്ടയെ ഹയ ആദ്യമായി കാണുന്നത്. കൗതുകത്തോടെ ആ നാലു വയസ്സുകാരി അവളുടെ ഉമ്മിയെ വിളിച്ചപ്പോ അതേ റോസാ ചെടിയില്‍ ഇരുന്ന് തേന്‍ നുകരുന്ന വെളുത്ത നിറത്തിലെ കുഞ്ഞുശലഭത്തെ കാണിച്ചു കൊണ്ട് തന്റെ വരവിനെ വിശദീകരിച്ചു കൊടുത്തു ആ മാതാവ്. അന്ന് മുതല്‍ തന്റെ ഓരോ രൂപമാറ്റങ്ങളെയും ശ്രദ്ധിച്ചു അവള്‍ തനിക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു. തനിക്ക് തേന്‍ നുകരാന്‍ വേണ്ടി ഒരുപാട് ചെടികള്‍ നട്ടുപിടിപ്പിക്കുകയായിരുന്നു. ഓരോന്നിലും പൂക്കള്‍ വിരിയുമ്പോൾ രാവിലെയും വൈകുന്നേരവും വിശേഷമോതുവാന്‍ ഓടിയെത്തുമായിരുന്നു. അവളുടെ ഉമ്മിയുടെ വയറ്റിലെ കുഞ്ഞു വാവയെക്കുറിച്ചുള്ള സങ്കല്‍പങ്ങളും സ്വപ്നങ്ങളും എന്നോട് പങ്കുവെക്കുമായിരുന്നു. തന്നെ കാത്തിരിക്കും പോലെ ക്ഷമയോടെ അവള്‍ കുഞ്ഞുവാവക്ക് വേണ്ടിയും കാത്തിരുന്നു.
ഒരാഴ്ചയോളമായി അവളെ കാണുന്നില്ല. വരുമെന്ന പ്രതീക്ഷയില്‍ ഞാൻ കാത്തിരുന്നു. പക്ഷെ, അവളെ കാണുന്നില്ല. വല്ല രോഗവും പിടിപ്പെട്ടോ. അതോ കുഞ്ഞു വാവ പുറത്ത് വന്നപ്പോ തന്നെ മറന്നോ. പുറത്ത് കടന്ന് അവളുടെ അടുത്ത് പാറിപ്പറക്കണം. അവളുടെ മുടിയിഴകളില്‍ ഉമ്മ വെക്കണം.
ശക്തിയായി പ്യുപ ഭിത്തിയില്‍ ആഞ്ഞു ചവിട്ടി. പതിയെ അവ വേര്‍പെട്ട് തുടങ്ങി. ഏറെ സന്തോഷത്തോടെ അതിന്റെ കുഞ്ഞു വിടവിലൂടെ അവള്‍ തല പുറത്തേക്കിട്ടു.
ഹോ... എങ്ങും കരിഞ്ഞ മണം. മാംസത്തിന്റെയും പുകപടലങ്ങളുടെയും രക്തക്കറയുടെയും അറപ്പുളവാക്കുന്ന ദുര്‍ഗന്ധം നാസികയിലേക്ക് ഇരച്ചു കയറി. പതിയെ കണ്ണുകള്‍ തുറന്നു. ചുറ്റും ഭീകരമായ കാഴ്ചകള്‍. അവള്‍ പറഞ്ഞിരുന്ന വീടുകളും തനിക്കായ് നട്ടുവളര്‍ത്തിയ പൂന്തോപ്പുകളും തണലേകുന്ന ഒലിവ് മരങ്ങളും ഓടിക്കളിക്കുന്ന കുട്ടികളുമൊക്കെ എവിടെ. എങ്ങും കരിഞ്ഞമര്‍ന്ന മനുഷ്യ ശരീരങ്ങളും ചിന്നഭിന്നമായ കുഞ്ഞിളം മേനികളും തകര്‍ന്നടിഞ കെട്ടിടങ്ങളും മാത്രം. അവിടവിടങ്ങളില്‍ നിന്ന് നിലവിളികള്‍ കേള്‍ക്കാം. തകര്‍ന്ന കെട്ടിടത്തിന്റെ ഇടയില്‍ നിന്നും ദയനീയമായ ഞരക്കം കേള്‍ക്കാം. ചീറിപ്പായുന്ന ആംബുലന്‍സിന്റെ സൈറണ്‍ കേള്‍ക്കാം. ഹയ മോള്‍ ഉണ്ടാകുമോ ഇതിനിടയില്‍. അവളതില്‍ പെടല്ലേ എന്ന് മനസാ പ്രാര്‍ത്ഥിച്ചു. ചുറ്റുമുയരുന്ന പുകപടലങ്ങള്‍ തന്നെ ശ്വാസം മുട്ടിക്കുന്നു. ഈ ശ്യൂനതയില്‍ താന്‍ പിറവി കൊണ്ട റോസാ ചെടി മാത്രം കരിഞ്ഞുണങ്ങി തലപൊക്കി നില്‍ക്കുന്നു. ഇതായിരുന്നോ ഹയ മോള്‍ പറഞ്ഞ പരിമളം പരത്തുന്ന പൂക്കളും പൂമ്പാറ്റകളും കലപില കൂടുന്ന പക്ഷികളും എല്ലാം ഉള്ള സുന്ദരമായ ഭൂമി.
പ്യൂപയില്‍ നിന്നും പൂര്‍ണമായി പുറത്തേക്ക് ഇറങ്ങി. അവള്‍ പറഞ്ഞ അറ്റമില്ലാത്ത വാനിലൂടെ കുഞ്ഞിച്ചിറക്കുകള്‍ വീശി പറന്നു തുടങ്ങി. അവളെവിടെ. അവളുടെ ഉമ്മിയെവിടെ. കൂട്ടുകാരെവിടെ. ഇതായിരുന്നോ അവള്‍ പറഞ്ഞ, താന്‍ സ്വപ്നം കണ്ട ചന്തമുള്ള ഭൂമി. ഒട്ടും ഭംഗി തോന്നുന്നില്ല. പകരം ഭയം തോന്നുന്നു. പുറത്തു വരേണ്ടിയിരുന്നില്ല.
മുന്നോട്ട് പറന്നുനോക്കാം. എവിടെയെങ്കിലും അവളെ കണ്ടുമുട്ടിയാലോ. പുള്ളിച്ചിറകുകള്‍ വീശി പറന്നു കൊണ്ടിരുന്നു. അകലെയുള്ള ഹോസ്പിറ്റലിലേക്ക് പാഞ്ഞടുക്കുന്ന വാഹനങ്ങള്‍ കാണാം. എന്താണിവിടെ സംഭവിച്ചത്. മുന്നോട്ട് വീണ്ടും പറന്നു. മാനം ഇരുണ്ടുതുടങ്ങി. അമ്പിളിമാമന്‍ വിണ്ണിനെ പുല്‍കാന്‍ തലപൊക്കി നോക്കി. അകലെനിന്ന് കൂടണയാന്‍ വെമ്പല്‍ കൊള്ളുന്ന പക്ഷികള്‍. കൂടും കുഞ്ഞുങ്ങളും തകര്‍ന്നവ അവിടം വട്ടമിട്ടു പറന്നു വാവിട്ട് കരഞ്ഞു കൊണ്ടിരുന്നു.
നിര്‍ത്തിയിട്ട ആംബുലന്‍സിന്റെ മുകളില്‍ പതിയെ ഞാൻ ഇരുന്നു. രോഗികളെ ഹോസ്പിറ്റലിലേക്ക് കയറ്റുകയാണ്. ആകെ വെപ്രാളം.
'ഇവിടെ ബോംബര്‍ വിമാനം വന്ന് ബോംബിട്ടതാണത്രേ'. ഏതോ ഒരു മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത് കേട്ടു. നെഞ്ചില്‍ എന്തോ വന്ന് തറക്കും പോലെ. ഹയ മോളെ ഇനി കാണില്ലേ. അവള്‍ ഈ ഹോസ്പിറ്റലില്‍ ഉണ്ടാകുമോ. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അവള്‍ വീണ്ടും ചിറകുകള്‍ വിടര്‍ത്തി ഹോസ്പിറ്റലിനുള്ളിലേക്ക് പറക്കാന്‍ ശ്രമിച്ചു. അകലെ നിന്ന് പറന്നു വരുന്ന ഒരു കുഞ്ഞുപക്ഷി കണ്ണിലുടക്കി. അരികിലെത്തും തോറും അതിന് വലിപ്പം കൂടി വന്നു. അതെ ഹയമോള്‍ പറയാറുള്ള വിമാനം. അതില്‍ കയറി ലോകം സഞ്ചരിക്കണമെന്നത് അവളുടെ മോഹമായിരുന്നെത്രേ.
വളരെ പെട്ടെന്നായിരുന്നു എന്തോ ഒന്ന് ഹോസ്പിറ്റലിന്റെ മുകളിലേക്ക് പതിച്ചത്. അവിടമാകെ ഘോരമായ ശബ്ദത്തോടുകൂടി ഒരു പൊട്ടിത്തെറി ഉയര്‍ന്നു. വലിയൊരു തീഗോളം രൂപപ്പെട്ടു. ഇരുന്നിടത്ത് നിന്ന് ഉയരാന്‍ ശ്രമിക്കവേ ചിറകുകള്‍ കരിഞ്ഞെന്ന സത്യം ഞാനറിഞ്ഞു. മഞ്ഞയില്‍ ചാലിച്ച കറുത്ത കുത്തുകള്‍ ഉള്ള കുഞ്ഞിച്ചിറകുകള്‍ കത്തികരിഞ്ഞു പോയി. ഹോസ്പിറ്റല്‍ തകര്‍ന്നു. രോഗികളും ഡോക്ടര്‍മാരും മരണപ്പെട്ടുകൊണ്ടിരുന്നു. വിഹായസ്സില്‍ നിലവിളികളുടെ ശബ്ദം പ്രകമ്പനം കൊണ്ടു.
എനിക്ക് ശ്വാസം മുട്ടിത്തുടങ്ങി. അറ്റമില്ലാതെ വിണ്ണിലേക്ക് കണ്ണുകള്‍ ഉയര്‍ന്നു. അവിടെ ചിരിക്കുന്ന മുഖവുമായി അവളെ മാടി വിളിക്കുന്ന ഹയമോളും ഉമ്മിയും അവളുടെ കുഞ്ഞു വാവയും. അവളുടെ കൂട്ടുകാരെല്ലാം തന്നെ സ്വാഗതം ചെയ്യുന്നു. അവര്‍ക്കരികില്‍ തനിക്കായ് നിര്‍മിച്ച സുഗന്ധം പരത്തുന്ന പല വര്‍ണ്ണങ്ങള്‍ ചാലിച്ച പൂക്കള്‍ നിറഞ്ഞ പൂന്തോപ്പുകളും കലപില കൂട്ടുന്ന പക്ഷിക്കുഞ്ഞുങ്ങളും. കണ്ണുകള്‍ പതിയെ അടഞ്ഞു. അറ്റമില്ലാത്ത വിണ്ണിനെ പുല്‍കാന്‍ രക്തസാക്ഷിയായിക്കൊണ്ട് ഞാനും പറന്നു.