ഭണ്ഡാരങ്ങള്‍
| കവിത
നട്ടുച്ചയ്‌ക്കൊരു പൊരിവെയിലില്‍
ഒറ്റയ്ക്കിരുപ്പിന്റെ നേരത്താണ്
പാതവക്കിലെ പള്ളിനടയില്‍,
ആരെയോ കാത്തുനില്‍ക്കുമ്പോലൊരു
ഭണ്ഡാരം കണ്ണില്‍പെട്ടത്.
ഇത്രമേല്‍ ഘനമേറിയയിടങ്ങള്‍
ഭൂമിയിലെവിടെയാണ് വേറെ!
സാരിത്തുമ്പത്തും അരിക്കലത്തിലും
കാത്തുവച്ച ചില്ലിക്കാശുകള്‍,
പുരയോളം വളര്‍ന്നൊരാധിയില്‍
നിശ്ശബ്ദമായ ഒരലറിക്കരച്ചിലോടെ
പിടയുന്നുണ്ടാകുമവിടെ!
റേഷന്‍കടയിലോ,
നേര്‍ച്ചക്കുറ്റിയിലോയെന്ന്
തീര്‍ച്ചയാക്കാനാവാത്ത
ഒരങ്കലാപ്പിന്റെയന്ത്യത്തില്‍,
പിടക്കുന്ന മനസ്സോടെ
കൊണ്ടിട്ടവയും
വിശന്നൊട്ടിയ വയറുകളെയോര്‍ത്ത്
നെടുവീര്‍പ്പിടുന്നുണ്ടാകും!
കുടുക്കയില്‍ തുള്ളിത്തിമര്‍ത്തു
കലപിലകൂട്ടിക്കിടന്നവര്‍,
വായ്ക്കീറിലൂടെയരിച്ചെത്തുന്ന വെളിച്ചച്ചീന്തില്‍
കണ്ണുപൊത്തിക്കളിക്കുന്നുണ്ടാകും!
ഒരു രാവിന്റെയന്ത്യത്തിലെ
വിലപേശലിനൊടുവില്‍
ബ്ലൗസിനുള്ളില്‍ നനഞ്ഞൊട്ടിക്കിടന്നവയും
തൊട്ടുതീണ്ടലില്ലാതവിടെ കൂടിക്കലര്‍ന്നാശ്വസിക്കുന്നുണ്ടാകും!
എണ്ണിയാലൊടുങ്ങാത്ത
എത്രയെത്രസങ്കടങ്ങളും ആധികളും
സ്വപ്നങ്ങളുമാണേറ്റുവാങ്ങുന്നത്!
എന്നാല്‍,
ഓട്ടക്കീശക്കാരന്റെ സങ്കടങ്ങളെ
അവനെവിടെയാണൊന്നു കുടഞ്ഞിടുക?
ഭണ്ഡാരങ്ങളാകണം നമുക്ക്,
വായ്ക്കീറുള്ളവയല്ല,
ചങ്കിലേക്കു തുറവുള്ള
ഇരുചെവിക്കീറുള്ള ഭണ്ഡാരങ്ങള്‍
കൈയില്‍ ചില്ലിക്കാശില്ലാത്തവന്റെ
നേര്‍ച്ചക്കുറ്റികള്‍.