ആദ്യ ഇടം | രണ്ടാം വരവ് | കഥയല്ലിത് ജീവിതം
| മൂന്ന് കവിതകള്‍
ആദ്യ ഇടം
നോക്കൂ,
നിങ്ങളുടെ കിടക്കയുടെ താഴത്തെ കിഴക്കെമൂലയില്‍
ഒരിരുണ്ട ഇടമുണ്ട്.
ഉറങ്ങുമ്പോള്‍ കണ്‍പീലിക്കിടയിലൂടെ
ഉണരുമ്പോള്‍ പീളക്കിടയിലൂടെ
നോട്ടമെത്തുന്ന ആദ്യയിടം.
ഉറങ്ങുമ്പോള്‍ ഉണരും ആത്മാവ്,
ആ കിഴക്കേ മൂലയ്ക്ക് പോയി നോന്നൊരു നോട്ടമുണ്ട്,
ആരെ എന്ന് ചോദിക്കണ്ട.
കൊല്ലങ്ങളായി മുറിക്കാത്ത നഖം തുടങ്ങി
വെള്ളി നര കെട്ടിയ മുടി വരെ നീളുന്ന ഗഹനമായ നോട്ടം.
അറിയാത്ത മുറിവുകള്‍, അറിഞ്ഞ ചതവുകള്‍
ചെയ്ത തെറ്റുകള്‍ ചെയ്യാത്ത ശരികള്‍
പറഞ്ഞ അസഭ്യങ്ങള്‍ പറയാത്ത നന്മകള്‍
എല്ലാം നെറ്റിയിലിങ്ങനെ തെളിഞ്ഞു നീങ്ങും..
നെറ്റി വിയര്‍ക്കും.
ചില നേരത്ത്, മൂലക്കല്‍ നിന്ന് പുലര്‍ച്ചയും മടങ്ങില്ല,
കശ്മലന്‍!
മടി തന്നെ മടി...
ഇരുണ്ട കോണിലെ ഇളം തണുപ്പ് വിട്ടു പോരാന്‍ മടി...
സംഗതി സത്യം!
ഇന്നലെ പോയ എന്റെ ആത്മാവ് ഇന്നും മടങ്ങി വന്നിട്ടില്ല
കിഴക്കേ മൂലയിലേക്ക് നോക്കി കണ്ണും തുറിച്ചു നോക്കി
ഏറെ നേരമായി ഞാന്‍ കിടക്കുകയാണ്...
രണ്ടാം വരവ്
വീണ്ടും കല്ലുരുട്ടി ഭ്രാന്തനെന്നു പഴി കേള്‍ക്കാന്‍
ഇക്കുറി താല്പര്യമില്ല
നട്ടെല്ലിനു തേയ്മാനം എന്നല്ലാതെ
ആരും ഒന്നും പഠിച്ചില്ല
ഇടതു കാലിലെ മന്ത് വലത്തേക്കാക്കുന്ന മണ്ടത്തരത്തിനു
ഇത്തവണ ഞാനില്ല
എടുപ്പത് വിലയുള്ളതെന്തെങ്കിലും ചോദിക്കണം
മന്ത് വിര പരത്തുന്ന ഒരു രോഗം മാത്രം
ഭ്രാന്തിനു അതൊരലങ്കാരമല്ലെന്നറിയുന്നു
ചുടലപ്പറമ്പില്‍ അരി വെച്ച് തിന്ന്
ബുദ്ധിജീവി ചമഞ്ഞിട്ടെന്ത് കിട്ടീ?
വാടകക്കൊരു വീടെടുക്കണം
വേളിക്കൊരു ഭ്രാന്തി പെണ്ണും!
പന്തിരുകുലത്തിലെ ഭ്രാന്തന്‍ ഞാനല്ലെന്നുറപ്പിക്കണം
വേലായുധന്‍, പൗലോസ്, ഫക്രുദ്ദീന്‍ പോലൊരു
പേരാണ് ഭ്രാന്തനെന്ന് ഗസറ്റിലൊരു വിജ്ഞാപനം
നാറാണത്തു വീട്ടില്‍, വരരുചി മകന്‍, വി.പി ഭ്രാന്തന്‍
അത്ര തന്നെ!....
കഥയല്ലിത് ജീവിതം
ഓടക്കുഴല്‍ പിടിച്ച്
അത്തിമര ചുവട്ടില്‍
വാ പൊളിച്ചു നിന്നപ്പോള്‍
കൃഷ്ണനെന്നു വിളിച്ചത് നിങ്ങളാണ്.
കാലില്‍ ചുറ്റിയ പാമ്പിനെ തല്ലികൊന്നെറിഞ്ഞപ്പോള്‍
കാളീയ മര്‍ദനമെന്നും വിളിച്ചു
ആ ചാവാലി പാമ്പിനി പേര് ആരാണിട്ടത്?
ചേല കട്ടെന്നത് നേര്
എന്റെ കൗമാര തിളപ്പ്
വെണ്ണ കട്ടതും നേര്
വിശപ്പടക്കാന്‍.
കാലിമേച്ചതും നേര്
അന്നമുണ്ടാക്കാന്‍.
നെറ്റിയിലെ മയില്‍പീലി,
കാലി ചെറുക്കന്മാരുടെ വികൃതി,
ഉറങ്ങി കിടക്കുമ്പോള്‍.
പൂതന-
അത് ഞാന്‍ പറയില്ല
പരമ രഹസ്യമാണ്
എന്തായാലും അത് നിങ്ങള്‍ കരുതുംപോലെ അല്ല.
രാധ
കരിങ്കള്ളി
അവളാണ് പറഞ്ഞുണ്ടാക്കിയത്
ആയിരത്തെട്ടു പെണ്ണുങ്ങളുടെ അവിഹിത കഥ!
കറുമ്പിയെ ഞാന്‍
തള്ളി പറഞ്ഞതിന്റെ കെറുവ്.
രാസലീല
ആടിയത് തന്നെ
സത്യം സത്യമായി പറയണമല്ലോ.
കംസ വധം
കൂലിതല്ലിനു ഇത്രയും മാറ്റോ?
ചോദിച്ചത് തന്നു. പോയി.
കൊന്നു.
ഞാന്‍ കൃഷ്ണന്‍,
ശ്രീ ഇല്ലാത്ത വെറും കൃഷ്ണന്‍.!
കെ. ജാനകി