ചന്ദനമണമുള്ള കന്നഡ സിനിമ

തളര്‍ന്നു പോയ കന്നഡ സിനിമ ഇന്‍ഡസ്ട്രിയിലേക്കാണ് 2015 ല്‍ മൂന്ന് തലമുറകളുടെ കഥയിലൂടെ ഒരു ഗ്രാമത്തിലെ സാധാരണക്കാരായ കുറേ മനുഷ്യര്‍ കടന്നു വന്നത്. സിനിമാ ലോകത്ത് വീണ്ടും കന്നഡ സിനിമ 'തിത്തി' യിലൂടെ വരവറിയിച്ചു

Update: 2024-02-15 08:21 GMT
Advertising

Sandalwood എന്ന് വിളിപ്പേരുള്ള കന്നഡ സിനിമ ഇന്‍ഡസ്ട്രി, സതി സുലോചന എന്ന 1934 ലെ ആദ്യ കന്നഡ സിനിമയിലൂടെ ആരംഭം കുറിച്ചു. കന്നഡയില്‍ പുറത്തിറങ്ങുന്ന സിനിമകളിലൊക്കെയും കര്‍ണ്ണാടകയുടെ വളരെ സമ്പന്നമായ ഒരു സംസ്‌കാരത്തെ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു. ഏതൊരു ഭാഷാ സിനിമയും പോലെ സമ്പന്നമായ സാംസ്‌കാരത്തെയും പാരമ്പര്യത്തെയും നാടോടി കഥകളായും വാമൊഴികളായും കന്നഡ സിനിമയും വെള്ളിവെളിച്ചത്തിലേക്ക് പ്രതിഫലിപ്പിച്ചു.

പുട്ടണ്ണ കനഗലിനെ പോലെ, ഗിരീഷ് കര്‍ണാടിനെ പോലെ, ഗിരീഷ് കാസറവള്ളിയെ പോലെ ഇന്ത്യന്‍ സിനിമയില്‍ തന്നെ വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകള്‍ അഗീകാരങ്ങള്‍ക്ക് ഒപ്പം സിനിമയുടെ സൗന്ദര്യത്തെയും നെഞ്ചോട് ചേര്‍ത്ത് പിടിച്ചു; അവരെ പ്രേക്ഷകരും. ഡോക്ടര്‍ രാജ്കുമാറിനെ പോലെ, വിഷ്ണുവര്‍ദ്ധനെ പോലെ, അംബരീഷിനെ പോലെ, ശിവ് രാജ്കുമാറിനെയും പുനീത് രാജ്കുമാറിനെയും ഉപേന്ത്രയെയും പോലെ അഭിനയ മികവ് കൊണ്ട് ഇന്ത്യന്‍ സിനിമ പ്രേക്ഷകരെ മനുഷ്യ വികാരങ്ങളിലേക്ക് അടുപ്പിച്ച അഭിനേതാക്കളും ഉണ്ടായിരുന്നു കന്നഡ സിനിമ ലോകത്ത്. 


പക്ഷെ, എന്തുകൊണ്ടോ നിരവധി പ്രതിബന്ധങ്ങള്‍ ആയിരുന്നു കന്നഡ സിനിമലോകത്തിനു മുഴുവന്‍. ഇടയ്‌ക്കെപ്പഴോ കാല്‍ വഴുതി വീണുപോയത് പോലെ, അങ്ങനെ ഒരു സിനിമ ഇന്‍ഡസ്ട്രിയെ തന്നെ പ്രേക്ഷകര്‍ മറന്നു തുടങ്ങിയിരുന്നു. അങ്ങനെ തളര്‍ന്നു പോയൊരു അന്തരീക്ഷത്തിലേക്കാണ് 2015 ല്‍ മൂന്ന് തലമുറകളുടെ കഥയിലൂടെ ഒരു ഗ്രാമത്തിലെ സാധാരണക്കാരായ കുറേ മനുഷ്യര്‍ കടന്നു വന്നത്. ലോകസിനിമ ലോകത്ത് വീണ്ടും കന്നഡ സിനിമ 'തിത്തി' യിലൂടെ വരവറിയിച്ചു. 63-ാമത് ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ 20 ഓളം അവാര്‍ഡുകള്‍ രണ്ട് വര്‍ഷം കൊണ്ട് വാരികൂട്ടി. പക്ഷെ, അപ്പോഴും സിനിമ വ്യവസായം പച്ച പിടിച്ചിരുന്നില്ല.

അങ്ങനെയിരിക്കെ 2018 ല്‍ അപ്രതീക്ഷിതമായി ഒരു സിനിമ തിയേറ്ററുകളിലേക്ക് ആളുകളെ വലിച്ചടുപ്പിച്ചു. പ്രശാന്ത് നീല്‍ എന്ന സംവിധായകനിലൂടെ 'KGF' ന്റെ ആദ്യ പതിപ്പ്. ആ ഒരൊറ്റ സിനിമ, കന്നഡ സിനിമാ ലോകത്തിനു ഉണ്ടാക്കികൊടുത്ത മൈലേജ് ചെറുതൊന്നുമല്ല. പിന്നീട് വീണ്ടും സിനിമ പ്രേമികള്‍ ശ്രദ്ധിച്ചു തുടങ്ങുന്ന ഇന്‍ഡട്രിയായി കന്നഡ സിനിമ ലോകത്തിനു മാറാന്‍ അധിക സമയം വേണ്ടി വന്നില്ല. 


അങ്ങനെ ഇരിക്കെ മൂന്ന് ഷെട്ടിമാര്‍ കന്നഡ സിനിമയെ കൈപിടിച്ച് തുടങ്ങി. കോമേഴ്ഷ്യല്‍ നേട്ടങ്ങള്‍ക്ക് ഒപ്പം സൗന്ദര്യം ഉള്ള സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വന്നുതുടങ്ങി. രാജ് ബി ഷെട്ടി, റിഷബ് ഷെട്ടി, രക്ഷിത് ഷെട്ടി. 'ഗരുഡ ഗമന ഋഷഭ വാഹന' എന്ന സിനിമാ ജനങ്ങള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. കന്നഡ കാണികള്‍ക്ക് അപ്പുറത്തേക്ക് മറ്റ് ഭാഷാ കാണികളിലേക്കും സിനിമ വ്യാപിച്ചു. 


777 ചാര്‍ളിയും, കാന്താരയും, ടോബിയും, സ്വാതി മുത്തിന മലേ ഹാനിയയും, സപ്ത സാഗരഡെച്ചേയെല്ലോ - രണ്ട് ഭാഗങ്ങളും തിയേറ്ററുകളിലേക്ക് ഇന്ത്യന്‍ സിനിമ പ്രേമികളെ ആകര്‍ഷിച്ചു. ഒരു തളര്‍ച്ചയ്ക്ക് ഇപ്പുറത്തേക്കുള്ള കന്നഡ സിനിമകളുടെ ഭംഗി വല്ലാതെ കൂടിയത് പോലെ. സാമ്പത്തിക നേട്ടങ്ങള്‍ക്ക് അപ്പുറത്തേക്ക് ക്വാളിറ്റി ഉള്ള ചലച്ചിത്രങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ച ഒരു കൂട്ടം സിനിമക്കാര്‍. വികാര വിചാരങ്ങളും, സൗന്ദര്യവും, നാടോടി കഥകളും, മിത്തും എന്നിങ്ങനെ കന്നഡ സംസ്‌കാരവും മാനുഷ്യാവസ്ഥകളും സിനിമകളിലൂടെ അവര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. തളര്‍ച്ചകള്‍ നേരിടാത്ത കലാ മേഖല ഒന്നുമില്ല. പക്ഷെ അവിടെ നിന്നും ഒരു ഫിനിക്‌സ് പക്ഷിയെ പോലെ വീണ്ടും കുതിച്ചു പറക്കാനുള്ള ഊര്‍ജ്ജം സമ്പാദിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ആണ് മുന്നോട്ട് നയിക്കുന്നത്. കന്നഡ സിനിമ ഇന്‍ഡസ്ട്രി അതിനൊരു ഉദാഹരണം മാത്രം.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ശ്യാം സോര്‍ബ

Writer

Similar News

കടല്‍ | Short Story