വീര്‍സാല്‍: നോവല്‍

| അധ്യായം: 05

Update: 2023-09-30 17:27 GMT
Click the Play button to listen to article

''അടിക്കെടാ...' ഞങ്ങള്‍ നോക്കി നില്‍ക്കെ ആളുകള്‍ കുപിതരായി തേനീച്ച കണക്കെ ആ മനുഷ്യനെ പൊതിഞ്ഞു. അത്രയും നേരത്തെ വിശപ്പും തളര്‍ച്ചയും പകയും ദേഷ്യവുമെല്ലാം അവര്‍ അയാളുടെ മേല്‍ തീര്‍ത്തു. നിമിഷനേരം കൊണ്ട് അയാളെ അടിച്ചു അവശനാക്കി. വാതില്‍ തുറന്ന അമര്‍നാഥ് എന്നയാളുടെ അയാളെന്തു കുറ്റമാണ് ചെയ്തതെന്ന ചോദ്യങ്ങളെല്ലാം പറന്നുയരുന്ന ധൂമപാളികള്‍ക്കൊപ്പം അവിടിവിടായി ചിന്നിച്ചിതറി.

''ആപല്‍ഘട്ടത്തില്‍ സഹായിക്കാന്‍ മുന്നോട്ടു വന്നതിനാണോ നിങ്ങള്‍ ഈ പാവത്തെ തച്ചുടച്ചത്?'' കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയപ്പോള്‍ അമര്‍നാഥ് ഞങ്ങളോട് ചോദിച്ചു.

''നിങ്ങളുടെ നിസ്സഹായാവസ്ഥ മസ്തിഷ്‌ക്കത്തിലെ പ്രശ്‌ന പരിഹാരശക്തിയെ കീഴ്‌പ്പെടുത്തിക്കളഞ്ഞെങ്കില്‍ അതെല്ലാം തിരുത്തിയെഴുതുവാനുള്ള സമയം വന്നിരിക്കുന്നു. ഞാന്‍ നിങ്ങള്‍ക്കു താമസവും ജോലിയും കൂലിയും തരാം. പകരം നിങ്ങള്‍ ഇയാളോട് മാപ്പു പറയണം.''

ഞങ്ങളുടെ മാപ്പപേക്ഷകള്‍ കേള്‍ക്കാനുള്ള അവസ്ഥയിലായിരുന്നില്ല ആ മനുഷ്യന്‍. അമര്‍നാഥ് അയാളെ തന്റെ വീട്ടില്‍ കൊണ്ടുപോയി പ്രഥമ ശുശ്രൂഷകള്‍ നല്‍കി. ശേഷം ഗ്രാമവൈദ്യനെ വിളിച്ചു ചികിത്സയും. അയാള്‍ അമര്‍നാഥിന്റെ കാരുണ്യത്തെപ്പോലും പ്രകീര്‍ത്തിക്കാനാകാതെ തളര്‍ന്നു കിടന്നു. ഞങ്ങള്‍ക്ക് താമസിക്കാനായി അമര്‍നാഥ് അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ സ്ഥലം നല്‍കി. അവിടെ കുടിലുകള്‍ കെട്ടി ഞങ്ങള്‍ താമസവും തുടങ്ങി. വെള്ളമെടുക്കാന്‍ ഗ്രാമത്തിന്റെ നടുവിലെ വലിയ കിണര്‍ ഉപയോഗിക്കാം. അമര്‍നാഥ് തന്ന ഭൂമിയില്‍ കൃഷി ചെയ്യാം. മാസാവസാനം കൃത്യം വേതനം കൈപ്പറ്റാം. നിര്‍ധനരായ തങ്ങള്‍ക്കു ഇത്രയൊക്കെ ചെയ്തുതന്ന അമര്‍നാഥിനെതിരെ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ളവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് ബാബയെ വല്ലാതെ വിഷമിപ്പിച്ചു.


അമര്‍നാഥിന് എന്റെ ബാബ വെറുമൊരു കര്‍ഷകന്‍ മാത്രമല്ല, നല്ലൊരു സുഹൃത്ത് കൂടി ആയിത്തീര്‍ന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നു ഒരു മൂന്നാലു മാസം കഴിഞ്ഞപ്പോള്‍ മുഖ്യ കൃഷിയായ നെല്ലു നശിച്ചു തുടങ്ങി. ജൈവ വളം മാറി മാറി പരീക്ഷിച്ചിട്ടും വിളകള്‍ രക്ഷിക്കാനായില്ല. കൃഷി നാശത്തിന്റെ കാരണം കണ്ടു പിടിക്കാനാകാതെ എല്ലാവരും വിഷമിച്ചു. ഗ്രാമസഭകള്‍ കൂടി. അടുത്ത ഗ്രാമത്തിലുള്ള വിദഗ്ധരോട് അഭിപ്രായം ആരാഞ്ഞു. ഒന്നിനും കൃഷിയെ രക്ഷിക്കാനായില്ല.

പതിയെ ഈ കൃഷിനാശം ഗ്രാമീണരുടെ ജീവിതത്തേയും ബാധിക്കാന്‍ തുടങ്ങി. പട്ടിണിയും പകര്‍ച്ച വ്യാധിയും ഞങ്ങളെത്തേടി വന്നു. ദിനം പ്രതി കൂടുതല്‍ ആളുകള്‍ രോഗികളായി. ചര്‍ച്ചകള്‍ക്കായി യോഗങ്ങള്‍ കൂടി. അതിനു ശേഷമുള്ള ദിവസങ്ങളില്‍ രോഗവ്യാപനം ക്രമാധീതമായി ഉയര്‍ന്നു. അമര്‍നാഥ് ആ നാളുകളില്‍ വളരെ ദുഃഖിതനായിരുന്നു.

എനിക്കു ഇതിനോടകം തന്നെ ധാരാളം സുഹൃത്തുക്കളെ കിട്ടിയിരുന്നു. ഒരു ഉറ്റ സുഹൃത്തിനേയും-അമര്‍നാഥിന്റെ മകന്‍ ദമന്‍ജീത്. ഞങ്ങള്‍ ഒരുമിച്ചു സ്‌കൂളില്‍ പോയി. ഒരുമിച്ചു സാല്‍മരക്കാടുകളില്‍ ഒളിച്ചു കളിച്ചു. സാല്‍മരത്തിലെ ഊഞ്ഞാലിലാടി. മരത്തില്‍ കേറുക, പഴങ്ങള്‍ പറിക്കുക, പക്ഷികളെ കല്ലെറിയുക മുതലായ കുറുമ്പുകളൊക്കെ ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍, ദമന്‍ജീത് അതിനൊന്നും കൂട്ടുനില്‍ക്കില്ല. അവനൊരു സത്യസന്ധനാണ്. കള്ളം പറയുന്നതിനെക്കുറിച്ച് അവന് ചിന്തിക്കാന്‍ കൂടി കഴിയില്ല. തന്നെയുമല്ല, അവന്റെ മുഖത്ത് സദാസമയവും ഒരു പുഞ്ചിരി ഉണ്ടാകും. ദമന്‍ജീത്തിന്റെ സുഹൃത്തായത് കാരണം എനിക്കു സ്‌കൂളിലും കൂട്ടുകാരുടെ ഇടയിലും ഒരു വെയിറ്റ് ആയിരുന്നു. അത് ഞാന്‍ ചിലപ്പോളൊക്കെ ചൂഷണം ചെയ്തിട്ടുമുണ്ട്. ദമന്‍ജീത് ചോദിച്ചതാണെന്ന് പറഞ്ഞു സ്‌കൂളിലെ വലിയ ചെക്കന്മാരോട് ചുരുട്ടു വാങ്ങി വലിക്കുക, ദമന്‍ജീത്തിന്റെ ഗൃഹപാഠമാണെന്ന് പറഞ്ഞു കൂട്ടുകാരെക്കൊണ്ട് അതെഴുതിക്കുക എന്നിങ്ങനെയുള്ള അല്ലറ ചില്ലറ തല്ലുകൊള്ളിത്തരങ്ങള്‍. അതൊന്നും ഭാഗ്യത്തിന് ദമന്‍ജീത് അറിഞ്ഞിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ഇനി അറിഞ്ഞിട്ടും അറിയാത്തതു പോലെ ഭാവിക്കുന്നതാണോ?

ഈ ദുരിതകാലം ഞങ്ങള്‍ കുട്ടികളുടെ ജീവിതത്തേയും മാറ്റിമറിച്ചു. കൂട്ടുകാര്‍ പുറത്തിറങ്ങാതെ വീട്ടില്‍ത്തന്നെ തങ്ങാന്‍ തുടങ്ങി. ഗ്രാമസഭകളില്‍ പങ്കെടുക്കുന്നവര്‍ക്ക് അസുഖം വരുന്നത് ദൈവങ്ങളുടെ കോപം കാരണമാണെന്നായിരുന്നു ഗ്രാമീണരുടെ പ്രാഥമിക നിഗമനം. ഗ്രാമത്തില്‍ ഭീതി പടര്‍ത്തുന്ന രോഗത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കണമെന്നും അത് ചികിത്സിച്ചു ഭേതപ്പെടുത്തുവാന്‍ ശ്രമിക്കണമെന്നും അമര്‍നാഥ് ആളുകളെപ്പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ അതൊന്നും ചെവിക്കൊണ്ടില്ല. മുജ്ജന്മങ്ങളില്‍ ചെയ്ത പാപത്തിന്റെ ശിക്ഷ ഏറ്റുവാങ്ങുകയാണെന്ന് പറഞ്ഞു അവര്‍ വീടുകളില്‍ത്തന്നെ കഴിഞ്ഞു. ഈ വീട്ടു തടങ്കല്‍ രോഗശമനം വരുത്തുന്നത് ബാബ ശ്രദ്ധിച്ചു. അടുത്തുള്ള പട്ടണത്തിലെ ആശുപത്രി സന്ദര്‍ശിച്ചു അവിടത്തെ ഡോക്ടര്‍മാരോട് അന്വേഷിച്ചപ്പോള്‍ ജനങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന രോഗത്തിന്റെ പേരു വസൂരിയാണെന്ന് ബാബ മനസ്സിലാക്കി.


ബാബ തിരിച്ചു വന്നു കാര്യങ്ങളെല്ലാം ഗ്രാമീണരെ പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിച്ചെങ്കിലും അവരാരും സത്യം അംഗീകരിക്കുവാന്‍ തയ്യാറായില്ല. അമര്‍നാഥ് ഇതിനോടകം തന്നെ രോഗശയ്യയിലായിക്കഴിഞ്ഞിരുന്നു. ആശുപത്രിയില്‍ നിന്നും ശേഖരിച്ച മരുന്ന് ബാബ അമര്‍നാഥിന് നല്‍കി. പതിയെ അമര്‍നാഥിന്റെ രോഗം ഭേദമായി. അമര്‍നാഥ് ഗ്രാമീണരെ ബോധവത്കരിക്കുവാനൊരു ശ്രമം നടത്തി നോക്കി. ഒരുപാടാളുകള്‍ അമര്‍നാഥിനേയും പുച്ഛിച്ചു തള്ളിയെങ്കിലും വിരലിലെണ്ണാവുന്ന ആളുകള്‍ മരുന്ന് കഴിച്ചു രോഗമുക്തി നേടി.

അതിനോടകം തന്നെ ബാബ അമര്‍നാഥിന്റെ നല്ലൊരു സുഹൃത്തായി മാറിയിരുന്നു. കൃഷിനാശത്തിനും ഒരു പരിഹാരം കണ്ടെത്താനായി ബാബ രാപ്പകല്‍ പ്രയത്‌നിച്ചു. രൂപമാറ്റം സംഭവിച്ച ഒരു തരം പ്രാണിയാണ് വിളകള്‍ നശിപ്പിക്കുന്നതെന്ന കണ്ടെത്തലുകള്‍ ഒരു വഴിത്തിരിവ് തന്നെയായിരുന്നു. വിദഗ്ധരുടെ നിര്‍ദേശമനുസരിച്ചു ബാബ വ്യത്യസ്ത മരുന്നുകള്‍ കൃഷിയിടത്തു പരീക്ഷിച്ചു ഉചിതമായ ഒരു മരുന്ന് കണ്ടെത്തി.

ദൈവത്തിന്റെ ചെടികളില്‍ അവന്റെ അനുവാദമില്ലാതെ കൃത്രിമയായ മരുന്നൊഴിച്ചാല്‍ ആദ്യം അഭിവൃദ്ധി ഉണ്ടാകുമെങ്കിലും പിന്നീടവ നശിച്ചു പോകുമെന്ന് ഗ്രാമീണര്‍ വിശ്വസിച്ചു. ഗ്രാമീണരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ബാബയും അമര്‍നാഥ് ബാബയും കുറെ ബുദ്ധിമുട്ടി. ഒടുക്കം, ഒന്ന് രണ്ടു കുടുംബങ്ങള്‍ ഒഴികെ മറ്റുള്ളവര്‍ ആ മരുന്നു തങ്ങളുടെ കൃഷിയിടത്തിലും തളിക്കുവാന്‍ തയ്യാറായി. അങ്ങനെ ചെടികളില്‍ പുതിയ തളിരിലകള്‍ വന്നു.

അതോടെ ഗ്രാമത്തിന്റെ കണ്ണിലുണ്ണി ആയി മാറി എന്റെ ബാബ. പ്രശ്‌ന പരിഹാരത്തിനായി ആളുകള്‍ ബാബയെ വന്നു കാണാന്‍ തുടങ്ങി. അങ്ങനെയാണ് ബാബ ഗ്രാമത്തലവനായത്. വലിയ തീരുമാനങ്ങളെടുക്കുന്നതിനു മുന്‍പ് ബാബ എപ്പോഴും അമര്‍നാഥിനോട് അഭിപ്രായം ചോദിക്കുമായിരുന്നു.

നാളുകള്‍ കടന്നു പോയി. സാല്‍മരങ്ങളുടെ ഇല പൊഴിയുകയും പുതിയ ഇലകള്‍ വരുകയും ചെയ്തു. ആ ദിവസം പുലര്‍ന്നത് ഒരു വാര്‍ത്തയുമായിട്ടാണ്. അമര്‍നാഥ് മരിച്ചു. അമര്‍നാഥ് ബാബയുടെ വീടിനടുത്തുള്ള സാല്‍മരക്കാടു പോലും ദുഃഖം സഹിക്കവയ്യാതെ നിശ്ശബ്ദമായിക്കഴിഞ്ഞിരുന്നു.

(തുടരും)

| ഡോ. മുഹ്‌സിന കെ. ഇസ്മായില്‍: നോവലിസ്റ്റ്, കഥാകൃത്ത്, കവി. ഡെന്റിസ്റ്റായി ജോലി ചെയ്യുു. ആനുകാലികങ്ങളില്‍ എഴുതുന്നു. മറ്റു നോവലുകള്‍: ജുഗ്ഇം(മരണം), മംഗാല, യല്‍ദ-ജവാരിയ(ദയ). ലെറ്റേഴ്സ് ഫ്രം എ കിഡ്, ദി ഫ്രോസെന്‍ മെമ്മറീസ് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

| ചിത്രീകരണം: ഷെമി


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. മുഹ്‌സിന. കെ. ഇസ്മായില്‍

Writer

Similar News

കടല്‍ | Short Story