വീര്‍സാല്‍: നോവല്‍

| അധ്യായം: 07

Update: 2023-09-30 17:25 GMT

''നീയെന്റെ സഹോദരനാണ്. ദാ. ഇത് കണ്ടോ?'' ദമന്‍ജീത് തന്റെ കയ്യിലിരുന്ന കടലാസ് എന്നെക്കാണിച്ചു. രാജമുദ്ര പതിപ്പിച്ച ആ കടലാസില്‍ വരച്ചിരുന്നത് ദമന്‍ജീത്തിന്റെ ചുമലിലുള്ള അതേ ചിത്രമായിരുന്നു. ഒരു പരുന്ത് തന്റെ കൊക്കില്‍ ഭക്ഷണവുമായി ഇരിക്കുന്ന ചിത്രം.

''ഇതു ബാബ തന്ന പുസ്തകത്തിനകത്തു ഉണ്ടായിരുന്നതാണ്. പണ്ട് നിങ്ങളുടെ നാട് ഭരിച്ചിരുന്ന വീര്‍സാല്‍ രാജ കുടുംബത്തിലെ അംഗങ്ങളാണ് നിന്റെ ബാബയും അമര്‍നാഥ് ബാബയും. നമ്മുടെ മുതു മുത്തശ്ശന്മാര്‍ സഹോദരങ്ങളായിരുന്നു,'' ദമന്‍ജീത് അഭിമാനത്തോടെ അറിയിച്ചു.

''അന്ന് ഖാലത് രാജാവ് ആക്രമിച്ചപ്പോള്‍ നാട് വിടേണ്ടി വന്ന രാജകുടുംബത്തെക്കുറിച്ച് ഞങ്ങളുടെ ഗ്രാമത്തിലുള്ളവര്‍ക്കെല്ലാമറിയാം. എന്നാലത് നമ്മളുമായി ബന്ധപ്പെട്ടതാണ് എന്നുമാത്രമറിയില്ല,'' ആശ്വാസത്തോടും അതിലുപരി ആശ്ചര്യത്തോടും കൂടി ഞാന്‍ പറഞ്ഞു.

കുറെ നാളു കൂടി അന്നാണ് ഞാന്‍ മനസ്സ് തുറന്നൊന്നു ചിരിച്ചത്. ദമന്‍ ജീത്തിന്റെ അവസ്ഥയും മറ്റൊന്നല്ല എന്ന് തന്നെ എനിക്കു തോന്നുന്നു. ഞങ്ങള്‍ രാജകുടുംബത്തിലെ അംഗങ്ങളാണ് ദമന്‍ജീത് തന്റെ സഹോദരനാണ് എന്നീ കാര്യങ്ങളേക്കാളുമൊക്കെ എന്നെ സന്തോഷിപ്പിച്ചത് എനിക്കെന്റെ സുഹൃത്തിനെ തിരിച്ചു കിട്ടിയല്ലോ എന്നതാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല.

'' വീര്‍സാല്‍ കുടുംബത്തെക്കുറിച്ച് അറിയുന്നതെല്ലാം പറ,'' ദമന്‍ജീത് എന്നെ നിര്‍ബന്ധിച്ചു. ദമന്‍ജീത്തിന്റെ കണ്ണുകളിലുള്ള തിളക്കം അവന് എത്രത്തോളം അതറിയാന്‍ ആഗ്രഹമുണ്ടെന്നു വിളിച്ചോതുന്നതായിരുന്നു.

'' വീര്‍സാല്‍ കുടുംബത്തിനു ലോകത്തുള്ള എല്ലാ കാര്യങ്ങളെയും കുറിച്ച് ശാസ്ത്രീയമായ അറിവുണ്ടായിരുന്നു. ശാസ്ത്രജ്ഞരേയും ഗവേഷകരെയും രാജ്യസഭാംഗളാക്കുവാന്‍ രാജാക്കന്മാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവര്‍ക്കു പരീക്ഷണങ്ങള്‍ നടത്താന്‍ പ്രത്യേക സജ്ജീകരണങ്ങളുള്ള പരീക്ഷണ ശാലകളുണ്ടായിരുന്നു,'' ഞാന്‍ പറഞ്ഞു നിര്‍ത്തി. ദമന്‍ജീത് വളരെ ശ്രദ്ധാപൂര്‍വ്വം ഇക്കാര്യങ്ങളെല്ലാം ചെവിക്കൊണ്ടു.


''ആ രാജകുടുംബത്തിനെന്തോ പ്രത്യേകതകളുണ്ടെന്നും നിരവധി കഴിവുകളുണ്ടെന്നും ജനങ്ങള്‍ വിശ്വസിച്ചു വന്നു. ദിവ്യദൃഷ്ടിയോ മന്ത്രവാദമോ അറിയാമെന്നായിരുന്നു ചിലരുടെ വാദം. ജനങ്ങള്‍ പ്രശ്‌ന പരിഹാരത്തിനായി രാജ സന്നിധിയിലെത്തിച്ചേരുമായിരുന്നു. എന്ത് പ്രശ്‌നങ്ങള്‍ക്കും ഞൊടിയിടയില്‍ പരിഹാരം കണ്ടെത്തുന്നത് കൊണ്ടും ആ പരിഹാരം ഏറ്റവും ഉചിതമാണെന്ന ഉറച്ച വിശ്വാസമുണ്ടായത് കൊണ്ടും കുറ്റ സമര്‍പ്പണിത്തിനായുള്ള ദിവസങ്ങളില്‍ വന്‍ ജനാവാലി രാജാക്കന്മാരെത്തേടിയെത്തി. അയല്‍ രാജ്യങ്ങളില്‍ നിന്ന് പോലും ആളുകള്‍ എത്തിച്ചേരാറുണ്ടായിരുന്നു. എന്നാല്‍, സ്വന്തം രാജ്യക്കാരുടെ കാര്യങ്ങള്‍ കേട്ടതിനു ശേഷം മാത്രമേ രാജാവ് അടുത്ത രാജ്യക്കാരെ പരിഗണിക്കാരുണ്ടായിരുന്നുള്ളൂ. ഇതില്‍ കലിപൂണ്ട് അയല്‍ രാജ്യക്കാര്‍ പ്രസ്തുത രാജാവിനെ ദ്രോഹിക്കാന്‍ ആളെ അയക്കുകയും രാജാവ് അയാളെ നിഷ്പ്രയാസം പിടിക്കുകയും ചെയ്തു. അവനെ തുറുങ്കിലടച്ചു എന്ന ഒറ്റക്കാരണത്താലാണ് അയല്‍ രാജ്യങ്ങള്‍ തമ്മില്‍ കൂടിയാലോചിച്ചു വീര്‍സാല്‍ രാജ്യത്തെ ആക്രമിക്കുകയുണ്ടായത്.''

ദമന്‍ജീത് അമര്‍ഷം അടക്കാനാകാതെ മുഷ്ടി ചുരുട്ടി ഇടത്തേ കൈയ്യിലാഞ്ഞടിക്കുന്നത് കണ്ടു. വളരെ ശാന്ത സ്വഭാവക്കാരനായ ദമന്‍ജീത്തിന് ഇതെന്തു പറ്റി എന്ന് ഞാന്‍ മനസ്സില്‍ വിചാരിക്കുകയും ചെയ്തു. വെള്ളയും കറുപ്പും നിറങ്ങളിലുള്ള ഒരു കുഞ്ഞിക്കിളി ബാക്കി കഥ കേള്‍ക്കാനെന്ന ഭാവത്തില്‍ വീടിന്റെ മേല്‍ക്കൂരയിലിരുന്നു ചിലച്ചു.

''പിടിക്കപെട്ട രാജകുടുംബം ആദ്യം ചെയ്തത് ശാസ്ത്രീയമായ കണ്ടെത്തലുകളുള്ള ആ പുസ്തകങ്ങളടങ്ങുന്ന പുസ്തകശാലകള്‍ കത്തിച്ചു കളയുകയാണ്. രാജകുടുംബം കൈ മാറി വന്ന അറിവുകളായിരുന്നു അതില്‍. പക്ഷെ, അയല്‍രാജാക്കന്മാര്‍ അവരെ വെറുതേ വിട്ടില്ല. പുസ്തകങ്ങള്‍ കിട്ടില്ലെന്നായപ്പോള്‍ അവര്‍ ഈ അറിവുകള്‍ ഗൃഹസ്ഥമാക്കിയവരേയെല്ലാം ചുട്ടുകൊന്നു. രാജ സന്നിധിയില്‍ മുഖം കാണിച്ചു മടങ്ങിയ അന്യ നാട്ടിലുള്ള ഉപദേഷ്ടാവിനെപ്പോലും വെറുതേ വിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് ഒന്നുമറിയാത്തവരേയവര്‍ വെറുതേ വിട്ടെന്നും അതല്ല അവരെ രക്ഷപ്പെടുത്താന്‍ വേണ്ടി ജ്ഞാനികള്‍ സ്വയം ഹാജറാവുകയായിരുന്നുവെന്നും പറയുന്നവരുണ്ട്.''

ദമന്‍ജീത് ചിന്താമഗ്‌നമായിരുന്നു.

''ആ അറിവുകളെല്ലാം എവിടെയോ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഒന്നും നശിപ്പിച്ചിട്ടില്ല എന്നും ചിലര്‍ പറയുന്നുണ്ട്. ഇതെല്ലാം ആളുകള്‍ കൈമാറി വന്ന കാര്യങ്ങളാണ്. അതില്‍ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളുമുണ്ട്, ' ഞാന്‍ പറഞ്ഞു നിര്‍ത്തി.

'' നമുക്കതെല്ലാം കണ്ടെത്തണം. പഴയ കാര്യങ്ങളൊന്നും അന്യം നിന്നു പോകാന്‍ പാടില്ല., ' ദമന്‍ജീത് എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെ പറഞ്ഞു.

അന്ന് ഞങ്ങള്‍ പിന്നെ ഒരുപാട് ദൂരം നടന്നു. മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്ന ദിവസങ്ങളില്‍ ദമന്‍ജീത്തിന് ഈ നടത്തം പതിവുള്ളതാണ്. ചിലപ്പോള്‍ ഞാനുമൊപ്പം കൂടും. രണ്ടു വശത്തും പൂമരങ്ങള്‍ കുട ചൂടി നില്‍ക്കുന്ന ആ നാട്ടു വഴിയിലൂടെ നടക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു ഞങ്ങള്‍ ആ ഗ്രാമത്തിലെത്തിച്ചേര്‍ന്നത് ഓര്‍മവരും. ആ കഥകള്‍ എത്ര കേട്ടാലും ദമന്‍ജീത്തിന് മടുക്കുകയില്ലായിരുന്നു. ഒരു ആറു വയസ്സുകാരന്റെ ഓര്‍മത്തുണ്ടുകളെ തുന്നിക്കെട്ടുന്ന ജോലി ചിലപ്പോള്‍ ദമന്‍ജീത് ഏറ്റെടുക്കാറുണ്ട്. ബാബ അവനോട് പറഞ്ഞ വിവരങ്ങള്‍ കൂടി കോര്‍ത്തിണക്കി ആയിരിക്കുമത്. സ്വാതന്ത്രസമരങ്ങള്‍ കഴിഞ്ഞു സ്വാതന്ത്ര്യത്തിന്റെ മധുരം നുകര്‍ന്ന ചുരുക്കം ചില ആളുകളില്‍പ്പെട്ടവരായിരുന്നു ദമന്‍ജീത്തിന്റെ കുടുംബം.

അമര്‍നാഥ് ബാബയ്ക്കും അനുഭവങ്ങള്‍ കേട്ടിരിക്കുന്നത് ഇഷ്ടമായിരുന്നു. ബാബയ്ക്ക് അനുഭവങ്ങള്‍ കഥകളാക്കി വിവരിക്കുവാനുള്ള ഒരു പ്രത്യേക കഴിവുണ്ട്. ബാബ അമര്‍നാഥ് ബാബയോട് രാത്രി വൈകുവോളം കഥകള്‍ പറഞ്ഞു കേള്‍പ്പിക്കുമായിരുന്നു.

മഹ്‌വാ മരങ്ങളില്‍ നിന്നു വിടര്‍ന്നു വരുന്ന പൂക്കളുടെ സുഗന്ധം കാറ്റില്‍ നൃത്തമാടി. മരച്ചില്ലകളില്‍ ഒളിഞ്ഞിരിക്കുന്ന കൂടുകളില്‍ നിന്നും പക്ഷികളെത്തി നോക്കി. നടന്നു നടന്നു ഞങ്ങള്‍ ദൂരെയുള്ള ദിമാന്‍ കുന്നുകളിലെത്തി. ഞങ്ങളുടെ ഗ്രാമത്തിന്റെ അതിര്‍ത്തിയിലാണ് ഈ മലനിരകള്‍. അതിനപ്പുറം ഒരു കൊക്കയാണ്. അതില്‍ ചാടി ഈയിടെ ആളുകള്‍ ആത്മത്യ ചെയ്യാന്‍ തുടങ്ങിയതോടു കൂടി വലിയ മുള്‍വേലികള്‍ അവിടെ കെട്ടിവെച്ചിട്ടുണ്ട്. സൂര്യരശ്മികളെ കടത്തിവിടാതെ തന്റെ പതുപതുത്ത മഞ്ഞിന്‍ പുതപ്പിനുള്ളില്‍ പൊതിഞ്ഞു കാത്തു വെച്ചിരിക്കുകയാണ് പ്രകൃതി ദിമാന്‍ മലനിരകളെ.

'' മായോട് ചോദിച്ചാലോ?'' ആ ചോദ്യം എന്റെ കാതിലെത്താന്‍ കുറച്ചു സമയമെടുത്തു. എന്റെ കാതുകളേയും ആ ഹിമകിരണങ്ങള്‍ മൂടിക്കളഞ്ഞുവോ?

(തുടരും)

| ഡോ. മുഹ്സിന കെ. ഇസ്മായില്‍: നോവലിസ്റ്റ്, കഥാകൃത്ത്, കവി. ഡെന്റിസ്റ്റായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ എഴുതുന്നു. മറ്റു നോവലുകള്‍: ജുഗ്ഇം(മരണം), മംഗാല, യല്‍ദ-ജവാരിയ(ദയ). ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെന്‍ മെമ്മറീസ് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

| ചിത്രീകരണം: ഷെമി



 

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. മുഹ്‌സിന. കെ. ഇസ്മായില്‍

Writer

Similar News

കടല്‍ | Short Story