പ്രിയപ്പെട്ട ഗുല്‍സാറിന്

വീര്‍സാല്‍ - നോവല്‍ | അധ്യായം: 09

Update: 2023-09-30 17:23 GMT
Click the Play button to listen to article

പ്രിയപ്പെട്ട ഗുല്‍സാറിന്‌, 

നീയെന്നെങ്കിലും ഇത് വായിച്ചു നോക്കുമെന്നറിയാം. ചിലപ്പോള്‍ നിനക്കെന്നോട് ദേഷ്യം തോന്നുന്ന ദിവസമായിരിക്കാം. അല്ലെങ്കില്‍ വല്ലാതെ സങ്കടെപ്പെടുന്ന ഒരു ദിവസം. അതുമല്ലെങ്കില്‍ ഒറ്റപ്പെടലിന്റെ അലകളില്‍ മുങ്ങിപ്പോകുന്ന അന്ന്. എന്നായാലും നിനെക്കെന്നോട് ദേഷ്യം തോന്നരുതെന്നാണ് എന്റെ ആഗ്രഹം.

ഒരച്ഛന്‍ തന്റെ മകനോട് എങ്ങനെ പെരുമാറണം എന്ന കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു ഞാന്‍. ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ സുഹൃത്തുക്കളോട് തര്‍ക്കിക്കുക വരെ ചെയ്യുമായിരുന്നു. അടിച്ചും ചീത്തപറഞ്ഞും മക്കളെ അച്ചടക്കത്തോടെ വളര്‍ത്തണമെന്നു വാദിച്ചവരോടു

സ്നേഹത്തിന്റേയും കരുതലിന്റേയും പ്രാധാന്യം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ ഞാന്‍ ശ്രമിക്കുമായിരുന്നു. പക്ഷെ, മക്കളുണ്ടായപ്പോഴാണ് പറയുന്നത്ര എളുപ്പമല്ല അവരെ വളര്‍ത്തുന്നത് എന്ന് ഞാന്‍ മനസ്സിലാക്കിയത്. അമിതമായി സ്നേഹിച്ചാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോകുമോ എന്ന് ഞാന്‍ ഭയന്നു. നിങ്ങളുടെ ഓരോ കുറുമ്പുകളും എന്നെ കൂടുതല്‍ ഭയപ്പെടുത്തി. ചെറുതായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് തന്ന സ്വാതന്ത്ര്യത്തിന്റെ മൂന്നിലൊന്നു പോലും വലുതായപ്പോള്‍ ഞാന്‍ നിനക്ക് അനുവദിച്ചിരുന്നില്ല എന്നെനിക്കുറപ്പുണ്ട്. ആ മാറ്റം പതുക്കെയായിരുന്നു. ഞാന്‍ പോലുമറിയാതെ. ഖാലിദിനെ നഷ്ടപ്പെട്ടതില്‍ നീറി നീറി കഴിയുമ്പോഴും ഞാനാ സങ്കടം നിങ്ങളെ അറിയിക്കാതിരിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. അവന്‍ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഞാനവനെ തിരിച്ചു കൊണ്ട് വരുമെന്ന് കരുതിയതാണ്. പക്ഷേ, എനിക്കതിനു കഴിഞ്ഞില്ല. ഞാനല്ലേ നമ്മുടെ ഖാലിദ് ഓടിപ്പോകുവാന്‍ കാരണം? ഞാന്‍ പറഞ്ഞിട്ടല്ലേ അന്ന് ഖാലിദ് പന്ത് തിരിച്ചു വാങ്ങാന്‍ നിന്റെ അടുത്തു വന്നത്? നിന്റെ അടുത്തുവരാന്‍ പേടിച്ചു നിന്ന അവന് ധൈര്യം പകര്‍ന്നതു ഞാനാണ്. എന്റെ വാക്ക് കേട്ടാണവന്‍ ഓടി വന്നത്. ഇപ്പോഴും എന്റെ കൈ വിറക്കുകയാണ്.

നിന്നോടൊരിക്കല്‍ കുറച്ചു കാര്യങ്ങള്‍ പറയണമെന്ന് കരുതിയതാണ്. അന്ന് ഞാനതിനു ഒരുങ്ങിയതുമാണ്. പക്ഷെ, കഴിഞ്ഞില്ല. ഇനിയൊരിക്കലും നേരിട്ട് പറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല. നീയിക്കാര്യം വളരെ പക്വതയോടെ കൈകാര്യം ചെയ്യുമെന്ന് കരുതുന്നു.

ഇത് നമ്മുടെ കുടുംബത്തിന്റെ രഹസ്യമാണ്. ഞാന്‍ കൂടി ഇല്ലാതാകുന്നത്തോടെ ഇത് ആരുമറിയാതെ പോകരുത്. വീര്‍സാല്‍ രാജകുടുംബത്തില്‍പ്പെട്ടവരാണ് നമ്മള്‍ എന്ന് നിനക്കറിയുമായിരിക്കില്ല. അതെങ്ങനെ പഅറിയാനാണ്? ഞാനിതു വരെ നിന്നോടു അതേക്കുറിച്ച് പറഞ്ഞിട്ടില്ല. പറയാതിരുന്നത് മനഃപ്പൂര്‍വമാണ്. നിന്റെ സുരക്ഷ കണക്കിലെടുത്താണ്. ഈ സത്യമറിയാവുന്നതിനാല്‍ മാത്രം എത്രയോ തവണ എന്റെ മനഃസമാധാനം നഷ്ടപ്പെട്ടിട്ടുണ്ട്. നിനക്കങ്ങനെ സംഭവിക്കരുതെന്നു എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു. ഇനിയത് നിന്നെ അറിയിച്ചേ പറ്റൂ. നിനക്കീ രഹസ്യമറിയാമെന്നു ആര്‍ക്കുമറിയില്ല. അതുകൊണ്ട് നീ പേടിക്കേണ്ട ആവശ്യമില്ല. ഈ രഹസ്യം എന്നോടൊപ്പം മണ്‍മറഞ്ഞു പോയി എന്നാണ് അവരുടെ ധാരണ. അവരങ്ങനെ വിശ്വസിക്കുന്നു. അല്ലെങ്കില്‍ അവരെ അങ്ങനെ വിശ്വസിപ്പിക്കാന്‍ എനിക്കു കഴിഞ്ഞു. ആരെന്നല്ലേ? അത് നിനക്ക് വഴിയേ മനസ്സിലാകും.

പരുന്തു തന്റെ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന ആ ചിത്രം നമ്മുടെ അറയുടെ രഹസ്യ കോഡാണ്. അത് ആ കോഡിന്റെ പാതി മാത്രമാണ്. അതിന്റെ മറ്റേ പാതി നമ്മുടെ ആരുടേയോ പക്കലുണ്ട് എന്നാണറിയാന്‍ കഴിഞ്ഞത്. അത് കണ്ടുപിടിച്ചാല്‍ മാത്രമേ രഹസ്യ കോഡ് പൂര്‍ത്തിയാകുകയുള്ളൂ. എന്നാല്‍, മാത്രമേ ആ കലവറ തുറക്കാന്‍ സാധിക്കൂ. അതില്‍ രാജകുടുംബം കൈ മാറി വന്ന അറിവുകളാണുള്ളത്. അതെല്ലാം കത്തിച്ചു കളഞ്ഞുവെന്നു നമ്മുടെ പൂര്‍വ്വികന്മാര്‍ ശത്രുക്കളെ വിശ്വസിപ്പിക്കുകയായിരുന്നു.


അതിനായി ഞാനും അമര്‍നാഥും ഗഹനമായ ഒരു തിരച്ചില്‍ നടത്തി. നിങ്ങളെ അതിലേക്ക് വലിച്ചിഴക്കരുതെന്നു ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല, ഇപ്പോഴും നമ്മെ ഇല്ലാതാക്കാനും ആ അറിവുകള്‍ കൈക്കലാക്കാനും തക്കം പാര്‍ത്തിരിക്കുന്ന ആളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. നിങ്ങള്‍ സുരക്ഷിതരായിരിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു. ആ തിരച്ചിലിനൊടുവില്‍ ഞങ്ങളൊരു സത്യം മനസ്സിലാക്കി. ആ രഹസ്യ കോഡ് കൈവശമുള്ളയാള്‍ ഇന്നു നമ്മുടെ ഒപ്പമുള്ള ഒരാളല്ല. അതെ, അത് ഖാലിദിന്റെ കയ്യിലാനുള്ളത്. ആ സത്യം ഞങ്ങള്‍ ഏറെ വൈകിയാണ് മനസ്സിലാക്കിയത്. പൂര്‍വ്വികര്‍ കൈമാറി നമ്മുടെ കുടുംബത്തിലെത്തിയ സാധനങ്ങളെല്ലാം പരിശോധിച്ചപ്പോഴാണ് ആ ലോക്കറ്റിനെക്കുറിച്ച് എനിക്കോര്‍മ വന്നത്. അവന്റെ നാലാമത്തെ പിറന്നാളിന് അവന് ഞാന്‍ സമ്മാനമായിക്കൊടുത്ത ആ ലോക്കറ്റ്. ഞാന്‍ തകരപ്പെട്ടി തുറന്നപ്പോള്‍ അവന്‍ അടുത്തു വന്നു നിന്നതും അത് കണ്ടപ്പോള്‍ തനിക്കതു വേണമെന്ന് പറഞ്ഞതും തരില്ലെന്ന് പറഞ്ഞപ്പോള്‍ കരഞ്ഞു വാശി പിടിച്ചതും എനിക്കോര്‍മയുണ്ട്. ആ കാല്‍പന്തു കളിമത്സരത്തില്‍ അവന് പങ്കെടുക്കാനാകാതെ വന്നപ്പോള്‍ അവനെ സമാധാനിപ്പിക്കാന്‍ വേണ്ടി ഞാന്‍ തന്നെയാണ് ഈ ലോക്കറ്റ് അവന് പിറന്നാള്‍ സമ്മാനമായി നല്‍കിയത്. അന്നതില്‍ ആ രഹസ്യം ഒളിച്ചിരിപ്പുണ്ടെന്നു എനിക്കറിയില്ലായിരുന്നു. അത് ആ ലോക്കറ്റില്‍ തന്നെയാണെന്ന് പോലും എനിക്കിപ്പോഴുമുറപ്പില്ല. മറ്റെല്ലാം പരിശോധിച്ച് കഴിഞ്ഞതിനാല്‍ അതിലുണ്ടാകാമെന്നു ഞങ്ങള്‍ അനുമാനിച്ചു എന്നേ ഉള്ളൂ. ചിലപ്പോള്‍ ആ രഹസ്യകോഡുള്ള വസ്തു നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കാം. അല്ലെങ്കില്‍ അത് നമ്മുടെ കണ്ണില്‍പ്പെടാതെ എവിടെയെങ്കിലും ഒളിച്ചിരിപ്പുണ്ടാകാം. ഖാലിദിന്റെ കഴുത്തിലുള്ള ആ ലോക്കറ്റ് പരിശോധിച്ചാലേ കാര്യങ്ങള്‍ വ്യക്തമാകൂ. അതിനു അവനെ കണ്ടു പിടിക്കണം. അവന്‍ എന്തെങ്കിലും അപകടത്തില്‍ പെട്ടിട്ടുണ്ടാകുമോ? അതോ ഏതെങ്കിലും സംഘത്തിന്റെ കൂടെ രക്ഷപ്പെട്ടിട്ടുണ്ടാകുമോ? പാവം ഖാലിദ്. അതോ...

ആ കുഞ്ഞു പ്രായത്തില്‍ എത്ര വിഷമിച്ചിട്ടുണ്ടാകും? അവനെ എനിക്ക് രക്ഷിക്കാന്‍ പറ്റിയില്ലല്ലോ. ഞാനാണ് അവനെ ആള്‍ക്കൂട്ടത്തെ സ്നേഹിക്കാന്‍ പഠിപ്പിച്ചത്. നമ്മളന്നു ഈ ഗ്രാമത്തിലെത്തിപെട്ടില്ലേ? അതെങ്ങനെ എന്ന് നിനക്കറിയാമോ? അന്ന് നമ്മുടെ വഴികാട്ടി പറഞ്ഞ ഗ്രാമത്തിലേക്കാണ് അമര്‍നാഥിന്റെ പൂര്‍വ്വികര്‍ വന്നതെന്നെനിക്കുറപ്പുണ്ടായിരുന്നു. ഇവിടെത്തന്നെ നില്‍ക്കുകയാണെങ്കില്‍ ഖാലിദിനെ കണ്ടു പിടിക്കാമെന്നു ഞാന്‍ സ്വപ്നവും നെയ്തു.

അമര്‍നാഥിനെ മനസ്സിലായപ്പോള്‍ മുതല്‍ ഞാനവനെ സംരക്ഷിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. അമര്‍നാഥിനെന്നെ മനസ്സിലായത് മുതല്‍ അവനെന്നേയും രക്ഷിച്ചു. പക്ഷെ, ഞങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റി. അവര്‍ അമര്‍നാഥിനെ കൊന്നു കളഞ്ഞു. എനിക്കവനെ രക്ഷിക്കാനായില്ല. എനിക്കു എന്റെ എല്ലാമെല്ലാമായ അമര്‍നാഥിനെ മരണത്തിനു വിട്ടു കൊടുക്കേണ്ടി വന്നു. നിനക്കോ ദമന്‍ജീത്തിനോ ഈ സത്യങ്ങളൊന്നുമറിയില്ല എന്നാണ് അവര്‍ വിചാരിച്ചിരിക്കുന്നത്. അതങ്ങനെത്തന്നെ നില്‍ക്കട്ടെ.

ജീവിതത്തെ ധൈര്യത്തോടെ നേരിടുക. ഖാലിദിനെ കണ്ടെത്താന്‍ ശ്രമിക്കുക. ബാക്കിയുള്ള കാര്യങ്ങള്‍ നീ വഴിയേ അറിയും.

എന്ന് സ്നേഹപൂര്‍വ്വം,

ബാബ.

ഞാനറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇപ്പോള്‍ ബാബ അടുത്തുണ്ടായിരുന്നുവെങ്കിലെന്നു ഞാന്‍ കൊതിച്ചു. ബാബയോട് എന്തൊക്കെയോ ചോദിക്കണമെന്ന് തോന്നി. ചിന്നിച്ചിതറിക്കിടക്കുന്ന ആ സാധനങ്ങള്‍ക്കിടയില്‍ ഞാന്‍ മറ്റൊരു കത്തിനോ എഴുത്തിനോ വേണ്ടി ആര്‍ത്തിയോടെ തിരഞ്ഞു. ഒന്നുമില്ലെന്ന് കണ്ടപ്പോള്‍ ചുറ്റും പരന്നു കിടക്കുന്ന ബാബയുടെ ഓര്‍മയ്ക്ക് നടുവില്‍ ഞാന്‍ നിസ്സഹായനായി ഇരുന്നു.

അല്‍പനേരത്തിനുള്ളില്‍ ഒരു ഭയം ആ ഓര്‍മകളെ വകഞ്ഞു മാറ്റി എന്നിലൂടെ തുളച്ചു കയറി. അത് ചിന്തകളെ മൂടിക്കളഞ്ഞു.

അമര്‍നാഥ് ബാബ കൊല്ലപ്പെട്ടതാണോ?

ഞാന്‍ ആ കത്ത് നിവര്‍ത്തി ആ ഭാഗം ഒരുപാട് തവണ വായിച്ചു. അതിന്റെ അര്‍ഥം എനിക്കന്യമായി ദൂരെയെവിടെയോ മാറി നിന്നു. ആര്? എന്തിന്? എങ്ങനെ? എന്നീ ചോദ്യങ്ങള്‍ എന്നെ വേട്ടയാടാന്‍ തുടങ്ങിയതും ഞാന്‍ വിറയാര്‍ന്ന കാല്‍ച്ചുവടുകളോടെ ദമന്‍ജീത്തിനെക്കാണാനിറങ്ങി നടന്നു.

*****************

| ഡോ. മുഹ്സിന കെ. ഇസ്മായില്‍: നോവലിസ്റ്റ്, കഥാകൃത്ത്, കവി. ഡെന്റിസ്റ്റായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ എഴുതുന്നു. മറ്റു നോവലുകള്‍: ജുഗ്ഇം(മരണം), മംഗാല, യല്‍ദ-ജവാരിയ(ദയ). ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെന്‍ മെമ്മറീസ് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. മുഹ്‌സിന. കെ. ഇസ്മായില്‍

Writer

Similar News

കടല്‍ | Short Story