ഖാലിദിന്റെ ചിത്രങ്ങള്‍
വീര്‍സാല്‍ - നോവല്‍ | അധ്യായം 15
''ഹേ, വോ ആത്മീ.''
ഒന്നു രണ്ടാളുകള്‍ എന്നെ ചൂണ്ടിക്കാണിച്ചു എന്തൊക്കെയോ പറയുന്നത് കേട്ടു. സാധാരണ എനിക്കൊരു വൃദ്ധന്റെ പരിഗണന ഒന്നും കിട്ടാറില്ല.
'നല്ല തണ്ടും തടിയുമുണ്ടായിരുന്ന ഒരു മനുഷ്യന്‍' എന്നു സ്ത്രീകള്‍ കുശുകുശുക്കുന്നത് പോലെയേ എനിക്കു തോന്നിയിട്ടുള്ളൂ.
''കേറിക്കാണണോ?'' കിഷന്‍ ശങ്കര്‍ എന്നോടു ചോദിച്ചു.
പണ്ട് ബാബ വീടിന് പുറത്തെ കയറു മേഞ്ഞ കട്ടിലില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന് ചുറ്റും ഓടിക്കളിക്കുകയായിരുന്നു എന്റേയും ഖാലിദിന്റേയും പ്രധാന വിനോദം. ഇടയയ്ക്കിടയ്ക്കുള്ള ഗുസ്തി ഗൗരവമേറിയതിലേക്ക് വഴിമാറുന്ന മാത്രയില്‍ തന്റെ പുസ്തകത്തില്‍ നിന്നു തലയുയര്‍ത്തി ബാബ ഞങ്ങളെ ഉപദേശിക്കും. മിക്കവാറും പണി കിട്ടുന്നതെനിക്കായിരിക്കും.
''നീയെന്തിനാ അവനെ ഉപദ്രവിക്കുന്നേ? അവന്‍ ചെറുതല്ലേ? ഖാലിദ് നീയിങ് വന്നേ. പോയി മായെ സഹായിക്ക്, ഗുല്‍സാര്‍.''
ബാബ തന്റെ പുസ്തകങ്ങളും പത്രവുമെല്ലാം വായിച്ചു കൊടുത്തിരുന്നത് ഖാലിദിനായിരുന്നു. വലിയ പുസ്തകങ്ങളൊന്നുമല്ല. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള മാര്‍ഗ രേഖകള്‍. ബ്രിട്ടീഷുകാരുടെ കണ്ണുവെട്ടിച്ച് ഗുലാം ബാബ താന്‍ ജോലി ചെയ്യുന്ന പ്രസ്സില്‍ നിന്നു അടിച്ചിറക്കി വിതരണം ചെയ്യുന്നതാണ് അവയിലധികവും. ഗുലാം ബാബയില്‍ നിന്നാണ് പുറം ലോകത്ത് നടക്കുന്നതെല്ലാം ഞങ്ങള്‍ ഗ്രാമീണരറിഞ്ഞിരുന്നത്. പിന്നീട് സമര നീക്കങ്ങളുണ്ടായപ്പോള്‍ മറ്റുള്ളവര്‍ക്ക് മുന്‍പേ ഗുലാം ബാബയെ അറസ്റ്റ് ചെയ്യാന്‍ പൊലീസുകാര്‍ ഗ്രാമത്തില്‍ വരുമ്പോളാണ് ഗുലാം ബാബയാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതെന്ന് അധികൃതര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നെന്ന് മനസ്സിലാകുന്നത്. ഗുലാം ബാബ എത്രയോ തവണ ഒളിവില്‍ പോയിരിക്കുന്നു.
രാത്രി എല്ലാവരും കുറച്ചു സമയമെങ്കിലും ഒന്നിച്ചിരിക്കണമെന്നുള്ളത് ബാബക്ക് നിര്‍ബന്ധമായിരിരുന്നു. അപൂര്‍വം ചില ദിവസങ്ങളില്‍ മാത്രമേ ആ പതിവ് മുടക്കിയിട്ടുള്ളൂ. അന്ന് മുറ്റത്തു ധാരാളം ചെടികളുണ്ടായിരുന്നു. നല്ല മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള വലിയ ജണ്ട ഫൂല്‍ ആയിരുന്നു അതിലധികവും. അവധി ദിവസങ്ങളില്‍ മാ ഖാലിദിന് ജണ്ട ഫൂല്‍ മാല ഉണ്ടാക്കിക്കൊടുക്കുമായിരുന്നു. ഖാലിദിന് എണ്ണം പഠിക്കാനാണ് ഈ മാലകള്‍. അത് കുടുംബത്തില്‍ കൈമാറിവരുന്ന ഒരു അറിവായിരുന്നു.
കോളിങ് ബെല്‍ അടിക്കേണ്ടി വന്നില്ല. അതിനു മുന്‍പ് തന്നെ വാതില്‍ തുറന്നു മൂന്നാലാളുകള്‍ പുറത്തു വന്നു.
''നിങ്ങള്‍ അങ്ങ് വടക്ക് നിന്നു വന്നതല്ലേ? വീര്‍സാല്‍ കുടുംബത്തെക്കുറിച്ച് കണ്ടുപിടിക്കാന്‍. ഞങ്ങള്‍ക്കറിയാം. എന്തിനാണ് ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നത്?''
ഞാനും കിഷന്‍ ശങ്കറും മുഖത്തോടു മുഖം നോക്കി. ഞാന്‍ വന്നതെന്തിനാണെന്ന് ഇവരെണങ്ങനെ അറിഞ്ഞു? മന്ത്രവാദമോ കണ്‍കെട്ട് വിദ്യയോ വല്ലതുമാണോ?
''ക്ഷമിക്കണം. നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞാനറിഞ്ഞില്ല.''
'' ഞങ്ങളെ കളിയാക്കുന്നോ? ഇത് ഞങ്ങള്‍ ക്ഷമിക്കില്ല.'' അവര്‍ ആയുധങ്ങളുമെടുത്ത് മുറ്റത്തേക്കു കുതിച്ചു. പ്രശ്‌നം ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ ഞാനും കിഷന്‍ ശങ്കറും തിരിഞ്ഞോടി.
കിഷന്‍ ശങ്കറിനു അവിടുത്തെ ഊട് വഴികളെല്ലാം അറിയാമായിരിക്കുമെന്ന് കരുതി ഞാനവന്റെ പുറകെ കുതിച്ചു. പണ്ടത്തെപ്പോലെ വേഗത്തിലോടാനൊന്നും കഴിയുന്നുണ്ടായിരുന്നില്ല. ക്ഷീണവും കിതപ്പും. കിഷന്‍ ആ ഗോഡൗണിന് പുറകിലൊളിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളെ അവര്‍ കണ്ടു പിടിച്ചേനെ.
''എന്താണ് അവര്‍ക്ക് പറ്റിയത് ? എന്താണവര്‍ ഇങ്ങനെ മോശമായി പെരുമാറുന്നത്?''
കിഷന്റെ കയ്യില്‍ അതിനുമുത്തരമുണ്ടായിരുന്നു. ആ നാട്ടില്‍ രണ്ട് സംഘങ്ങളുണ്ടായിരുന്നു. അവയൊരു രാഷ്ട്രീയ പ്രസ്ഥാനം പോലെ നിലനിന്നു പോന്നു. ഒരു സംഘം എന്ത് ചെയ്താലും മറ്റേ സംഘം അതിനെ എതിര്‍ത്തു. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഘോരഘോരം പ്രസംഗിച്ചു. അതില്‍ നീതിയോ ന്യായമോ ഉണ്ടായിരുന്നില്ല. കിഷനടങ്ങുന്ന സംഘത്തിന് എതിരാണ് അവര്‍. ചിലപ്പോള്‍ അവനോടുള്ള അല്ലെങ്കില്‍ എതിര്‍ ഗ്രൂപ്പിനോടുള്ള ദേഷ്യമാകാം.
'' ഇനിയെന്ത് ചെയ്യും?''
''ഒന്നും ചെയ്യാനില്ല. അവരുടെ കണ്ണുവെട്ടിച്ച് നമുക്ക് ഖാലിദിന്റെ ചിത്രങ്ങളന്വേഷിക്കാം,''കിഷന്‍ വളരെ സൗമ്യമായിപ്പറഞ്ഞു. എന്നെ സഹായിക്കാനുള്ള ചേതോവികാരത്തിന് പിന്നില്‍ തന്റെ സുഹൃത്തിനെ സഹായിക്കുക എന്നതാണോ അതോ എതിര്‍ ഗ്രൂപ്പിനോടുള്ള ദേഷ്യമാണോ എന്നു എനിക്കു മനസ്സിലായില്ല.
ഞങ്ങളാദ്യം പോയത് ഞങ്ങളുടെ പള്ളിക്കൂടത്തിലേക്കാണ്. അതിപ്പോള്‍ കണ്ടാല്‍ മനസ്സിലാകാത്ത അത്രയും മാറിയിരിക്കുന്നു. കുട്ടികള്‍ കല്ലുകള്‍ കൊണ്ടും വര്‍ണ്ണ ചോക്കുകള്‍ കൊണ്ടും എഴുതി നിറച്ചിരുന്ന മതിലുകളുടെ സ്ഥാനത്ത് നല്ല വൃത്തിയും ഭംഗിയും കുത്തിവരകളുമില്ലാത്ത പുതിയ മതില്‍. മൈതാനത്തിന്റെ സ്ഥാനത്ത് വലിയ ഗെയിം കോര്‍ട്ടുകള്‍. സ്‌കൂള്‍ കെട്ടിടത്തിനുമുണ്ട് ഏച്ച് കൂട്ടലുകള്‍. അന്നത് ഗ്രാമത്തിലെത്തന്നെ ഏറ്റവും വലിയ കെട്ടിടമായിരുന്നു. ഗ്രാമത്തിലെ കുട്ടികളിലധികവും പഠിച്ചിരുന്നത് അവിടെയായിരുന്നു. സ്‌കൂളില്‍ ഖാലിദ് ചെയ്യുന്ന കുറുമ്പുകള്‍ക്കെല്ലാം വഴക്കു കേള്‍ക്കുന്നത് എനിക്കാണെന്ന് പറഞ്ഞിരുന്നല്ലോ. അവന്റെ കുറുമ്പുകളില്‍ പ്രധാനപ്പെട്ടത് മതിലില്‍ ചിത്രങ്ങള്‍ വരയ്ക്കുക എന്നത് തന്നെയായിരുന്നു. അതിലവന്റെ കൂട്ട് കിഷനും. അതിനാല്‍, കിഷന് അവന്‍ വരച്ചിരുന്ന സ്ഥലങ്ങളെല്ലാമറിയാം. എന്റെ സുഹൃത്തായിരുന്നെങ്കിലും വരയുടെ കാര്യം വരുമ്പോള്‍ കിഷന്‍ ഖാലിദിന്റെ കൂടെയായിരുന്നു.
ആളുകള്‍ അന്വേഷിച്ചു മടുത്തെന്നായപ്പോഴാണ് ഞങ്ങള്‍ ആ ഗോഡൗണിന് പുറത്തിറങ്ങിയത്. ഇനി ആരെങ്കിലും സ്‌കൂള്‍ പരിസരത്ത് വെച്ചു കണ്ടാല്‍ മതി. വീണ്ടും ആളു കൂടും. ഇടയ്ക്ക് കിഷനെന്നെ പറഞ്ഞു പേടിപ്പിച്ചുകൊണ്ടിരുന്നു. അവരുടെ വഴക്കിന്റെ തീവ്രത അറിയാത്തത് കൊണ്ടാണെന്നു തോന്നുന്നു, എനിക്കത്ര പേടിയൊന്നും തോന്നിയില്ല.
കുളക്കടവിനോടടുത്തുള്ള മരങ്ങളിലും പാറകളിലും അവര്‍ വരക്കുമായിരുന്നത്രേ. പക്ഷേ, കുളം വറ്റിച്ച് അവിടെ ഏതോ ഫാക്ടറികള്‍ പണിതു. അടുത്തുള്ള മരങ്ങളും മറ്റും മുറിച്ചു കളഞ്ഞു നിരപ്പാക്കി. ഇനി ആകെയുള്ള പ്രതീക്ഷ ബന്‍ജന്‍ പാറയിടുക്കിളായിരുന്നു. അത് കിഷന്റെയും ഖാലിദിന്റെയും രഹസ്യ താവളമായിരുന്നു. ഏതെങ്കിലും അധ്യാപകര്‍ ദേഷ്യപ്പെട്ടാല്‍ അച്ഛനോ അമ്മയോ വഴക്കു പറഞ്ഞാല്‍ അവര്‍ അവിടെ പോയിരുന്നു അവര്‍ക്കെതിരായ ചിത്രങ്ങള്‍ വരക്കുമായിരുന്നെന്ന് കിഷന്‍ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്.
''ഇവിടെയുമൊന്നുമില്ല.''
പാറക്കെട്ടുകളിലെ തിരച്ചിലിനൊടുവില്‍ കിഷന്‍ പറഞ്ഞു.
''കാലം എല്ലാം മായ്ച്ചു കളഞ്ഞിരിക്കുന്നു. എത്രയെത്ര ചിത്രങ്ങള്‍ ഉണ്ടായിരുന്നതാണിവിടെ,'' കിഷന്റെ ശബ്ദത്തില്‍ നിരാശ നിഴലിച്ചിരുന്നു.
'' ദാ, അവരവിടെയുണ്ട്.''
പത്തു പതിനഞ്ചാളുകള്‍ എവിടെ നിന്നോ ചാടി വീണു. ഞങ്ങള്‍ പേടിച്ചു പോയി. ഒരുകണക്കിന് ഓടിയോടി ഒരു തരിശ് സ്ഥലത്തെത്തി. മാനം ഇരുണ്ടു തുടങ്ങിയിരുന്നു. ഞങ്ങള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. എന്താണ് അവര്‍ ഞങ്ങളെ വിടാതെ പിന്തുടരുന്നത്? കിഷന്‍ പറഞ്ഞത് പോലെ അവര്‍ക്ക് എതിര്‍ ഗ്രൂപ്പിനോടുള്ള ദേഷ്യമാകുമോ? എന്റെ കാല് നന്നായി വേദനിക്കുന്നുണ്ടായിരുന്നു. ഇനി ഒരടി പോലും നടക്കാനാവില്ലെന്നെനിക്ക് തോന്നി. മുന്‍പിലുള്ള കൂര്‍ത്ത കല്ല് തട്ടി ഞാന്‍ നിലത്തേക്ക് വീണു. ഉണങ്ങിയ
മഹ്‌വ മരത്തിന്റെ ഇലകള്‍ ശബ്ദിച്ചു.
''ഗുല്‍സാര്‍, ഇത് കണ്ടോ?'' കിഷന്‍ ശങ്കറിന്റെ കയ്യില്‍ രണ്ട് പാറക്കഷ്ണങ്ങളുണ്ടായിരുന്നു. അതിന്റെ കുറേ ഭാഗത്തു മണ്ണ് പറ്റിപ്പിടിച്ചിരുന്നു.
''ഞങ്ങളിവിടെയാണ് ഈ രണ്ട് പാറക്കഷ്ണങ്ങള്‍ കുഴിച്ചിട്ടത്. ഇത് തന്നെയാണ് ഗുല്‍സാര്‍.'' അവന്റെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നത് പോലെ തോന്നി. ക്ഷീണം മറന്നു ഞാനവന്റെ അടുത്ത് ചെന്നു. ആ രണ്ട് കല്ലുകളും കയ്യിലെടുത്ത് നോക്കി. എന്റെ ഹൃദയം സന്തോഷഭരിതമായി.
(തുടരും)
| ഡോ. മുഹ്‌സിന കെ. ഇസ്മായില്‍: നോവലിസ്റ്റ്, കഥാകൃത്ത്, കവി. ഡെന്റിസ്റ്റായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ എഴുതുന്നു. മറ്റു നോവലുകള്‍: ജുഗ്ഇം (മരണം), മംഗാല, യല്‍ദ-ജവാരിയ (ദയ). ലെറ്റേഴ്സ് ഫ്രം എ കിഡ്, ദി ഫ്രോസെന്‍ മെമ്മറീസ് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.