കമ്മട്ടിപ്പാടത്തെ യാഥാര്‍ത്ഥ്യങ്ങള്‍

Update: 2016-05-20 16:28 GMT
Editor : admin
കമ്മട്ടിപ്പാടത്തെ യാഥാര്‍ത്ഥ്യങ്ങള്‍
Advertising

അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം മുഖ്യപ്രമേയമായി അവതരിപ്പിച്ച, വികസനം ചവിട്ടി അരച്ചു കളഞ്ഞവര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു രാഷ്ട്രീയ സിനിമയാണ് കമ്മട്ടിപ്പാടം. അത്തരമൊരു ശ്രമത്തിന് രാജീവ് രവി അഭിനന്ദനം അര്‍ഹിക്കുന്നു.

വികസനം കുടിയിറക്കുകയും ചവിട്ടിയരച്ചുകളയുകയും ചെയ്യുന്ന മനുഷ്യരുടെ ജീവിതമാണ് കമ്മട്ടിപ്പാടത്ത് കാണാന്‍ കഴിയുക. സ്വന്തം കയ്യില്‍ ചോര പുരളാതെ ഇരകളെ വേട്ടയാടാന്‍ ഇരകളെ തന്നെ നിയോഗിച്ചാണ് മുതലാളിമാര്‍ മിക്കപ്പോഴും സ്വന്തംവഴി വെട്ടിത്തെളിക്കുന്നത്. ഏറിയും കുറഞ്ഞും പല സിനിമകളും ഉപകഥയായെങ്കിലും കൈകാര്യം ചെയ്തിട്ടുള്ള പ്രമേയം തന്നെയാണിത്. പക്ഷേ പലപ്പോഴും ജെസിബി തവിടുപൊടിയാക്കുന്ന കുടിലുകളിലും അലമുറയിടുന്ന മനുഷ്യരിലും ക്ലീഷേ ഡയലോഗുകളിലും ആ ചിത്രീകരണം ഒതുങ്ങിയിട്ടുണ്ട്. ഇവിടെയാണ് രാജീവ് രവിയുടെ കമ്മട്ടിപ്പാടം വ്യത്യസ്തമാകുന്നത്. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയ മുന്‍ സിനിമകളിലെന്ന പോലെ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുപോകുന്ന കഥാസന്ദര്‍ഭങ്ങള്‍, ഓരോ കഥാപാത്രത്തിനും അനുയോജ്യരായ അഭിനേതാക്കള്‍ എന്നിങ്ങനെ സംവിധായകന്റെ മികവ് കമ്മട്ടിപ്പാടത്ത് കാണാം.

ഒട്ടേറെ കഥാപാത്രങ്ങളും കുറേ സംഭവഗതികളുമായി മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്. എങ്കിലും കണ്ടിറങ്ങിയപ്പോള്‍ കൂടെപ്പോന്നത് വിനായകന്റെ ഗംഗനാണ്, പിന്നെ ബാലേട്ടനും (മണികണ്ഠന്‍). അതിജീവനത്തിനായി എന്തുംചെയ്യാന്‍ തയ്യാറായി നടക്കുന്ന ഗുണ്ടാസംഘങ്ങളും പിന്നെയൊരിക്കല്‍ അവരുടെ തിരിച്ചറിവുകളും ജീവന്‍ കയ്യില്‍ പിടിച്ചുള്ള ഓട്ടവുമെല്ലാം ചേര്‍ന്നതാണ് കമ്മട്ടിപ്പാടം. മൂന്ന് കാലങ്ങളിലായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ദുല്‍ഖര്‍ കൃഷ്ണനായി മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും നായകന്റെ ഹീറോയിസമല്ല കമ്മട്ടിപ്പാടത്ത് ആഘോഷിക്കപ്പെടുന്നത്. കുറേ 'കറുത്ത' മനുഷ്യര്‍ക്കും അവരുടെ ജീവിതത്തിനുമാണ് ഊന്നല്‍. നായകന്റെ ഹീറോയിസത്തെ വാഴ്ത്തിപ്പാടാനും നായകന്‍ വില്ലനെ അടിച്ചുനിരപ്പാക്കുന്നത് കണ്ട് കയ്യടിക്കാനുമാണല്ലോ ആക്ഷന്‍ സിനിമകളിലെ ഉപകഥാപാത്രങ്ങള്‍ പൊതുവെ നിയോഗിക്കപ്പെടുന്നത്. എന്നാല്‍ ഈ സിനിമയില്‍ കുറേ മനുഷ്യരുടെ കഥ പറയാനാണ് നായകനെ നിയോഗിച്ചിരിക്കുന്നത്. നായകനിലൂടെ നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും വേറെ കുറേ മനുഷ്യരെയാണ്. കഥാസന്ദര്‍ഭങ്ങള്‍ ആവശ്യപ്പെടുന്ന ഹീറോയിസവും ഡയലോഗുകളുമേ നായകന് വേണ്ടി എഴുതപ്പെട്ടിട്ടുള്ളൂ. അനിതയായെത്തിയ ഷോണ്‍ റോമി, അലന്‍സിയര്‍, വിനയ്‍ ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, മുത്തുമണി എന്നിങ്ങനെ പരിചിതവും അപരിചതവുമായ ഒട്ടേറെ മുഖങ്ങളുണ്ട്. എല്ലാവരും സ്വന്തം ഭാഗം മനോഹരമാക്കി. ദുല്‍ഖറിന്റെയും വിനായകന്റെയും കുട്ടിക്കാലവും കൌമാരവും അഭിനയിച്ചവരുടെ മികവും എടുത്തുപറയേണ്ടതുണ്ട്.

അതേസമയം തന്നെ പ്രേക്ഷകര്‍ക്കായി ഒരു തരത്തിലുമുള്ള ഒത്തുതീര്‍പ്പിനും തയ്യാറാകാതിരുന്ന സിനിമയാണ് കമ്മട്ടിപ്പാടം എന്നും പറയാന്‍ കഴിയില്ല. കറുത്ത മനുഷ്യര്‍ക്കിടയില്‍ ദുല്‍ഖര്‍ എന്ന വെളുത്ത ശരീരം കടന്നുവരുന്നതിന് കാരണം പ്രേക്ഷകരുടെ സംതൃപ്തിയാണ്. കറുത്ത മനുഷ്യരുടെ ചോരയ്ക്ക് പകരം ചോദിക്കുന്നത് ഒരു വെളുത്ത ശരീരമാകുന്നതും യാദൃച്ഛികതയായി കരുതാന്‍ കഴിയില്ല. പ്രമേയത്തിന്റെ ആകെത്തുക പറയാന്‍ ക്ലൈമാക്സില്‍ കൃഷ്ണനെ നിയോഗിക്കുന്നതും ദുല്‍ഖറിന്റെ താരമൂല്യം മുന്നില്‍ക്കണ്ടാണ് എന്ന് വ്യക്തം.

ഛായാഗ്രഹണമാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. പച്ചപ്പ് നിറഞ്ഞ പഴയ കമ്മട്ടിപ്പാടവും നഗരം വികസിക്കുന്നതിനിടെ വെട്ടിമുറിക്കപ്പെടുകയും മുള്ളുവേലി കൊണ്ട് കെട്ടിത്തിരിക്കപ്പെടുകയും ചെയ്ത പുതിയ കമ്മട്ടിപ്പാടവുമെല്ലാം ഉള്ളില്‍ തൊടും. സിനിമയുടെ മൂഡിനോട് ചേര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലസംഗീതമാണ് മറ്റൊരു പ്രത്യേകത. ഇടയ്ക്കിടെ വിനായകന്റെ ശബ്ദത്തില്‍ കേള്‍ക്കുന്ന നാടന്‍പാട്ട് കഥാപശ്ചാത്തലത്തിന് കൂടുതല്‍ ആഴം നല്‍കുന്നു.

നോണ്‍ ലീനിയര്‍ ആഖ്യാനരീതി മലയാള സിനിമാ ആസ്വാദകര്‍ക്ക് ഇപ്പോള്‍ പരിചിതമാണ്. എവിടെയും മുറിഞ്ഞുപോവാതെ നോണ്‍ലീനിയര്‍ രീതി അവലംബിക്കുന്ന കമ്മട്ടിപ്പാടത്തിന്റെ പതിഞ്ഞതാളത്തിലുള്ള അവതരണം ചിലപ്പോഴൊക്കെ പ്രേക്ഷകരെ ബോറടിപ്പിക്കും. കുറേ സീനുകളിലെ അടിപിടിയും കത്തിക്കുത്തും കാരണം സെന്‍സര്‍ ബോര്‍ഡ് നല്‍കിയ എ സര്‍ട്ടിഫിക്കറ്റും കുടുംബ പ്രേക്ഷകരെ അകറ്റിയേക്കാം. എ സര്‍ട്ടിഫിക്കറ്റിന് കാരണം അശ്ലീലദൃശ്യങ്ങളല്ല എന്ന് അറിയാത്ത ഒരു വിഭാഗം പ്രേക്ഷകരും അകന്ന് നിന്നേക്കാം. ക്ലൈമാക്സ് എങ്ങനെയാണെന്ന് ഊഹിക്കാന്‍ കഴിയുന്നത് ട്വിസ്റ്റും സസ്പെന്‍സും പ്രതീക്ഷിച്ചുവരുന്നവരെയും നിരാശപ്പെടുത്തിയേക്കാം. ഇങ്ങനെയൊക്കെ ആണെങ്കിലും അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം മുഖ്യപ്രമേയമായി അവതരിപ്പിച്ച, വികസനം ചവിട്ടി അരച്ചു കളഞ്ഞവര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു രാഷ്ട്രീയ സിനിമയാണ് കമ്മട്ടിപ്പാടം. അത്തരമൊരു ശ്രമത്തിന് രാജീവ് രവി അഭിനന്ദനം അര്‍ഹിക്കുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News