ഈ കളി ഞെട്ടിച്ചു

Update: 2016-06-20 00:38 GMT
Editor : admin
ഈ കളി ഞെട്ടിച്ചു
Advertising

അരാഷ്ട്രീയത, ജാതിമേല്‍ക്കൊയ്മ, വര്‍ണവെറി, സ്ത്രീവിരുദ്ധത, ജുഡീഷ്യറിയിലെ പുഴുക്കുത്ത് എന്നിങ്ങനെയുള്ള നെറികേടുകളെല്ലാം കൂടി ഒരു സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുക. കഥാപാത്രങ്ങളില്‍ ചിലരുടെയെങ്കിലും ഉള്ളിലിരുപ്പ് തന്റേത് തന്നെയല്ലേ എന്ന് പ്രേക്ഷകരെ കൊണ്ട് ചിന്തിപ്പിക്കുക. ഒടുവില്‍ സിനിമ പകര്‍ന്നുനല്‍കിയ ഞെട്ടല്‍ തികട്ടി വന്ന് പ്രേക്ഷകരെ വീണ്ടും വീണ്ടും അസ്വസ്ഥപ്പെടുത്തുക..

അരാഷ്ട്രീയത, ജാതിമേല്‍ക്കൊയ്മ, വര്‍ണവെറി, സ്ത്രീവിരുദ്ധത, ജുഡീഷ്യറിയിലെ പുഴുക്കുത്ത് എന്നിങ്ങനെയുള്ള നെറികേടുകളെല്ലാം കൂടി ഒരു സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുക. കഥാപാത്രങ്ങളില്‍ ചിലരുടെയെങ്കിലും ഉള്ളിലിരുപ്പ് തന്റേത് തന്നെയല്ലേ എന്ന് പ്രേക്ഷകരെ കൊണ്ട് ചിന്തിപ്പിക്കുക. ഒടുവില്‍ സിനിമ പകര്‍ന്നുനല്‍കിയ ഞെട്ടല്‍ തികട്ടി വന്ന് പ്രേക്ഷകരെ വീണ്ടും വീണ്ടും അസ്വസ്ഥപ്പെടുത്തുക. സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവ് ദിവസത്തെ കളി ഒരു നേരംപോക്കല്ല. ദുര്‍ബലരെയും കീഴാളരെയും ജാതിവെറിയും പണവും സ്വാധീനവുമെല്ലാം ചേര്‍ന്ന് എങ്ങനെയെല്ലാം ഇല്ലാതാക്കുന്നുവെന്ന് കളിക്കൊടുവില്‍ തെളിയുന്നു.

സ്റ്റാര്‍ട്ടിനും കട്ടിനുമിടയിലെ കേവല കഥാപാത്രങ്ങളെയല്ല ഒഴിവ് ദിവസത്തെ കളിയില്‍ കാണാന്‍ കഴിയുക. അത്തരത്തില്‍ സിനിമയുടെ രാഷ്ട്രീയം ചിട്ടപ്പെടുത്തിയ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. പ്രേക്ഷകര്‍ക്ക് സമാനതകളില്ലാത്ത കാഴ്ചാനുഭവം പകര്‍ന്നുനല്‍കുന്നതില്‍ സിനിമയുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് സ്വാഭാവിക പ്രകടനം കാഴ്ച വെച്ച അഭിനേതാക്കളും പ്രധാന പങ്ക് വഹിച്ചു. പോരായ്മയായി തോന്നിയത് ആദ്യ പകുതിയിലെ ഛായാഗ്രഹണമാണ്. വെള്ളത്തിലെ ഓളങ്ങളിലേക്ക് ക്യാമറ തിരിച്ചെടുത്ത ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചുവന്നത് അരോചകമായി. അതേസമയം രണ്ടാം പകുതിയില്‍ കള്ളനും പൊലീസും കളി തുടങ്ങുന്നതോടെ ഒറ്റ ഷോട്ടില്‍ ക്യാമറ കഥാപാത്രങ്ങള്‍ക്ക് പിന്നാലെ പോയി അമ്പരപ്പിച്ചു. കഥാസന്ദര്‍ഭങ്ങളോട് ചേര്‍ന്നുപോകുന്നതാണ് പശ്ചാത്തലസംഗീതം. ഒരുപക്ഷേ ഫിലിം ഫെസ്റ്റുകളിലെ പ്രേക്ഷകര്‍ക്ക് മാത്രം കാണാന്‍ ഭാഗ്യം ലഭിക്കുമായിരുന്ന ഒരു ചിത്രത്തെ തിയറ്ററുകളില്‍ എത്തിച്ച ആഷിക് അബുവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

ഒരു തെരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ട് ചെയ്ത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ പോലും നില്‍ക്കാതെ തികഞ്ഞ അരാഷ്ട്രീയവാദികളായി മദ്യപിച്ച് ഉല്ലസിക്കാന്‍ പോകുന്ന അഞ്ച് പേര്‍. വയനാട്ടില്‍ അവരെത്തുന്ന ഒഴിവുദിന സങ്കേതത്തില്‍ ഒരു കാവല്‍ക്കാരനും ഒരു പാചകക്കാരിയും. അങ്ങനെ ആകെ ഏഴ് പേര്‍. മദ്യം അകത്തുചെല്ലുന്നതോടെ ഓരോരുത്തരുടെയും യഥാര്‍ഥ സ്വഭാവം പുറത്തുവരികയാണ്. പാചകക്കാരി ഗീതയെ വശത്താക്കാന്‍ നടത്തുന്ന ശ്രമത്തിലൂടെ ചിലരിലെ സ്ത്രീവിരുദ്ധത പുറത്തുചാടുന്നു. കൂട്ടത്തിലെ ബിസിനസ്സുകാരന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ കീഴ്പെടുത്തപ്പെടാനുള്ളതാണ്. സ്ത്രീക്ക് മേലുള്ള ബലപ്രയോഗം അയാളെ സംബന്ധിച്ച് ആണത്തപ്രകടനമാണ്. അപ്പോള്‍ നിങ്ങള്‍ ഇത്രയും കാലം ഭാര്യയെ ബലാത്സംഗം ചെയ്യുകയായിരുന്നോ എന്ന കൂട്ടുകാരന്റെ ചോദ്യത്തിന് മുന്‍പില്‍ പക്ഷേ അയാള്‍ പൊട്ടിത്തറിക്കുന്നു. ഒരു കാട്ടുപെണ്ണിനെ ഭാര്യയുമായി ഉപമിച്ചതില്‍ അയാള്‍ രോഷം കൊള്ളുന്നു. അമ്മ, ഭാര്യ, പെണ്‍മക്കള്‍ എന്നിങ്ങനെ തനിക്ക് വേണ്ടപ്പെട്ടവരെ പൊതിഞ്ഞുപിടിച്ച് സംരക്ഷിച്ച് മറ്റു സ്ത്രീകളെല്ലാം തനിക്ക് ഭോഗിക്കാനുള്ള വെറും ഉപകരണങ്ങളായി മാത്രം കാണുന്ന ശരാശരി മലയാളി പുരുഷനാണ് ആ ഒരൊറ്റ സംഭാഷണത്തിലൂടെ തുറന്നുകാണിക്കപ്പെടുന്നത്. ഈ സംഭാഷണം നടക്കുന്നതിനിടെ ഗീതയെ ശാരീരികമായി കീഴ്പ്പെടുത്താന്‍ പോയ കൂട്ടത്തിലെ ഏറ്റവും ധനികന്‍ അവളുടെ അടിയും വാങ്ങിയാണ് തിരിച്ചുവന്നത്. പുരുഷ സ്പര്‍ശനത്തിന് മുന്‍പില്‍ അലിഞ്ഞുപോകുന്ന പെണ്ണിനെയല്ല തന്റെ ശരീരം മാത്രം ആഗ്രഹിച്ചുവന്നവന് നേരെ കത്തിയെടുത്ത് വീശുന്ന കരുത്തുള്ള പെണ്ണിനെയാണ് ഇവിടെ കാണാന്‍ കഴിയുക.

സ്ത്രീ പുരുഷ ബന്ധങ്ങളിലെ ജനാധിപത്യത്തെ കുറിച്ച് വാചാലനായ കൂട്ടുകാരില്‍ ഒരുവനോട് പ്രേക്ഷകര്‍ക്ക് തോന്നുന്ന ബഹുമാനം അടിയന്തരാവസ്ഥ സംബന്ധിച്ച അയാളുടെ അഭിപ്രായം കൂടി കേള്‍ക്കുമ്പോള്‍ ഇരട്ടിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭംഗിയായി ജോലിയെടുത്തിരുന്ന കാലമാണ് അടിയന്തരാവസ്ഥയെന്ന് കൂട്ടുകാരന്‍ ഊറ്റംകൊള്ളുമ്പോള്‍ അയാള്‍ വഴക്കിടുന്നു. അക്കാലത്ത് പൊലീസുകാര്‍ തന്റെ അച്ഛന്റെ താടിരോമങ്ങള്‍ പിഴുതെടുത്തതോര്‍ത്ത് അയാള്‍ വികാരാധീനനും രോഷാകുലനുമാകുന്നു. അയാളില്‍ ഒരു കമ്യൂണിസ്റ്റിനെ പ്രേക്ഷകര്‍ക്ക് വേണമെങ്കില്‍ കണ്ടെത്താം. പക്ഷേ ഇതേ ആളാണ് വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഊരിപ്പോന്നത് എന്നറിയുമ്പോള്‍ അയാള്‍ എടുത്തണിഞ്ഞ ആദര്‍ശത്തിന്റെ പൊയ്‍മുഖം അഴിഞ്ഞുവീഴുന്നു. നമ്പൂതിരിക്ക് കൂട്ടുകാര്‍ അംഗീകരിച്ചു നല്‍കിയ ആഢ്യത്വത്തിന്റെ പൊള്ളത്തരം കള്ളനും പൊലീസും കളിയില്‍ അയാള്‍ ന്യായാധിപനാകുമ്പോള്‍ പുറത്താകുന്നു. പണക്കാരന്റെ കാശിന്റെ അഹന്തയാവട്ടെ ഓരോ നിമിഷത്തിലും സ്വയം വെളിപ്പെട്ടുകൊണ്ടിരുന്നു.

മറ്റ് നാല് പേരുടെ പേരുകള്‍ മറന്നുപോയാലും ദാസന്റെ രൂപവും പേരും മറക്കില്ല. മരത്തില്‍ കയറി ചക്കയിടാനും കോഴിയെ കൊല്ലാനുമൊക്കെ അയാള്‍ നിയോഗിക്കപ്പെട്ടത് യാദൃച്ഛികമായിരുന്നില്ലെന്ന് ബോധ്യമാവുന്നത് കള്ളനും പൊലീസും കളി തുടങ്ങുന്നതോടെ മാത്രമാണ്. കള്ളനും പൊലീസും രാജാവും മന്ത്രിയും പിന്നെ ന്യായാധിപനും. പണത്തിന് മീതെ പറക്കാത്ത നീതി നാട്ടിലുണ്ടെന്ന് നമ്പൂതിരിയെന്ന ന്യായാധിപനിലൂടെ വ്യക്തമാകുന്നു. കീഴാളനെ, കറുത്തവനെ കള്ളനെന്ന് മുദ്രകുത്തിയുള്ള ക്ലൈമാക്സിലെ ശിക്ഷ നടപ്പാക്കല്‍ പ്രേക്ഷകരില്‍ ഒരു വിറയലായി പടരുന്നു. കള്ളനും പോലീസും രാജാവും മന്ത്രിയും ന്യായാധിപനും അടങ്ങുന്ന ഈ കളിയില്‍ ആരെങ്കിലുമൊക്കെയായി താദാത്മ്യപ്പെടും വിധം പ്രേക്ഷകരും ഈ സിനിമയുടെ ഭാഗമാകുന്നു. രോഹിത് വെമുലയ്ക്ക് ജീവന്‍ ഒടുക്കേണ്ടിവരികയും ജിഷ കൊല്ലപ്പെടുകയും ദലിത് പെണ്‍കുട്ടികള്‍ ജാതീയമായി അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ഒഴിവ് ദിവസത്തെ കളി ഒരു സിനിമയല്ല മറിച്ച് തീവ്രയാഥാര്‍ഥ്യങ്ങളുടെ പ്രതിഫലനമാണ്. ഏറ്റവും കുറഞ്ഞത് പ്രേക്ഷകര്‍ ഓരോരുത്തരുടെയും ഉള്ളിലെ ദലിത് വിരുദ്ധതയും ജാതിവെറിയും തിയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ സ്ക്രീനിലെന്ന പോലെ സ്വയം വെളിപ്പെടും. നിങ്ങള്‍ പറഞ്ഞത് ശരിയാണ് ആഷിക് അബൂ, എത്ര മുന്‍വിധികളോടെ കാണാനിരുന്നാലും ഈ സിനിമ ഞെട്ടിക്കുക തന്നെ ചെയ്യും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News