ഞാന്‍ എന്തുകൊണ്ട് അഭിമുഖങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നു: ഗിന്നസ് പക്രു സംസാരിക്കുന്നു
ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കാണുന്ന എന്റെ കഥാപാത്രം എന്താണ്, ആ രൂപത്തിന് ഇളയരാജ എന്ന പേരുമായുള്ള ബന്ധം എന്താണ്, എന്നതുതന്നെയാണ് സിനിമയുടെ സസ്പെന്‍സ്.
ഉയരക്കുറവിനെ തന്റെ കലാരംഗത്തേക്കുള്ള ഉയര്‍ച്ചയുടെ ആയുധമാക്കി മാറ്റിയ കലാകാരനാണ് ഗിന്നസ് പക്രുവെന്ന അജയന്‍. ഉയരം കുറഞ്ഞ നായകന്‍, ഉയരം കുറഞ്ഞ സംവിധായകന്‍ എന്നീ ബഹുമതികളെല്ലാം അജയന്റെ പേരിലുള്ളതാണ്. വിവാദങ്ങളൊഴിവാക്കാന്‍ ആരെയും വേദനിപ്പിക്കാതിരിക്കാന്‍ താന്‍ അഭിമുഖങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, അമ്മയിലെ ആഭ്യന്തരപ്രശ്നങ്ങളിലും നടി ആക്രമിക്കപ്പെട്ട വിഷയത്തിലും തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കുകയാണ് ഈ അഭിമുഖത്തില്‍. ഒപ്പം നായകനായി പുറത്തിറങ്ങാനുള്ള ഇളയരാജയുടെ വിശേഷങ്ങളും ആദ്യമായി പങ്കുവെക്കുന്നു. വെബ്ബ് എക്സ്ക്ലൂസീവ്
ഇളയരാജയെ കുറിച്ച്
ഇളയരാജയുടെ ഡബ്ബിംഗ് പൂര്‍ത്തിയായി, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂരോഗമിക്കുകയാണ്. ഇത്രയും നാള്‍ ചെയ്തതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കഥാപാത്രമാണത്. ഇതൊരു റിയലിസ്റ്റിക് മൂവിയാണ്. ഒട്ടും അതിഭാവുകത്വമില്ലാത്ത അഭിനയമാണ് ഇതിന്റെ പ്രത്യേകത. എന്റെ മറ്റു പല സിനിമകളിലും ഹ്യൂമറിനുവേണ്ടിയുള്ള ചില അമിതാഭിനയങ്ങള്‍ വേണ്ടിവന്നിരുന്നു, അത്ഭുത ദ്വീപാണെങ്കിലും, മൈ ബിഗ് ഫാദറാണെങ്കിലും. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇതിലെ കഥാപാത്രത്തെ എനിക്ക് അവതരിപ്പിക്കാന്‍ പറ്റി എന്ന ആത്മവിശ്വാസമുണ്ട്. വ്യക്തിപരമായി എനിക്ക് വളരേയേറെ തൃപ്തി നല്‍കിയ കഥാപാത്രമാണിത്. ഇനി എല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. സംവിധായകന് അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അതിനൊക്കെ ഞാന്‍ നിന്നുകൊടുത്തു. പേരിലെ കൌതുകം കൊണ്ടും ഞാനാണ് നായകന്‍ എന്നതുകൊണ്ടും എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ് സിനിമ പുറത്തുവരാന്‍.
ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണുന്ന എന്റെ കഥാപാത്രം എന്താണ്, ആ രൂപത്തിന് ഇളയരാജ എന്ന പേരുമായുള്ള ബന്ധം എന്താണ്, എന്നതുതന്നെയാണ് സിനിമയുടെ സസ്പെന്‍സ്. ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരുപാട് വിഷയങ്ങള്‍ സിനിമ പറയുന്നുണ്ട്. അവ സിനിമ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്. മാധവ് രാംദാസിന്റെ അപ്പോത്തിക്കിരിയായാലും മേല്‍വിലാസമായാലും ആ സിനിമകള്‍ ഏറ്റെടുത്ത വിഷയം സിനിമ ഇറങ്ങിയപ്പോള്‍ ചര്‍ച്ചയായതാണ്. ഇളയാരജയും ചര്‍ച്ച ചെയ്യുന്നത് ഒരു വലിയ വിഷയമാണ്. പക്ഷേ ശാഖോപശാഖകളായിട്ടാണ് ആ വിഷയത്തെ സിനിമയില്‍ അവതരിപ്പിച്ചത് എന്ന് മാത്രം.
എല്ലാ കഥാപാത്രങ്ങളും അതത് കാലഘട്ടത്തില്‍ വലിയ ആത്മവിശ്വാസത്തോടെ ചെയ്ത വേഷങ്ങളാണ്. ഞാനെന്ന കലാകാരന്‍ ഓരോ കഥാപാത്രത്തിനും കുറച്ച് വ്യത്യാസം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. അത്ഭുതദ്വീപിലെ യുവരാജാവല്ല. ബിഗ് ഫാദറിലെ അച്ഛന്‍, സ്വന്തം ഭാര്യ സിന്ദാബാദില്‍, സഖാവാണ്, കുട്ടീംകോലും ആയപ്പോള്‍, അതിലല്‍പ്പം വില്ലത്തരമുള്ള കഥാപാത്രമാണ്. നായകവേഷത്തിലെത്തുന്ന അഞ്ചാമത്തെ പടമാണ് ഇളയരാജ. നാലാം ക്ലാസുകാരിയായ മകള്‍ ഇളയരാജയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അഭിനയിക്കാനില്ല, സംവിധാനമാണ് ഇഷ്ടം എന്നാണ് പറയുന്നത്.
കുഞ്ഞിക്കൂനനിലെ പെണ്‍വേഷമാണ് എവിടെ ചെന്നാലും ആളുകള്‍ എടുത്തുപറയുന്നത്. സാധാരണ പുരുഷന്മാര്‍ പെണ്‍വേഷത്തില്‍ അഭിനയിക്കാറാണ് പതിവ്. ഇത് അതല്ല, എന്റെ കഥാപാത്രം തന്നെ പെണ്ണാണ്.. ഒരു ലോജിക്കുമില്ലെങ്കിലും ജനം അത് സ്വീകരിച്ചു എന്നതിലാണ് സന്തോഷം
കഥാപാത്രങ്ങളില്‍ പ്രിയപ്പെട്ടത്
കുഞ്ഞിക്കൂനനിലെ പെണ്‍വേഷമാണ് എവിടെ ചെന്നാലും ആളുകള്‍ എടുത്തുപറയുന്നത്. ആ സീന്‍ കണ്ടാല്‍ ഇപ്പോഴും ഞാന്‍ അറിയാതെ ചിരിച്ചുപോകും. ആ സിനിമയില്‍ ആ ഒരൊറ്റ സീനിലേ ഞാനുള്ളൂ.. പക്ഷേ, ഭയങ്കര ക്യൂട്ടായിട്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അതിന് വേറൊരു പ്രത്യേകത കൂടിയുണ്ട്.. പെണ്ണായിട്ട് തന്നെയാണ് ഞാനതില്‍ അഭിനയിച്ചിരിക്കുന്നത്. സാധാരണ പുരുഷന്മാര്‍ പെണ്‍വേഷത്തില്‍ അഭിനയിക്കാറാണ് പതിവ്. ഇത് അതല്ല, എന്റെ കഥാപാത്രം തന്നെ പെണ്ണാണ്.. ഒരു ലോജിക്കുമില്ലെങ്കിലും ജനം അത് സ്വീകരിച്ചു എന്നതിലാണ് സന്തോഷം. ഒരുപക്ഷേ അതൊരു ചരിത്രമായിരിക്കും.
പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിലാണ് പിന്നെ മറ്റൊരു കഥാപാത്രം. ഒരു സാധാരണ നടന്‍ ആ ബാങ്ക് മാനേജരുടെ വേഷം ചെയ്താല്‍ എങ്ങനെയിരിക്കും, അതുപോലെതന്നെയായിരുന്നു ആ കഥാപാത്രത്തിന്റെ നിര്‍മ്മിതി. അവിടെ എന്‍റെ പൊക്കക്കുറവ് നര്‍മ്മമായിട്ടല്ല, പോസിറ്റീവായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. സാധാരണ ഡയറക്ടര്‍മാര്‍, സിനിമയില്‍ ഞാനുണ്ടെങ്കില്‍ ഹ്യൂമറിന് വേണ്ടി ഒരു പൊടിക്ക് എന്താണെന്ന് വെച്ചാല്‍ കയറ്റിയിട്ടോ എന്നാണ് പറയാറ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഒരു സാധാരണ ബാങ്ക് മാനേജര്‍ എങ്ങനെയാണോ, അങ്ങനെയുള്ള ഒരാള്‍. അയാള്‍ക്കല്‍പ്പം ഉയരക്കുറവുണ്ട് എന്നത് അയാളെ ഒന്നില്‍നിന്നും വിലക്കുന്നില്ല. ഇളയരാജയിലെ കഥാപാത്രത്തിലേക്കുള്ള ഒരു ലിങ്കായി വേണമെങ്കില്‍ ഈ കഥാപാത്രത്തെ കാണാം.
ജീവിതത്തിലെ ടേണിംഗ് പോയിന്റ്
കോളജില്‍ പഠിക്കുമ്പോ തന്നെ ചില സിനിമകളിലൊക്കെ അഭിനയിച്ചിരുന്നു. അതൊന്നും ഒരു ഹിറ്റ്, അല്ലെങ്കില്‍ വലിയ നടന്മാരുടെ കൂടെയുള്ള പടങ്ങളായിരുന്നില്ല. പഠനം തുടരണോ കലയില്‍ ശ്രദ്ധിക്കണോ എന്ന ചിന്ത വല്ലാതെ മനസ്സിനെ ബുദ്ധിമുട്ടിച്ചപ്പോള്‍ കല മതി എന്നായിരുന്നു മനസ്സ് ഉത്തരം തന്നത്. അങ്ങനെ ഞാന്‍ മിമിക്രി ട്രൂപ്പുകളിലെത്തി. ആദ്യം കോട്ടയം നസീറിന്റെ ട്രൂപ്പിലായിരുന്നു. അവിടെ നിന്നും ഒരു ഹിറ്റ് സിനിമയില്‍ അഭിനയിക്കുക എന്ന നമ്മുടെ ആഗ്രഹം നടക്കുന്നില്ല. അതിന് ശേഷം ഞാന്‍ നാദിര്‍ഷയുടെ ട്രൂപ്പില്‍ വന്നു. ദിലീപേട്ടനെ പരിചയപ്പെടുന്നതും, ജോക്കറില്‍ വേഷം കിട്ടുന്നതും അങ്ങനെയാണ്.
എന്റെ പടം ഒന്ന് പോസ്റ്ററുകളില്‍ വന്നത്, ചാനലുകളില്‍ പടത്തിന്റെ സീനുകള്‍ കാണിക്കുമ്പോള്‍ തേങ്ങാകുലയുമായി നില്‍ക്കുന്ന ഞാന്‍, ജോക്കറിലെ പാട്ടുസീനുകളില്‍ എല്ലാം, അതോടെ ഇങ്ങനെയൊരു നടനുണ്ടെന്ന് ആളുകള്‍ അറിഞ്ഞു തുടങ്ങുകയായിരുന്നു. അങ്ങനെ പിന്നെ ടിനി ടോം കൂട്ടുകെട്ടിലെ കോമഡി ഷോ, സവാരിഗിരിഗിരി, റേറ്റിംഗ് ചാര്‍ട്ടില്‍ അക്കാലത്തെ നമ്പര്‍ വണ്‍ ആയിരുന്നു.
പിന്നെ കോമഡി ഷോയില്‍ ജഡ്ജായി മാറുമ്പോള്‍
ആദ്യം എന്നെ ജഡ്ജായി വിളിച്ചപ്പോള്‍ ശരിക്കും പേടിയുണ്ടായിരുന്നു. ഞാനെന്ന ജഡ്ജ് എന്തു പറയും എന്നതില്‍. പിന്നെ എല്ലാവരും എന്റെ ജഡ്ജ്മെന്റില്‍ വിശ്വാസം പ്രകടിപ്പിച്ചു തുടങ്ങി. എന്റെ വിലയിരുത്തല്‍ കൃത്യമാണെന്നൊക്കെ ആളുകള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ആത്മവിശ്വാസം വന്നു. ഇപ്പോള്‍ ചെയ്യുന്ന കോമഡി ഉത്സവം ആണെങ്കില്‍, അത് സാധാരണക്കാര്‍ക്കുള്ള ഷോയാണ്. അതില്‍ വരുന്നവരെ മാക്സിമം പ്രോത്സാഹിപ്പിച്ച് വിടുക എന്നത് മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. കുറ്റവും കുറവുമില്ലാത്തവര്‍ ആരാണ്. ഇത് കൃത്യമായി തിരിച്ചറിയുന്ന വിധികര്‍ത്താക്കളാണ് ജനങ്ങള്‍. അവരാണ് ഞങ്ങളെയൊക്കെ പ്രോത്സാഹിപ്പിച്ച് വളര്‍ത്തി ഇതുവരെ എത്തിച്ചത്. അന്നത്തെ ഞങ്ങളെയൊക്കെക്കാളേറെ എന്തുകൊണ്ടും മികച്ചവരാണ് ഇന്ന് വരുന്ന പിള്ളേര്‍. അതുകൊണ്ടുതന്നെ അവരെ അങ്ങ് മാക്സിമം പ്രോത്സാഹിപ്പിക്കുക എന്നേയുള്ളൂ..
ആദ്യം എന്നെ ജഡ്ജായി വിളിച്ചപ്പോള്‍ ശരിക്കും പേടിയുണ്ടായിരുന്നു. ഞാനെന്ന ജഡ്ജ് എന്തു പറയും എന്നതില്‍. പിന്നെ എല്ലാവരും എന്റെ ജഡ്ജ്മെന്റില്‍ വിശ്വാസം പ്രകടിപ്പിച്ചു തുടങ്ങി. എന്റെ വിലയിരുത്തല്‍ കൃത്യമാണെന്നൊക്കെ ആളുകള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ആത്മവിശ്വാസം വന്നു
വൈകല്യം കലയ്ക്ക് തടസ്സമല്ലെന്ന് തെളിയിച്ചു കഴിഞ്ഞു
ശാരീരികമായും അല്ലാതെയുമുള്ള എന്തെങ്കിലും വൈകല്യങ്ങളാല്‍ പ്രതിസന്ധി അഭിമുഖീകരിച്ച്, ജീവിതം അവസാനിപ്പിക്കാനിരുന്നവര്‍, അവര്‍ക്കൊക്കെ ഞാന്‍ ഞാനുപോലുമറിയാതെ ഒരു ഇന്‍സ്പിരേഷനോ, മോട്ടിവേഷനോ, റോള്‍ മോഡലോ ആയി മാറുന്നു എന്ന് അറിയുന്നതില്‍ സന്തോഷിക്കുന്നുണ്ട്. നമ്മുടെ ഈ ജീവിതയാത്ര പാരലലായി മറ്റനേകം പേര്‍ക്ക് കൂടി മൂന്നോട്ട് നീങ്ങാനുള്ള കരുത്ത് നല്‍കുന്ന ആനന്ദം ചെറുതല്ല.
ഇന്ന് ഞങ്ങളെപ്പോലുള്ള ഒരാള്‍ക്ക് കിട്ടുന്ന സ്വീകാര്യത കൂടിയിട്ടുണ്ട്. സമൂഹം ഒരുപാട് മാറിയിട്ടുണ്ട്. പണ്ട് സ്ഥിരം സിനിമകളില്‍ കണ്ടുകൊണ്ടിരുന്ന ആളുകളെ കാണാനാണ് പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് ആ അവസ്ഥ മാറി. കഥാപാത്രത്തെയാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്. ജനം ഇന്ന് വ്യക്തികളുടെ കഴിവുകള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. അവിടെ അവരുടെ ശാരീരികമായ വൈകല്യമോ, ഭാഷയോ മറ്റ് ഘടകങ്ങളോ ജനം പരിഗണിക്കുന്നില്ല. അത് നമ്മുടെ സംസ്കാരത്തിന്റെ വളര്‍ച്ചയായി വേണം കരുതാന്‍. പണ്ട് എന്നെപ്പോലെയൊരാള്‍ ഒരു ജനക്കൂട്ടത്തിനിടയില്‍പെട്ടാല്‍ എന്നെ നോക്കി ആ ജനക്കൂട്ടം ചിരിക്കുമായിരുന്നു. ഇന്ന് കൊച്ചുകുട്ടികള്‍ പോലും ചിരിക്കില്ല. ഇങ്ങനെയുള്ളവരും സമൂഹത്തിന്റെ ഭാഗമാണെന്ന് അവരെയും പഠിപ്പിച്ചുതുടങ്ങി.
പണ്ട് എന്നെപ്പോലെയൊരാള്‍ ഒരു ജനക്കൂട്ടത്തിനിടയില്‍പെട്ടാല്‍ എന്നെ നോക്കി ആ ജനക്കൂട്ടം ചിരിക്കുമായിരുന്നു. ഇന്ന് കൊച്ചുകുട്ടികള്‍ പോലും ചിരിക്കില്ല. ഇങ്ങനെയുള്ളവരും സമൂഹത്തിന്റെ ഭാഗമാണെന്ന് അവരെയും പഠിപ്പിച്ചുതുടങ്ങി.
അമ്മ
അമ്മയില്‍ അംഗമാണ്. 10 വര്‍ഷമായിട്ടേയുള്ളൂ അംഗമായിട്ട്. കഴിഞ്ഞ ചില മീറ്റിംഗുകളില്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരുപാട് നല്ലനല്ലകാര്യങ്ങള്‍ അതിനകത്തുള്ള ആളുകള്‍ ചെയ്യുന്നുണ്ട്, അംഗങ്ങള്‍ക്ക് വേണ്ടി. അതിന് വേണ്ടിയാണ് അസോസിയേഷന്‍ രൂപീകരിച്ചത് തന്നെ. മുന്നോട്ടുവന്നുനിന്ന് അവരവരുടെ കാര്യങ്ങള്‍ പറയാനുള്ള ധൈര്യം ആര് കാണിച്ചാലും, അത്തരം ചര്‍ച്ചയ്ക്കുള്ള അവസരം സംഘടന കൊടുക്കാതിരുന്നിട്ടില്ല. ഡബ്ല്യൂസിസി രൂപീകരണത്തിന് മുമ്പ് അത്തരത്തിലുള്ള ഒരു ചര്‍ച്ചയ്ക്കും ആരും മുന്‍കൈ എടുത്തിട്ടില്ല. പലരും ഇങ്ങനെ ഒരു ഇഷ്യൂ വന്നപ്പോള്‍ സംസാരിച്ചു തുടങ്ങി എന്നല്ലാതെ, നേരത്തെ ഇത്തരം പ്രശ്നങ്ങളെകുറിച്ച് സംഘടനക്കുള്ളില്‍ സംസാരിക്കാന്‍ ആരും മുന്നോട്ടുവന്നിരുന്നില്ല. ഡബ്ല്യൂസിസി അമ്മയ്ക്ക് ബദലാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് അമ്മയുടെ ഒരു ശാഖമാത്രമാണ്. പെണ്‍കിളികള്‍ക്ക് ഒന്ന് കൂടിനില്‍ക്കാനും അവര്‍ക്ക് ചര്‍ച്ചചെയ്യാനുമുള്ള ഒരിടം. അങ്ങനെയാണ് ഞാനതിനെ മനസ്സിലാക്കുന്നത്. അവരില്‍ പലരും എന്‍റെ സുഹൃത്തുക്കളുമാണ്.
ഡബ്ല്യൂസിസി അമ്മയ്ക്ക് ബദലാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് അമ്മയുടെ ഒരു ശാഖമാത്രമാണ്. പെണ്‍കിളികള്‍ക്ക് ഒന്ന് കൂടിനില്‍ക്കാനും അവര്‍ക്ക് ചര്‍ച്ചചെയ്യാനുമുള്ള ഒരിടം.
നടി ആക്രമിക്കപ്പെട്ട സംഭവവും ദിലീപിന്റെ അറസ്റ്റും
എനിക്ക് ഒരു മോളുണ്ട്. പെണ്‍കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് അത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കട്ടെ. പക്ഷേ മറുഭാഗത്തുള്ളത് നിരപരാധിയാണ് എങ്കില്‍ അത് എങ്ങനെ തിരിച്ചെടുക്കും. എത്രയോ ഉന്നതരായ ആളുകള്‍ക്ക് നേരെ എന്തൊക്കെ ആരോപണങ്ങള്‍ വന്നു. അവരൊക്കെ ഫ്രീ ആയിട്ട് നില്ക്കുന്ന സമൂഹമല്ലേ ഇത്. ഇത് കോടതിയുടെ മുമ്പില്‍ നില്‍ക്കുന്ന കാര്യമാണ്. നിരപരാധിത്വം തെളിയിച്ച് അദ്ദേഹം തിരികെ വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
എത്രയോ ഉന്നതരായ ആളുകള്‍ക്ക് നേരെ എന്തൊക്കെ ആരോപണങ്ങള്‍ വന്നു. അവരൊക്കെ ഫ്രീ ആയിട്ട് നില്ക്കുന്ന സമൂഹമല്ലേ ഇത്. ഇത് കോടതിയുടെ മുമ്പില്‍ നില്‍ക്കുന്ന കാര്യമാണ്. നിരപരാധിത്വം തെളിയിച്ച് അദ്ദേഹം തിരികെ വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
എന്റെ വീട് വാടകയ്ക്ക് കൊടുത്ത് ഒരു കേസില്‍ മുമ്പ് ഞാനും കുടുങ്ങിയിട്ടുണ്ട്. അവരെന്റെ അച്ഛനെയും അമ്മയെയും വരെ തല്ലി. അവിടെ ഞാന്‍ സിനിമ നടനായതുകൊണ്ട്, ഇവനിപ്പോ പേരും പ്രശസ്തിയുമൊക്കെ ആയപ്പോള്‍ എന്തും ആകാം എന്നായി എന്നൊക്കെ ജനങ്ങള്‍ ഒരുനിമിഷം ചിന്തിച്ചിട്ടുണ്ടാകും. പക്ഷേ, കോടതിയുടെ വിധി എനിക്ക് അനുകൂലമായിരുന്നു.
ഒരു കലാകാരനെ സംബന്ധിച്ച് ജീവിതത്തില്‍ നല്ല അവസ്ഥയും മോശം അവസ്ഥയും വരും. മോശം അവസ്ഥ വരുമ്പോ ഒരുപാട് പേര് കല്ലെറിയും. നല്ല അവസ്ഥയില്‍ പൊക്കിയെടുത്ത് കൊണ്ടുനടക്കാന്‍ ഒരുപാട് പേര് കാണും. നിയമപരമായി അദ്ദേഹം അത് നേരിടട്ടെ. അല്ലാതെ ജഡ്ജ്മെന്റ് നടത്താനോ, കമന്‍റ് പറയാനോ വെറുതെ സമൂഹം മത്സരിക്കണോ.
അഭിമുഖങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നുണ്ടോ
ഉണ്ട്. രണ്ടു കാര്യങ്ങളാണ് അതിന് പിന്നില്‍. പലപ്പോഴും നമ്മള്‍ പറയുന്നത് പോലെയാകില്ല മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത് എന്നത് തന്നെയാണ് അതിന് പിന്നിലെ ഒന്നാമത്തെ കാരണം. രണ്ടാമത് വെറുതെ എന്തിന് ഞാനായിട്ട് എന്തിന് ഒരു വിവാദമുണ്ടാക്കണം. അറിയാതെ വായില്‍ നിന്നും വരുന്ന ഒരു വാക്കിന്റെ പേരിലാവും ഒരു വിവാദമുണ്ടാകുന്നത്. വിവാദത്തിന് തിരികൊളുത്തുന്നതും ആ വിവാദം മൂലം മറ്റുള്ളവര്‍ വിഷമിക്കുന്നതും വ്യക്തിപരമായി എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. ഞാന്‍ മൂലം ആര്‍ക്കെങ്കിലും വിഷമമുണ്ടാകുന്നത് എനിക്ക് താത്പര്യമില്ല.
രണ്ടുപക്ഷമുള്ള കാര്യങ്ങളില്‍ ചെന്ന് തലവെക്കുന്നത് നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയേ ഉള്ളൂ.. ഏതെങ്കിലും ഒരുപക്ഷം പിടിച്ച് സംസാരിക്കേണ്ടി വരിക എന്നത് ബുദ്ധിമുട്ടാണ്. അല്ലാതെ സമൂഹത്തിലെ പ്രശ്നങ്ങളില്‍ ഇടപെടാതെ മാറിനില്‍ക്കുന്ന ഒരാളല്ല ഞാന്‍. അവിടെ എനിക്ക് എന്റെ നിലപാട് പറയാം. എന്നാല്‍ രണ്ടുപക്ഷമുള്ള വിഷയങ്ങളില്‍ ഇടപെട്ടാല്‍ അതല്ല അവസ്ഥ. ഒരു പക്ഷത്തിന്റെ കൂടെ നില്‍ക്കുന്നത് മറുപക്ഷത്തിന് എതിര്‍പ്പുണ്ടാക്കുകയും, അവരോട് നമ്മള്‍ തര്‍ക്കിക്കേണ്ടി വരികയും ചെയ്യും. അതിനോട് എനിക്ക് താത്പര്യമില്ല... അതുകൊണ്ടുതന്നെയാണ് വിവാദ അഭിമുഖങ്ങള്‍ക്ക് പോയി തലവെച്ചു കൊടുക്കാത്തത്. വിഷയത്തില്‍ എനിക്ക് കൃത്യമായ നിലപാട് ഇല്ലാത്തതുകൊണ്ടല്ല, അത് തുറന്ന് പറയുന്പോള്‍ ഒരു പക്ഷം വേദനിക്കുമല്ലോ എന്നോര്‍ത്താണ്. പിന്നെ അതില്‍ വിശദീകരിച്ച് വിശദീകരിച്ച് നമ്മള്‍ പോകേണ്ടിവരും.
സമൂഹത്തിലെ പ്രശ്നങ്ങളില്‍ ഇടപെടാതെ മാറിനില്‍ക്കുന്ന ഒരാളല്ല ഞാന്‍. അവിടെ എനിക്ക് എന്റെ നിലപാട് പറയാം. എന്നാല്‍ രണ്ടുപക്ഷമുള്ള വിഷയങ്ങളില്‍ ഇടപെട്ടാല്‍ അതല്ല അവസ്ഥ. ഒരു പക്ഷത്തിന്റെ കൂടെ നില്‍ക്കുന്നത് മറുപക്ഷത്തിന് എതിര്‍പ്പുണ്ടാക്കുകയും, അവരോട് നമ്മള്‍ തര്‍ക്കിക്കേണ്ടി വരികയും ചെയ്യും
ഇതെന്റെ തിരിച്ചറിവാണ്. അല്ലാതെ അഭിമുഖങ്ങളില്‍ നിന്ന് ഒളിച്ചോടുകയോ, എനിക്ക് നിലപാടില്ലാഞ്ഞിട്ടോ ഒന്നുമല്ല. മറ്റൊന്ന് കൂടിയുണ്ട്, ഇനിയെന്തെങ്കിലും അഭിപ്രായം പറഞ്ഞാലോ, അവന് നിലപാടുണ്ട്, അവന്‍ അഭിപ്രായം പറഞ്ഞല്ലോ, എന്ന് ഒരുഭാഗം പറയുന്പോ, മറുഭാഗം പറയുന്നത് ഇവനാരെടാ ഇങ്ങനെയൊക്കെ പറയാന്‍ എന്നായിരിക്കും
അഭിമുഖങ്ങള്‍ ഒരു കലാകാരന്റെ പബ്ലിക് റിലേഷന്റെ ഭാഗമാണ്
അഭിമുഖങ്ങള്‍ക്ക് തലവെച്ചുകൊടുത്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നില്ല എന്നേയുള്ളൂ.. ഞാന്‍ നിരന്തരം ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്ന ആളാണ്. ഞാന്‍ കോമഡി ഷോയില്‍ പങ്കെടുക്കുന്നത്. നിരവധി സാധാരണക്കാര്‍ ഓരോ എപ്പിസോഡിലും പങ്കെടുക്കാന്‍ വരുന്നുണ്ട്. അവരില്‍ കാഴ്ചക്കാരായി മാത്രം വരുന്നവരുണ്ട്. അവരെന്നോട് അവിടെ വെച്ച് ഒരു ചോദ്യം ചോദിച്ചാല്‍ എനിക്ക് മറുപടി കൊടുത്തല്ലേ പറ്റൂ. ഉദ്ഘാടനങ്ങള്‍ക്ക് പോകാറുണ്ട്... അവിടെയും ജനങ്ങളെ കാണുന്നുണ്ട്. സംസാരിക്കുന്നുണ്ട്. ആളുകളുടെ ഇടയിലാണ് ഞാന്‍ ജീവിക്കുന്നത്. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ട്.
മിമിക്രി ആര്‍ടിസ്റ്റുകളുടെ അസോസിയേഷനുണ്ട്, മാ. കലാഭവന്‍ മണിയായിരുന്നു പ്രസിഡണ്ട്, ഇപ്പോ നാദിര്‍ഷയാണ്. ഞാന്‍ അതിന്റെ ട്രഷററാണ്. സ്റ്റേജ് ഷോകള്‍ മാത്രമായി അവസരം ഒതുങ്ങുന്ന കലാകരന്മാരുണ്ട്. അതും കഴിഞ്ഞ 30 വര്‍ഷമൊക്കെയായിട്ട്. അവരുടെ ക്ഷേമത്തിന് വേണ്ടിയുള്ള ഒരു സംഘടനയാണത്. അവര്‍ക്ക് ഇന്‍ഷൂറന്‍സ് മറ്റ് സഹായങ്ങള്‍ എല്ലാം ലഭ്യമാക്കുന്നുണ്ട്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയവരുടെ ഒരു കൂട്ടായ്മയുണ്ട്. കേരളത്തില്‍ നിന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കിട്ടിയവരുടെ അസോസിയേഷനാണത്. അതിന്റെ ചെയര്‍മാനാണ്. അതിന്റെ ബാനറിലും ഞങ്ങള്‍ ധാരാളം പൊതുപരിപാടികള്‍ ചെയ്യാറുണ്ട്. ലൈഫ് കെയര്‍ ഫൌണ്ടേഷന്‍ എന്നപേരില്‍ ഒരു ട്രെസ്റ്റുണ്ട്. അതിന്റെ ട്രെഷററാണ്. സെറിബ്രല്‍ പാര്‍സി ബാധിച്ച കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് അത്. ആ കുട്ടികളുടെ ചികിത്സയാണ് ട്രെസ്റ്റിന്റെ ലക്ഷ്യം.