മായക്കാഴ്ച്ചകളുമായി ‘ജിന്ന്’ വരുന്നു

നെറ്റ്ഫ്ലിക്സിന്റെ ആദ്യ അറബ് സീരിസ് അടുത്ത വര്‍ഷത്തോടെ പുറത്തിറങ്ങും

Update: 2018-08-14 16:08 GMT
Advertising

നെറ്റ്ഫ്ലിക്സിന്റെ ആദ്യ അറബ് സീരിസ് ജിന്ന് അടുത്ത വര്‍ഷത്തോടെ പുറത്തിറങ്ങും. സൂപ്പര്‍ നാച്ചുറല്‍ ശ്രേണിയില്‍ കഥ പറയുന്ന സിനിമ ആറ് എപ്പിസോഡുകളിലായാണ് എത്തുന്നത്. ലബനീസ് സംവിധായകന്‍ മിര്‍-ജീന്‍ ബോ ചായ ഒരുക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് എലന്‍ ദസ്സാനി, രാജീവ് ദസ്സാനി, അമിന്‍ മതലഖ എന്നിവരാണ്.

സുഹൃത്തുക്കളായ ഒരു കൂട്ടം കൗമാരക്കാര്‍ക്കിടയിലേക്ക് ആകസ്മികമായി വന്നു ചേരുന്ന ഒരു ജിന്നിനെ കേന്ദ്രീകരിച്ചാണ് സിനിമ പുരോഗമിക്കുന്നത്.

പശ്ചിമേഷ്യന്‍ യുവതയേയും, അവിടുത്തെ പ്രത്യേകമായ ജീവിത രീതിയേയും സംസ്‌ക്കാരത്തേയും ഉള്‍ക്കൊണ്ടുള്ള ഒരു സിനിമയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ലബനീസ് നടനും കൊമേഡിയനുമായ ആദില്‍ കറാമിന്റെ പ്രത്യേക സ്റ്റാന്റപ്പ് സീരിസിന് ശേഷം നെറ്റ്ഫ്ലിക്‌സ് പുറത്തിറക്കുന്ന രണ്ടാമത്തെയും, എന്നാല്‍ പൂര്‍ണ്ണമായും അറബിയില്‍ ചിത്രീകരിക്കുന്ന ആദ്യത്തേയും പരിപാടിയാണ് ‘ജിന്ന്’.

ചിത്രം തീര്‍ത്തും പുതിയൊരു അനുഭവമായിരിക്കുമെന്ന് സഹ എഴുത്തുക്കാരനും എക്‌സിക്ക്യൂട്ടീവ് പ്രൊഡ്യൂസറുമായ രാജിവ് ദസ്സാനി പറഞ്ഞു. അറബ് സംസ്‌ക്കാരവും ഇവിടങ്ങളിലെ യുവാക്കളുടെ ജീവിതവും സിനിമാ ലോകത്ത് വേണ്ട വിധം ചര്‍ച്ച ചെയ്യപ്പെടാത്തതാണന്നും ഈയൊരു കുറവ് നികത്താന്‍ പുതിയ അറബ് സീരിസിനാവുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News