ബട്ട്ലാ ഹൌസ് ഏറ്റുമുട്ടലിന്റെ കഥ പറയുന്ന ചിത്രവുമായി ജോണ്‍ എബ്രഹാം

നിഖില്‍ അധ്വാനി സംവിധാനം ചെയ്യുന്ന ‘ബട്ട്ല ഹൌസ്’ അടുത്ത വര്‍ഷത്തോടെ പുറത്തിറങ്ങും

Update: 2018-09-05 03:57 GMT
Advertising

കുപ്രസിദ്ധമായ 2008-ബട്ട്ല ഹൗസ് ഏറ്റുമുട്ടല്‍ ബോളിവുഡിലേക്ക്. ജോണ്‍ എബ്രഹാം പ്രധാന വേഷത്തില്‍ എത്തുന്ന ‘ബട്ട്ല ഹൌസ്’ സംവിധാനം ചെയ്തൊരുക്കുന്നത് നിഖില്‍ അധ്വാനിയാണ്. താരം തന്നെയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തു വിട്ടത്.

സലാം-എ-ഇഷ്ഖിനു ശേഷം ജോണ്‍ അബ്രഹാമും നിഖില്‍ അദ്വാനിയും ഒന്നിക്കുന്ന ചിത്രം അടുത്ത വര്‍ഷം ആഗസ്റ്റോടെ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. എന്‍കൗണ്ടറിനു നേതൃത്ത്വം നല്‍കി കുപ്രസിദ്ധി നേടിയ DCP സഞ്ജീവ് കുമാര്‍ യാദവായാണ് ജോൺ ചിത്രത്തില്‍ വേഷമിടുന്നത്. ഡല്‍ഹി, മുംബൈ, ജയ്പൂര്‍, നേപാള്‍ എന്നിടങ്ങളിലാണ് ലൊക്കേഷന്‍.

സെപ്തംബര്‍ 2008 നായിരുന്നു രാജ്യത്ത് വന്‍ കോളിളക്കം സൃഷ്ടിച്ച ബട്ട്ല ഹൌസ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളെന്നാരോപിച്ച് ഡല്‍ഹിയിലെ ബട്ടല ഹൌസില്‍ വെച്ച് രണ്ട് വിദ്യാര്‍ത്ഥികളെ ഡല്‍ഹി പൊലിസിലെ സ്പെഷ്യല്‍ സെല്‍ വിഭാഗം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏറ്റുമുട്ടലിന്റെ വിശ്വാസത ചോദ്യം ചെയ്ത് വ്യാപക പ്രതിഷേധമാണ് തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറിയത്.

'RAW: റോമിയോ അക്ബര്‍ വാള്‍ട്ടര്‍' ആണ് അടുത്തതായി പുറത്തിറങ്ങാനുള്ള ജോണ്‍ എബ്രഹാം ചിത്രം.

Tags:    

Similar News