‘അർജുൻ റെഡ്ഡി’ എത്തുന്നു... മലയാളത്തിലേക്ക്
ചിത്രം മലയാളത്തിലേക്ക് എത്തുമ്പോൾ വിജയ് ദേവരകൊണ്ടയുടെയും ശാലിനി പാണ്ഡെയുടെയും പ്രകടനത്തോട് കിടപിടിക്കുന്ന നായകനെയും നായികയെയും കണ്ടെത്തുക വെല്ലുവിളിയാകും
തെലുഗുവിൻ വൻ വിജയം നേടിയ അർജുൻ റെഡ്ഡി മലയാളത്തിലേക്ക് വരുന്നു. ‘ഇ ഫോർ എന്‍റർടെയിൻമെന്‍റ്സ്’ ആണ് അർജുൻ റെഡ്ഡിയുടെ മലയാളം പകർപ്പാവകാശവും മൊഴിമാറ്റ അവകാശവും സ്വന്തമാക്കിയത്.
വിജയ് ദേവരകൊണ്ട എന്ന നടനെ ലോകം അറിഞ്ഞ ചിത്രം ആയിരുന്നു അർജുൻ റെഡ്ഡി. ഇൗ അവസരത്തിലാണ് അർജുൻ റെഡ്ഡി മലയാളത്തിലേക്ക് എത്തുന്നത്. ‘ഇ ഫോർ എന്‍റർടെയിൻമെന്‍റി’’ന്‍റെ മേധാവി മുകേഷ് ആർ. മേത്തയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഗപ്പി, ഗോദ, എസ്ര തുടങ്ങിയ സിനിമകൾ ഒരുക്കിയ നിർമാണ കമ്പനിയാണ് ‘ഇ ഫോർ എന്‍റർടെയിൻമെന്റ്’. സിനിമയുടെ റീമേക്ക് മലയാളത്തിൽ എത്തുകയാണെങ്കിൽ അർജുൻ റെഡ്ഡിയായി ആര് വരും എന്ന ചർച്ചകളാണ് സജീവമായിരിക്കുന്നത്. ബോളീവുഡിൽ റീമേക്ക് ചെയ്യുന്ന അർജുൻ റെഡ്ഡിയിൽ ഷാഹിദ് കപൂർ ആണ് നായകൻ.
കഴിഞ്ഞവർഷം ആഗസ്റ്റിലായിരുന്നു അർജുൻ റെഡ്ഡിയുടെ റിലീസ്. മെഡിക്കൽ വിദ്യാർഥികൾ തമ്മിലുള്ള പ്രണയം ദൃശ്യവത്ക്കരിച്ച സിനിമ ദക്ഷിണേന്ത്യയിലാകെ വൻ വിജയം നേടിയിരുന്നു. അഞ്ച് കോടി മുടക്കി നിർമിച്ച സിനിമ അൻപത് കോടിയിലേറെയാണ് കളക്ഷൻ നേടിയത്.
വിജയ് ദേവരകൊണ്ടയുടെയും ശാലിനി പാണ്ഡെയുടെയും കെമിസ്ട്രിയായിരുന്നു സിനിമയുടെ വിജയഘടകം. സിനിമാപ്രേമികളെല്ലാം നെഞ്ചിലേറ്റിയ അർജുൻ റെഡ്ഡി മലയാളത്തിലേക്ക് എത്തുമ്പോൾ ഇവരോട് കിടപിടിക്കുന്ന നായകനെയും നായികയെയും കണ്ടെത്തേണ്ടി വരും. ഇതാകും നിർമാതാക്കൾക്ക് മുൻപിലെ പ്രധാന വെല്ലുവിളിയും.