അമേരിക്കന്‍ മലയാളികള്‍ ‘അവര്‍ക്കൊപ്പം’
സൂപ്പര്‍ഹിറ്റ് എന്നൊന്നും അവകാശപ്പെടുന്നില്ലെങ്കിലും പ്രതികൂല കാലാവസ്ഥയിലും ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലുമൊക്കെ ഏറെ സാമൂഹിക പ്രതിബദ്ധതയുള്ള ഈ ചിത്രം നിറഞ്ഞ സദസുകളില്‍ കൈയ്യടി നേടി.
ഗണേഷ് നായരും സംഘവും അതീവ ആഹ്ലാദത്തിലാണ്. വന്‍ താരമൂല്യമുള്ളവരോ വലിയ പ്രഫഷ്ണല്‍ താരങ്ങളോ ഇല്ലാതെ അമേരിക്കയില്‍ നിന്നുള്ള സാധാരണക്കാരായ അഭിനേതാക്കളെ വച്ച് പൂര്‍ണ്ണമായും അമേരിക്കയില്‍ നിര്‍മ്മിച്ച 'അവര്‍ക്കൊപ്പം' എന്ന തന്റെ ആദ്യ സിനിമ നിറഞ്ഞ സദസുകളില്‍ രണ്ടാമത്തെ വാരം പിന്നിട്ടതിന്റെ ആഹ്ലാദത്തിലാണ് ഗണേഷ് നായര്‍.
സൂപ്പര്‍ഹിറ്റ് എന്നൊന്നും അവകാശപ്പെടുന്നില്ലെങ്കിലും പ്രതികൂല കാലാവസ്ഥയിലും ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലുമൊക്കെ ഏറെ സാമൂഹിക പ്രതിബദ്ധതയുള്ള ഈ ചിത്രം നിറഞ്ഞ സദസുകളില്‍ കൈയ്യടി നേടി. ചിത്രത്തിന്റെ സാമ്പത്തിക വിജയം തീരുമാനിക്കാറായിട്ടില്ലെങ്കിലും ഗണേഷ് നായര്‍ എന്ന അമേരിക്കന്‍ സംവിധായകന്റെ രാശി തെളിഞ്ഞു വരികയാണെന്നും വേണമെങ്കില്‍ പറയാം. കാരണം ഈ അമേരിക്കന്‍ മലയാളി ഏറ്റെടുത്ത വെല്ലുവിളി ചെറുതൊന്നുമല്ല. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം പൂര്‍ത്തിയായ ഈ ചിത്രം പല കാരണങ്ങളാല്‍ പ്രദര്‍ശനം നീണ്ടുപോകുകയായിരുന്നു.
ഇതിനുമുമ്പ് ഇത്തരത്തില്‍ 'റിസ്‌ക്' എടുത്ത് ചിത്രീകരിച്ചിട്ടുള്ള വിദേശ മലയാള ചിത്രങ്ങളെല്ലാം തന്നെ പെട്ടിയില്‍ ഇപ്പോഴും ഉറക്കമാണ്. എന്നാല്‍ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചു കഴിഞ്ഞയാഴ്ച പ്രദര്‍ശനത്തിനിറങ്ങിയ ചിത്രം പിന്നണി പ്രവര്‍ത്തകരെ പോലും അമ്പരിപ്പിച്ചുകൊണ്ട് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സ്വന്തം നാട്ടുകാര്‍ അഭിനയിച്ച പടം കാണാമെന്നു വിചാരിച്ചുകൊണ്ടുവന്ന പ്രേക്ഷകരല്ല മറിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയം- അതായിരുന്നു ഈ സിനിമയുടെ വിജയം. അമേരിക്കയില്‍ ഒരു സിനിമ രണ്ടാഴ്ചയില്‍ കൂടുതല്‍ ഓടുക എന്നു പറഞ്ഞാല്‍ ചിത്രം വിജയിച്ചു എന്നുതന്നെ പറയാം.
ശ്രദ്ധ, സ്നേഹം, സാമീപ്യം അഥവാ ടെന്‍ഡര്‍ ലവിംഗ് കെയര്‍ (TLC ) എന്നീ മൂന്നു ഘടകങ്ങളിലൂടെ ഇത്തരക്കാരെ സാധാരണ ജീവിതത്തിലേക്കു മടക്കി കൊണ്ടുവരാന്‍ കഴിയുമെന്ന് യഥാര്‍ത്ഥ ജീവിതത്തിലെ സാക്ഷ്യപ്പെടുത്തലുകള്‍ നേരില്‍ കണ്ടനുഭവിച്ചെഴുതിയ തിരക്കഥ അതുല്യമായ സംവിധാന മികവിലൂടെ വ്യക്തമാക്കുന്നു.
ഏതാണ്ട് ഒരു വര്‍ഷം നീണ്ടു നിന്ന ചിത്രീകരണത്തില്‍ അമേരിക്കയിലെ എല്ലാ കാലാവസ്ഥ സീസണുകളിലെയും സീനുകള്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതും ചിത്രത്തിന്റെ മറ്റൊരു മേന്മയാണ്. അമേരിക്കയില്‍ വിവിധ തുറകളില്‍ ജോലി ചെയ്യുന്ന പ്രമുഖരുടെ നിരയാണ് ഈ ചിത്രത്തിന്റെ പിന്നണിയിലും അഭ്രപാളികളിലുമുള്ളത്. പി.ടി.എസ്.ഡി.യുടെ ന്യൂനതകളെക്കുറിച്ചും അതിലൂടെ സമൂഹം അഭിമുഖീകരിക്കുന്ന വിഷയങ്ങളെക്കുറിച്ചും ഒരുപാട് കാര്യങ്ങള്‍ ഈ സിനിമയിലൂടെ വരച്ചുകാട്ടാന്‍ സംവിധായകനു കഴിഞ്ഞു.
പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (പി.ടി.എസ്.ഡി) ചിത്രീകരിക്കുന്ന സാമൂഹിക പ്രതബദ്ധതയുള്ള ഈ ചിത്രം നിര്‍മ്മിക്കാന്‍ തിരക്കഥാകൃത്തും സംവിധായകനുമായ ഗണേഷ് നായര്‍ ഏറെ ഗവേഷണം നടത്തിയാണു മികച്ചൊരു കഥ തയാറാക്കിയത്. അപകടങ്ങളിലോ യുദ്ധത്തിലോ മറ്റോ പരിക്കേറ്റ് അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കു അവരുടെ ചികിത്സാ കാലത്തിനു ശേഷമുണ്ടാകുന്ന മാനസികമായ ദുരവസ്ഥയാണ് പി.ടി.എസ്.ഡി. എന്ന രോഗാവസ്ഥ. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയ നിരവധി പേരുടെയും അവരുടെ കുടുംബാംഗങ്ങളിലും കടന്നു ചെന്ന് ദിവസങ്ങളോളം അവരുമായി സംസാരിച്ച് വിഷയത്തില്‍ ആധികാരികമായ അറിവുനേടുകയും ഇത്തരം അവസ്ഥയ്ക്ക് ഫലപ്രദമായ ചികിത്സയെന്തെന്ന് മനസിലാക്കുകയും ചെയ്ത ശേഷം കഥ എഴുതിയതിനാലാണ് ഏറെ അനായാസമായി ഈ ചിത്രമൊരുക്കുവാൻ ഗണേഷ് നായർക്കു കഴിഞ്ഞത്. അജിത്ത് നായരുടേതാണ് തിരക്കഥ. ഗണേഷ് നായർ സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഷാജന്‍ ജോര്‍ജ്, ശ്രീ പ്രവീണ്‍ എന്നിവർ സഹസംവിധായകര്‍ ആയിരുന്നു.
അഭിനയത്തേക്കാളുപരി പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ചിത്രീകരിക്കുകയെന്ന സംവിധായകന്റെ ആത്മാര്‍ത്ഥത സിനിമയിലുടനീളം ചിത്രീകരിക്കാന്‍ ഫോട്ടോഗ്രാഫി ഡയറക്ടർ ആയിരുന്ന മനോജ് നമ്പ്യാർക്കും സംഘത്തിനും കഴിഞ്ഞു.
നല്ല മികച്ച അഞ്ച് ഗാനങ്ങളാണ് 'അവര്‍ക്കൊപ്പം' ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. നിഷികാന്ത് ഗോപി, അജിത്ത് നായര്‍ (അമേരിക്ക) അവിനാശ് നായർ എന്നിവര്‍ എഴുതിയ വരികള്‍ക്ക് സംഗീത സംവിധായകന്‍ ഗിരിഷ് സൂര്യ നാരായണനാണ് ഈണം പകര്‍ന്നത്. പ്രശസ്ത പിന്നണി ഗായകരായ ബിജു നാരായണൻ, ജോസ്‌ന, ജാസി ഗിഫ്റ്റ്, നജീം ഹർഷദ , ബിന്നി കൃഷ്ണകുമാര്‍, കാര്‍ത്തിക ഷാജി (വാഷിംഗ്ടണ്‍ ഡി.സി.) എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ഇതിനകം യൂട്യൂബില്‍ വൻ ഹിറ്റായി കഴിഞ്ഞു.
ആഗോള റിലീസ് ആയി സെപ്തംബര്‍ 20ന് പ്രദര്‍ശനത്തിനിറങ്ങിയ ചിത്രം അമേരിക്കയില്‍ ആദ്യം ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, എന്നിവിടങ്ങളിലാണ് റിലീസ് ചെയ്തത്. മൂന്നാം വാരം സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ സാന്‍ഹൊസൈയിലും, ഫിനിക്സിലും, അറ്റ്‍ലാന്റയിലും ഡിട്രോയിറ്റിലും പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്ന ഈ ചിത്രം അതേവാരം കാനഡയിലെ ടൊറോന്റോയിലും പ്രദര്‍ശിപ്പിക്കാനുള്ള അണിയറ ശ്രമങ്ങള്‍ നടന്നുവരികയാണ്. വൈകാതെ ആസ്ട്രേലിയ, യു.കെ., മലേഷ്യ, സിംഗപ്പൂര്‍ എന്നിവടങ്ങളിലും പ്രദര്‍ശനം നടത്തുവാനുള്ള തയ്യാറെടുപ്പുകളും നടന്നുവരുന്നു. ഈ ചിത്രം എല്ലായിടങ്ങളിലും ഒരേ സമയം പ്രദര്‍ശനം നടത്താനിരുന്നതാണെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല.
ഒക്ടോബര്‍ അഞ്ചിനാണ് കേരളത്തില്‍ ചിത്രം റിലീസ് ആകുന്നത്. അതേസമയം മിഡില്‍ ഈസ്റ്റില്‍ ദുബൈ, അബുദാബി, ബഹ്റൈന്‍, ദോഹ എന്നിവടങ്ങിലും റിലീസ് ചെയ്യും. ത്രിപ്പാടി ക്രിയേഷന്റെ ബാനറില്‍ ഹാപ്പി റുബീസ് സിനിമാസ് റിലീസ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത്.