പരിയെരും പെരുമാള്‍: ഇന്ത്യന്‍ സിനിമയുടെ മറ്റൊരു പൊന്‍ തൂവല്‍ -റിവ്യു വായിക്കാം
സിനിമ വിനോദത്തിന് മാത്രമുള്ള ഒരു കലയല്ല, മറിച്ച്, സാമൂഹിക-രാഷ്ട്രീയ അനാചാരങ്ങളെ ചോദ്യം ചെയ്യുന്ന ഒരു ആയുധം കൂടിയാണ് എന്ന് മറന്ന് പോയവര്‍ക്കായുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പരിയെരും പെരുമാള്‍
ജാതി മത വിവേചനങ്ങള്‍ മാനുഷികതയെക്കാള്‍ വലുതല്ല. ഇതാണ് പരിയെരും പെരുമാള്‍. സിനിമ വിനോദത്തിന് മാത്രമുള്ള ഒരു കലയല്ല, മറിച്ച്, സാമൂഹിക-രാഷ്ട്രീയ അനാചാരങ്ങളെ ചോദ്യം ചെയ്യുന്ന ഒരു ആയുധം കൂടിയാണ് എന്ന് മറന്ന് പോയവര്‍ക്കായുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പരിയെരും പെരുമാള്‍. സമൂഹത്തില്‍ നില നില്‍ക്കുന്ന ജാതി-വര്‍ണ്ണ വിവേചനങ്ങള്‍ക്കെതിരെ ശക്തമായി ശബ്ദ മുയര്‍ത്തുന്ന സിനിമ പരിയെരും പെരുമാള്‍ എന്ന യുവാവിനെ ചുറ്റി പറ്റിയുള്ളതാണ്. താഴ്ന്ന ജാതിയില്‍ പെട്ട പ്രധാന കഥാപാത്രമായ യുവാവിന് കുതിരയുടെ മുകളില്‍ കയറി വരുന്ന ദൈവം അഥവാ പരിയെരും പെരുമാള്‍ എന്ന പേര് നല്‍കുന്നതിലൂടെ സമത്വമെന്ന ആശയം സംവിധായകന്‍ മാരി സെല്‍വരാജ് പ്രേക്ഷകരിലേക്കെത്തിക്കുന്നു.
സിനിമ ആരംഭിക്കുന്നത് രണ്ട് കൊലപാതകങ്ങളിലൂടെയാണ്. ഒരിടത്ത് മരിക്കുന്നത് മനുഷ്യനാണെങ്കില്‍ മറ്റൊരിടത്ത് ഒരു നായയാണ്. താഴ്ന്ന ജാതിക്കാരനായ പരിയന്‍റെ (പരിയെരും പെരുമാള്‍) നായയെ ഉയര്‍ന്ന ജാതിയില്‍ പെട്ട കുറച്ച് പേര്‍ ചെര്‍ന്ന് കൊല്ലുന്നത് ട്രെയിന്‍ പാളത്തില്‍ കെട്ടിയിട്ടാണ്. കറുപ്പി എന്ന നായ ആദ്യ സീനില്‍ തന്നെ മരിക്കുമെങ്കിലും അവസാന ഷോട്ട് വരെ കറുപ്പി ഒരു ചോദ്യ ചിഹ്നമായി പ്രേക്ഷകന്‍റെ മനസ്സില്‍ അവശേഷിക്കും. തമിഴ് നാട്ടിലെ താഴ്ന്ന ജാതിയില്‍ പെട്ട ഒരു വിഭാഗം അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളും ആക്ഷേപണങ്ങളും തരണം ചെയ്ത് ആ വിഭാഗത്തിലെ ഒരു യുവാവിന്‍റെ മുന്നേറ്റമാണ് സിനിമയുടെ ഇതിവൃത്തം.
പുളിയംകുളം എന്ന മധുരയിലെ ഉള്‍നാടന്‍ ഗ്രാമവാസിയായ പരിയന് തിരുനല്‍വേലി ലോ കോളേജില്‍ പഠിക്കാന്‍ അവസരം ലഭിക്കുന്നു. പല ജാതികളില്‍ പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന പരിയന് ഉയര്‍ന്ന ജാതിയില്‍ പെട്ട ആനന്ദ്, ജ്യോതി മഹാലക്ഷമി എന്നിവരെ സുഹൃത്തുക്കളായി ലഭിക്കുന്നു. ഉയര്‍ന്ന ജാതിയില്‍ പെട്ട ഒരു പെണ്‍ കുട്ടി ആയതിനാല്‍ പരിയനുമായുള്ള അവളുടെ ബന്ധത്തില്‍ നിന്നാണ് കഥയുടെ ഗതി മാറുന്നത്. പക്ഷെ, ഒരു പ്രണയത്തിലേക്കോ , അവര്‍ തമ്മിലുള്ള ബന്ധത്തിലൊതുങ്ങി മാത്രമോ പരിയെരും പെരുമാളിന്‍റെ തിരക്കഥ ഒതുങ്ങി പോയില്ല. മറിച്ച് പല തലങ്ങളിലേക്ക് അത് സിനിമയെ ചെന്നെത്തിച്ചു. താഴ്ന്ന ജാതിയില്‍ പെട്ടവര്‍ക്കും മറ്റാരെയും പോലെ ഈ മണ്ണില്‍ ജീവിക്കാന്‍ അവകാശമുണ്ട് എന്ന് സിനിമ ഓരോ സീനിലും എടുത്ത് പറഞ്ഞു. നായകനായി കതിര്‍, പരിയന്‍റെ സുഹൃത്തായി വേഷമിട്ട യോഗി ബാബു എന്നിവര്‍ കരിയറിലെ മികച്ച പ്രകടങ്ങള്‍ തന്നെയാണ് കാഴ്ച വച്ചത്.
കഥാപാത്ര നിര്‍മ്മിതിയില്‍ കഥാകാരന്‍ പുലര്‍ത്തിയ സൂക്ഷമത പ്രശംസനീയമാണ്. തമിഴ് സിനിമ ഇത് വരെ കണ്ടിട്ടില്ലാത്തത്ര ക്രൂരനായ ഒരു വില്ലന്‍. ഗുണ്ടാ സംഘങ്ങളും വീര്യം ചൊടിക്കുന്ന സംഭാഷണങ്ങളും ഒന്നുമില്ലാതെ തന്നെ പേടിപ്പെടുത്തുന്ന വില്ലന്‍. എടുത്ത് പറയേണ്ട വേറെ രണ്ട് കഥാപാത്രങ്ങളുണ്ട് പരിയെരും പെരുമാളില്‍. ആദ്യ സീനില്‍ തന്നെ മരിച്ച് പോകുന്ന കറുപ്പി എന്ന നായ. അവസാന സീനുകളില്‍ സാനിധ്യമറിയിക്കുന്ന പരിയന്‍റെ അച്ഛന്‍. ഇവര്‍ രണ്ട് പേരും മറ്റേത് കഥാപാത്രത്തെക്കാളും പ്രേക്ഷകനെ വേട്ടയാടും. അച്ഛന്‍ മാനഭംഗപ്പെട്ട് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ദേഷ്യപ്പെടുന്ന പരിയനോട് ഇതാദ്യമായല്ല അച്ഛന് ഇങ്ങിനെ സംഭവിക്കുന്നത് എന്ന് പറയുന്നതിലൂടെ ഇതാദ്യമായല്ല ആ സമൂഹം അടിച്ചമര്‍ത്തപ്പെടുന്നത് എന്ന് സംവിധായകന്‍ പറയാതെ പറയുന്നു.
നീ ഭാഗ്യം ചെയ്തവളാണ്, നിനക്ക് ഇഷ്ടമുള്ള സമയത്ത് എന്തും വിളിച്ച് പറയാനുള്ള സ്വാതന്ത്യം നിനക്കുണ്ടല്ലോ എന്ന് നായികയോട് പരിയന്‍ ചോദിക്കുന്നത് വായ മൂടി കെട്ടിയ ദളിത് സമൂഹത്തിന്‍റെ പ്രതിനിധിയായാണ്. അച്ഛന്‍ ആരെന്ന് പറയാന്‍ ആദ്യമൊക്കെ മടിച്ച് നിന്ന പരിയന്‍ സ്വന്തം അച്ഛനെ അഭിമാനത്തോടെ ഏവര്‍ക്കും പരിചയപ്പെടുത്തുന്നതിലൂടെ മറച്ച് വെക്കേണ്ടതില്ലാത്ത വ്യക്തിത്വമാണ് ഓരോരുത്തര്‍ക്കുമുള്ളത് എന്ന് പരിയന്‍ വ്യക്തമാക്കുന്നു. അവസാന സീനില്‍ മാറ്റങ്ങള്‍ എങ്ങിനെ സംഭവിക്കണമെന്നതിനെക്കുറിച്ച് പറഞ്ഞ് ഒരേ അളവില്‍ ബാക്കി വച്ച പാല്‍ ചായ ഗ്ലാസും കട്ടന്‍ ചായ ഗ്ലാസും ഫ്രെയിമില്‍ കാണിക്കുന്നതിലൂടെ വിവേചനത്തിനെതിരെ ഉയരുന്ന ശബ്ദ മായി പരിയെരും പെരുമാള്‍ മാറുന്നു. ഇങ്ങിനെ ഓരോ സീനിലും രാജ്യത്തെ ദളിത് രാഷ്ട്രീയത്തിന്‍റെ സാധ്യതകളും സത്യാവസ്ഥയും വരച്ച് കാട്ടുകയാണ് ഈ മനോഹര ചിത്രം.
പരിയന് ജാതിയോടുള്ള സമീപനം, പരിയന് സഹജീവികളോടുള്ള സമീപനം, പരിയന് ഭാവിയോടുള്ള സമീപനം. ഇതിലൂടെ മനോഹരമായ ഒരു കഥ പറയുകയാണ് പരിയെരും പെരുമാള്‍. മാരി സെല്‍വരാജ് ഇന്ത്യന്‍ സിനിമക്ക് അണിയിച്ച ഒരു പൊന്‍ തൂവലാണ് ഈ ചിത്രം. സംവിധായകനായ പാ. രഞ്ജിത്ത് നിര്‍മ്മിച്ച ഈ സിനിമയിലെ ഓരോ വിഭാഗങ്ങളിലെ പ്രകടനവും മികച്ച് നില്‍ക്കുന്നതിനാല്‍ ഓരോന്നും എടുത്ത് പറയുന്നതിനേക്കാള്‍ 'മികച്ച സിനിമ' എന്ന് ഒറ്റ വാക്കില്‍ പറയുന്നതാവും ശരി.