ഒരു സീരീസും എട്ട് സിനിമകളും; ഇന്ത്യന്‍ സിനിമ വിപണി പിടിച്ചടക്കാന്‍ നെറ്റ്ഫ്ലിക്സ്
എട്ട് പുതിയ ഇന്ത്യന്‍ സിനിമകളുടെ അറിയിപ്പുകളും നെറ്റ്ഫ്ലിക്സ് നടത്തി
വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ഓണ്‍ലൈന്‍ സിനിമ മേഘലയില്‍ ഒരു സ്ഥാനം കൈവരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ലസ്റ്റ് സ്റ്റോറീസ്, ഗൌള്‍, സേക്രഡ് ഗെയിംസ് എന്നിവയുടെ വിജയത്തിന് ശേഷം വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് ഇവര്‍. റിഷി കപൂറിന്‍റെ നെറ്റ്ഫ്ലിക്സ് സിനിമയായ രാജ്മ ചവാലിന്‍റെ ടീസര്‍, അരവിന്ദ് അഡിഗയുടെ പുസ്തകമായ സെലക്ഷന്‍ ഡേയെ മുന്‍നിര്‍ത്തി നിര്‍മ്മിക്കുന്ന സിനിമയുടെ ടീസര്‍ ട്രൈലര്‍ ഉള്‍പ്പടെ പല പുതിയ പ്രൊജക്ടുകളുടെയും അറിയിപ്പുകള്‍ നെറ്റ്ഫ്ലിക്സ് പുറത്ത് വിട്ടു. രാജ്മ ചവാല്‍ നവംബര്‍ 30 മുതല്‍ സ്ട്രീം ചെയ്യും.
കണിശക്കാരനായ ഒരു അച്ഛന്‍റെ കീഴില്‍ വളരുന്ന രണ്ട് സഹോദരങ്ങളുടെ കഥയാണ് സെലക്ഷന്‍ ഡേ പറയുന്നത്. പുതിയ ഹൊറര്‍ സീരീസായ ടൈപ്റൈറ്ററിന്‍റെ പ്രഖ്യാപനവും നെറ്റ്ഫ്ലിക്സ് നടത്തി. നിഘൂഡതകള്‍ ഒളിഞ്ഞിരിക്കുന്ന ഒരു വീടും ആ വീട്ടിലെ ഒരു പുസ്തകവും ആസ്പദമാക്കി മുന്നോട്ട് പോകുന്ന സീരീസിന്‍റെ ഷൂട്ടിങ്ങ് ഗോവയില്‍ പുരോഗമിക്കുകയാണ്.
എട്ട് പുതിയ ഇന്ത്യന്‍ സിനിമകളുടെ അറിയിപ്പുകളും നെറ്റ്ഫ്ലിക്സ് നടത്തി. മിതാലി പാര്‍ക്കര്‍, അഭയ് ഡിയോള്‍, വിജയ് റാസ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചോപ്സ്റ്റിക്ക്, അത്മവിശ്വാസമില്ലാത്ത ഒരു പെണ്‍കുട്ടി ഒരാളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തന്‍റെ കളഞ്ഞ് പോയ കാര്‍ മുംബൈയിലെ ഒരു ഗ്യാങ്സ്റ്ററിന്‍റെ കയ്യില്‍ നിന്നും വീണ്ടെടുക്കുന്നതിന്‍റെ കഥയാണ്.
അനുഷ്ക ശര്‍മ്മയുടെ ക്ലീന്‍ സ്റ്റേറ്റ് ഫിലിംസ് നിര്‍മ്മിക്കുന്ന ബുല്‍ബുല്‍ കാലഘട്ടത്തിന്‍റെ കഥയാണ് പറയുന്നത്. പ്രിയങ്ക ചോപ്ര നിര്‍മ്മിക്കുന്ന ഫയര്‍ബ്രാന്‍റ്, ലൈംഗിക പീഡനത്തിനിരയായ ഒരു വക്കീലായ പെണ്‍കുട്ടി തന്‍റെ കല്യാണത്തില്‍ വരുന്ന പ്രശ്നങ്ങളെ എങ്ങിനെ നേരിടുന്നു എന്ന കഥ പറയുന്നു. മാധുരി ധീക്ഷിത്ത് നിര്‍മ്മിക്കുന്ന മറാത്തി സിനിമയായ ഫിഫ്റ്റീന്‍ത്ത് ആഗസ്ത്തും റിലീസിനൊരുങ്ങുകയാണ്. സഹോദരനും സഹോദരിയും ഒരാളില്‍ തന്നെ പ്രണയത്തിലേര്‍പ്പെടുന്ന കഥ പറയുന്ന സച്ചിന്‍ കുണ്ടല്‍ക്കറിന്‍റെ നോവലാണ് കൊബാള്‍ട്ട് ബ്ലു. ഇതിനെ ആസ്പദമാക്കി മറാത്തിയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നതും സച്ചിന്‍ തന്നെയാണ്.
ദേവ് പട്ടേല്‍, അര്‍മി ഹാമ്മര്‍, അനുപം ഖേര്‍, ജേസണ്‍ എെസക്ക് എന്നിവര്‍ അണിനിരക്കുന്ന ചിത്രമാണ് ഹോട്ടല്‍ മുംബൈ. 2008ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ രക്ഷപ്പെട്ടവരുടെ കഥയാണ് സിനിമ പറയുന്നത്.
മാനവ് കൌള്‍ പ്രധാന വേഷത്തിലെത്തുന്ന മ്യൂസിക്ക് ടീച്ചര്‍, ഉദയ് സിങ് പവാറിന്‍റെ അപ്സ്റ്റാര്‍ട്ട്സ്, ബാഹുബലി സീരീസിന്‍റെ തുടര്‍ച്ചയെന്നോണമുള്ള ബാഹുബലി: ബിഫോര്‍ ദ ബിഗിനിങ്, ദീപ മേഹ്ത്തയുടെ സീരീസായ ലൈല എന്നിങ്ങനെ നിരവധി പുതിയ പ്രോജക്ടുകള്‍ക്കാണ് നെറ്റ്ഫ്ലിക്സ് തുടക്കമിടുന്നത്.