മാവോയിസ്റ്റുകളുമായി സര്‍ക്കാര്‍ സമാധാന ചര്‍ച്ചക്ക് തുടക്കമിടണമെന്ന് സുപ്രിംകോടതി
2011 ലെ സംഭവത്തിന്റെ ഉത്തരവദിത്വം പൊലീസിനും സാല്‍വജൂദ് പ്രവര്‍ത്തകര്‍ക്കുമാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.
മാവോയിസ്റ്റുകളുമായി സര്‍ക്കാര്‍ സമാധാന ചര്‍ച്ചക്ക് തുടക്കമിടണമെന്ന് സുപ്രിംകോടതി. 2011 ല്‍ ചത്തീസ്‍ഗഡിലെ മൂന്ന് ഗ്രാമങ്ങള്‍ അഗ്നിക്കിരയായതുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം. 2011 ലെ സംഭവത്തിന്റെ ഉത്തരവദിത്വം പൊലീസിനും സാല്‍വജൂദ് പ്രവര്‍ത്തകര്‍ക്കുമാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.
2011 മാര്‍ച്ച് 26 നാണ് ചത്തിസ്‍ഗഡിലെ സുഗ്മ ജില്ലയില്‍ താദ്‌മെല്‍ത്ത, മോര്‍പ്പല്ലി, തിംമ്പുര എന്നീ ഗ്രാമത്തിലെ 160 ഭവനങ്ങള്‍ അഗ്നിക്കിരയായത്. മാവോയിസ്റ്റ് ആക്രമണം എന്ന് വിലയിരുത്തിയിരുന്ന ഈ സംഭവം പൊലീസ് ഓപ്പറേഷനിടെയാണ് നടന്നതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയുടെ നിര്‍ണായക നിര്‍ദ്ദേശം. ജസ്റ്റിസ് മഥന്‍ ബി ലോഗൂര്‍, ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരുടെ ബഞ്ചിന്റെതാണ് നിര്‍ദ്ദേശം. കൊലപാതകം, ലൈംഗിക പീഡനം തുടങ്ങി ചത്തിസ്‍ഗഡില്‍ മാവോയിസ്റ്റുകളുടെ പേരില്‍ നടന്ന അക്രമങ്ങള്‍ കുറ്റക്കാരെ കണ്ടെത്താനാകുന്നില്ലെങ്കില്‍ ഇരകള്‍ക്ക് സിആര്‍പിസി 357 എ വകുപ്പ് പ്രകാരം നഷ്ട പരിഹാരം നല്‍കണമെന്നും കോടതി വ്യക്തമാക്കി. ചത്തിസ്‍ഗഡജിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പൊലീസ് നടപടികള്‍ താല്‍ക്കാലിക ഫലം മാത്രമാണ് ചെയ്യുന്നതെന്ന് കേന്ദ്ര സര്‍ക്കാരിനും ചത്തീസ്‍ഗഡ് സര്‍ക്കാരിനും വേണ്ടി ഹാജരായ അഡീ. സോളിസിറ്ററല്‍ ജനറല്‍ തുഷാര്‍ മെഹ്തയും സമ്മതിച്ചു. കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ സമാധാന ചര്‍ച്ചകളുടെ ആവശ്യകത സര്‍ക്കാരിന്റെ ഉന്നത കേന്ദ്രങ്ങളെ ധരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.