പീഡിപ്പിക്കാന്‍ ശ്രമിച്ചത് പട്ടാളക്കാരന്‍ തന്നെ; പെണ്‍കുട്ടിയുടെ മാതാവ്
ഇന്ന് രാവിലെ മാതാവ് നടത്താനിരുന്ന അധികൃതരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. നാട്ടുകാരനായ യുവാവാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചെതെന്ന പെണ്‍കുട്ടിയുടെ പ്രസ്താവന പോലീസിന്റെ സമ്മര്‍ദ്ദം കൊണ്ട് നല്‍കിയതാണെന്നും മാതാവ് പറഞ്ഞു.
ഹന്ദ്വാരയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പട്ടാളക്കാരന്‍ തന്നെയെന്ന് പെണ്‍കുട്ടിയുടെ മാതാവ്. എന്‍.ഡി.ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഇന്ന് രാവിലെ മാതാവ് നടത്താനിരുന്ന അധികൃതരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. നാട്ടുകാരനായ യുവാവാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചെതെന്ന പെണ്‍കുട്ടിയുടെ പ്രസ്താവന പോലീസിന്റെ സമ്മര്‍ദ്ദം കൊണ്ട് നല്‍കിയതാണെന്നും മാതാവ് പറഞ്ഞു.
“സ്കൂള്‍ വിട്ടതിന് ശേഷം അവളും കൂട്ടികാരികളും മാര്‍ക്കറ്റിലുള്ള വാഷ് റൂമില്‍ കയറി. അവള്‍ അകത്ത് കയറിയപ്പോള്‍ ഒരു പട്ടാളക്കാരനും പ്രത്യക്ഷപ്പെട്ടു. അവള്‍ ഒച്ചയിട്ടു. തങ്ങളുടെ സഹോദരിയുടെ കരച്ചില്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. അവര്‍ പ്രതിഷേധിച്ചു. അതിനു നേരെ പോലീസും പട്ടാളവും വെടിയുതിര്‍ത്തു.” പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച നടന്ന സംഭവത്തിന് ശേഷം തന്നെ സൈനികന്‍ അപമാനിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി പറയുന്ന വീഡിയോ സൈന്യം പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത് കടുത്ത പൊലീസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നല്‍കിയ മൊഴിയാണെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. “അവള്‍ക്ക് 16 വയസ്സേ ഉള്ളൂ, പോലീസിന്റെ ഭീഷണിയില്‍ അവള്‍ ഭയന്നു. അതിനാലാണ് നാട്ടുകാരനായ യുവാവാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പ്രസ്താവന നല്‍കിയത്. അഞ്ച് ദിവസമായി അവള്‍ പോലീസ് കസ്റ്റഡിയിലാണ്. ഒന്നും കാണാന്‍ പോലും ഞങ്ങളെ അനുവദിച്ചില്ല. മുന്‍കരുതല്‍ എന്ന നിലക്കാണ് ഭര്‍ത്താവിനെയും മകളെയും കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് പറയുന്നത്.”
അതേസമയം സുരക്ഷിത കസ്റ്റഡിയിലാണ് ഇവരെന്നും കുടുംബം ആവശ്യപ്പെട്ടതനുസരിച്ചാണ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത് എന്നുമാണ് പൊലീസിന്റെ വാദം. എന്നാല്‍ തങ്ങള്‍ പൊലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടില്ലെന്ന് കുടുംബം വ്യക്തമാക്കി. പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കുന്നതിന് പൊലീസ് സ്‌റ്റേഷനിലേക്കെത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്‌റ്റേഷനിലെത്തിയ പിതാവിനെയും കസ്റ്റഡിയില്‍ വെക്കുകയായിരുന്നു.
അതേസമയം, സംഭവത്തെത്തുടര്‍ന്ന് കശ്മീര്‍ താഴ്വരയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ചൊവ്വാഴ്ച മുതലുള്ള അനിഷ്ടസംഭവങ്ങളില്‍ ഇതുവരെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കുപ് വാരയില്‍ പ്രതിഷേധപ്രകടനം നടത്തിയവര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഇന്നലെ ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് പൊലീസുകാരേയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് അക്രമം തടയുന്നതിനായി നിയോഗിച്ചിട്ടുള്ളത്. അഭ്യൂഹങ്ങളുടെ പേരില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.