രഘുറാം രാജന്‍ തീര്‍ന്നു, അടുത്ത ലക്ഷ്യം കെജ്‍രിവാള്‍: സുബ്രഹ്മണ്യന്‍ സ്വാമി

Update: 2018-05-08 17:17 GMT
Editor : admin | admin : admin
രഘുറാം രാജന്‍ തീര്‍ന്നു, അടുത്ത ലക്ഷ്യം കെജ്‍രിവാള്‍: സുബ്രഹ്മണ്യന്‍ സ്വാമി
Advertising

ഇത്രയും കാലം താന്‍ രഘുറാം രാജന് പിറകെയായിരുന്നെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ശേഷം തന്റെ അടുത്ത ഉന്നം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ പുറത്താക്കലാണെന്ന് ബി.ജെ.പിയുടെ രാജ്യസഭാംഗം സുബ്രഹ്മണ്യം സ്വാമി. ഇത്രയും കാലം താന്‍ രഘുറാം രാജന് പിറകെയായിരുന്നെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. എന്‍.ഡി.എം.സി ഉദ്യോഗസ്ഥന്‍ എം.എം. ഖാന്റെ കൊലപാതകത്തില്‍ ബി.ജെ.പി എംപി മഹേഷ് ഗിരിക്ക് പങ്കുണ്ടെന്ന കേജ്രിവാളിന്റെ ആരോപണത്തിനെതിരെ അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംസാരിക്കവെയാണ് സുബ്രഹ്മണ്യം സ്വാമിയുടെ പരാമര്‍ശം.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ സുബ്രഹ്മണ്യം സ്വാമി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. രഘുറാം രാജന്‍ ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ തകര്‍ത്തുവെന്നും സ്വാമി ആരോപിച്ചു. ബി.ജെ.പി അധികാരത്തില്‍ വന്നത് മുതല്‍ രഘുറാം രാജന്‍ കോണ്‍ഗ്രസ് ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നുവെന്ന തന്റെ ആരോപണം ശരിയാണെന്നും സ്വാമി പറഞ്ഞു. അദ്ദേഹത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ചിക്കാഗോ ബൂത്ത് സ്‌കൂളില്‍ ഫിനാന്‍സ് പ്രൊഫസറായ രഘുറാം രാജന്‍ ലീവിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി പ്രവര്‍ത്തിക്കുന്നത്.രണ്ടാംവട്ടം ഗവര്‍ണറാകാന്‍ ഇല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം രാജന്‍ തന്നെ രംഗത്തെത്തിയിരുന്നു.

കെജ്‍രിവാള്‍ ജീവിതത്തില്‍ ഒരുപാട് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടന്നും പ്രകടനത്തില്‍ സംസാരിക്കവെ സ്വാമി ആരോപിച്ചു. ഐ.ഐ.ടിയില്‍ പഠിച്ചെന്ന് കെജ്‍രിവാള്‍ പലപ്പോഴും വലിയ അഭിമാനത്തോടെയാണ് പറയാറ്. എന്നാല്‍ കേജ്‌രിവാളിന് എങ്ങനെയാണ് ഐ.ഐ.ടിയില്‍ അഡ്മിഷന്‍ ലഭിച്ചതെന്ന കൂടുതല്‍ വിവരങ്ങള്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News