അഞ്ഞൂറിന്റെ പുതിയ നോട്ടുകള്‍ ഇന്നെത്തും
കല്യാണ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കുന്നത് നടപ്പായിത്തുടങ്ങിയില്ല.
ഒരു ദിവസത്തെ അവധിക്ക് ശേഷം ബാങ്കുകള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കും. അഞ്ഞൂറിന്റെ പുതിയ നോട്ടുകള്‍ ഇന്ന് മുതല്‍ ലഭ്യമായിത്തുടങ്ങും. എന്നാല്‍ കല്യാണ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കുന്നത് നടപ്പായിത്തുടങ്ങിയില്ല.
ശനിയാഴ്ച മുതിര്‍ന്ന പൌരന്മാര്‍ക്ക് മാത്രമായി സേവനങ്ങള്‍ പരിമിതപ്പെടുത്തിയ ബാങ്കുകള്‍ ഇന്നലെ അടച്ചിട്ടതോടെ ഫലത്തില്‍ രണ്ട് ദിവസമായി പൊതുജനങ്ങള്‍ക്ക് ബാങ്കിങ് സൌകര്യങ്ങള്‍ ലഭ്യമാകാത്ത സ്ഥിതിയായിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ബാങ്കുകളില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടാനിടയുണ്ട്. 500ന്റെ നോട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിലെത്തിയിട്ടുണ്ട്. ഇത് ഇന്ന് മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാക്കിത്തുടങ്ങും. എന്നാല്‍ എത്രത്തോളം 500ന്റെ നോട്ടുകള്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമല്ല.
2000നറെ നോട്ടുകള്‍ മാത്രമുള്ളതിനാല്‍ പണം പിന്‍വലിക്കാതിരുന്നവര്‍ 500ന്റെ നോട്ടെത്തുന്നതോടെ ഇന്ന് കൂട്ടത്തോടെ എടിഎമ്മുകളിലെത്താനിടയുണ്ട്. പുനക്രമീകരിച്ച എടിഎമ്മുകളില്‍ കൂടി മാത്രമേ പുതിയ 500ന്റ നോട്ടുകളും ലഭ്യമാകൂ. സ്റ്റേറ്റ് ബാങ്കുകളുടെ കാല്‍ ശതമാനം എടിഎമ്മുകള്‍ മാത്രമാണ് ഇതുവരെ പുനഃക്രമീകരിച്ചിട്ടുള്ളത്.
വിവാഹാവശ്യങ്ങള്‍ക്ക് രണ്ടര ലക്ഷം പിന്‍വലിക്കാമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഇതിനുളള സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീഡ്യര്‍ റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കാത്തതാണ് കാരണം. കെഎസ്ആര്‍ടിസി സീസണ്‍ ടിക്കറ്റുകള്‍ക്ക് പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ ധാരണയായിട്ടുണ്ട്. ഇന്ന് ഇത് സംബന്ധിച്ച ഉത്തരവിറങ്ങും.