കോണ്‍ഗ്രസുമായി ധാരണയാകാം; സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഭേദഗതി

Update: 2018-06-03 00:15 GMT
Editor : Sithara
കോണ്‍ഗ്രസുമായി ധാരണയാകാം; സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഭേദഗതി
Advertising

കരട് രാഷ്ട്രീയ പ്രമേയത്തില്‍ രണ്ട് ഖണ്ഡികകളില്‍ ഭേദഗതി വരുത്തി. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നത് മാറ്റി സഖ്യം പാടില്ലെന്നാക്കി.

കോണ്‍ഗ്രസുമായി ധാരണ പാടില്ലെന്ന ഭാഗം ഒഴിവാക്കി കരട് രാഷ്ട്രീയ പ്രമേയത്തിന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കി. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ലെന്ന നിലപാട് തുടരും. പിബി ഇടപെടലിനൊടുവിലാണ് പരസ്യവോട്ടോടെ സീതാറാം യെച്ചൂരിയുടെ നിലപാട് പാര്‍ട്ടികോണ്‍ഗ്രസില്‍ വിജയം കണ്ടത്. പത്ത് പേര്‍ കരട് ഭേദഗതിയെ എതിര്‍ത്തുവെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. വാശിയേറിയ ചര്‍ച്ചകളില്‍ കോണ്ഗ്രസുമായി സഹകരിക്കരുതെന്ന് കാരാട്ട് അവതരിപ്പിച്ച ഔദ്യോഗിക കരട് രാഷ്ട്രീയ പ്രമേയത്തിനാണ് മേല്‍ക്കെ ലഭിച്ചതെങ്കിലും ഭിന്നതയൊഴിവാക്കാനാണ് ഭേദഗതി വരുത്തിയത്.

കോണ്‍ഗ്രസുമായി ധാരണയോ രാഷ്ട്രീയസഖ്യമോ പാടില്ലെന്നതില്‍ നിന്ന് ധാരണയെന്നത് ഒഴിവാക്കിയാണ് ഭേദഗതി. സഭയ്ക്കകത്തും പുറത്തും സഹകരിക്കാവുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസടക്കമുള്ളവരുമായി ചേര്‍ന്ന് ഇനി സമരങ്ങളുമാകാം. ഇത് യെച്ചൂരിപക്ഷം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാതിരുന്ന കാരാട്ട് പക്ഷത്തിന് പക്ഷെ ഒടുവില്‍ കീഴടങ്ങേണ്ടിവന്നു. പൊതുചര്‍ച്ചയ്ക്കുള്ള മറുപടി തയ്യാറാക്കാനായി ചേര്‍ന്ന പിബിയോഗം മണിക്കൂറുകള്‍ നീണ്ട കൂടിയാലോചനയ്ക്ക് ശേഷമാണ് ഭേദഗതി വരുത്താന്‍ കാരാട്ട് പക്ഷത്തോട് ആവശ്യപ്പെട്ടത്. എന്നിരുന്നാലും വോട്ടെടുപ്പില്‍ 10 പേര്‍ ഭേദഗതിയെ എതിര്‍ത്തപ്പോള്‍ 4 പേര്‍ വിട്ടുനിന്നു.

പാര്‍ട്ടിയുടെ ഐക്യത്തിനുവേണ്ടിയാണ് നടപടിയെന്ന് കാരാട്ടും യെച്ചൂരിയും വിശദീകരിച്ചു. അതേസമയം പതിനഞ്ചോളം സംസ്ഥാനഘടകങ്ങള്‍ രഹസ്യവോട്ടെടുപ്പ് വേണമെന്നും അതനുവദിച്ചില്ലെങ്കില്‍ പരസ്യമായി പ്രതിഷേധിക്കുമെന്നുമുള്ള സമ്മര്‍ദ്ദവുമാണ് പിബിയെ മുന്‍ നിലപാട് മാറ്റിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. ഇതോടെ പ്രാദേശികതലത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ഇനി പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തിയല്ലാതായി മാറി.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News