ജാർഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണം: മുസ്‌ലിംകളെ ബലാത്സംഗികളും കുറ്റവാളികളുമാക്കി പരസ്യങ്ങള്‍, തടയാതെ മെറ്റ

‘നയങ്ങൾക്ക് വിപരീതമായ പരസ്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ഈ പേജുകളെ പ്രവർത്തിക്കാൻ മെറ്റ അനുവദിക്കുകയാണ്’

Update: 2024-11-08 13:35 GMT
Advertising

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഫേസ്ബുക്കിലെ ബിജെപി അനകൂല പേജുകളില്‍ മുസ്‌ലിം വിരുദ്ധ പരസ്യങ്ങള്‍ വരുന്നത് മെറ്റ തടയുന്നില്ലെന്ന് റിപ്പോര്‍ട്ട്. 'ജാര്‍ഖണ്ഡിന്റെ നിഴല്‍ രാഷ്ട്രീയം: എങ്ങനെയാണ് നിഴല്‍ പരസ്യങ്ങള്‍ മെറ്റ അനുവദിക്കുകയും ലാഭം നേടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്' എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൗരാവകാശ സംഘടനകളായ ദലിത് സോളിഡാരിറ്റി ഫോറം, ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷനല്‍, ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍, ടെക് ജസ്റ്റിസ് ലോ പ്രോജക്ട് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

നവംബര്‍ 13, 20 തീയതികളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. ഇതിന്റെ പ്രചാരണ ഭാഗമായി മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമായി 2.25 കോടി രൂപയുടെ പരസ്യങ്ങളാണ് ഇതുവരെ പരസ്യദാതാക്കള്‍ നല്‍കിയിട്ടുള്ളത്. ഇതിൽ 36 ശതമാനവും ചെലവഴിച്ചത് ബിജെപിയെ പിന്തുണക്കുന്ന നിഴല്‍ അക്കൗണ്ടുകളാണ്. ഇത്തരത്തില്‍ ചുരുങ്ങിയത് 87 അക്കൗണ്ടുകള്‍ ഗവേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

വര്‍ഗീയവും വിഭജനവും വിദ്വേഷവും ഭയപ്പെടുത്തുന്നതുമായ ഉള്ളടക്കമുള്ള പരസ്യങ്ങളാണ് ഇതിലുള്ളത്. മുസ്‌ലിംകളെ ബലാത്സംഗികളും കുറ്റവാളികളുമായാണ് ഇതില്‍ ചിത്രീകരിക്കുന്നത്. കൂടാതെ മുഖ്യമന്ത്രി ഹേമന്ത് സോറനെ കൊമ്പുകള്‍ വെച്ചുകൊടുത്തും പ്രാണിയായുമെല്ലാം ചിത്രീകരിക്കുന്നുണ്ട്. ഈ പരസ്യങ്ങളെല്ലാം മെറ്റയുടെ നയങ്ങള്‍ക്ക് വിരുദ്ധമാണ്. വംശം, മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യക്തികളെ ആക്രമിക്കുന്ന പരസ്യങ്ങള്‍ നൽകാൻ പാടില്ലെന്നാണ് നയം. എന്നാൽ, ഇവയൊന്നും തടയുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബിജെപി ജാര്‍ഖണ്ഡിന്റെ ഔദ്യോഗിക പേജില്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമെല്ലാമാണ് ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍, നിഴല്‍ അക്കൗണ്ടുകളുടെ ശൃംഖല സാമുദായികമായി വിഭജിക്കുന്ന ഉള്ളടക്കവും ആക്രമണ പരസ്യങ്ങളും പോസ്റ്റ് ചെയ്യുന്നതിലാണ് ​​ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. പോസ്റ്റായിട്ടില്ല, പരസ്യങ്ങളായിട്ടാണ് അധികവും നൽകുക. ഈ പരസ്യങ്ങളില്‍നിന്നെല്ലാം മെറ്റ പണം സമ്പാദിക്കുകയാണ്. ഇത്തരം പരസ്യങ്ങൾ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് നിയമങ്ങൾ കൂടി ലംഘിക്കുന്നതാണ്. മാതൃകാ പെരുമാറ്റച്ചട്ടം പ്രകാരം ഭിന്നതകളും വിദ്വേഷവും സംഘർഷങ്ങളും സൃഷ്ടിക്കുന്നതിൽനിന്ന് പാർട്ടികളെയും സ്ഥാനാർഥികളെയും വിലക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.

 

ഇത്തരത്തിൽ നിരന്തരം പരസ്യം പ്രത്യക്ഷപ്പെടുന്ന ഫേസ്ബുക്ക് പേജാണ് ‘ബദ്ലേഗ ജാർഖണ്ഡ്’ (ജാർഖണ്ഡ് മാറും). ഫേസ്ബുക്കിൽ 37,000വും ഇൻസ്റ്റാഗ്രാമിൽ 28,000വും ഫോളോവേഴ്സാണ് ഈ പേജിനുള്ളത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 1.4 ലക്ഷം രൂപ ചെവലഴിച്ച് ഒരു കോടിയിലധികം ആളുകളിലേക്കാണ് ഇതിലെ പോസ്റ്റുകൾ എത്തിച്ചത്. ഈ അക്കൗണ്ടിലാണ് മുസ്‍ലിംകളെ ബലാത്സംഗികളായും സ്ത്രീകൾക്കെതിരെ കുറ്റകൃത്യം ചെയ്യുന്നവരായും ചിത്രീകരിക്കുന്നത്. ഈ പരസ്യങ്ങൾ മുസ്‍ലിം സമുദായത്തിനെതിരെ വിദ്വേഷം വളർത്താൻ സഹായിക്കുന്നതാണ്. ലൗ ജിഹാദികൾ, കുറ്റവാളികൾ, സ്ത്രീകൾക്കെതിരെ അക്രമം കാണിക്കുന്നവർ എന്നിവയെല്ലാം മുദ്രകുത്തി മുസ്‍ലിംകളെ നിരന്തരം ആക്രമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരു വിഡിയോയിൽ കാവി ധരിച്ച ഹിന്ദു യുവാവ് പച്ച വസ്ത്രവും തൊപ്പിയും ധരിച്ച മുസ്‍ലിംകളുടെ അടുത്തുനിന്ന് ഓടിപ്പോകുന്നതായി ചിത്രീകരിക്കുന്നുണ്ട്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായുള്ള പരസ്യങ്ങളിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ മനുഷ്യത്വരഹിതമായ ചിത്രങ്ങളാണ് നൽകിയിരുന്നത്.

 

ഈ നിഴൽ അക്കൗണ്ടുകൾ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 81.03 ലക്ഷമാണ് ചെലവഴിച്ചത്. ഇത് ഏകദേശം ബിജെപി ജാർഖണ്ഡ് അക്കൗണ്ട് ചെലവഴിച്ചതിന് തുല്യമാ​ണെന്ന് ഗവേഷണത്തിൽ കണ്ടെത്തി. അതേസമയം, നിഴൽ അക്കൗണ്ടുകളുടെ പരസ്യങ്ങൾ ഔദ്യോഗിക അക്കൗണ്ടിനേക്കാൾ നാലിരട്ടി ആളുകളേിലേക്കാണ് എത്തുന്നത്. മെറ്റയിലെ നിഴൽ പരസ്യദാതാക്കൾ ബിജെപിക്ക് വലിയ ഉത്തേജനമാണ് നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

രാഷ്ട്രീയ പരസ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് മുൻകൂട്ടി അനുമതി വാങ്ങണമെന്നാണ് സുപ്രിംകോടതി ഉത്തരവ്. കൂടാതെ സ്ഥാനാർഥികളുടെ ചെലവുകൾക്കും രാഷ്ട്രീയ പരസ്യങ്ങളുടെയും പ്രചാരണത്തിന്റെയും ഉള്ളടക്കത്തിനും കർശന നിയന്ത്രണങ്ങളുമുണ്ട്. ഇതിനെയെല്ലാമാണ് രാഷ്ട്രീയ പാർട്ടികളുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള നിഴൽ പരസ്യദാതാക്കൾ മറികടക്കുന്നത്. രാഷ്ട്രീയ പരസ്യങ്ങൾക്ക് കടുത്ത നിബന്ധനകൾ വെച്ചിട്ടുണ്ടെന്നാണ് മെറ്റയുടെ അവകാശം വാദം. എന്നാൽ, നയങ്ങൾക്ക് വിപരീതമായ പരസ്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ഈ പേജുകളെ നിർബാധം പ്രവർത്തിക്കാൻ മെറ്റ അനുവദിക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.  

 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News