എയ്‍ഡ്സിനെ പ്രതിരോധിക്കാന്‍ ഹനുമാന്‍ മന്ത്രം: പരിപാടിക്കെതിരെ ബോംബെ ഹൈക്കോടതി

Update: 2018-06-04 14:42 GMT
Editor : admin
എയ്‍ഡ്സിനെ പ്രതിരോധിക്കാന്‍ ഹനുമാന്‍ മന്ത്രം: പരിപാടിക്കെതിരെ ബോംബെ ഹൈക്കോടതി
Advertising

യോഗക്ക് ക്യാന്‍സര്‍ പ്രതിരോധിക്കാനുളള കഴിവുണ്ടെന്നും ഹനുമാന്‍ മന്ത്രം ചൊല്ലിയാല്‍ എയ്ഡ്സ് വരെ മാറുമെന്നുമാണ് പരിപാടി സംഘടിപ്പിക്കാന്‍ ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കൌണ്‍സില്‍ ഉയര്‍ത്തിയ ന്യായം.

ലോകാരോഗ്യദിനത്തില്‍ എയ്‍ഡ്സിനെ പ്രതിരോധിക്കാന്‍ ഹനുമാന്‍ മന്ത്രം ചൊല്ലുന്ന ചടങ്ങ് സംഘടിപ്പിച്ച് ബിജെപി ഭരിക്കുന്ന നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. പരിപാടിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹരജിയെത്തുടര്‍ന്ന് എയ്ഡ്സ് ബോധവല്‍ക്കരണവും ഹനുമാന്‍ മന്ത്രോച്ചാരണവും രണ്ട് പരിപാടികളായി സംഘടിപ്പിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ ഉറപ്പ് നല്‍കി. പരിപാടിക്കെതിരെ ബോംബെ ഹൈക്കോടതി കടുത്ത വിമര്‍ശമാണുയര്‍ത്തിയത്.

യോഗക്ക് ക്യാന്‍സര്‍ പ്രതിരോധിക്കാനുളള കഴിവുണ്ടെന്നും ഹനുമാന്‍ മന്ത്രം ചൊല്ലിയാല്‍ എയ്ഡ്സ് വരെ മാറുമെന്നുമാണ് പരിപാടി സംഘടിപ്പിക്കാന്‍ ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കൌണ്‍സില്‍ ഉയര്‍ത്തിയ ന്യായം. എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 1.7 ലക്ഷം പേരെ പങ്കെടുപ്പിച്ച് മന്ത്രോച്ചാരണം നടത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

എന്നാല്‍ ഇതിനെതിരെ മുന്‍ കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍ ജനാര്‍ദന്‍ മൂണ്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിനെ സമീപിച്ചു. പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശമാണ് കോടതി ഉയര്‍ത്തിയത്. എന്തു കൊണ്ട് ഒരു മതത്തിന്‍റെ മാത്രം മന്ത്രങ്ങള്‍? പരിപാടിയിലേക്ക് ആളുകളെ ആകര്‍ഷിക്കാനാണെങ്കില്‍ ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും വേദങ്ങള്‍ പാരായണം ചെയ്യാത്തതെന്ത് കൊണ്ടാണെന്ന് കോടതി ചോദിച്ചു.

ഇതോടെ, എയ്ഡസ് ബോധവല്‍ക്കരണവും മന്ത്രോച്ചാരണവും രണ്ടായി തന്നെ നടത്തണുമെന്നും മന്ത്രോച്ചാരണത്തിന്റെ ചെലവ് കോര്‍പ്പറേഷന്‍ വഹിക്കരുതെന്നും നിര്‍ദ്ദേശിച്ചു. കോര്‍പ്പറേഷന്‍ ഇത് അംഗീകരിച്ചതിനാല്‍ പൊതുതാല്‍പര്യ ഹരജി പരിഗണിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News