ആപ്പിള്‍ എക്സിക്യൂട്ടീവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്: പ്രത്യേക അന്വേഷണസംഘം സ്ഥലം സന്ദര്‍ശിച്ചു
കുടുംബം ആവശ്യപ്പെടുകയാണെങ്കില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് ലക്നൌ എ.ഡി.ജി അറിയിച്ചു. അതേസമയം ഉത്തര്‍പ്രദേശ് മന്ത്രി കെ.പി മൌര്യ വിവേക് തിവാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു.
ഉത്തര്‍പ്രദേശ് പോലീസ് ഉദ്യോഗസ്ഥര്‍ ആപ്പിള്‍ എക്സിക്യൂട്ടീവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണസംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. കുടുംബം ആവശ്യപ്പെടുകയാണെങ്കില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് ലക്നൌ എ.ഡി.ജി അറിയിച്ചു. അതേസമയം ഉത്തര്‍പ്രദേശ് മന്ത്രി കെ.പി മൌര്യ വിവേക് തിവാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു.
മുഖ്യമന്ത്രി തങ്ങളെ കാണാന്‍ വന്നില്ലെങ്കില്‍ മൃതദേഹവുമായി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോകുമെന്ന് കൊല്ലപ്പെട്ട വിവേക് തിവാരിയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് മന്ത്രി കെ.പി മൌര്യ കുടംബത്തെ സന്ദര്‍ശിച്ചത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കുടുംബത്തെ കണ്ടശേഷം മന്ത്രി പറഞ്ഞു.
കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം വിവേക് തിവാരിയെ പോലീസ് കൊലപ്പെടുത്തിയ സ്ഥലത്ത് ഇന്ന് സന്ദര്‍ശനം നടത്തി. പ്രത്യേക അന്വേഷണ സംഘത്തിന് പുറമെ മജ്സിട്രേറ്റ് തല അന്വേഷണം നടത്തണമെന്ന കുടുംബത്തിന്‍റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
അതേസമയം ബി.ജെ.പി ഹിന്ദുക്കളുടെ അഭ്യുദയകാംക്ഷി അല്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അധികാരത്തിലേറാന്‍ ഹിന്ദുക്കളെ മുഴുന്‍ കൊല്ലാനും ബിജെപി മടിക്കില്ലന്നും വിവേക് തിവാരിയുടെ കൊലപാതകത്തെ സൂചിപ്പിച്ച് കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ താന്‍ കടന്നുപോകുന്നത് എന്താണെന്ന് കെജ്രിവാളിന് അറിയില്ലെന്ന് വ്യക്തമാക്കിയ വിവേകിന്‍റെ ഭാര്യ കല്‍പ്പന തന്‍റെ ഭര്‍ത്താവിന്‍റെ മരണത്തില്‍ രാഷ്ട്രീയം കളിക്കരുതെന്നും വിമര്‍ശിച്ചു.