അലോക് വര്‍മ്മയെ നീക്കിയത് അതീവ ഗൗരവമേറിയ 7 കേസുകളുടെ അന്വേഷണത്തിനിടെ 

റാഫേല്‍ ഇടപാട്, കല്‍ക്കരി പാടം വിതരണത്തിലെ മോദിയുടെ ഓഫീസിന്റെ ബന്ധം, മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആരോപണവിധേയനായ മെഡിക്കല്‍ കോഴ തുടങ്ങിയവയാണ് പ്രാഥമിക പരിശോധനയിലേക്ക് കടന്ന കേസുകള്‍.

Update: 2018-10-25 09:25 GMT
Advertising

കേന്ദ്രം ചുമതലകളില്‍ നിന്ന് മാറ്റിയ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ അന്വേഷിച്ചിരുന്നത് അതീവ ഗൌരവമേറിയ 7 കേസുകള്‍. റാഫേല്‍ ഇടപാട്, കല്‍ക്കരി പാടം വിതരണത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന്റെ ബന്ധം, മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആരോപണവിധേയനായ മെഡിക്കല്‍ കോഴ തുടങ്ങിയവയാണ് പ്രാഥമിക പരിശോധനയിലേക്ക് കടന്ന കേസുകള്‍.

ഉന്നര്‍ക്കെതിരായ അന്വേഷണം സര്‍ക്കാരിലുണ്ടാക്കിയ അതൃപ്തിയാണ് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ കാരണമെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ അലോക് വര്‍മ്മ വ്യക്തമാക്കിയിരുന്നു. ഗൌരവമുള്ള കേസുകള്‍ അതിലുണ്ടെന്ന് മാത്രമായിരുന്നു അലോക് പറഞ്ഞിരുന്നത്. എന്നാല്‍ അവ ഏതെന്ന വിവരമാണ് പുറത്ത് വരുന്നത്.

റാഫേല്‍ ഇടപാടില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അലോക് വര്‍മ്മ പ്രാഥമിക അന്വേഷണത്തിന് തയ്യാറായതാണ് കേന്ദ്രത്തിന്റെ പ്രതികാരത്തിന് കാരണമാക്കിയ പ്രഥമ കേസ്. ഒപ്പം കല്‍ക്കരി പാട വിതരണത്തില്‍ നരേന്ദ്ര മോദിയുടെ ഓഫീസിന്റെ ഇടപെടലും കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സെക്രട്ടറിയായ ഭാസ്‌ക്കര്‍ ഖുല്‍ബേയെ പ്രതിസ്ഥാനത്ത് നിര്‍ത്തി അന്വേഷണം തുടര്‍ന്നതും സര്‍ക്കാരില്‍ അതൃപ്തിയുണ്ടാക്കി. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, വിവിധ ഹൈക്കോടതികളില്‍ ജസ്റ്റിസുമാരായിരുന്ന ഐ.എം ഖുദൂസി, എസ്.എന്‍.ശുക്ല എന്നിവര്‍ക്കെതിരെയുള്ള മെഡിക്കല്‍ കോഴ കേസ് അന്വേഷണ ഫയലും അലോകിന് മുന്നിലെത്തിയിരുന്നു.

ബാങ്ക് വായ്പയുമായി രാജ്യം വിട്ട ഗുജറാത്ത് വ്യവസായി നിതിന്‍ സന്ദേശരയുടെ സ്റ്റെര്‍ലിങ്ങ് ബൈയോടെക് കമ്പനിയുടെ രാഷ്ട്രിയ ബന്ധങ്ങളിലും അന്വേഷണം പുരോഗമിക്കുകയായിരുന്നു. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന കേസുകളില്‍ മുന്നോട്ട് പോകരുതെന്ന സന്ദേശം പല തവണ അലോകിന് ലഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം മോദിയുടെയും അമിത് ഷായുടെയും അടുപ്പക്കാരനായ സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ നീങ്ങിയതും സര്‍ക്കാരിനെ ചൊടിപ്പിച്ചു. തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ നീക്കം പല സുപ്രധാന കേസുകളുടെയും അന്വേഷണത്തെയാണ് ദുര്‍ബലപ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News