കോവിഡ് ഭീതിക്കിടയിലും ദുര്‍മന്ത്രവാദം; ബി.ജെ.പി പ്രാദേശിക നേതാവ് പിടിയില്‍‌

ഹൈദരാബാദ്, രാമനഗര്‍ ഡിവിഷനിലെ ഹരിനഗറിലാണ് സംഭവം

Update: 2020-04-07 08:10 GMT
Advertising

കോവിഡിനെ പിടിച്ചുകെട്ടാനായി രാജ്യം മുഴുവന്‍ കഠിനപ്രയത്നത്തിലാണ്. സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പൊലീസും വിവിധ സംഘടനകളും വ്യക്തികളുമെല്ലാം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണവുമായി മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതൊന്നും തനിക്കൊരു പ്രശ്നമല്ല എന്ന നിലപാടാണ് ഈ രാഷ്ട്രീയക്കാരന്. രാജ്യം കോവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ ദുര്‍മന്ത്രവാദത്തിനാണ് ഇയാള്‍ സമയം കണ്ടെത്തിയത്.

ഹൈദരാബാദ്, രാമനഗര്‍ ഡിവിഷനിലെ ഹരിനഗറിലാണ് സംഭവം. പ്രാദേശിക ബി.ജെ.പി നേതാവായ രവി ചാരിയാണ് ക്ഷുദ്ര പൂജ നടത്തിയത്. നാരങ്ങ, കുങ്കുമം, മഞ്ഞള്‍ എന്നിവ ചേര്‍ന്ന മിശ്രിതം രാമനഗര്‍ ഡിവിഷനിലെ ഒരു ലക്ഷം ലിറ്റര്‍ കൊള്ളുന്ന വാട്ടര്‍ ടാങ്കിന് മുകളില്‍ കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് രവി ചാരിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ മുഷീര്‍ബാദ് പൊലീസിന് കൈമാറുകയായിരുന്നുവെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രാദേശിക നേതാവായ രവി ഞായറാഴ്ച അര്‍ദ്ധരാത്രി ദുര്‍മന്ത്രവാദം നടത്തിയ ശേഷം പൂജയുടെ സാധനങ്ങള്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ വയ്ക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രവി പൊലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രവിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മുഷീര്‍ബാദ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ടി.മുരളി കൃഷ്ണ അറിയിച്ചു. എന്നാല്‍ ഇയാള്‍ക്കെതിരെ ഏത് സെക്ഷന്‍ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കിയില്ല.

Tags:    

Similar News