വ്യാജ ഡോക്ടർ സിസേറിയൻ ചെയ്തത് ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ച്; യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം
സുൽത്താൻപുർ ജില്ലയിലെ സായ്‌നി ഗ്രാമത്തിൽ മാ ശാരദ ആശുപത്രിയിലാണ് സംഭവം
ഉത്തർപ്രദേശിൽ എട്ടാംക്ലാസിൽ പഠനം നിർത്തിയ വ്യാജ ഡോക്ടർ ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ച് സിസേറിയൻ ചെയ്തതിനെ തുടർന്ന് യുവതിക്കും നവജാത ശിശുവിനും ദാരുണാന്ത്യം. 33കാരിയായ പൂനവും അവരുടെ നവജാത ശിശുവുമാണ് മരിച്ചത്. സുൽത്താൻപുർ ജില്ലയിലെ സായ്‌നി ഗ്രാമത്തിൽ മാ ശാരദ ആശുപത്രിയിലാണ് സംഭവം.
ചികിത്സാ പിഴവിനെ തുടർന്ന് ഭാര്യയും കുഞ്ഞും മരിച്ചുവെന്ന ഭർത്താവ് രാജാറാമിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. എട്ടാം ക്ലാസിൽ പഠനം നിർത്തിയ രാജേന്ദ്ര ശുക്ല ക്ലിനിക്കിൽ ജോലിചെയ്തുവരികയായിരുന്നു. യുവതിയെ പ്രസവ വേദനയുമായി ആശുപത്രിയിലെത്തിച്ചപ്പോൾ ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ചാണ് ഓപ്പറേഷൻ നടത്തിയത്. ശിശു ജനിച്ച് മിനിട്ടുകൾക്കകം മരിച്ചു.
ആരോഗ്യനില മോശമായതിനെ തുടർന്ന് യുവതിയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. രക്തം വാർന്നായിരുന്നു യുവതിയുടെ മരണം.
രാജേഷ് സാഹ്‌നി എന്നയാളാണ് ക്ലിനിക്ക് നടത്തിയിരുന്നത്. രാജേന്ദ്ര ശുക്ലയാണ് ശസ്ത്രക്രിയകൾ കൈകാര്യം ചെയ്തിരുന്നത്.
ലൈസൻസ് ഇല്ലാതെയായിരുന്നു ക്ലിനിക്കിന്റെ പ്രവർത്തനമെന്നും ഓപ്പറേഷൻ നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്ത ഇവിടെ റേസർ ബ്ലേഡുകൾ ഉപയോഗിച്ചാണ് ഓപ്പറേഷനുകൾ നടത്തിയിരുന്നതെന്നും പൊലീസ് കണ്ടെത്തി. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.