അസമിലും പശുസംരക്ഷണ ബില്‍: അടുത്ത സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും

ഗവര്‍ണറാണ് പുതിയ അസം സര്‍ക്കാര്‍ പശുസംരക്ഷണ ബില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചത്

Update: 2021-05-23 10:21 GMT
Advertising

പശുസംരക്ഷണ ബില്ലുമായി അസമിലെ ബിജെപി സര്‍ക്കാര്‍. ബില്‍ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഗവര്‍ണര്‍ ജഗദീഷ് മുഖി പറഞ്ഞു. 15ആം നിയമസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

"പശുവിനെ നമ്മള്‍ ബഹുമാനിക്കുന്നു. പശു വിശുദ്ധ മൃഗമാണ്. ഗോസംരക്ഷണത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിക്കും. അടുത്ത സഭാ സമ്മേളനത്തില്‍ ഗോസംരക്ഷണ ബില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍ എന്ന കാര്യം വളരെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കട്ടെ. ഈ നിയമ പ്രകാരം കന്നുകാലികളെ കടത്തുന്നത് പൂര്‍ണമായും നിരോധിക്കും"- എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പശു കശാപ്പ് നിരോധിച്ച് ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. അനധികൃതമായി പശുക്കടത്തും കശാപ്പും ചെയ്താല്‍ 10 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കര്‍ണാടകയും മധ്യപ്രദേശും സമാനമായ നിയമങ്ങള്‍ കൊണ്ടുവന്നു. കര്‍ണാടകയില്‍ കശാപ്പിനായി പശുക്കളെ വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ചു. 3-7 വര്‍ഷം തടവും 50000 രൂപ മുതല്‍ അഞ്ച് ലക്ഷം വരെ പിഴയുമാണ് ശിക്ഷ. മധ്യപ്രദേശ് സര്‍ക്കാരാകട്ടെ ഈ നിയമത്തിനൊപ്പം പശു കാബിനെറ്റും കൂടി കൊണ്ടുവന്നു. 

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News