പരാജയം മറച്ചുവെയ്ക്കാന്‍ നെതന്യാഹു നടത്തുന്ന ആക്രമണം; ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി സിപിഎം
ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്ന് സിപിഎം
ഇസ്രായേല്‍ ഫലസ്തീനികള്‍ക്കെതിരായി നടത്തുന്ന ആക്രമണത്തെ അപലപിച്ച് സിപിഎം. ഭരണ പരാജയം മറച്ചുവെയ്ക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു നടത്തുന്ന ആക്രമണമാണിത്. ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ അറിയിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും സിപിഎം പിബി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
"ഗസയിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. കിഴക്കൻ ജറുസലേമില്‍ സമ്പൂർണ അധിനിവേശത്തിനാണ് ഇസ്രായേല്‍ ശ്രമം. ഈ പ്രദേശത്തെ ഫലസ്തീനികളെ ആട്ടിയോടിക്കാനാണ് നീക്കം. മുസ്‍ലിംകളുടെ വിശുദ്ധ ദേവാലയമായ അൽ-അഖ്സാ പള്ളിയില്‍ കയറി വിശ്വാസികളെ ആക്രമിച്ചു.
ഇസ്രായേലില്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതില്‍ നിരന്തരം പരാജയപ്പെട്ട നെതന്യാഹു, പരാജയം മറച്ചുവെയ്ക്കാന്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ആക്രമണം നടത്തുകയാണ്. ഫലസ്തീനികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നതില്‍ പോലും വിവേചനം കാണിച്ചു. ഇത് പ്രതിഫലിപ്പിക്കുന്നത് ഇസ്രായേല്‍ പിന്തുടരുന്ന വര്‍ണ വിവേചന നയങ്ങളെയാണ്.
ഇസ്രായേലിന്‍റെ ഇത്തരം പ്രവൃത്തികള്‍ കടുത്ത മനുഷ്യവകാശ ലംഘനമാണ്. ഇത് ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയങ്ങള്‍ക്കെതിരാണ്. അതിനാല്‍ സിപിഎം ഇസ്രായേല്‍ നടപടികളെ അപലപിക്കുകയും ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു"- എന്നാണ് സിപിഎം കുറിപ്പില്‍ വ്യക്തമാക്കിയത്.
ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി എസ്എഫ്ഐ
ഫലസ്തീൻ ജനതയ്ക്കു നേരെ ഇസ്രായേൽ സേനയുടെ അതിക്രമം തുടർന്നുകൊണ്ടിരിക്കയാണ്. ഒരു രാജ്യത്തെ ജനതയുടെ സ്വൈര്യ ജീവിതത്തിന്റെ സകല സാധ്യതകളെയും തകർത്തെറിഞ്ഞു കൊണ്ടു തുടർച്ചയായി മനസാക്ഷിയില്ലാത്ത അതിക്രമങ്ങൾ നടത്തുകയാണ്. ലോകത്ത് മനുഷ്യത്വം മരിക്കാത്ത മനസ്സുകൾക്കെല്ലാം ഫലസ്തീൻ ജനതയുടെ പിറന്ന മണ്ണിൽ ആത്മഭിമാനത്തോടെ ജീവിക്കുന്നതിനായുളള നിലവിളികൾ വേദന ജനിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പതിറ്റാണ്ടുകളായി ഇസ്രായേൽ തുടരുന്ന ആർത്തി പൂണ്ട ഈ കാടത്തത്തിന് അറുതി വരേണ്ടതായുണ്ട്. ഫലസ്തീൻ ജനതയ്ക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്, പ്രസിഡന്റ് വി.എ വിനീഷ് എന്നിവർ അറിയിച്ചു.
കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 35 ആയി
ഗസ്സയിൽ തുടരുന്ന ഇസ്രായേല്‍ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി. 12 പേര്‍ കുട്ടികളാണ്. 700ലേറെ ഫലസ്തീനികൾക്ക് പരിക്കേറ്റു. 2014ന് ശേഷം ഗസ്സയിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
മസ്ജിദുൽ അഖ്സയിൽ കടന്നുകയറി വ്യാപകമായി ആക്രമണം തുടരുന്നതിൽ ലോകമെങ്ങും പ്രതിഷേധം ശക്തമാണെങ്കിലും അവസാനിപ്പിക്കാനില്ലെന്ന നിലപാടിലാണ് ഇസ്രായേൽ. ആറ് തവണയാണ് ഇസ്രയേൽ പൊലീസ് മസ്ജിദിനകത്തുകയറി വിശ്വാസികൾക്കു നേരെ അതിക്രമം നടത്തിയത്.
മസ്ജിദുൽ അഖ്സയോടു ചേർന്നുള്ള ശൈഖ് ജർറാഹ് പ്രദേശത്ത് ജൂത കുടിയേറ്റ വീടുകളും പാർക്കുകളും നിർമിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി താമസക്കാരായ ഫലസ്തീനികളെ കുടിയിറക്കുന്നതിൽ പ്രതിഷേധിച്ചാണ് പള്ളിയിൽ ഒത്തുകൂടിയത്. പള്ളിക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാതെ റോക്കറ്റാക്രമണം അവസാനിപ്പിക്കില്ലെന്ന് ഹമാസ് അറിയിച്ചു. ആക്രമണം അവസാനിപ്പിക്കണമെന്ന് ലോക രാഷ്ട്രങ്ങൾ ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
CPIM Politburo denounces the Israeli attacks on Palestinians which are in gross violation of human rights & various UN resolutions.
— CPI (M) (@cpimspeak) May 11, 2021
CPIM condemns these acts and calls upon the Govt of India people to voice its support to the people of Palestine.https://t.co/B8OzXL447W