കോടതി നിരീക്ഷണങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യട്ടെ; വിലക്കാനാകില്ലെന്ന് സുപ്രീംകോടതി
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിഷമം മനസ്സിലാക്കുന്നുവെന്നും കോടതി പറഞ്ഞു.
ഹൈക്കോടതികൾ നടത്തുന്ന നിരീക്ഷണങ്ങൾ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതിയുടെ പരാമർശങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമർശം. കോടതി നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
എന്തൊക്കെ കാര്യങ്ങൾ പറയണമെന്ന് ജഡ്ജിമാരോട് നിർദേശിക്കാനാകില്ല, മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ യഥാർഥ അർഥത്തിൽ ഉൾക്കൊള്ളണമെന്നും സുപ്രീംകോടതി കമ്മീഷനോട് ആവശ്യപ്പെട്ടു. കോടതിയിൽ നടക്കുന്ന വാദങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിഷമം മനസ്സിലാക്കുന്നുവെന്നും കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് റാലികളിൽ കോവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കാൻ സാധിക്കാത്തതിനെചൊല്ലിയായിരുന്നു മദ്രാസ് ഹൈക്കോടതി കമ്മീഷനെ രൂക്ഷമായി വിമർശിച്ചത്. രാജ്യത്തെ കോവിഡ് സാഹചര്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മാത്രമാണ് ഉത്തരവാദിയെന്നും അവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു.
എന്നാൽ, ഹൈക്കോടതി പരാമർശം സ്ഥാപനത്തിനു കോട്ടമായെന്നും കോടതിയുടെ നിരീക്ഷണങ്ങൾ വാർത്തയാക്കുന്നതിൽനിന്നു മാധ്യമങ്ങളെ തടയണമെന്നും ആവശ്യപ്പെട്ടാണു തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചത്. കമ്മീഷന്‍റെ ഹരജി കോടതി ഉത്തരവ് പറയാനായി മാറ്റി.