മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് പ്രശാന്ത് കിഷോര്‍

പ്രശാന്ത് കിഷോറും എന്‍.സി.പി നേതാവുമായ ശരദ് പവാറും തമ്മില്‍ നടന്ന കൂടിക്കാഴ്ചകള്‍ ബി.ജെ.പിക്കെതിരേയുളള മുന്നണി രൂപീകരണമായാണ് ദേശീയമാധ്യമങ്ങള്‍ വിലയിരുത്തിയത്

Update: 2021-06-22 05:08 GMT
Editor : ubaid | By : Web Desk
Advertising

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളിയാകാന്‍ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പരീക്ഷിച്ച് പരാജയപ്പെട്ട മൂന്നാം മുന്നണി സംവിധാനം പഴഞ്ചനും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുയോജ്യവുമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്കെതിരേ മൂന്നാംമുന്നണി ഫലപ്രദമാകില്ലെന്നും താന്‍ അതില്‍ നിന്ന് അകന്നുനില്‍ക്കുകയാണെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. പവാറുമായി രാഷ്ട്രീയ കാര്യങ്ങളാണ് താന്‍ സംസാരിച്ചതെന്ന് പറഞ്ഞ പ്രശാന്ത് കിഷോര്‍ എന്നാലത് മൂന്നാം മുന്നണിയെ കുറിച്ചല്ലെന്നും വ്യക്തമാക്കി. പവാറുമായുളള കൂടിക്കാഴ്ച ഭാവിയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് കിഷോറും എന്‍.സി.പി നേതാവുമായ ശരദ് പവാറും തമ്മില്‍ നടന്ന കൂടിക്കാഴ്ചകള്‍ ബി.ജെ.പിക്കെതിരേയുളള മുന്നണി രൂപീകരണമായാണ് ദേശീയമാധ്യമങ്ങള്‍ വിലയിരുത്തിയത്. ഈ കൂടിക്കാഴ്ചകള്‍ക്കൊടുവില്‍ ബി.ജെ.പിക്കെതിരെ പോരാട്ടം ശക്തമാക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിതര പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം എന്‍സിപി നേതാവ് ശരദ് പവാര്‍ വിളിക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് നാലിന് പവാറിന്റെ വസതിയില്‍ ചേരുന്ന യോഗത്തിലേക്ക് പന്ത്രണ്ടോളം പാര്‍ട്ടികളെ ക്ഷണിച്ചിട്ടുണ്ട്. ഫറൂഖ് അബ്ദുള്ള (നാഷണൽ കോൺഫറൻസ്), ഡി. രാജ (സി.പി.ഐ), യശ്വന്ത് സിൻഹ (തൃണമൂൽ), സഞ്ജയ് സിംഗ് (ആംആദ്മിപാർട്ടി) തുടങ്ങിയവർക്കൊപ്പം ബി.ജെ.പി വിരുദ്ധ മുന്നണിയെ പിന്തുണയ്ക്കുന്ന കെ.ടി.എസ് തുളസി, ജസ്റ്റിസ് എ.പി.സിംഗ്, ജാവേദ് അക്തർ, കരൺ ഥാപർ, മജീദ് മേമൺ, മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ. ഖുറേഷി തുടങ്ങിയ പ്രമുഖരെയും ക്ഷണിച്ചിട്ടുണ്ട്. അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും 2024 ലോക്സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് യോഗം. പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത് പ്രശാന്ത് കിഷോറായിരുന്നു. ബി.ജെപി.ക്കെതിരേ മമത നേടിയ വന്‍വിജയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ സന്ദേശമാണ് നല്‍കുന്നതെന്നും പ്രശാന്ത് അഭിപ്രായപ്പെട്ടിരുന്നു. 

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News