'മുന്നാഭായ് എംബിബിഎസ്' ശൈലിയിൽ കോപ്പിയടി; കയ്യോടെ പൊക്കി, കേസെടുത്ത് മുംബൈ പൊലീസ്
മുംബൈ പൊലീസിലെ ഡ്രൈവർ- കോൺസ്റ്റബിൾ തസ്തികയിലേക്ക് നടന്ന പരീക്ഷയിലാണ് സിനിമാ മോഡല്‍ കോപ്പിയടി
മുംബൈ : സിനിമയിലെ രംഗങ്ങളും അടവുകളും ജീവിതത്തിൽ ഉപയോഗിക്കാൻ ശ്രമിക്കാറുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ പ്രശസ്ത ഹിന്ദി സിനിമയായ മുന്നാഭായ് എംബിബിഎസിലെ കോപ്പിയടി തന്ത്രം ജീവിതത്തിൽ അതുപോലെ പകർത്തി കുടുങ്ങിയിരിക്കുകയാണ് 22 വയസുകാരനായ മഹാരാഷ്ട്ര സ്വദേശി.
മുംബൈ പൊലീസിലെ ഡ്രൈവർ- കോൺസ്റ്റബിൾ തസ്തികയിലേക്ക് നടന്ന പരീക്ഷ എഴുതാൻ, ചെവിയിൽ മൈക്രോഫോണ്‍ ഘടിപ്പിച്ചായിരുന്നു കുഷ്‌ന ദൽവി എന്ന ഉദ്യോഗാർഥി എത്തിയത്. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ ഭോകർദൻ സ്വദേശിയാണ് ദൽവി. റായ്ഗഡ് മിലിട്ടറി സ്കൂളിലായിരുന്നു പരീക്ഷ.
പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരാണ് പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ട് പരിശോധന നടത്തിയത്. പരിശോധനയിലാണ് വളരെ ചെറിയ മൈക്രോഫോൺ ചെവിയിൽ നിന്നും കണ്ടെത്തിയത്. പുറത്തുനിന്ന് കാണാനാവാത്ത വിധം ചെറുതായിരുന്നു ഉപകരണം. കൂടുതൽ പരിശോധനയിൽ ബ്ലൂടൂത്ത് വഴി ഫോണിൽ ബന്ധിപ്പിച്ച ഉപകരണത്തിലൂടെ സുഹൃത്തുക്കൾ ഉത്തരം പറഞ്ഞ കൊടുക്കുന്നതും പുറത്തായി.
കോപ്പിയടി തെളിഞ്ഞതോടെ, സിം കാർഡ് , മൊബൈല്‍ഫോണ്‍, മൈക്രോ ഫോൺ എന്നിവ പൊലീസ് പിടിച്ചെടുക്കുകയും യുവാവിനും രണ്ട് സുഹൃത്തുക്കൾക്കെതിരെ കേസെടുക്കുകയം ചെയ്തു.
സഞ്ജയ് ദത്ത് നായകനായ മുന്നാഭായി എംബിബിഎസ് എന്ന സിനിമയിലാണ് സമാനമായ രംഗമുള്ളത്. സഞ്ജയ് ദത്തിന്റെ കഥാപാത്രം, മെഡിക്കൽ പ്രവേശന പരീക്ഷ പാസാവാൻ ഇയർഫോണിലൂടെ ഒരു ഡോക്ടറുടെ സഹായം തേടുന്നുണ്ട്.