സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ നിര്യാതനായി

ദുബൈ ആശുപത്രിയിലായിരുന്നു അന്ത്യം; മൃതദേഹം നാട്ടിൽ ഖബറടക്കും

Update: 2021-04-28 03:33 GMT
Editor : Shaheer | By : Web Desk
Advertising

യുഎഇയിലെ മത-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും സാമൂഹിക പ്രവർത്തകനുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അന്തരിച്ചു. 67 വയസായിരുന്നു. ശാരീരിക അവശതകളെ തുടർന്ന് ദുബൈ ഖിസൈസിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കണ്ണൂർ പാപ്പിനിശേരി സ്വദേശിയായ ഹാമിദ് കോയമ്മ തങ്ങൾ ദുബൈ ദേരയിലായിരുന്നു താമസം. നാല് പതിറ്റാണ്ടായി ദുബൈയിലുണ്ട്. ദുബൈ സുന്നി സെന്റർ പ്രസിഡന്റ്, യുഎഇ സുന്നി കൗൺസിൽ മുഖ്യ രക്ഷാധികാരി, ദുബൈ കെഎംസിസി ഉപദേശക സമിതിയംഗം, അസോസിയേഷൻ ഓഫ് ഇന്ത്യൻ മുസ്‌ലിം ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.

നിരവധി വിദ്യഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങളുടെ രക്ഷാധികാരിയും പ്രധാന സംഘാടകനുമാണ്. ഗൾഫിലെ മലയാളികൾക്ക് സംഘടനാ ഭേദമന്യേ സ്വീകാര്യനായ തങ്ങൾ, സുന്നി സെന്ററിന് കീഴിലുള്ള ഗൾഫിലെ ഏറ്റവും വലിയ മദ്രസാ പ്രസ്ഥാനത്തിന് നേതൃത്വം നൽകി. കമ്പിൽ മാപ്പിള ഹൈസ്‌കൂളിൽ വിദ്യാർത്ഥിയായിരിക്കെ എംഎസ്എഫ് യൂനിറ്റ് പ്രസിഡന്റായാണ് പൊതുപ്രവർത്തനം തുടങ്ങിയത്. തളിപ്പറമ്പ് സർസയ്യിദ് കോളജിലും എംഎസ്എഫ് പ്രവർത്തങ്ങളുടെ മുൻനിരയിൽ സജീവമായി. മുസ്ലിം ലീഗ് രാഷ്ട്രീയത്തിലും സജീവമായിരുന്ന അദ്ദേഹം കെഎംസിസിയുടെ ഉപദേശകൻ കൂടിയായിരുന്നു.

ഭാര്യ ഉമ്മു ഹബീബ. സിറാജ്, സയ്യിദ് ജലാലുദ്ദീൻ, യാസീൻ, ആമിന, മിസ്ബാഹ്, സുബൈർ, നബ്ഹാൻ എന്നിവരാണ് മക്കൾ. സഗീർ ആണ് മരുമകൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്കു കൊണ്ടുപോകുമെന്ന് സുന്നി സെന്റർ ഭാരവാഹികൾ അറിയിച്ചു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News