ഷാർജ അന്താരാഷ്ട്ര പുസ്തക മേളക്ക് അടുത്തവർഷം മുതൽ പുതിയ വേദി

ഇതുവരെ ഷാർജ എക്‌സ്‌പോ സെന്ററാണ് മേളയ്ക്ക് ആതിഥേയത്വം വഹിച്ചിരുന്നത്

Update: 2024-11-18 17:32 GMT
Advertising

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തക മേള അടുത്ത വർഷം മുതൽ പുതിയ വേദിയിൽ. ഷാർജ മസ്ജിദിന് എതിർവശത്ത് എമിറേറ്റ്‌സ് റോഡിന് സമീപത്താണ് പുതിയ വേദി ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി. നാൽപ്പത്തിമൂന്നാമത് അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് തിരശ്ശീല വീണതിന് പിന്നാലെയാണ് പുതിയ വേദി അനുവദിച്ചുള്ള ഷാർജ ഭരണാധികാരിയുടെ പ്രഖ്യാപനം. അടുത്ത വർഷം മുതൽ പുസ്തകോത്സവത്തിന്റെ സ്ഥിരം വേദിയാകും ഇതെന്ന് ഷാർജ മീഡിയ ഓഫീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ഇതുവരെ ഷാർജ എക്‌സ്‌പോ സെന്ററാണ് മേളയ്ക്ക് ആതിഥേയത്വം വഹിച്ചിരുന്നത്.

പന്ത്രണ്ടു ദിവസം നീണ്ട ഈ വർഷത്തെ മേളയ്‌ക്കെത്തിയ വിദേശികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. ഇന്ത്യയ്ക്ക് പുറമേ, സിറിയ, ഈജിപ്ത്, ജോർദാൻ രാഷ്ട്രങ്ങളിൽ നിന്നും കൂടുതൽ വിദേശികളെത്തി. ആതിഥേയ രാജ്യമായ യുഎഇയിൽ നിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകർ. ഇരുനൂറിലേറെ രാജ്യങ്ങളിൽ നിന്നായി 10.82 ലക്ഷം പേരാണ് അക്ഷരങ്ങളുടെ മഹോത്സവത്തിനെത്തിത്. 108 രാഷ്ട്രങ്ങളിൽ നിന്നായി 2500 ലേറെ പ്രസാധകർ പങ്കെടുത്തു.

സന്ദർശകരിൽ കൂടുതൽ മുപ്പത്തിയഞ്ചിനും നാൽപ്പത്തിനാലിനും ഇടയിൽ പ്രായമുള്ളവരാണ്. 31.18 ശതമാനം പേർ. 25 മുതൽ 34 വരെ പ്രായമുള്ളവർ 31.67 ശതമാനം പേർ. പതിനെട്ടിനും ഇരുപത്തിനാലിനും ഇടയിൽ പ്രായമുള്ളവർ 13.7 ശതമാനമാണ്. മേളയ്‌ക്കെത്തിയ പുരുഷന്മാർ 53 ശതമാനം. സ്ത്രീകൾ 46 ശതമാനവും. യുഎഇയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 1.35 ലക്ഷം വിദ്യാർഥികൾ മേള കാണാനെത്തി.

ഷാർജയുടെ സാംസ്‌കാരിക യാത്രയിൽ വലിയ നാഴികക്കല്ലാണ് ഇത്തവണത്തെ പുസ്തക മേളയെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹ്‌മദ് അൽ അമീരി പറഞ്ഞു. വായനക്കാരെയും പ്രസാധകരെയും എഴുത്തുകാരെയും ഒന്നിച്ച് അണിനിരത്തുന്ന സാംസ്‌കാരിക വ്യവസ്ഥയായി മേള മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News