അരമണിക്കൂർ മുൻപേ പുറപ്പെട്ടു, മത്തായിച്ചൻ
വിയറ്റ്‌നാം കോളനിയിൽ കെ.കെ ജോസഫ് പറഞ്ഞതുപോലെ ഓരോ കഥാപാത്രങ്ങൾ കഴിഞ്ഞപ്പോഴും, അതല്ല അതിനപ്പുറം ചാടിക്കടക്കുന്നവനാണ് ഇന്നസെന്റ് എന്ന് മലയാള സിനിമ പറയാതെ പറഞ്ഞു
കഥ പോലെയൊരാൾ, എത്ര കേട്ടിട്ടും മടുക്കാത്തൊരു കഥ. ചിരിപ്പിച്ചു, രസിപ്പിച്ചു, ചിലപ്പോഴൊക്കെ കണ്ണും നിറച്ചു.
സ്‌നേഹലാളനയോടെ ഇന്നച്ചാ എന്ന് മലയാളികൾ നീട്ടിവിളിച്ചത് വെറുതെയൊന്നുമായിരുന്നില്ല. തൊട്ടയൽപ്പക്കത്തെ വീട്ടിലെ എന്നും കാണുന്ന ഏറ്റവും പ്രിയപ്പെട്ട മനുഷ്യനായതുകൊണ്ടുതന്നെയാണത്. അന്നും ഇന്നും ഇനിയങ്ങോട്ടും മലയാളത്തിന് ഒരേയൊരു ഇന്നസെന്റേയുള്ളൂ. അരനൂറ്റാണ്ടുകൊണ്ട് മലയാളികളുടെ ജീവിതപരിസരത്ത് സർവതലസ്പർശിയായി പടന്നുപന്തലിച്ച് ആഴത്തിൽ വേരുറച്ചുപോയ ഒരു മരം പോലെ..
പൊട്ടിപ്പൊളിഞ്ഞ തീപ്പെട്ടിക്കമ്പനി മുതലാളിയിൽനിന്ന് സിനിമാ നിർമ്മാതാവിലേക്കും പകരംവയ്ക്കാനില്ലാത്ത അഭിനയപ്രതിഭയിലേക്കുമുള്ള ഒരു ഇരിങ്ങാലക്കുടക്കാരന്റെ യാത്രയും സിനിമാ കഥപോലെയായിരുന്നു.. ചെറിയൊരു വേഷത്തിനുവേണ്ടി കോടമ്പാക്കത്ത് അലഞ്ഞുതിരിഞ്ഞ ഇന്നസെന്റ് താരസംഘടനയായ അമ്മയുടെ അമരക്കാരനായതും ചാലക്കുടിക്കാരുടെ എം.പിയായതുമൊക്കെ അതിശയക്കഥ. എല്ലാവിധ കഷ്ടപ്പാടുകളും താണ്ടിയാണ് നടനാവുക എന്ന സ്വപ്നത്തിന്റെ പൂർത്തീകരണത്തിലേക്ക് ആ ഇരിങ്ങാലക്കുടക്കാരൻ നടന്നെത്തിയത്.
എട്ടാം ക്ലാസിൽ പഠനം നിർത്തിയ ശേഷം മദ്രാസിലേക്കൊരു യാത്ര. ഇരിങ്ങാലക്കുടക്കാരൻ ഇന്നസെന്റ് സിനിമാക്കാരൻ ഇന്നസെന്റായതിലെ വഴിത്തിരിവ് അതായിരുന്നു. മദ്രാസ് റെയിൽവേ സ്റ്റേഷനിലെ കാഴ്ചകളോടെന്ന പോലെ വെള്ളിത്തിരയിലെ വർണക്കാഴ്ചകളോടും കൗതുകം. ട്രിവാൻഡ്രം മെയിലിൽ മദ്രാസിൽ വന്നിറങ്ങുന്ന സിനിമക്കാരെ ആരാധനയോടെ നോക്കിനിന്നു ആ ചെറുപ്പക്കാരൻ. എ.ബി രാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം നൃത്തശാലയിൽ പത്രക്കാരനായി ചെറിയൊരു വേഷം. മലയാള സിനിമയിലെ ഇന്നസെന്റ് കാലത്തിന്റെ തുടക്കം അതായിരുന്നു.
പിന്നീട് ജീസസിലും നെല്ലിലും ചെറിയ വേഷങ്ങളിൽ വന്നുപോയി. ഇതിനിടയിൽ സിനിമകളിൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവായി ജോലി ചെയ്തു. നിർമാതാവായെങ്കിലും സാമ്പത്തിക മെച്ചമുണ്ടാക്കാനായില്ല. പിന്നീട് കുറച്ചുകാലം വേഷങ്ങളൊന്നും തേടിവന്നില്ല. പല പണികളും ചെയ്തു. പക്ഷേ, സിനിമയുടെ വെള്ളിവെളിച്ചത്തിൽനിന്ന് വിട്ടുപോകാൻ ഇന്നസെന്റിനാകുമായിരുന്നില്ല.
വേഷപ്പകർച്ചകളുടെ 'ഇന്നസെൻസ്'
സിദ്ദിക്ക് ലാൽ ചിത്രം റാംജി റാവു സ്പീക്കിങ്ങിലൂടെ ഇന്നസെന്റൊരു വരവ് വന്നു. മത്തായിച്ചന്റേത് ഒരു ഒന്നൊന്നര വരവായിരുന്നു. മലയാള സിനിമയിൽ വരാനിരുന്ന ഉഗ്രൻ വെടിക്കെട്ടിന്റെ വെറുമൊരു സാംപിൾ മാത്രമായിരുന്നു ആ ഇരിങ്ങാലക്കുടക്കാരൻ കൊളുത്തിവിട്ടതെന്ന് ഒരുപക്ഷേ അന്ന് പ്രേക്ഷകർ ഓർത്തുകാണില്ല. സവിശേഷമായ ശരീരഭാഷ, സംഭാഷണം.. അടിമുടി അഭിനയം.
അരമണിക്കൂർ മുൻപേ പുറപ്പെട്ട മത്തായിച്ചൻ മലയാളിക്ക് സ്വന്തക്കാരനായി. പിന്നീടങ്ങോട്, ഇന്നസെന്റിനും പ്രേക്ഷകർക്കും യാത്രചെയ്യാൻ ഒരൊറ്റ വണ്ടി മതിയായിരുന്നു. എൺപതുകളുടെ ഒടുക്കവും തൊണ്ണൂറുകൾ മുഴുവനായും പിന്നീടിങ്ങോട്ടും ഇന്നസെന്റ് നിറഞ്ഞുകത്തി. സത്യൻ അന്തിക്കാടും പ്രിയദർശനും ഫാസിലുമടങ്ങുന്ന മുൻനിര സംവിധായകർ ഇന്നസെന്റിന്റെ ഡേറ്റിനായി കാത്തുനിന്നു.
മലയാളിയുടെ ജീവിതപരിസരങ്ങളോട് ഏറ്റവും ചേർന്നുനിൽക്കുന്ന, നിന്ന മനുഷ്യരായിരുന്നു ഓരോ കഥാപാത്രങ്ങളും... വിയറ്റ്‌നാം കോളനിയിൽ കെ.കെ ജോസഫ് പറഞ്ഞതുപോലെ ഓരോ കഥാപാത്രങ്ങൾ കഴിഞ്ഞപ്പോഴും, അതല്ല അതിനപ്പുറം ചാടിക്കടക്കുന്നവനാണ് ഇന്നസെന്റ് എന്ന് മലയാള സിനിമ പറയാതെ പറഞ്ഞു.
കിട്ടുണ്ണിയും ഉണ്ണിത്താനും സ്വാമിനാഥനും പോഞ്ഞിക്കരയും ചാക്കോ മാപ്ലയുമൊക്കെ പറഞ്ഞ ഡയലോഗുകൾ കണ്ടുകണ്ട്, കേട്ടുകേട്ട് പച്ചവെള്ളം പോലെ മലയാളിക്ക് കാണാപാഠമായി. തലയണമന്ത്രം, തൂവൽസ്പർശം, ഡോ. പശുപതി, കോട്ടയം കുഞ്ഞച്ചൻ, അങ്ങനെ പോകുന്നു ആ നിര...
ഹാസ്യ കഥാപാത്രങ്ങളിലാണ് ഇന്നസെന്റിനെ കാണാൻ എറെ കൊതിച്ചതെങ്കിലും വൈകാരികമുഹൂർത്തങ്ങളിൽ പ്രേക്ഷകരുടെ കണ്ണുനിറക്കാനുള്ള മരുന്ന് കുത്തിവയ്ക്കാനും ഇന്നസെന്റിന് അറിയാമായിരുന്നു.. കടലാസേ, കന്നാസ് പോയെന്ന് പറയാനോ ചിന്തിക്കാനോ പ്രേക്ഷകർക്കാവില്ല ഒരിക്കലും.. ദേവാസുരത്തിലും രാവണപ്രഭുവിലും വാര്യറായി തിളങ്ങിയ ഇന്നസെന്റ് മലയാള സിനിമയിലെ കാരണവർസ്ഥാനവും ഭദ്രമെന്ന് തെളിയിച്ചു. വേഷത്തിലെ അച്ഛൻ വേഷം ഉള്ളുലച്ചു. ഹിറ്റ്‌ലറിൽ പിള്ള ചേട്ടന് അടികൊണ്ടപ്പോഴും ചതിച്ച് കൊല്ലുമ്പോഴും നെഞ്ചുപിടഞ്ഞു. നായകകഥാപാത്രത്തിന്റെ വിരസമായ ജീവിതത്തിലേക്ക് കടന്നുവരേണ്ടിയിരുന്ന ഇന്നസെന്റ് കഥാപാത്രങ്ങൾ സിനിമയിലാകെ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.
ഇന്നസെന്റിന്റെ കൂട്ടുകാരൻ കഥാപാത്രങ്ങൾ മലയാളിക്കെന്നും ആഘോഷമായിരുന്നു. വില്ലൻ കഥാപാത്രങ്ങളിലേക്കുള്ള വേഷപ്പകർച്ച ഇന്നസെന്റിലെ നടനു പൂർണത നൽകി. കേളിയിലെ ലാസറനോടും അദ്വൈതത്തിലെ നിഷ്ടൂരനായ പൊലീസുകാരൻ ഡി.ഐ.ജി ശേഷാദ്രിയോടും എന്തെന്നില്ലാത്ത വെറുപ്പ് തോന്നി.. ഇന്നസെന്റും കെ.പി.എസി ലളിതയും ഒന്നിച്ചു പ്രേക്ഷകരെ രസിപ്പിച്ചതിന് കൈയും കണക്കുമില്ലായിരുന്നു. ഇരുവരും ഒരുമിക്കുമ്പോഴുള്ള രസതന്ത്രം കണ്ട് പ്രേക്ഷകർ മറ്റെല്ലാം മറന്നുപോയിട്ടുണ്ട്. വെള്ളിത്തിരയ്ക്ക് അകത്തോ പുറത്തോ എന്നറിയാത്ത അഭിനിയ മികവ്, ഏത് വേഷവും കഥാപരിസരവും രസച്ചരട് മുറിയാതെ ഫലിപ്പിക്കാനുള്ള ശേഷി. അമൂല്യമായ പ്രതിഭകളുടെ അതുല്യസംഗമം. ഒരുമിച്ച് അഭിനയിച്ചപ്പോഴെല്ലാം ഇരുവരും വെള്ളിത്തിരയിൽ അദ്ഭുതങ്ങൾ തീർത്തു.
ഇന്നസെന്റ് എന്ന ഗായകനെയും പ്രേക്ഷകർ ഏറെ ആസ്വദിച്ചു... വീട്ടിലും തിണ്ണയിലും വഴിവക്കത്തുമൊക്കെ അലസമായി ഏറ്റവും ആസ്വദിച്ച് നമ്മൾ പാടാറുള്ള അതേതാളവും ഈണവുമായിരുന്ന ആ പാട്ടുകൾക്ക്..
കാന്‍സര്‍ വാര്‍ഡിലെ ചിരി
ഒരു സത്യൻ അന്തിക്കാട് ചിത്രം പോലെ ജീവിതം മുന്നോട്ടുപോകുന്നതിനിടയിലാണ് വില്ലനായി കാൻസറെത്തുന്നത്. അപ്രതീക്ഷതമായെത്തിയ അർബുദരോഗത്തെ ഇന്നസെന്റ് നേരിട്ടത് മിഥുനത്തിലെ ലൈൻമാൻ കുറുപ്പിനെപ്പോലെയായിരുന്നു. എന്തു വന്നാലും ഒരു ചുക്കുമില്ലെന്ന് പറഞ്ഞ് കൈകെട്ടിനിന്ന കുറുപ്പിന്റെ അതേ നിൽപ്പുപോലെ...
രണ്ടു തവണയാണ് അർബുദത്തെ അതിജീവിച്ചത്. തളർന്നുപോയേക്കാവുന്ന രോഗാവസ്ഥയിൽ എല്ലാവരെയും ചിരിപ്പിച്ചിച്ച് ക്യാൻസർ വാർഡിൽ പോലും ചിരി കണ്ടെത്തി. അസാമാന്യ മനോധൈര്യം കാട്ടി. സ്വന്തം പരാജയങ്ങളെ, അബദ്ധങ്ങളെ ഏറ്റവും ആസ്വദിച്ചുപറഞ്ഞ് മറ്റുള്ളവരെ രസിപ്പിക്കാൻ ഇന്നസെന്റിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
പഠനത്തിൽ പിന്നോട്ടായിരുന്നുവെന്ന് എപ്പോഴും പറഞ്ഞ ഇന്നസെന്റ് ഒരു പാഠപുസ്തകമായി... മനുഷ്യരെ നിരീക്ഷിച്ചാണ് ഇന്നസെന്റ് വളർന്നത്. അതാണ് അദ്ദേഹത്തെ രൂപപ്പെടുത്തിയത്. ജീവിതാനുഭവങ്ങൾ അദ്ദേഹം സ്വകാര്യസ്വത്താക്കിയില്ല. എല്ലാം മറ്റുള്ളവർക്കായി പങ്കുവച്ചു. അതുകൊണ്ടാകാം എഴുതാത്ത വൈക്കം മുഹമ്മദ് ബഷീറാണ് ഇന്നസെന്റെന്ന് സത്യൻ അന്തിക്കാട് പറഞ്ഞത്.
മലയാള സിനിമാ താരസംഘടനയായ അമ്മയെ 18 വർഷമാണ് ഇന്നസെന്റ് മുന്നിൽനിന്നു നയിച്ചത്. ഇന്നസെന്റിന്റെ കാലത്ത് എറെ പ്രതിസന്ധികളാണ് അമ്മ നേരിട്ടത്. ഒരു ഇന്നസെന്റ് ടച്ചിലൂടെ എല്ലാം പരിഹരിക്കാൻ ഇടപെട്ടു.
തനിക്കനുയോജ്യമെന്ന് തെളിയിച്ച രാഷ്ടീയക്കാരന്റെ കുപ്പായം ഇന്നസെന്റ് വീണ്ടുമണിഞ്ഞു. സി.പി.എം സ്വതന്ത്രനായി ചാലക്കുടിയിൽനിന്ന് ലോക്‌സഭയിലേക്ക്. അപ്പന്റെ രാഷ്ട്രീയശരികളെ പിൻപറ്റിയുള്ള യാത്രയാണ് കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ പ്രയോക്താവാക്കി മാറ്റിയത്. പാർലമെന്റിലെ ഇടപെടലും നർമം കലർത്തിയ പ്രസംഗവും ഇന്നസെന്റിനെ അവിടെയും ശ്രദ്ധേയനാക്കി. രണ്ടാം അങ്കത്തിൽ പരാജയപ്പെട്ടെങ്കിലും 'എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു, ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും, മരണംവരെ അതിൽ മാറ്റമില്ല' എന്ന് പ്രഖ്യാപിക്കാൻ ഇന്നസെന്റിന് മറിച്ചൊന്നാലോചിക്കേണ്ടി വന്നില്ല.
പ്രിയപ്പെട്ട ഇന്നസെന്റ് അതിഭാവുകത്വം നിറഞ്ഞ വാക്കുകൾകൊണ്ട് നിങ്ങൾക്ക് ഒരു യാത്ര തരുന്നില്ല. ദൂരെ ഏതോ ഒരു ലൊക്കേഷനിൽ ഗംഭീരമായൊരു ഷൂട്ടിനു പോയതാണെന്ന് ഓർത്തോളാം. ഏറ്റവും പ്രിയപ്പെട്ട മനുഷ്യനായി ഞങ്ങൾക്കൊപ്പം ചേർന്നുനിന്നതിന് ഹൃദയം കൊണ്ടൊരു നന്ദി...
Summary: A Tribute to the Actor Innocent