സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ മാതാവ് അന്തരിച്ചു
പതിനാല് മക്കളുടെ മാതാവാണ്
യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ മാതാവ് കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ (85) നാട്ടിൽ അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 11 ന് താമരശ്ശേരി കെടവൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും. അഷ്റഫ് താമരശ്ശേരി ഉൾപ്പെടെ പതിനാല് മക്കളുടെ മാതാവാണ്.
മാതാവിനെ കുറിച്ച് അഷ്റഫ് താമരശ്ശേരി പങ്കുവെച്ച കുറിപ്പ്
പ്രിയരേ,
വളരെയധികം വ്യസനത്തോടെ എല്ലാവരെയും അറിയിക്കുന്നു, എന്റെ പ്രിയപ്പെട്ട ഉമ്മ കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ ഇന്ന് (23/12/2024) തിങ്കളാഴ്ച്ച രാത്രി 11.55ന് ഇഹലോകവാസംവെടിഞ്ഞ വിവരം അതീവദുഖത്തോടെ അറിയിക്കുന്നു. വാപ്പയും ഉമ്മയും ജീവിച്ചിരിക്കുന്ന കാലമാണ് മക്കളുടെ സ്വർഗ്ഗീയ ജീവിതം. സ്നേഹനിധിയായ പിതാവ് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പേ വിട്ടുപോയി, ഇപ്പൊ സ്നേഹവാത്സല്യനിധിയായ മാതാവും യാത്രയായി.
ഞങ്ങൾ പതിനാല് മക്കളാണ്, അന്നൊന്നും ആശുപത്രിയോ വൈദ്യുതിയോ ഒന്നുമില്ലാത്ത കാലം, മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിലാണ് ഓലക്കുടിലിൽ ഉമ്മ ഞങ്ങളെയൊക്കെ പ്രസവിച്ചത്. കൊടിയ ദാരിദ്ര്യത്തിന്റെ കയ്പ്നീരും. . അതിനിടയിലും ആവോളം സ്നേഹവാത്സല്യങ്ങൾ നൽകി ഞങ്ങളെ വളർത്തി വലുതാക്കി, നാല് പേര് മുമ്പേ മരണപ്പെട്ടു, ഒരാള് ഈയടുത്ത് മരണപ്പെട്ടു. ബാക്കി ഒമ്പത് പേരിൽ നാല് പെണ്ണും, അഞ്ച് ആണും. എല്ലാവരും ഇവിടെയുണ്ട്. ഞങ്ങളോരോരുത്തരും യാതൊരു അല്ലലുമില്ലാതെ ആവോളം സ്നേഹപരിചരണത്തോടെയാണ് പൊന്നുമ്മയെ നോക്കിവന്നിരുന്നത്.
വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇത്രപെട്ടെന്ന് റബ്ബിന്റെ വിളിക്കുത്തരമായി ഞങ്ങളെ വിട്ടുപിരിഞ്ഞു പോകുമെന്ന് കരുതിയില്ല, വിശ്വസിക്കാനും പ്രയാസം. പൊന്നുമ്മയെ കുറിച്ച് പറയുവാൻ വാക്കുകളില്ല, ഹൃദയംപൊട്ടുന്ന വേദനയോടെ വിങ്ങുന്ന മനസ്സുമായി ഇപ്പൊ തന്നെ നാട്ടിലേക്ക് യാത്രപുറപ്പെട്ടു. നാളെ താമരശ്ശേരി കെടവൂർ ജുമാഅത്ത് പള്ളിയിൽ രാവിലെ 11 മണിക്ക് ഖബറടക്കം നടത്തും. ഇവിടെയുള്ളവരും, ഇവിടെനിന്ന് നാട്ടിലെത്തിയവരും, നാട്ടിലുള്ളവരും എത്തിച്ചേരുകയും മയ്യിത്ത് നിസ്ക്കാരത്തിൽ പങ്ക് കൊള്ളണമെന്നും വ്യസനത്തോടെ ദീനുൽ ഇസ്ലാമിന്റെ പേരിൽ അപേക്ഷിക്കുന്നു.