ആറു സംസ്ഥാനങ്ങളിൽ ഗവർണർ; യു.ഡി.എഫുകാരുടെ 'കൺവീനർ'
ഏറെക്കാലം യു.ഡി.എഫ് മുന്നണിയുടെ മുഖമായിരുന്നു കെ. ശങ്കരനാരായണൻ. യു.ഡി.എഫ് പ്രവർത്തകർക്ക് ഒരുകാലത്തും മറക്കാനാകാത്ത 'കൺവീനർ'
പാലക്കാട്: ആറു സംസ്ഥാനങ്ങളിൽ ഗവർണർ. ഒരു മലയാളിക്കും ഇതുവരെ അവകാശപ്പെടാനാകാത്ത റെക്കോർഡ് കെ. ശങ്കരനാരായണനു സ്വന്തമാണ്. നീണ്ട 16 വർഷക്കാലം യു.ഡി.എഫ് എന്ന സംവിധാനത്തിന്റെ അമരക്കാരനായും അദ്ദേഹമുണ്ടായിരുന്നു. നാലു തവണ സംസ്ഥാന മന്ത്രിയായും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ സജീവരാഷ്ട്രീയത്തിൽനിന്നു സ്വയം മാറിനിൽക്കാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ, തൊട്ടടുത്ത വർഷം മൻമോഹൻ സിങ് സർക്കാർ അദ്ദേഹത്തെ അരുണാചൽപ്രദേശിന്റെ ഗവർണറായി നിയമിച്ചു. പിന്നീട് അസം, നാഗാലാൻഡ്, ജാർഖണ്ഡ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുമെല്ലാം ഗവർണറായി അദ്ദേഹമെത്തി.
2009ലാണ് ജാർഖണ്ഡിലെത്തുന്നത്. തൊട്ടടുത്ത വർഷം മഹാരാഷ്ട്രയിലേക്ക് മാറ്റിനിയമിക്കപ്പെട്ടു. കാലാവധി തികച്ച ശേഷം 2012ൽ മഹാരാഷ്ട്രയിൽ രണ്ടാമതും നിയമിക്കപ്പെട്ടു. 2014ൽ മിസോറാമിലേക്ക് മാറ്റപ്പെട്ടതിന് പിന്നാലെ സ്ഥാനം രാജിവച്ചു.
യു.ഡി.എഫിന്റെ ദീർഘകാല കപ്പിത്താൻ
1977ൽ തൃത്താലയിൽനിന്നായിരുന്നു കേരള നിയമസഭയിലേക്ക് അരങ്ങേറ്റം കുറിച്ചത്. 1980ൽ ശ്രീകൃഷ്ണപുരത്തുനിന്നും 1987ൽ ഒറ്റപ്പാലത്തുനിന്നും 2001ൽ പാലക്കാട്ടുനിന്നും വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1982ൽ ശ്രീകൃഷ്ണപുരത്തുനിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഇ. പത്മനാഭനോടും 1991ൽ ഒറ്റപ്പാലത്തുനിന്ന് കോൺഗ്രസ്-എസിലെ വി.സി കബീറിനോടും പരാജയപ്പെട്ടു.
1977-78 കാലയളവിൽ കെ. കരുണാകരൻ, എ.കെ ആന്റണി സർക്കാരുകളിൽ മന്ത്രിയായും അരങ്ങേറ്റം കുറിച്ചു. കൃഷി, സാമൂഹിക ക്ഷേമ വകുപ്പു മന്ത്രിയായിരുന്നു അദ്ദേഹം. 2001-04 കാലയളവിൽ എ.കെ ആന്റണി സർക്കാരിലും ധനകാര്യ-എക്സൈസ് വകുപ്പുകളും കൈകാര്യം ചെയ്തു.
ഏറെക്കാലം യു.ഡി.എഫ് മുന്നണിയുടെ മുഖമായിരുന്നു അദ്ദേഹം. യു.ഡി.എഫ് പ്രവർത്തകർക്ക് ഒരുകാലത്തും മറക്കാനാകാത്ത 'കൺവീനർ'. 1985 മുതൽ 2001 വരെ നീണ്ട പതിനാറുവർഷമാണ് അദ്ദേഹം യു.ഡി.എഫ് സംവിധാനത്തെ കൺവീനറായിരുന്നു. മുന്നണിയെ വിവിധ സർക്കാരുകളുടെ കാലത്തും ഇളക്കമില്ലാതെ, പരാതികളും പരിഭവങ്ങളുമെല്ലാം തന്മയത്വത്തോടെ കൈകാര്യം ചെയ്ത് മുന്നോട്ടുനയിച്ച കപ്പിത്താനായിരുന്നു.
കോൺഗ്രസ് രാഷ്ട്രീയത്തിൽ
ഷൊർണൂർ അണിയത്ത് ശങ്കരൻ നായരുടെയും ലക്ഷമിയമ്മയുടെയും മകനായി 1932 ഒക്ടോബർ 15നാണ് ജനനം. വിദ്യാഭ്യാസ കാലത്തുതന്നെ രാഷ്ട്രീയത്തിൽ ഇടപെട്ടുതുടങ്ങി.
ഷൊർണൂർ കമ്മിറ്റി സെക്രട്ടറിയായായിരുന്നു കോൺഗ്രസ് നേതൃരംഗത്ത് തുടക്കം കുറിച്ചത്. തുടർന്ന് പട്ടാമ്പി നിയോജകമണ്ഡലം സെക്രട്ടറിയും വൈകാതെത്തന്നെ പാലക്കാട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായി. 1964ൽ വെറും 32-ാം വയസിൽ പാലക്കാട് ഡി.സി.സി പ്രസിഡന്റായി നിയമിച്ച് ചെറിയ പ്രായത്തിൽ തന്നെ പാർട്ടി അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോട്ടയായിരുന്ന പാലക്കാട്ട് പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തിയതിന് അധികം വൈകാതെ നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചു. 1968ൽ 36-ാം വയസ്സിൽ തന്നെ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തായിരുന്നു അത്.
Summary: K Sankaranarayanan: The only Malayalee who became the Governor of six states in the country