കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും കോഴിക്കോട് കാരന്തൂർ മർക്കസ് വൈസ് പ്രസിഡന്‍റുമാണ്

Update: 2022-11-20 02:53 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് കാരന്തൂർ മർക്കസ് വൈസ് പ്രസിഡന്റും മുതിർന്ന അധ്യാപകനുമാണ്. ഇന്നു പുലർച്ചെ 5.45നായിരുന്നു അന്ത്യം. അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ ആദ്യ ശിഷ്യന്മാരിൽ ഒരാളാണ് മുഹമ്മദ് മുസ്‌ലിയാർ. ഇസ്‌ലാമിക കർമശാസ്ത്ര പഠനരംഗത്ത് വിദഗ്ധനാണ്. ചെറിയ എ.പി ഉസ്താദ് എന്നാണ് അറിയപ്പെട്ടിരുന്നത്.

പരേതരായ കല്ലാച്ചി ചേക്കു ഹാജിയുടെയും ആയിശയുടെയും മകനായി 1950ൽ കൊടുവള്ളിക്കടുത്ത കരുവമ്പൊയിലിലായിരുന്നു ജനനം. കാന്തപുരം, കോളിക്കൽ, മാങ്ങാട് തുടങ്ങിയ ദർസുകളിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ കീഴിൽ ദീർഘകാലം മതപഠനം നടത്തി. ശേഷം തമിഴ്നാട് വെല്ലൂർ ബാഖിയാത്ത് കോളജിൽനിന്ന് ബാഖവി ബിരുദം നേടി. 1975ൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ തന്നെ കീഴിൽ കാന്തപുരം അസീസിയ്യ അറബിക് കോളജ് വൈസ് പ്രിൻസിപ്പലായായിരുന്നു അധ്യാപന തുടക്കം.

കഴിഞ്ഞ 20 വർഷമായി മർകസിൽ പ്രധാന അധ്യാപകനും വൈസ് പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാദിയുമാണ്. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്.

മക്കൾ: അബ്ദുല്ല റഫീഖ്, അൻവർ സ്വാദിഖ് സഖാഫി (ഡയരക്ടർ, അൽ ഖമർ), അൻസാർ, മുനീർ, ആരിഫ, തശ്രീഫ. മരുമക്കൾ: ഇ.കെ ഖാസിം അഹ്സനി, അബ്ദുൽ ജബ്ബാർ, അസ്മ കട്ടിപ്പാറ, നദീറ കുറ്റിക്കടവ്.

രാവിലെ ഒൻപത് മണിക്ക് കാരന്തൂർ ജാമിഅ മർകസ് മസ്ജിദിൽ നടക്കുന്ന മയ്യിത്ത് നിസ്‌കാരത്തിനുശേഷം കൊടുവള്ളി കരുവമ്പൊയിലിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് നാലു മണിക്ക് കരുവമ്പൊയിൽ ചുള്ള്യാട് ജുമാ മസ്ജിദിൽ ഖബർസ്ഥാനിൽ ഖബറടക്കും.

Summary: Renowned Islamic scholar Kanthapuram AP Muhammad Musliyar passed away

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News