പ്രമുഖ വ്യവസായി കെ.വി മുഹമ്മദ് സക്കീർ അന്തരിച്ചു
എറണാകുളം കേന്ദ്രമായുള്ള ഫോറം ഫോർ ഫ്രറ്റേണിറ്റി സ്ഥാപക ചെയർമാനാണ്
തൃശൂർ: വ്യവസായ പ്രമുഖനും കാപ് ഇന്ത്യ എം.ഡിയും സാമൂഹിക, സാമുദായിക രംഗത്ത് നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തിരുന്ന കുരിയച്ചിറ 'നിശാന്തി'യിൽ താമസിക്കുന്ന കടുങ്ങാട്ടുപറമ്പിൽ കെ.വി മുഹമ്മദ് സക്കീർ (77) അന്തരിച്ചു. തൃശൂർ ദയ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ 12.15 നായിരുന്നു അന്ത്യം. കരുവന്നൂർ സ്വദേശിയാണ്.
ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ബിരുദത്തിന് ശേഷം കൊല്ലം ടി.കെ.എം. എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങ് ബിരുദം പൂർത്തിയാക്കി. മികച്ച ഫുട്ബാളറായിരുന്ന മുഹമ്മദ് സക്കീർ ടി.കെ.എം. കോളജ് ടീമിൽ ഗോൾകീപ്പറായിരുന്നു. എഞ്ചിനീയറിങ്ങിന് ശേഷം സൗദി അറേബ്യ ദമാമിൽ കൺസ്ട്രക്ഷൻ കമ്പനി സ്ഥാപിച്ചു. പിന്നീട് നാട്ടിലെത്തി ബാംഗളുരൂ ആസ്ഥാനമാക്കി കാപ് ഇന്ത്യ കൺസ്ട്രക്ഷനും ടൈൽ ഫാക്ടറിയും ആരംഭിച്ചു.
തൃശൂർ, കർണാടക തുംകൂർ, മൈസൂർ, കോലാർ, ആന്ധ നെല്ലൂർ എന്നിവിടങ്ങളിലെ ടൈൽ ഫാക്ടറി ഡയറക്ടറും തൃശൂർ സിറ്റി സെന്റർ ഡയറക്ടററുമാണ്. തൃശൂർ അക്വാറ്റിക് ക്ലബ് സ്ഥാപക ഡയറക്ടറാണ്. സാമൂഹിക, സാമുദായിക രംഗത്ത് നിറഞ്ഞു നിന്ന മുഹമ്മദ് സക്കീർ എറണാകുളം കേന്ദ്രമായുള്ള ഫോറം ഫോർ ഫ്രറ്റേണിറ്റി സ്ഥാപക ചെയർമാനാണ്. തൃശൂർ റോട്ടറി ക്ലബ്, ജേസീസ് എന്നിവയുടെ ഭാരവാഹിയായിരുന്നു. തൃശൂർ ചേമ്പർ ഓഫ് കോമേഴ്‌സ് മുൻ ഡയറക്ടറുമാണ്.
പെരുമ്പിലാവ് അൻസാർ സ്‌കൂൾ ഡയറക്ടർ, തൃശൂർ സകാത്ത് കമ്മിറ്റി മുൻ പ്രസിഡന്റ്, തൃശൂർ ഹിറ മസ്ജിദുമായി ബന്ധപ്പെട്ട ട്രസ്റ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കരുവന്നൂർ ദാറുസ്സലാം, തൃശൂർ ചേറൂർ എം.ഇ.എ. എന്നിവയുടെ ചെയർമാനാണ്. എം.ഇ.എസിന്റെ ആദ്യകാല പ്രവർത്തകനാണ്.
മജ്‌ലിസ് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകാംഗം, കാളത്തോട് തണൽ ചെയർമാൻ, വടകര ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ വരന്തരപ്പിള്ളി ശാഖ ചെയർമാൻ, അനാഥരുടെയും അഗതികളുടെയും പുനരധിവാസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അഡോപ്റ്റ് ചെയർമാൻ, ഫോറം ഫോർ കമ്യൂണൽ ഹാർമണിയുടെ ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: എടവനക്കാട് കിഴക്കേവീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മകൾ ഖദീജ മക്കൾ: യാസിർ സക്കീർ, ലാമിയ, നിബൂദ (അമേരിക്ക). സഹോദരന്മാർ: കെ.വി. യൂസുഫലി, അശ്‌റഫ് ഹുസൈൻ,പരേതനായ സാമൂഹിക പ്രവർത്തകൻ അബ്ദുൽ അസീസ്. ഖബറക്കം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കരുവന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.