മതപ്രഭാഷണത്തിന്‍റെ പുത്തന്‍ശൈലി; ഹൃദയങ്ങളിൽനിന്ന് ഹൃദയങ്ങളിലേക്ക് പരന്നൊഴുകിയ വൈലിത്തറ

വേദിയിൽനിന്ന് ഇറങ്ങുമ്പോൾ ആര്യഭട്ട മുഹമ്മദ് കുഞ്ഞിന്റെ കൈപിടിച്ച് അഭിനന്ദിച്ചു. കൂട്ടത്തിൽ അപ്രതീക്ഷിതമായൊരു പ്രശംസയും;'വണ്ടർഫുൾ മാൻ'! പിന്നീട് നടന്നത് ചരിത്രമായിരുന്നു

Update: 2023-01-31 10:24 GMT
Editor : Shaheer | By : Web Desk
Advertising

ആലപ്പുഴ: കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് ഏറെക്കാലം നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു അന്തരിച്ച വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി. മതപ്രഭാഷണത്തിന് പുതിയ മട്ടും ഭാവവും ആഴവും പരപ്പും പകർന്നുനൽകിയ വിശ്രുത പണ്ഡിതൻ. മതപണ്ഡിതർക്കും പ്രഭാഷകർക്കും ഒട്ടും കുറവില്ലാത്ത മലബാറിലെ വേദികൾ തെക്കൻ കേരളത്തിൽനിന്നെത്തിയ വൈലിത്തറ പതിറ്റാണ്ടുകളോളം അടക്കിവാണു.

ആര്യഭട്ടയുടെ അംഗീകാരം; സദസിൽ കേൾവിക്കാരനായി ബാഫഖി തങ്ങളും

1930ലാണ് വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ ജനനം. നാട്ടുകാരായ കളത്തിപ്പറമ്പിൽ മൊയ്തീൻ കുഞ്ഞ് മുസ്‌ലിയാർ, ഹൈദ്രോസ് മുസ്‌ലിയാർ, ആലി മുസ്‌ലിയാർ, വടുതല കുഞ്ഞുവാവ മുസ്‌ലിയാർ എന്നിവരിൽനിന്ന് ഖുർആന്റെയും കർമശാസ്ത്രത്തിന്റെയും ആദ്യ പാഠങ്ങൾ അഭ്യസിച്ചു.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ വൈലിത്തറയ്‍ക്കൊപ്പം

18-ാമത്തെ വയസിലാണ് പ്രഭാഷണവേദിയിലെ അരങ്ങേറ്റം. തൃക്കുന്നപ്പുഴ ജ്ഞാനോദയം വായനശാലയുടെ വാർഷികത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനമായിരുന്നു ചടങ്ങ്. ആത്മവിദ്യാ സംഘം ആചാര്യൻ ആര്യഭട്ട സ്വാമി അടക്കമുള്ള പ്രമുഖരെ വേദിയിലിരുത്തിയായിരുന്നു കന്നി പ്രസംഗം. പ്രസംഗം കഴിഞ്ഞിറങ്ങുമ്പോൾ ആര്യഭട്ടയുടെ പ്രശംസയും ഏറ്റുവാങ്ങാനായി.

വേദിയിൽനിന്ന് ഇറങ്ങുമ്പോൾ ആര്യഭട്ട മുഹമ്മദ് കുഞ്ഞിന്റെ കൈപിടിച്ച് അഭിനന്ദിച്ചു. കൂട്ടത്തിൽ അപ്രതീക്ഷിതമായൊരു പ്രശംസയും;'വണ്ടർഫുൾ മാൻ'! പിന്നീട് നടന്നത് ചരിത്രമായിരുന്നു. വേദികളിൽനിന്ന് വേദികളിലേക്കായിരുന്നു പിന്നീടങ്ങോട്ട് വൈലിത്തറയുടെ പ്രയാണം. ഹരിപ്പാട് താമല്ലാക്കലിൽ 12 ദിവസം നീണ്ടുനിന്ന പ്രഭാഷണ പരമ്പര ഏറെ ശ്രദ്ധ നേടി.

ദക്ഷിണ കേരളത്തിലെ മത, സാംസ്‌കാരിക വേദികളിൽ നിറഞ്ഞുനിന്നിരുന്ന വൈലിത്തറയ്ക്ക് മലബാറിൽനിന്ന് ക്ഷണമെത്താൻ അധികം വേണ്ടിവന്നില്ല. കോഴിക്കോട് വടകരയിലെ പഴക്കമേറിയ പ്രാഥമിക മതവിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ ബുസ്താനുൽ ഉലൂം മദ്രസയുടെ ഒരു വാർഷിക ചടങ്ങായിരുന്നു മലബാറിലെ ആദ്യ വേദി. കോഴിക്കോട് കുറ്റിച്ചിറ അൻസ്വാറുൽ മുസ്ലിമീൻ മദ്രസയിൽ നടന്ന മതപ്രഭാഷണ പരമ്പരയായിരുന്നു ആദ്യകാലത്തെ ശ്രദ്ധേയമായ മറ്റൊരു പരിപാടി.

ജമാഅത്തെ ഇസ്‍ലാമി മുന്‍ അസിസ്റ്റന്‍റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് വൈലിത്തറയെ സന്ദര്‍ശിച്ചപ്പോള്‍

കുറ്റിച്ചിറയിൽ ഏഴു ദിവസത്തേക്കു നിശ്ചയിച്ച പരിപാടിയായിരുന്നു. പ്രസംഗം കേൾക്കാൻ വൻജനക്കൂട്ടം തടിച്ചുകൂടിയതോടെ പരമ്പര ഒന്നും രണ്ടും ആഴ്ച പിന്നിട്ട് 17 ദിവസം വരെ നീണ്ടു. മുസ്‌ലിം ലീഗ് നേതാവ് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അടക്കമുള്ളവരും അന്ന് കേൾവിക്കാരായി എത്തിയെന്നത് തന്നെ അദ്ദേഹത്തിന്റെ പ്രഭാഷണ ചാതുര്യം വ്യക്തമാക്കുന്നതാണ്.

മതപ്രഭാഷണത്തിന്റെ പുത്തൻവഴി

കേവലമൊരു ഇസ്‌ലാമിക മതപണ്ഡിതനായിരുന്നില്ല മുഹമ്മദ് കുഞ്ഞ് മൗലവി. ഖുർആനിൽ അവഗാഹം നേടിയ മൗലവി പഠനം ബൈബിളിലേക്കും ഭഗവത്ഗീതയിലേക്കും ഉപനിഷത്തുകളിലേക്കും വ്യാപിപ്പിച്ചു. വിവിധ മതങ്ങളെയും ദർശനങ്ങളെയും സംസ്‌കാരങ്ങളെയും ആഴത്തിൽ അറിയുകയും പഠിക്കുകയും ചെയ്തു. അതിന്റെ ഒഴുക്കും തെളിച്ചവും ഗഹനതയും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നു.

ഏതു മതവിഭാഗക്കാർക്കും കേൾക്കാവുന്ന തരത്തിൽ മതദർശനങ്ങൾ അവതരിപ്പിച്ചിരുന്നു വൈലിത്തറ. മലയാള, ഇംഗ്ലീഷ് സാഹിത്യങ്ങളിലും അവഗാഹം നേടിയതിനാൽ അതിന്റെ കരുത്തും പ്രഭാഷണങ്ങൾക്കുണ്ടായിരുന്നു. മലയാള കവിതകളും വിശ്വസാഹിത്യ കൃതികളും ഉദ്ധരിച്ചായിരുന്നു പലപ്പോഴും പ്രസംഗങ്ങൾ.

എം.എ യൂസുഫലിക്കും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം

അക്കാലത്ത് മതപ്രഭാഷണത്തിനുണ്ടായിരുന്ന പ്രത്യേക ഘടനകളും ശൈലികളുമൊക്കെ പൊളിച്ചെഴുതി വൈലിത്തറ. ഉള്ളടക്കത്തിലും പതിവുരീതിയിൽനിന്നു മാറിനടന്നു. അതിന്റെ സ്വാധീനം പലതരത്തിലുമുണ്ടായി. അഭ്യസ്തവിദ്യർക്കും ഇതര സാമൂഹിക-മതവിഭാഗങ്ങളിലുള്ളവർക്കും കേൾക്കാനും ഉൾക്കൊള്ളാനും കഴിയുംവിധം മതപ്രഭാഷണരംഗത്തെ അദ്ദേഹം വികസ്വരമാക്കി. അദ്ദേഹത്തിന്റെ കേൾവിക്കാരായി സമൂഹത്തിന്റ നാനാതുറകളിൽനിന്നുമുള്ള ആളുകളുമെത്തിയതിനു ചരിത്രം സാക്ഷി. വൈലിത്തറയുടെ ശൈലിക്ക് കേരളത്തിലെ ഇസ്‌ലാമിക മതപ്രഭാഷണ മേഖലയിൽ ഒരുപാട് പിന്തുടർച്ചക്കാരുമുണ്ടായി.

Summary: Vailithara Muhammed Kunju Moulavi-Obituary

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News