18-കാരനായ ടേബിൾ ടെന്നിസ് താരം വിശ്വ ദീനദയാലൻ വാഹനാപകടത്തിൽ മരിച്ചു
ഇന്റർസ്റ്റേറ്റ് ചാമ്പ്യൻഷിപ്പിനായി ഷില്ലോങിലേക്കു പോകവെ വാഹനാപകടത്തിലാണ് മരണം.
ഷില്ലോങ്: ദേശീയ സീനിയർ ഇന്റര്‍സ്റ്റേറ്റ് ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ തമിഴ്‌നാട്ടുകാരനായ കൗമാരതാരം വിശ്വ ദീനദയാലൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഗുവാഹതിയിൽ നിന്ന് ഷില്ലോങിലേക്ക് മൂന്ന് ടീമംഗങ്ങൾക്കൊപ്പം വിശ്വ യാത്രചെയ്യുകയായിരുന്ന ടാക്‌സി അപകടത്തിൽപെടുകയായിരുന്നു. ചികിത്സയിലുള്ള സഹതാരങ്ങളുടെ പരിക്ക് ഗുരുതരമാണ്.
വിശ്വയും സഹതാരങ്ങളും സഞ്ചരിച്ച ടാക്‌സി എതിർദിശയിൽ നിന്നുവന്ന ട്രെയ്‌ലറിലിടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഉംലി ചെക്ക്‌പോസ്റ്റ് കഴിഞ്ഞ ഉടൻ ശങ്ബംഗ്‌ളയിൽ വെച്ചാണ് സംഭവം. 12 ചക്രങ്ങളുള്ള ട്രെയ്‌ലറിയിടിച്ച ടാക്‌സി നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ തട്ടി ഉയരുകയും കൊക്കയിലേക്ക് മറിയുകയും ചെയ്തു. ടാക്‌സി ഡ്രൈവർ സംഭവ സ്ഥലത്ത് മരിച്ചു. ആശുപത്രിയിലേക്കുള്ള വഴിയെയാണ് വിശ്വ മരിച്ചത്.
കൂടെയുണ്ടായിരുന്ന രമേഷ് സന്തോഷ് കുമാർ, അബിനാഷ് പ്രസന്നാജി ശ്രീനിവാസൻ, കിഷോർ കുമാർ എന്നിവരെ ഗുരുതര പരിക്കുകളോടെ നോർത്ത് ഈസ്‌റ്റേൺ ഇന്ദിരഗാന്ധി റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ദേശീയ, അന്തർദേശീയ തലത്തിൽ നിരവധി മെഡലുകൾ സ്വന്തമാക്കിയിട്ടുള്ള വിശ്വ ദീനദയാലൻ രാജ്യത്തിന്റെ ഭാവിതാരമായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഏപ്രിൽ 27 മുതൽ ഓസ്ട്രിയയിലെ ലിൻസിൽ നടക്കുന്ന ലോക ടെന്നിസ് ടേബിൾ ഫെഡറേഷന്റെ യൂത്ത് കണ്ടന്ററിൽ പങ്കെടുക്കാനിരിക്കെയാണ് വിശ്വയുടെ വിയോഗം. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ച കേഡറ്റ്, സബ്ജൂനിയർ ദേശീയ കിരീടങ്ങൾ നേടിയിട്ടുണ്ട്.