ഒളിമ്പിക്‌സ് ഹൈജമ്പിൽ സ്വർണം പങ്കിടാൻ അവസരം;വേണ്ടെന്ന് താരങ്ങൾ, ഒടുവിൽ സംഭവിച്ചത്
കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ ഹൈജമ്പിൽ സമാന സാഹചര്യമുണ്ടായപ്പോൾ ഖത്തർ, ഇറ്റലി താരങ്ങൾ സ്വർണമെഡൽ പങ്കിടുകയായിരുന്നു
പാരീസ്: ട്രാക്കിലും ഫീൽഡിലുമായി സ്വർണമെഡലിനായി വാശിയോടെ പോരാടുമ്പോഴും കളിക്കാർ തമ്മിലുള്ള സൗഹൃദം അതിർത്തികൾ ഭേദിക്കുന്നതായിരുന്നു. ഓരോ ഒളിമ്പിക്‌സിലും ഇത്തരം നിരവധി കഥകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സിൽ സൗഹൃദത്തിന്റെ പുതിയ ചരിത്രം കുറിച്ച് ഹൈജമ്പിൽ ഖത്തറിന്റെ മുതാസ് ബാർഷിം ഇബ്രാഹിമും ഇറ്റലിയുടെ ജിയാൻമാർകോ താംബെരിയും സ്വർണം പങ്കിട്ടിരുന്നു. ഒളിമ്പിക്‌സ് വേദിയിലെ മനോഹര കാഴ്ചയായാണ് ഇതിനെ ലോകം കണ്ടിരുന്നത്. ഇരുവരും ഒരേ ദൂരം പിന്നിട്ട് നിൽക്കെ ചാമ്പ്യനെ കണ്ടെത്താൻ മത്സരം തുടരണോയെന്ന മാച്ച് ഒഫീഷ്യൽസിന്റെ ചോദ്യത്തിന് സ്വർണം ഞങ്ങൾക്ക് രണ്ടാൾക്കുമായി നൽകാമോയെന്നായിരുന്നു ഇരുവരുടേയും മറുപടി. ടോക്കിയോ ഒളിമ്പിക്‌സ് അങ്ങനെ ഇവരുടെ സൗഹൃദത്തിലൂടെയും അറിയപ്പെട്ടു.
നാല് വർഷങ്ങൾക്കിപ്പുറം പാരീസിലെത്തുമ്പോഴും സമാനമായ സാഹചര്യമാണ് ജമ്പിങ് പിറ്റിലുണ്ടായത്. ഇവിടെ സ്വർണമെഡലിനായി പോരാടിയത് ന്യൂസിലാൻഡ് താരം ഹാമിഷ് കേറും അമേരിക്കയുടെ ഷെൽബി മാക് എവനുമായിരുന്നു. ഇരുവരും 2.36 മീറ്റർ ഉയരം പിന്നിട്ടു. തുടർന്ന് ഹൈജമ്പ് ബാർ 2.38 മീറ്ററായി ഉയർത്തി വീണ്ടും പോരാട്ടം തുടർന്നു. എന്നാൽ പുതിയ ഉയരം രണ്ട് പേർക്കും ഭേദിക്കാനായില്ല. രണ്ട് പേരുടേയും മൂന്നു ശ്രമങ്ങളും പരാജയമായി.
ഈ സമയം മാച്ച് ഒഫീഷ്യൽസ് ഹാമിഷിനോടും ഷെൽബിയോടുമായി ചോദിച്ചു.. സ്വർണമെഡൽ പങ്കിടുന്നുണ്ടോയെന്ന്. ടോക്കിയോയിലേതിന് സമാനമായൊരു ട്വിസ്റ്റാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. മത്സരം തുടരാമെന്ന ആവശ്യക്കാരനായിരുന്നു അമേരിക്കയുടെ ഷെൽബി. ന്യൂഡിലാൻഡ് താരവും ഇതു ശരിവെച്ചതോടെ മത്സരം പുന:രാരംഭിച്ചു. 11 തവണ ശ്രമിച്ചെങ്കിലും ഇരുവർക്കും പുതിയ ഉയരം കണ്ടെത്താനായില്ല. ഇതോടെ സ്വർണജേതാവിനെ കണ്ടെത്താൻ ബാർ താഴ്‌ത്തേണ്ടിവന്നു. ഒടുവിൽ 'ഫ്‌ളയിങ് കിവി 'എന്നറിയപ്പെടുന്ന ന്യൂസിലാൻഡ് താരം വിജയകൊടി പാറിച്ചു. അമേരിക്കൻ താരത്തിന്റെ ആ തീരുമാനം അങ്ങനെ വെള്ളിമെഡൽ മാത്രമായി ഒതുങ്ങി