'കുട്ടികൾക്ക് കളിപ്പാട്ടമായി തോക്ക് വാങ്ങി കൊടുക്കുമ്പോൾ'; ടെക്‌സാസിലെ വെടിവെപ്പിന്റെ സമൂഹമനശ്ശാസ്ത്രം
നിങ്ങൾ കുട്ടികൾക്ക് കളിപ്പാട്ടമായി തോക്കുകൾ നൽകുമ്പോഴും വളരെ ഭീകരമായ വെടിവെപ്പ് ഉള്ള വീഡിയോ ഗെയിം കളിക്കാൻ അനുവദിക്കുമ്പോഴും തോക്ക് ഉപയോഗിക്കുന്നതും കൊല്ലുന്നതും ഒക്കെ വളരെ നോർമൽ ആണ് എന്നുള്ള ചിന്തയാണ് കുട്ടികളിലേക്ക് പകർന്നു നൽകുന്നത്
പാരീസിലെ ഭീകരാക്രമണം നടന്ന രണ്ട് ദിവസം കഴിഞ്ഞിട്ടാണ് ഞാൻ ന്യൂയോർക്ക് നഗരത്തിൽ എത്തുന്നത്. അവിടെ അഭൂതപൂർവമായ തിരക്കായിരുന്നു. ഓരോ 100 മീറ്ററിലും കാണുന്ന കറുത്ത വസ്ത്രങ്ങൾ ധരിച്ച, ലൈറ്റ് മിഷൻ ഗണ്ണും ഏന്തിയ പൊലീസ് കൂട്ടങ്ങൾ. വാസ്തവത്തിൽ അവിടെ ഉണ്ടായേക്കാവുന്ന ഒരു തീവ്രവാദി ആക്രമണത്തെക്കാളും ഈ തോക്കേന്തിയ പൊലീസുകാരുടെ തുറിച്ചു നോട്ടം തന്നെയായിരുന്നു എന്നെ ഭയപ്പെടുത്തിയത്.
ആരെയും സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യാനും വെടിവെച്ചു കൊല്ലാനും അനുവദിക്കുന്ന കിരാത നിയമം ഉള്ള നാട്. ഏതാനും വർഷങ്ങൾക്കു മുമ്പ് കാനഡയിലെ ടോറൻോയിൽ ഒരു കറുത്ത വർഗ്ഗക്കാരനെ പൊലീസ് എന്റെ മുമ്പിൽ ഇട്ടാണ് വെടിവെച്ചുകൊന്നത്.പുല്ല് ചെത്തുന്ന ഒരു കത്തിയുമായി ഒരു ബാങ്കിന്റെ മുമ്പിൽ കാണപ്പെട്ടു എന്നതായിരുന്നു അയാൾ ചെയ്ത കുറ്റം. അയാളെ കണ്ട് ഭയപ്പെട്ട് ഒരു സ്ത്രീ പൊലീസിനെ വിളിക്കുകയും ജെയിംസ് ബോണ്ട് സിൻഡ്രോം ബാധിച്ച പൊലീസുകാർ നാല് കാറുകളിലായി അവിടെ എത്തുകയും ചെയ്തു. സെക്കന്റുകൾക്കുള്ളിൽ ആളെ വെടിവെച്ചിട്ടു. ഞെട്ടൽ മാറാതെ ഞാൻ ഒരു മണിക്കൂറോളം അവിടെ ചുറ്റിപ്പറ്റി നിന്നു.അയാളുടെ ശരീരം റോഡിൽ ഒരു മണിക്കൂർ കിടന്നു. പിറ്റേ ദിവസത്തെ പത്രങ്ങളിൽ വന്ന വാർത്ത ഇതായിരുന്നു. 'പൊലീസിന്റെ വെടികൊണ്ട അയാളെ അപ്പോൾ തന്നെ അടുത്തുള്ള മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലത്രേ.
ടെക്‌സാസിൽ അമ്മയുടെ പേഴ്‌സിൽനിന്ന് തോക്ക് മോഷ്ടിച്ച ഒരു ബാലൻ ഒരു ഷോപ്പിംഗ് മാളിൽ ഇരിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ കൈയിലുള്ളത് യഥാർത്ഥ തോക്കാണ് എന്ന് മനസിലാക്കിയ ആരോ പൊലീസിനെ വിളിച്ചു. പൊലീസ് കൂട്ടമായി എത്തി ഇവനെ ഭയപ്പെടുത്തി. ഫലമോ? അവൻ തുരുതുരാ വെടിവെച്ചു. മൂന്ന് പൊലീസുകാർ തൽക്ഷണം മരിച്ചു. അവർ തിരിച്ചും വെടിവെച്ച് ആ കുട്ടിയെ കൊന്നുകളഞ്ഞു. 'മോനേ തോക്ക് ഇങ്ങു തന്നാൽ അങ്കിൾ ചോക്ലേറ്റ് മേടിച്ചു തരാം' എന്ന് പറയാൻ പോലും അറിയാൻ വയ്യാത്ത പൊലീസുകാരാണ് അവിടെയുള്ളത്.
ടോറന്റോയിൽ ഒരു യഹൂദ കൗമാരക്കാരനെ ഒമ്പതു തവണയാണ് പൊലീസ് വെടിവെച്ചത്. അതും നിരായുധനായി ഒരു ട്രെയിൻ ബോഗിക്ക് ഉള്ളിൽ ഒറ്റയ്ക്കിരിക്കുമ്പോൾ.ലോക പ്രശസ്ത മനശാസ്ത്രജ്ഞനും ഹാർവാർഡ് സർവകലാശാല പ്രൊഫസറുമായ എബ്രഹാം മാസ്ലോ പറയുന്ന ഒരു കാര്യമുണ്ട്. നിങ്ങളുടെ കയ്യിൽ ആകെയുള്ള ആയുധം ചുറ്റിക ആണെങ്കിൽ ചുറ്റുമുള്ളതെല്ലാം ആണി ആയിട്ട് നിങ്ങൾക്ക് തോന്നും എന്ന്. ലോ ഓഫ് ഇൻസ്ട്രുമെന്റ് ( law of instrument) എന്ന് പറയുന്ന ഒരു മനശാസ്ത്ര പ്രതിഭാസമാണിത്.
അമേരിക്കയിൽ അവിടുത്തെ ജനങ്ങൾക്ക് തോക്കു കൊടുത്തിരിക്കുന്നത് സ്വയം രക്ഷിക്കാനാണ് എന്നാണ് സർക്കാർ വാദം. പക്ഷേ ആര് എപ്പോൾ ആക്രമിക്കുമെന്നും ആക്രമിച്ച ആളെ തോക്കുചൂണ്ടി ഭയപ്പെടുത്തി രക്ഷപ്പെടാമോ എന്നൊന്നും സർക്കാരിനോട് ചോദിക്കരുത്. അമേരിക്കയിലെ സർക്കാറുകൾ ആയുധ ലോബിയുടെ മുമ്പിൽ സാഷ്ടാംഗപ്രണാമം വീണു കിടക്കുകയാണ് എന്നതാണ് സത്യം.
അമേരിക്കക്കാർക്ക് എല്ലാത്തിനെയും ഭയമാണ്.ഡിട്രോയിറ്റിൽ വച്ചു ഒരു സാധാരണ അമേരിക്കൻ പൊലീസ് എന്നെ എമിഗ്രേഷനിൽ നിർത്തി അപമാനിച്ചിട്ടുണ്ട്. അപ്പോൾ ഞാൻ ചിന്തിച്ചത് ഇങ്ങനെയാണ്. മുൻ ഇന്ത്യൻ പ്രസിഡന്റായിരുന്ന ആയിരുന്ന ഡോ. അബ്ദുൽ കലാമിനെയും ലോകപ്രശസ്ത ബോളിവുഡ് നടനായ ഷാരൂഖ് ഖാനേയും വരെ അമേരിക്കയുടെ എയർപോർട്ടിൽ തടഞ്ഞുവെച്ച് ദേഹ പരിശോധന നടത്തിയിട്ടുണ്ട് ഇവർ. പിന്നെയാണോ ഞാൻ.
ലോകത്തിലെ ഓരോ ഈച്ചയെയും ഭയപ്പാടോടെ കൂടി മാത്രം കാണുന്ന ലോക പൊലീസ് ചമയുന്ന, ലോകത്ത് സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്ന നിങ്ങൾക്ക് നിങ്ങളുടെ കൊച്ചുകുട്ടികളെയും പൗരന്മാരെയും പൊലീസനെയും നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ ലജ്ജിച്ചു തലതാഴ്ത്തുക. ഇതുപോലുള്ള പൊലീസ് അതിക്രമങ്ങളുടെയും അതിന്റെ പിന്നിലുള്ള മനശ്ശാസ്ത്രത്തിന്റെ വ്യക്തമായ കുറേ അനുഭവങ്ങൾ 'ഡിജിറ്റൽ നാഗവല്ലിമാർ' എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
മറ്റൊന്നും കൂടി ചേർത്തുവായിക്കുക. നിങ്ങൾ കുട്ടികൾക്ക് കളിപ്പാട്ടമായി തോക്കുകൾ നൽകുമ്പോഴും വളരെ ഭീകരമായ വെടിവെപ്പ് ഉള്ള വീഡിയോ ഗെയിം കളിക്കാൻ അനുവദിക്കുമ്പോഴും തോക്ക് ഉപയോഗിക്കുന്നതും കൊല്ലുന്നതും ഒക്കെ വളരെ നോർമൽ ആണ് എന്നുള്ള ചിന്തയാണ് കുട്ടികളിലേക്ക് പകർന്നു നൽകുന്നത്. യാഥാർത്ഥ്യം ഏതാണെന്നോ ഡിജിറ്റലായത് എന്താണെന്നോ എന്നൊന്നും വളരെ വ്യക്തമായി തിരിച്ചറിയാവുന്ന അത്ര സ്മാർട്ട് മസ്തിഷ്‌കം ഒന്നുമല്ല നമുക്കുള്ളത്. പ്രത്യേകിച്ച് കുട്ടികൾക്ക്.
ഗെയിമിംഗ് ഇൻഡസ്ട്രി ഹോളിവുഡ് സിനിമ വ്യവസായത്തെക്കാൾ വലിയ വ്യവസായമാണ്. ഡിസ്‌നിയുടെ ഒരു പ്രൊഡക്ട് വിപരീതഫലങ്ങൾ ഉണ്ടാക്കുന്നു എന്ന ഗവേഷണത്തിലൂടെ തെളിയിച്ച വാഷിങ്ടൺ സർവകലാശാല കോടികളാണ് നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നത്.
സ്ത്രീകളുടെ സ്വയം സംരക്ഷണത്തിനുവേണ്ടി അവർക്ക് തോക്കുകൾ നൽകണമെന്ന് കുറച്ചുനാൾ മുമ്പ് ഒരു ശിവസേന എം.പി പറഞ്ഞിരുന്നു. ഇന്ത്യയിൽ ഇത്രയെങ്കിലും സമാധാനം ഉണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം എല്ലാവരുടെയും കയ്യിൽ തോക്കുകൾ എത്തിയിട്ടില്ല എന്നുള്ളത് തന്നെയാണ്. ഇല്ലെങ്കിൽ ഓവർടേക്ക് ചെയ്തു എന്നുള്ള ഒറ്റക്കാരണം പറഞ്ഞു കൊണ്ട് തന്നെ നമ്മുടെ നാട്ടിൽ ദിവസവും അഞ്ചു കൊലപാതകങ്ങളെങ്കിലും നടന്നേന്നെ. കുറ്റകൃത്യങ്ങൾ ചെയ്യുവാനുള്ള അവസരം ഒഴിവാക്കുക എന്നുള്ളത് മാത്രമാണ് സർക്കാറുകളുടെ മുമ്പിലുള്ള ഏക പോംവഴി.