ബാബരിയിൽനിന്ന് അജ്‍മീറിലേക്ക് ഉരുളുന്ന രഥം

ഖാജാ മുഈനുദ്ദീൻ ചിശ്തി പ്രാർഥനാനിമഗ്നനായി കഴിഞ്ഞിരുന്ന ഖാൻഖാഹിൽ മണിക്കൂറുകളോളം ചെലവഴിച്ച് ആത്മസാഫല്യം തേടിയിരുന്നു മുരളി മനോഹർ ജോഷി. ഉപപ്രധാനമന്ത്രിയായിരിക്കെയാണ് അദ്വാനി ദർഗയിലെത്തുന്നത്.

Update: 2024-12-06 10:02 GMT
Advertising

2015 ആഗസ്റ്റ് 27നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 40 ബറേൽവി സൂഫി പണ്ഡിതന്മാർ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നത്. മോദി അധികാരത്തിലേറി ഒരു വർഷം പിന്നിടുന്ന വേളയിലായിരുന്നു ആ കൂടിക്കാഴ്ച. രാജ്യത്ത് പലയിടങ്ങളിലായി മുസ്‍ലിംകളെ ലക്ഷ്യമിട്ട് ഗോരക്ഷാ ഗുണ്ടകളുടെ നേതൃത്വത്തിൽ നിരന്തരം ആൾക്കൂട്ട ആക്രമണങ്ങൾ അരങ്ങേറുന്ന സമയം കൂടിയായിരുന്നു അത്. പ്രതിപക്ഷത്തുനിന്നും പൊതുസമൂഹത്തിൽനിന്നും ശക്തമായ പ്രതിഷേധമുയർന്നിട്ടും, ദിനംപ്രതിയെന്നോണം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആൾക്കൂട്ട ആക്രമണങ്ങളിൽ മോദി ഒരക്ഷരം മിണ്ടിയിരുന്നില്ല, അതുവരെയും.

നിയമം കൈയിലെടുക്കുന്ന ഹിന്ദുത്വ ആൾക്കൂട്ടത്തെ സർക്കാർ അർഥപൂർണമായ മൗനം കൊണ്ട് പ്രോത്സാഹിപ്പിക്കുകയാണെന്ന വിമർശനം ഉയരുമ്പോഴാണ് ഒരു വിഭാഗം മുസ്‍ലിം പണ്ഡിതർ മോദിക്കു മുന്നിലെത്തുന്നത്. മോദിക്ക് പാരിതോഷികങ്ങൾ സമ്മാനിക്കുന്നതും കൂടെനിന്ന് ചിരിച്ച് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും. സ്വാഭാവികമായും ആ കൂടിക്കാഴ്ച വലിയ കോളിളക്കം സൃഷ്ടിച്ചു. സ്വന്തം ജനത തെരുവിൽ മരിച്ചുവീഴുമ്പോൾ, അവരുടെ ആത്മാഭിമാനം ഫാസിസ്റ്റ് ഭരണകൂടത്തിനുമുന്നിൽ പോയി അടിയറവുവച്ച 'കാവിമൗലാന'മാർ എന്ന തരത്തിലുള്ള ആക്ഷേപങ്ങളും വിമർശനങ്ങളുമുണ്ടായി.

അജ്‍മീര്‍ ദര്‍ഗയുടെ രാത്രികാല ദൃശ്യം

സൂഫികൾ ഇന്ത്യൻ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഇവിടത്തെ ബഹുസ്വര സമൂഹത്തിന്റെ നിർമാണത്തിൽ നിർണായക പങ്കുവഹിച്ചവരാണെന്നുമാണ് അന്നു കൂടിക്കാഴ്ചയിൽ മോദി ഊന്നിപ്പറഞ്ഞത്. ഭീകരവാദ-തീവ്രവാദ ശക്തികൾ സൂഫിദർശനത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ഇതിനെതിരെ പ്രതിരോധമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ഉണർത്തി. രാജ്യത്തെ മുസ്‍ലിം ജനതയുടെ അതിജീവനത്തെ കുറിച്ച് ഗൗരവതരമായ ചോദ്യങ്ങളുയരുമ്പോൾ, അതേക്കുറിച്ചൊന്നും മിണ്ടാതെയാണ് മോദി സൂഫി ഇസ്‌ലാമിനെ കുറിച്ച് വാതോരാതെ സംസാരിച്ചത്.

കൃത്യം ഒരു മാസം കഴിഞ്ഞാണ്, 2015 സെപ്റ്റംബർ 28ന്റെ രാത്രിയിൽ, ഉത്തർപ്രദേശിലെ ദാദ്രിയിലെ ഒരു കുടിലിൽ മുഹമ്മദ് അഖ്ലാഖ് എന്ന വയോധികൻ കുടുംബത്തിന്റെ കൺമുന്നിൽ ആൾക്കൂട്ടത്താൽ ക്രൂരമായി കൊല ചെയ്യപ്പെടുന്നത്. പശുക്കടത്ത് ആരോപിച്ചു നടന്ന കൊലയില്‍ പ്രതിഷേധം രാജ്യമെങ്ങും ആളിക്കത്തി. മോദി അധികാരമേറ്റ ശേഷം മുസ്‍ലിംകളെയും ദലിതുകളെയും ലക്ഷ്യമിട്ടുള്ള ആൾക്കൂട്ട ആക്രമണങ്ങളിൽ ആദ്യത്തെ കൊലപാതകവുമായിരുന്നു അത്.

40 അംഗ ബറേല്‍വി പണ്ഡിതസംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

തുടർന്നങ്ങോട്ട് ആൾക്കൂട്ടക്കൊലകൾ നിത്യസംഭവമായി. രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായപ്പോഴും സർക്കാർ അനങ്ങിയില്ല. മോദിയുടെ നിശബ്ദത കനത്തും നിന്നു. ഏതാനും മാസങ്ങൾക്കുശേഷം മോദി വീണ്ടും മുസ്‍ലിം പണ്ഡിതന്മാർക്കു മുന്നിൽ, വീണ്ടുമൊരു സൂഫി സദസ്സിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. 2016 മാർച്ച് 17ന് ഡൽഹിയിൽ നടന്ന വേൾഡ് സൂഫി ഫോറം ഉദ്ഘാടനം ചെയ്ത് വിദേശത്തെയും ഇന്ത്യയിലെയും നൂറുകണക്കിന് മുസ്‍ലിം പണ്ഡിതന്മാരെ അഭിസംബോധനം ചെയ്യുകയായിരുന്നു മോദി.

ഖാജാ മുഈനുദ്ദീൻ ചിശ്തി, നിസാമുദ്ദീൻ ഔലിയ, അമീർ ഖുസ്റു, ബക്തിയാർ കഅ്ക്കി എന്നിങ്ങനെ രാജ്യം കണ്ട വിശ്രുത സൂഫി പണ്ഡിതരെയും ആത്മീയഗുരുക്കളെയുമെല്ലാം കടമെടുത്ത് സൂഫിസത്തിന്റെ സൗന്ദര്യത്തെയും, ബഹുസ്വരവും അഹിംസാത്മകവുമായ അതിന്റെ ഉള്ളടക്കത്തെയും കുറിച്ചു വിവരിച്ച് അരമണിക്കൂർ നീണ്ടു പ്രസംഗം. അല്ലാഹുവിന്റെ 99 നാമങ്ങളിൽ ഒന്നുപോലും അക്രമത്തിന്റെയും ഹിംസയുടെയും സന്ദേശം നൽകുന്നില്ലെന്ന് പ്രത്യേകം എടുത്തുപറഞ്ഞു. ഇസ്‌ലാമിക നാഗരികത ലോകത്തിനു സമ്മാനിച്ച സമാധാനത്തിന്റെയും സഹവർത്തിത്തത്തിന്റെയും സഹാനുഭൂതിയുടെയും തുല്യതയുടെയും ദർശനമാണ് സൂഫിസമെന്ന് പറഞ്ഞു. ദർഗകളുടെയും സൂഫി ഖാൻഖാഹുകളുടെയും പ്രാധാന്യം എടുത്തുപറഞ്ഞു. ലോകത്തെങ്ങും നടക്കുന്ന ഭീകരതയെ കുറിച്ച്, 'നമസ്കാരസമയത്ത് പള്ളിയില്‍നിന്ന് ഉയരുന്ന വാങ്ക് പോലും മുക്കിക്കളയുന്ന സ്ഫോടനശബ്ദത്തെ' കുറിച്ച്, 'മരണക്കളങ്ങളാകുന്ന ആരാധനാലയങ്ങളെ' കുറിച്ചെല്ലാം വാചാലനായി. അപ്പോഴും ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് ഒരുവാക്ക് ഉരിയാടാതിരിക്കാന്‍ മോദി പ്രത്യേകം ശ്രദ്ധിച്ചു.

രാജ്യത്തെ മുസ്‌ലിംകളുടെ സ്വത്വപ്രതിസന്ധിയും അതിജീവന പ്രശ്‌നങ്ങളുമെല്ലാം ചർച്ചയാകുമ്പോൾ അതിൽനിന്നു രക്ഷപ്പെടാനുള്ള ഉപായമായാണ് മോദി സൂഫിസത്തെ എടുത്തു പ്രയോഗിച്ചത്. സൂഫിസം-ഭീകരത എന്ന ദ്വന്ദ്വം അതരിപ്പിച്ച് ഇസ്‌ലാമിന്റെ സൗമ്യവും ബഹുസ്വരവുമായ മുഖത്തെ കുറിച്ച് വാതോരാതെ സംസാരിച്ചതും മറ്റൊന്നിനുമായിരുന്നില്ല.

അജ്‍മീര്‍ ദര്‍ഗയില്‍ വിരിക്കാനുള്ള 'ചാദര്‍' മുന്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വിക്ക് മോദി കൈമാറുന്നു

ദർഗയിലേക്ക് ഉരുളുന്ന ഹിന്ദുത്വരഥം

ആ സൂഫി സംഗമങ്ങൾക്ക് ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ രാജ്യം എന്തെല്ലാം കണ്ടു! പരമോന്നത കോടതിയുടെ 'അനുരഞ്ജന'വിധിയിലൂടെ ബാബരിയുടെ മണ്ണിൽ രാമക്ഷേത്രമുയർന്നു. ഹിന്ദുരാഷ്ട്രത്തിന്റെ 'പ്രാണപ്രതിഷ്ഠ'യായി അത് ആഘോഷിക്കപ്പെട്ടു. 'രാമന്‍ മടങ്ങിവരുന്ന' ആ 'ചരിത്രമുഹൂർത്തത്തിന്റെ' നായകനായി മോദി തന്നെ സ്വയം അവരോധിക്കുകയും, അയോധ്യയിലെത്തി എല്ലാത്തിനും കാർമികത്വം വഹിച്ചു.

ബാബരിയുടെ മണ്ണിൽ ഉയർന്ന രാമക്ഷേത്രത്തിന്റെ 'പൊതുസമ്മതി'യിൽ മോദി മൂന്നാമതും അധികാരത്തിലേറി. പിന്നാലെ രാജ്യത്തെ മുസ്‌ലിം ചരിത്രസ്മാരകങ്ങൾക്കും പള്ളികൾക്കുംമേൽ അവകാശവാദങ്ങളുടെ പരമ്പരയാണ്. ഗ്യാൻവാപി, ഈദ്ഗാഹ് മസ്ജിദ്, താജ്മഹൽ, സംഭൽ.. ഇപ്പോഴിതാ മോദി മതിവരാതെ സംസാരിച്ച അതേ സൂഫിസത്തിനുമേൽ സംഘ്പരിവാർ ബുൾഡോസർ ഉരുളാനിരിക്കുന്നു. അതേ അജ്മീർ ഖാജയ്ക്കുമേൽ, അതേ അജ്മീർ ദർഗയ്ക്കുമേൽ ഹിന്ദുത്വ അവകാശവാദങ്ങളുയരുന്നു.

ബാബരിയുടെ ഒടുവിലത്തെ ചരിത്രശേഷിപ്പും മണ്ണടിഞ്ഞ് അഞ്ചു വർഷങ്ങൾക്കിപ്പുറം വരുന്ന ഈ ഡിസംബർ ആറിൽ അജ്മീർ ചോദ്യചിഹ്നമായി നിൽക്കുമ്പോൾ ഒരു യാദൃച്ഛികത കൂടിയുണ്ട്. ഇപ്പോൾ ആലോചിക്കുമ്പോൾ കൗതുകകരമെന്നു തോന്നാവുന്ന കാര്യം. ബാബരി തകർക്കാൻ അയോധ്യയിലേക്ക് രഥയാത്ര നയിച്ച എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും അജ്മീറിലെ നിത്യസന്ദർശകരായിരുന്നു. വിദ്വേഷം തുപ്പി, കലാപത്തീ പടർത്തി രാമജന്മഭൂമി പ്രക്ഷോഭവുമായി രാജ്യമനസ്സിനെ രണ്ടായി വിഭജിച്ച അതേ മനുഷ്യർ. ഉപപ്രധാനമന്ത്രിയായിരിക്കെയാണ് അദ്വാനി ദർഗയിലെത്തുന്നത്. ഖാജാ മുഈനുദ്ദീൻ ചിശ്തി പ്രാർഥനാനിമഗ്നനായി കഴിഞ്ഞിരുന്ന ഖാൻഖാഹിൽ മണിക്കൂറുകളോളം ചെലവഴിച്ച് ആത്മസാഫല്യം തേടിയിരുന്നു മുരളി മനോഹർ ജോഷി.

മുരളി മനോഹര്‍ ജോഷി അജ്‍മീര്‍ ദര്‍ഗയില്‍

രാജസ്ഥാനിലെ ബിജെപിയുടെ 'സിന്ധ്യ കുടുംബ'ത്തിന് അത്രയും പ്രിയപ്പെട്ട ഇടമാണ് അജ്മീർ ദർഗ. പ്രധാനമന്ത്രി നരേന്ദ്ര മോദി വർഷാവർഷം ദർഗ പുതപ്പിക്കാനായി അങ്ങോട്ട് 'ചാദർ' കൊടുത്തുവിടാറുമുണ്ട്. ജവഹർലാൽ നെഹ്റു തുടക്കമിട്ട ആ 'ആചാരം' പിന്നീട് വന്ന പ്രധാനമന്ത്രിമാരൊന്നും മുടക്കിയില്ല. ഇന്ത്യയുടെ ആദ്യ ബിജെപി പ്രധാനമന്ത്രി എ.ബി വാജ്‌പേയിയും അതു തുടർന്നു. മോദിയും അതിൽ മുടക്കം വരുത്താന്‍ തയാറായില്ല.

അപ്പോൾ പിന്നെ, ഹിന്ദുസേന ഇപ്പോൾ അജ്മീർ ദർഗയ്ക്കുമേൽ അവകാശവാദം ഉന്നയിക്കുന്നതിനു പിന്നിൽ എന്താകും? ദർഗയ്ക്കു താഴെ ശിവക്ഷേത്രമുണ്ടെന്ന, 1911ൽ ആര്യസമാജ് നേതാവ് ഹർബിലാസ് ശാരദ ഉയർത്തിയ വാദം, ഇപ്പോൾ ഹിന്ദുത്വ സംഘം ഉയർത്തിക്കൊണ്ടുവരുന്നത് എന്തിനാകും? 2007 ഒക്ടോബറിൽ ദർഗയിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ അതിനുള്ള ഉത്തരമുണ്ട്. മലേഗാവിനും സംഝോതയ്ക്കും മക്ക മസ്ജിദിനുമൊപ്പമായിരുന്നു അജ്മീറിനെ ലക്ഷ്യമിട്ടും അന്ന് ആക്രമണം നടന്നത്.

ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്ത വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാമി അസിമാനന്ദ നടത്തിയ ഏറെ കോളിളക്കം സൃഷ്ടിച്ച കുറ്റസമ്മതത്തിൽ എന്തുകൊണ്ട് അജ്മീർ എന്നു വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെയായിരുന്നു: ''ഹിന്ദുക്കൾ വലിയ തോതിൽ സന്ദർശിക്കുന്ന ഏക ദർഗയാണ് അജ്മീറിലേത്. അതുകൊണ്ടാണ് അവിടെ ബോംബ് വയ്ക്കാൻ നിർദേശിച്ചത്. ഹിന്ദുക്കൾ പേടിച്ച് അവിടെ പോകുന്നത് നിർത്തണം.''

ആഗോളപ്രശസ്തമായ സൂഫി തീർഥാടനകേന്ദ്രമായ അജ്മീറിൽ ആത്മസായൂജ്യം തേടി ദിവസവും നാനാജാതി മനുഷ്യർ എത്താറുണ്ട്. ഹിന്ദുവും ക്രിസ്ത്യനും സിഖുമുണ്ട് അക്കൂട്ടത്തില്‍. അജ്മീർ കാണാനെത്തുന്ന വിദേശികളും ഏറെ. ഒരു മുസ്‌ലിം ചരിത്രസ്മാരകം ഇന്ത്യൻ ബഹുസ്വരതയുടെ തങ്കത്താഴികക്കുടമായി ലോകത്തിനുമുന്നിൽ നിൽക്കുന്നതിൽ അസ്വസ്ഥതയുള്ളവരും ഇവിടെയുണ്ട്. അയോധ്യയിലേക്ക് രഥമുരുട്ടിയവര്‍ക്ക് അജ്‍മീറും അത്ര അകലെയല്ല! 

ഗ്യാൻവാപി, ഈദ്ഗാഹ്, സംഭൽ, താജ്മഹൽ; ഇനിയെത്ര!

2019 നവംബർ ഒൻപതിനാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ബാബരി കേസിൽ അന്തിമവിധി പറയുന്നത്. ബാബരി ഭൂമി രാമക്ഷേത്ര നിർമാണത്തിനായി വിട്ടുനൽകണമെന്നു നിർദേശിച്ച ആ വിധിയിൽ പക്ഷേ, 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിനു സുപ്രധാനമായ വ്യാഖ്യാനവും നൽകിയിരുന്നു. 1947 ആഗസ്റ്റ് 15നു മുൻപുള്ള എല്ലാ ആരാധനാലയങ്ങളും അതേപടി സംരക്ഷിക്കണമെന്നും പുതിയ കേസുകളോ ഹരജികളോ അപ്പീലോ വഴി ഒന്നിന്റെയും സ്വഭാവം മാറ്റാൻ പറ്റില്ലെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്.

എന്നാൽ, അതേ ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരിക്കെ 2023ൽ നടത്തിയ ഗ്യാൻവാപി വിധി ആ വ്യാഖ്യാനത്തിനപ്പുറം കടന്നു. ആരാധനാലയ നിയമത്തിൽ വിട്ടുവീഴ്ചയില്ലെന്ന ബാബരി വിധിയിലെ നിർദേശം ഗ്യാൻവാപി പള്ളിയിൽ സർവേ അനുമതി നൽകിയതിലൂടെ വിസ്മരിക്കപ്പെട്ടു. പിന്നീടങ്ങോട്ട് രാജ്യത്തെങ്ങും മുസ്‌ലിം പള്ളികളുടെയും ചരിത്രസ്മാരകങ്ങളുടെയും അവകാശവാദങ്ങളുന്നയിച്ച് കോടതികൾ കയറിയിറങ്ങുകയാണ് ഹിന്ദുത്വ സംഘടനകൾ. ഉത്തർപ്രദേശിലെ സംഭൽ മസ്ജിദിലെ സർവേ അതിനു പുതിയ തലം നൽകിയിരിക്കുകയാണ്. മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ജമാമസ്ജിദും ആഗ്രയിലെ താജ്മഹലുമെല്ലാം അവകാശത്തർക്കങ്ങളുടെ ഭാഗമായി കോടതിക്കു മുന്നിലാണ്. ഒടുവിലാണ് അജ്മീർ ദർഗയ്‌ക്കെതിരായ ഹരജിക്ക് രാജസ്ഥാൻ കോടതി അനുമതി നൽകിയിരിക്കുന്നതും.

സംഭല്‍ മസ്‍ജിദ്

'പണ്ടോറ പെട്ടി' തുറന്നിട്ട് ജ. ചന്ദ്രചൂഡ് ആണ് ഇതിനെല്ലാം തുടക്കമിട്ടതെന്നാണ് മുതിർന്ന അഭിഭാഷകനും സുപ്രിംകോടതി ബാർ അസോസിയേഷൻ മുൻ അധ്യക്ഷനുമായ ദുഷ്യന്ത് ദവേ കഴിഞ്ഞ ദിവസം തുറന്നടിച്ചത്. ദവേയ്ക്കു സമാനമായി രാജ്യത്തെ പൗരസാമൂഹിക പ്രമുഖരെല്ലാം പുതിയ പ്രവണതയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ ഖുറൈഷി, റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ രവിവീര ഗുപ്ത, മുൻ ഡൽഹി ലഫ്. ഗവർണർ നജീബ് ജങ് ഉൾപ്പെടെ പഴയ ബ്യൂറോക്രാറ്റുകൾ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ്. ഏറ്റവുമൊടുമൊടുവിൽ സുപ്രിംകോടതി റിട്ട. ജസ്റ്റിസ് ആർ.എഫ് നരിമാൻ തന്നെ ബാബരി വിധിയെ വിമർശിച്ചു രംഗത്തെത്തിയിരിക്കുന്നു. ബാബരി വിധി നീതിയെ പരിഹസിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. പള്ളികൾക്കു പുറമെ ദർഗകൾക്കുമെതിരെ ഇപ്പോൾ അന്യായങ്ങൾ നടക്കുകയാണ്. ഇവ സാമുദായിക സൗഹാർദം തകർക്കുകയും വർഗീയസംഘർഷങ്ങൾക്കു വഴിവയ്ക്കുകയും ചെയുന്നതാണെന്നും ജസ്റ്റിസ് നരിമാൻ അഭിപ്രായപ്പെടുന്നു.

ഇന്ത്യയുടെ 'മുസ്‌ലിം ചരിത്രം' മായ്ച്ചുകളയുക എന്ന പദ്ധതിക്ക് സംഘ്പരിവാർ ചരിത്രത്തോളം പഴക്കമുണ്ട്. അതിന്റെ തുടർച്ചകളാണ് ബാബരിക്കുശേഷവും സംഭവിക്കുന്നത്. ബാബരിക്കുമേൽ ഉയർന്ന അവകാശത്തർക്കങ്ങളും അതേച്ചൊല്ലി രാജ്യത്തുണ്ടായ വർഗീയ കലാപങ്ങളുമൊന്നും പക്ഷേ രാമക്ഷേത്രം ഉയര്‍ന്നതോടെ അവസാനിക്കാൻ പോകുന്നതായിരുന്നില്ല. അവസാനത്തെ മുസ്‌ലിം മുദ്രയും തുടച്ചുകളയുക എന്ന ലാർജർ പ്രോജക്ട് ബഹുതലങ്ങളിൽ നടപ്പാക്കുകയാണ് സംഘ്പരിവാർ. ഒരുവശത്ത് ആൾക്കൂട്ടക്കൊലകളിലൂടെ മുസ്‌ലിം വംശഹത്യ പുതിയ രൂപത്തിൽ തുടരുന്നു. മറുവശത്ത് മുസ്‌ലിം ചരിത്രം, അതുവഴി രാജ്യചരിത്രം തന്നെ, ഹിന്ദുത്വ പദ്ധതിക്കൊത്ത് തിരുത്തിയെഴുതപ്പെടുന്നു. കോടതിക്കുള്ളിലോ പുറത്തോ നടക്കുന്ന 'അനുരഞ്ജനത്തീർപ്പുകൾ'ക്ക് ഈ 'പ്രശ്‌നക്കാരായ വ്യവഹാരികളെ' തടയാൻ കഴിയുമെന്നു തോന്നുന്നില്ല.

Summary: The Babri verdict and fate of Ajmer Dargah

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - മുഹമ്മദ് ശഹീര്‍

Web Journalist

Web Journalist at MediaOne

Similar News